മാധ്യമത്തിന്റെ തുടക്കകാലത്ത് തന്നെയാണ് വി.പി.എ. അസീസുമായുള്ള എന്റെ അടുപ്പത്തിന്റെ തുടക്കം. തന്റേതല്ലാത്ത കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിയാതെ പോയ കേരള സർവകലാശാലയിലെ പത്രപ്രവർത്തന പഠനമോർത്തുള്ള നഷ്ടബോധങ്ങളും വേവലാതികളും ഉള്ളിൽ കൊണ്ടുനടന്ന എനിക്ക് വീണുകിട്ടിയതായിരുന്നു മാധ്യമത്തിൽ സഹകരിക്കാനുള്ള അവസരം. അഞ്ചുമണിവരെ ബാങ്കിൽ ഗുമസ്തപ്പണി, പിന്നീട് പത്രപ്രവർത്തന പരിശീലനം -ഇതായിരുന്നു എന്റെ ഷെഡ്യൂൾ. ടി.പി. ചെറൂപ്പയുടെ ഭാഷയിൽ പറഞ്ഞാൽ 'പുറത്താണെങ്കിലും അകത്തുള്ളവരെപ്പോലെ'യൊരാളായിരുന്നു ഞാൻ. അക്കാലത്തുതന്നെ എന്റെ മനസ്സിലേക്ക് നിറഞ്ഞ ചിരിയുമായി കയറിവന്ന ചങ്ങാതിയാണ് വി.പി.എ. അസീസ്.
ശാന്തപുരം ഇസ് ലാമിയ്യ കോളജിൽ പഠിച്ചശേഷമാണ് അസീസ് മാധ്യമത്തിൽ പത്രപ്രവർത്തകനായി വരുന്നത്. അസീസിനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ അദ്ദേഹമെഴുതിയ യോഗ്യതാ പരീക്ഷയെ ചുറ്റിപ്പറ്റിയുള്ളതാണ്. തർജമ ചെയ്യാൻ ശേഷിയുണ്ടോ എന്നു പരിശോധിക്കുന്ന പരീക്ഷയായിരുന്നു അത്. ഒ. അബ്ദുറഹ്മാൻ സാഹിബ് ഏതോ അറബി പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്ന രണ്ടു പേജു വരുന്ന ഒരു ലേഖനം, ഒരു നിശ്ചിത സമയത്തിനുള്ളിൽ വിവർത്തനം ചെയ്യാൻ അസീസിനെ ഏൽപിച്ചു. കുറച്ചുനേരം മൂപ്പർ കുത്തിക്കുറിച്ചുകൊണ്ടിരുന്നു. പിന്നീട് കാണു ന്നത് കക്ഷി വെറുതെ ഡെസ്കിൽ താളം പിടിച്ചുകൊണ്ടിരിക്കുന്നതാണ്. അതുകഴിഞ്ഞ് ആളെ കാണാതായി. എഴുതിയ കടലാസ് വായിച്ചുനോക്കുമ്പോഴാണ് രസം -ആദ്യ പാരഗ്രാഫ് അതിമനോഹരമായി മൊഴിമാറ്റിവെച്ചിരിക്കുന്നു. പിന്നീട് ശൂന്യ ശൂന്യം.
അബ്ദുല്ല സാഹിബിന്റെയും അബ്ദുറഹ്മാൻ സാഹിബിന്റെയും ശിഷ്യവൃത്തത്തിൽപ്പെട്ടയാളായിരുന്നു അസീസ് എന്നു തോന്നുന്നു. അതുകൊണ്ട് അസീസിന്റെ ചെവിക്കുപിടിക്കാനുള്ള സ്വാതന്ത്ര്യം അവർക്കിരുവർക്കുമുണ്ട്. അതുമൂലമാവണം അബ്ദുല്ല സാഹിബ് ഇത്തിരി കടുപ്പിച്ചുതന്നെ ചോദിച്ചു -എന്താ അസീസേ, ഇങ്ങനെ? ഒരു പാരഗ്രാഫ് മാത്രം എഴുതിവെച്ചിരിക്കുന്നു, ഇതെന്താ കുട്ടിക്കളിയാണോ, യോഗ്യതാ പരീക്ഷയല്ലേ?'.
അതിന് എത്ര നിഷ്കളങ്കമായിരുന്നു അസീസിന്റെ മറുപടിയെന്നോ! 'എനിക്ക് അറബിയിൽനിന്ന് മലയാളത്തിലേക്ക് തർജുമ ചെയ്യാനറിയാമോ എന്ന് പരിശോധിക്കാനല്ലേ ഈ പരീക്ഷ? അതറിയാൻ ഞാനെഴുതിയ ഒറ്റ ഖണ്ഡിക വായിച്ചാൽ പോരേ? പിന്നെയെന്തിന് ഒരാവശ്യവുമില്ലാതെ ആ ബോറൻ ലേഖനം മുഴുവനും കുത്തിയിരുന്നു പരിഭാഷപ്പെടുത്തണം?'
ഈ നിഷ്കളങ്കതയും തുറവിയും അസീസിന്റെ ജീവിതത്തിലുടനീളം എല്ലാ വ്യവഹാരങ്ങളിലും ഉണ്ടായിരുന്നു. വേഷത്തിലും രൂപത്തിലും വർത്തമാനത്തിലും ജീവിതവീക്ഷണങ്ങളിലുമെല്ലാം. പ്രതിഭാശാലികൾക്കുണ്ടാവുന്ന 'സർഗാത്മകമായ ഉന്മാദ'ത്തിന്റെ ലക്ഷണങ്ങളായിരുന്നു അസീസിന്റെ ചില പെരുമാറ്റ രീതികൾ. അത്തരം 'അരപ്പിരാന്ത'ന്മായ ഞങ്ങൾ വേറെയും പലരുമുണ്ടായിരുന്നുവല്ലോ അന്ന് കൂട്ടത്തിൽ. ഒരർഥത്തിൽ മാധ്യമം തന്നെയും ഒരു 'പിരാന്താ'യിരുന്നു എന്നു പറയുന്നതായിരിക്കും അന്നത്തെ സാഹചര്യമാലോചിച്ചാൽ കൂടുതൽ ശരി. മലയാള മാധ്യമചരിത്രത്തിലെ സർഗാത്മകമായ ഒരു ഉന്മാദമായിരുന്നു ആ പത്രം.
വായിച്ചുമനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു അസീസിന്റെ കൈയക്ഷരം. പ്രയാസപ്പെട്ടു വായിച്ചെടുത്താലോ അത്യധികം രസകരമായ എഴുത്ത്. വായനക്കാരെക്കൊണ്ട് രസിച്ചുവായിപ്പിക്കുന്ന ആഖ്യാനം. അതിലൂടെ ഒരുപാട് വിവരങ്ങൾ, അതില്ലെങ്കിൽ തിരിച്ചും പറയാം. വായനക്കാർക്ക് ധാരാളം അറിവുകൾ പകർന്നുതരുന്ന എഴുത്ത്. അതേസമയം, കടലാസ് നിലത്തുവെക്കാതെ നമ്മെക്കൊണ്ട് വായിപ്പിക്കുന്ന രചനാകൗശലം. മാധ്യമത്തിന്റെ ആരംഭകാലത്ത്, അതായത് എൺപതുകളുടെ അവസാനത്തിൽ മലയാള പത്രങ്ങൾ വിദേശ വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. കൊടുക്കുന്നുണ്ടെങ്കിൽ തന്നെ കൗതുക വാർത്തകളിലായിരുന്നു ഫോക്കസിങ്. വിദേശങ്ങളിലെ, രാഷ്ട്രീയ സംഭവ വികാസങ്ങളൊന്നും കാര്യമായി കവർ ചെയ്യാറില്ല. അതിൽതന്നെ മധ്യപൗരസ്ത്യ ദേശത്തിനും ഇസ്ലാമിക രാഷ്ട്രങ്ങൾക്കും അപ്രഖ്യാപിത അയിത്തമുണ്ടായിരുന്നു. ആ സമയത്താണ് വിദേശവാർത്തകൾക്കുവേണ്ടി ഒരു മുഴുവൻ പേജ് (രണ്ടാംപേജ്) മാധ്യമം നീക്കിവെച്ചത്. അതിന്റെ ചുമതല ദീർഘകാലം അസീസിനായിരുന്നു (പി.കെ. നിയാസായിരുന്നു മറ്റൊരു മിഡിലീസ്റ്റ് എക്സ്പർട്ട്). അസീസ് ആ പേജ് എത്രമാത്രം ഹൃദ്യവും വായനക്ഷമവുമാക്കി എന്നതിന്റെ തെളിവാണ് പിൽക്കാലത്ത് മറ്റു മലയാള പത്രങ്ങൾ മാധ്യമത്തെ പിന്തുടർന്ന് വിദേശ വാർത്തകൾക്ക് നൽകാൻ തുടങ്ങിയ പ്രാമുഖ്യം. അതിന്റെ ക്രെഡിറ്റ് അസീസിന് അവകാശപ്പെട്ടതാണ്. അറബിയിലും ഇംഗ്ലീഷിലുമുള്ള അറിവും അതിമനോഹരമായി ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും അസീസിനെ ഏറെ തുണച്ചു. തലക്കെട്ടിടുന്നതിലും മറ്റുമുള്ള മൂപ്പരുടെ മിടുക്കും, അതിന്റെ അന്തർധാരയായി വർത്തിക്കുന്ന നർമവും അമ്പരപ്പിക്കുംവിധം മൗലികമായിരുന്നു. എൻ. കൃഷ്ണപിള്ളയുടെ ഒരു പുസ്തകമുണ്ട് -പ്രതിപാത്രം ഭാഷണഭേദം. സി.വി. രാമൻ പിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണരീതിയെ അപ്രഗ്രഥിക്കുന്ന ക്ലാസിക്കൽ പഠനമാണ് ഈ കൃതി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡടക്കം നിരവധി അംഗീകാരങ്ങൾ നേടിയ പുസ്തകം. ഈ പുസ്തകത്തിന്റെ പേരിനു ചുവടുപിടിച്ച് ഭക്ഷണ വൈവിധ്യത്തെപ്പറ്റിയുള്ള ഒരു റിപ്പോർട്ടിന് അസീസ് ഇട്ട തലക്കെട്ട് എന്തായിരുന്നുവെന്നോ -പ്രതി പാത്രം ഭക്ഷണഭേദം. അസീസിനെപ്പോലെ പരന്നവായനയുള്ള ഒരാൾക്കുമാത്രമേ രണ്ട് പ്രയോഗങ്ങളെയും ബന്ധിപ്പിച്ച് ഇങ്ങനെയൊരു തലക്കെട്ടിടാൻ പറ്റൂ.
ഒരിക്കൽ മാധ്യമത്തിൽതന്നെ ജോലിക്കാരനായ ഒരു കഥാകൃത്ത് ഒരു കഥയെഴുതി -തികച്ചും കാൽപനികമായ പ്രണയകഥ. അസീസിനോട് കഥാകൃത്ത് അഭിപ്രായം ചോദിച്ചു -നന്നായിട്ടുണ്ട്, കുറച്ചുകൂടി മെനക്കെട്ടിരുന്നുവെങ്കിൽ താങ്കൾക്കിത് പൈങ്കിളിക്കഥയാക്കാമായിരുന്നു'. ഇതേപോലെ കൂർത്ത മൂർത്ത കമന്റുകൾ അടുപ്പക്കാരോട് പറയാൻ അയാൾക്ക് മടിയില്ലായിരുന്നു. എന്നിട്ട് അയ്യോ, ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ നിഷ്കളങ്കമായ ഒരു ചിരിയും; അതായിരുന്നു അസീസ്.
പത്രമാപ്പീസിന്റെ തന്നെയല്ല, ജീവിതത്തിന്റെ തന്നെ ചിട്ടവട്ടങ്ങൾ പാലിക്കാൻ അസീസ് ഏറെ പ്രയാസപ്പെട്ടിരുന്നു. ഈ പ്രയാസങ്ങളിൽപ്പെട്ട് വീർപ്പുമുട്ടിയപ്പോൾ ഒരിക്കൽ അയാൾ ജോലിയുപേക്ഷിച്ചു നാടുവിട്ടു. ഹൈദരാബാദിലോ മറ്റോ ആണ് എത്തിപ്പെട്ടത്. അവിടെനിന്ന് കക്ഷി മാധ്യമത്തിലേക്ക് ഒരു കത്തയച്ചു. ഏതാണ്ടിങ്ങനെ...
'തടിയെടുത്തു,
ജോലി സമ്മർദം സഹിക്കാനാവാതെ മാധ്യമം സഹപത്രാധിപർ വി.പി.എ. അസീസ് തടിയെടുത്തു. അയാൾ കുറച്ചുകാലം ഹൈദരാബാദിലുണ്ടാവുമെന്നറിയുന്നു.'
കുറച്ചുകഴിഞ്ഞ് അവിടവും മടുത്തപ്പോൾ അസീസ് തിരിച്ചുപോന്നു. അക്കാലത്ത് പോയവർക്ക് തിരിച്ചുവരാനും തിരിച്ചുവന്നവർക്ക് വീണ്ടും പോകാനുമെല്ലാം സാധിക്കുന്ന അനൗപചാരികത മാധ്യമത്തിന്റെ അന്തരീക്ഷത്തിലുണ്ടായിരുന്നതിനാൽ അയാൾ വീണ്ടും തുടർന്നു; മികച്ച പത്രപ്രവർത്തകനും എഴുത്തുകാരനുമായി. മാധ്യമത്തിനെന്നല്ല, മലയാളത്തിലെ പത്രപ്രവർത്തനശാഖക്കുതന്നെ മുതൽക്കൂട്ടായി. പക്ഷേ, അസീസ് പ്രസരിപ്പിച്ച മുല്ലപ്പൂവിന്റെ മണം, മാധ്യമത്തിന്റെ മുറ്റത്തുമാത്രം അവശേഷിച്ചു. അസീസിന്റെ എഴുത്തു തുടങ്ങിയതും ഒടുങ്ങിയതും ഏതാണ്ട് മാധ്യമത്തിൽ തന്നെ.
കടുത്ത പ്രമേഹരോഗിയായിരുന്നു അയാൾ. അതേപോലെ വേറെയും നിരവധി വേവലാതികൾ, ജീവിതമേൽപിച്ച പ്രത്യാശാനഷ്ടങ്ങൾ... എല്ലാം ഒരു സൂഫിയുടെ മനസ്ഥൈര്യത്തോടെ അസീസ് നേരിട്ടു. എല്ലാ മുൾക്കൂർപ്പുകളെയും ചിരിയുടെ പുഷ്പനൈർമല്യമാക്കി മാറ്റി.
അസീസ് ഇനി ഓർമ, ഈ സമയത്ത് ഇങ്ങനെയൊരു കുറിപ്പെങ്കിലും എഴുതാതിരിക്കുന്നതെങ്ങനെ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.