തിരുവനന്തപുരം: ഹോട്ടലുടമയെ കുത്തിയയാളെ പിടിക്കാനെത്തിയ എസ്.ഐമാരെ കുത്തിപ്പരിക്കേൽപിച്ച് കടന്നുകളയാൻ ശ്രമിച്ചയാളെ പൊലീസ് മൽപിടുത്തത്തിനൊടുവിൽ കീഴടക്കി. കൊച്ചുവേളി സ്വദേശി കുമാർ എന്ന ജാംഗോ കുമാറിനെ(40)യാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
കുമാർ കൊച്ചുവേളിയിൽ ഹോട്ടൽ നടത്തുന്ന നസീറിന്റെ കടയിലെത്തി വയറ്റിൽ കുത്താൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ നസീറിന്റെ കൈയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റു. നസീറിന്റെ നിലവിളി കേട്ടതോടെ ജീവനക്കാരും നാട്ടുകാരും ഓടിയെത്തി. ഇതോടെ കുമാർ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിൽസ തേടിയ നസീർ വലിയതുറ പൊലീസിന് പരാതി നൽകി.
വലിയതുറ പ്രിൻസിപ്പൽ എസ്.ഐ ഇൻസമാം, എസ്.ഐ അജീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധിക്കുന്നതിനിടെ കുമാർ അവിടെ എത്തി. കാര്യം തിരക്കുന്നതിനിടെ കുമാർ എസ്.ഐ ഇൻസമാമിനെ തള്ളി വീഴ്ത്തി.
തടയാൻ ശ്രമിച്ച എസ്.ഐ അജീഷിന്റെ കൈത്തണ്ടയിൽ കടിച്ച് മുറിവേൽപിച്ചു. ഇതിനിടെ ശരീരത്തിൽ ഒളിപ്പിച്ച കത്തിയെടുത്ത് കുമാർ രണ്ടുപേരെയും കുത്തിപ്പരിക്കേൽപിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച കുമാറിനെ ദീർഘനേരത്തെ മൽപിടുത്തത്തിനൊടുവിലാണ് എസ്.ഐമാർ കീഴ്പ്പെടുത്തിയത്. മൽപിടുത്തത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പരിക്കേറ്റ കുമാറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് കുമാർ. മൂന്ന് ദിവസം മുമ്പാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. നസീറിനോടുള്ള മുൻവൈര്യാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.