കോട്ടയം: കരുതൽ മേഖല സംബന്ധിച്ച ഏത് കേസാണ് കേരളത്തിനു നിർണായകം. സുപ്രീംകോടതിയിൽ നടക്കുന്ന മൂന്നു കേസുകളിൽ പ്രാധാന്യമുള്ളത് ഏതെന്നുപോലുമറിയാതെ നട്ടം തിരിയുകയാണ് കേരളത്തിലെ വനംവകുപ്പ്. ഇത് അറിവില്ലായ്മയാണോ അനാസ്ഥയാണോയെന്ന ചോദ്യവുമായി ഭരണമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ കേരളകോൺഗ്രസ് എം പിന്നാലെ കൂടിയതോടെ കാട്ടുമൃഗങ്ങളും കുടിയേറ്റ കർഷകരും തമ്മിലുള്ളതിനേക്കാൾ സംഘർഷത്തിലായി വനംവകുപ്പും ജോസ് കെ. മാണിയും. കുടിയേറ്റ കർഷകരുടെ ഭൂമിപോയാൽ കൂടെ വോട്ടും പോകും എന്നതാണ് മാണി ഗ്രൂപ്പിനെ അലട്ടുന്ന പ്രശ്നം. അതോടെ കർഷകപാർട്ടിയുടെ നേതാക്കളടക്കം കൃഷിപ്പണിക്കു പോകേണ്ടിവരും. ഇതൊഴിവാക്കാൻ വനംവകുപ്പിനെ നിലക്ക് നിർത്തണമെന്ന് അവർ ആവശ്യപ്പെട്ടുകഴിഞ്ഞു.
കരുതൽ മേഖല സംബന്ധിച്ച് മൂന്നു പ്രധാന േകസുകളാണ് സുപ്രീംകോടതിയിലുള്ളത്. ഇതിൽ ഏറ്റവും പ്രധാനം 202/95 എന്ന കേസാണ്. ഇതിനെ തുടർന്നുവന്ന 1000/2003 എന്ന കേസിലാണ് കരുതൽമേഖല സംബന്ധിച്ച നിർണായക വിധി 2022 ജൂണിൽ സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതിനുപുറമെ കേരള സർക്കാർ നൽകിയ പുന:പരിശോധനാ ഹരജിയും കേന്ദ്ര സർക്കാർ നൽകിയ പുന:പരിശോധനാ ഹരജിയുമുണ്ട്. ഇവയിൽ ആദ്യത്തെ കേസിലാണ് ഉപഗ്രഹ സർവെയുമായി ബന്ധപ്പെട്ട കണക്കുകളും മറ്റു റിപ്പോർട്ടുകളും സംസ്ഥാന സർക്കാർ സമർപ്പിക്കേണ്ടത്. ഈ കേസ് 2023 ജനുവരി ഏഴാം തീയതി സുപ്രീംകോടതിയിലെ രണ്ടാം നമ്പർ കോടതിയിൽ 17ാം ഇനമായി എത്തുകയും ചെയ്തു. എന്നാൽ, ജനുവരി 11 ന് എത്തുന്ന കേസിനു മുമ്പ് വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട് എന്ന വാദമുയർത്തിയാണ് വനംവകുപ്പ് ഉപഗ്രഹ സർവെ സംബന്ധിച്ച പരാതികൾ നൽകാനുള്ള സമയപരിധി നീട്ടാതിരിക്കുന്നത്. ഏതുകേസാണ് ഈമാസം 11 ന് എത്തുന്നതെന്ന േചാദ്യത്തിന് വ്യക്തമായ മറുപടി വനംവകുപ്പിൽ നിന്ന് ലഭിക്കാത്തത് കേരള കോൺഗ്രസ് എമ്മിനെ ചൊടിപ്പിക്കുന്നു. വനംവകുപ്പ് കരുതിക്കൂട്ടി പ്രശ്നം വഷളാക്കുന്നു എന്ന നിലപാടാണ് മാണിഗ്രൂപ്പിലെ ബഹുഭൂരിപക്ഷം നേതാക്കൾക്കുമുള്ളത്.
സുപ്രീം കോടതി നിർദ്ദേശിച്ച ഉപഗ്രഹ സർവെക്ക് വനം വകുപ്പിൽ നിന്നു തന്നെയായിരുന്നു അദ്യഘട്ടത്തിൽ തടസ്സങ്ങളുയർന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഉപഗ്രഹ സർവെ പരമാവധി താമസിപ്പിക്കുകയെന്നതായിരുന്നു വനം വകുപ്പിന്‍റെ നിലപാട്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് കാര്യങ്ങൾ വേഗത്തിലാക്കിയത്. എന്നിട്ടും കാര്യങ്ങൾ ശരിയായ രീതിയിലല്ല നീങ്ങുന്നതെന്നു ബോധ്യമായതോടെ ജോസ് കെ. മാണി എം.പി 2022 ആഗസ്റ്റ് 12ന് വനംവകുപ്പിനെതിരെ മുഖ്യമന്ത്രിക്കു നേരിട്ടു കത്തു നൽകി. 2022 ജൂൺ മൂന്നു മുതൽ ഡിസംബർ 12 വരെ 6 മാസത്തിൽ കൂടുതൽ വിഷയം വച്ചു താമസിപ്പിക്കുകയും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാതിരിക്കുകയും ചെയ്ത വനംവകുപ്പാണ് കരുതൽ മേഖല സംബന്ധിച്ച പ്രശ്നം ഇത്രമേൽ സങ്കീർണ്ണമാകാൻ കാരണമെന്ന് മാണി ഗ്രൂപ്പ് ആരോപിക്കുന്നു. ഈ വിഷയത്തിലെ മേൽനടപടികളും നീക്കങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചശേഷം മതി എന്ന നിർദ്ദേശം വനംവകുപ്പിനു നൽകിയിട്ടുണ്ടെങ്കിലും മാണി ഗ്രൂപ്പ് തൃപ്തരല്ല. തോട്ടത്തിൽ രാധാകൃഷ്ണൻ സമിതിയെ സഹായിക്കാനായി രൂപവത്കരിച്ച സാങ്കേതിക സമതിയെ നയിക്കുന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍റെ പശ്ചാത്തലം അന്വേഷിക്കണമെന്ന ആവശ്യവും കേരളകോൺഗ്രസ് (എം) മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.