പാർട്ടി ഓഫിസുകളിലെ കസേര കാമുകർ

കോളജ് കാമ്പസുകളിലും എന്തിന്, സ്കൂൾ ക്ലാസ്സുകളിൽ വരെ പ്രേമ കഥകൾ സാധാരണമാണ്. കഥാ നായകെൻറ ഭാവനയിലും സ്വപ്നങ്ങളിലും ഏറിയാൽ, അടുത്ത കൂട്ടുകാരിലും വരെ മാത്രം എത്തി നിൽക്കുന്ന വൺവേ പ്രേമ യാത്രകളാവും ഇതിലേറെയും. ഇങ്ങനെയൊരു കഥാപാത്രം തനിക്കുവേണ്ടി കാത്തിരിക്കുന്നുവെന്ന കാര്യം നായിക അറിഞ്ഞിട്ടുതന്നെ ഉണ്ടാവില്ല. എങ്കിലും നായികയുടെ ശ്രദ്ധ നേടാൻ, മുടി പ്രത്യേക രീതിയിൽ ചീകി വരിക, കടുത്ത കളർ ഉടുപ്പിടുക, ഉടുപ്പിെൻറ ബട്ടൺ ഉൗരിയിടുക, സൈക്കിൾ സാഹസികമായി ഒാടിക്കുക തുടങ്ങിയവ പതിവായിരുന്നു.

തലമുറ മാറ്റം വന്നതോടെ ഇത്തരം നമ്പറുകളും കാലഹരണപ്പെട്ടു. ഇപ്പോൾ ബൈക്കിൽ (വീട്ടുകാർ സഹായിച്ചാൽ ബുള്ളറ്റിലോ ഡ്യൂക്കിലോ) ചെത്തി നടക്കുക, വില കൂടിയ മൊബൈലിൽ ആരോ വിളിക്കുന്നുവെന്ന് നടിച്ച് സംസാരിച്ചുകൊണ്ടിരിക്കുക , ബ്രാൻഡഡ് ഷർട്ടിടുക, പശമുക്കി തേച്ച ഖദർ ഉടുപ്പ് കൂർത്തിരിക്കും പോലെ മുടികൂർപ്പിച്ചു വെക്കുക, കൂട്ടുകാരുമായി കാൻറീനിൽപ്പോയി നായികക്ക് ഇഷ്ടമെന്ന് കരുതുന്ന ബർഗറോ െഎസ്ക്രീമോ കൂട്ടുകാർക്ക് വാങ്ങിക്കൊടുക്കുക തുടങ്ങിയ പുതിയ ആകർഷണ തന്ത്രങ്ങൾക്കാണ് ഡിമാൻെൻറന്നാണ് അറിയുന്നത്.


കോവിഡ് വന്ന് കാമ്പസുകൾ തുറക്കാതായേതാടെ ഏതാണ്ട് ഒരുവർഷത്തോളമായി ഇത്തരം ഏർപ്പാടുകളൊന്നും നാട്ടിൽ കാണാനേ കഴിഞ്ഞിരുന്നില്ല. എന്നാൽ, കുറച്ചു നാളുകളായി പാർട്ടി ഒാഫീസുകളും നേതാക്കളുടെ പ്രതികരണങ്ങളും ഒക്കെ കോളേജ് കാമ്പസുകളിലെ, പ്രേമഭിക്ഷുക്കൾക്ക് സമാനമായിരിക്കുകയാണ്. 'അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം' എന്ന ചൊല്ലുപോലെ, എതാണ്ടെല്ലാവർക്കും എല്ലാത്തിനും അരസമ്മതമാണ്. ചിലർക്ക് മുഖ്യമന്ത്രിയാവാൻ, കെ.പി.സി.സി പ്രസിഡൻറാവാൻ, യു.ഡി.എഫ് കൺവീനറാവാൻ, സ്ഥാനാർഥിയാവാൻ, എം.പി സ്ഥാനം രാജിവക്കാൻ എല്ലാത്തിനും സമ്മതമാണ്. പക്ഷെ, ബാക്കി 'അര' പാർട്ടി പറയണം.

അതുപോലെ, മറ്റു ചിലർ ഒന്നും വേണ്ടാത്ത പരിത്യാഗികളാണ്. പുതിയ ഒരു പദവിയും ഏറ്റടുക്കാൻ ഞാനില്ല, ഞാൻ മത്സരിക്കില്ല, 20 വർഷം വലിയ കാലയളവാണ്, അതിനാൽ ഇനി മത്സരിക്കണമെന്നില്ല, എന്നിങ്ങനെ എല്ലാത്തിലും തൃപ്തിയടഞ്ഞവരാണ് അവർ. അതിനാൽ, ഇനിയൊന്നും വേണ്ട എന്നാണ് അവരുടെ പറച്ചിൽ.. പിന്നെയുള്ളത് ഞാൻ പ്രചാരണത്തിനേയുള്ളൂ, മത്സരത്തിനില്ല, ഏത് പാർട്ടിയിലാണെന്ന് ഇന്ന തീയതിയിൽ പറയാം എന്നിങ്ങനെയുള്ള വെളിപാടുകളാണ്.

കാമ്പസുകളിൽ നായികയുടെ ശ്രദ്ധയാകർഷിക്കാനുള്ള ഡ്യൂക്ക് ഒാടിക്കലും മുടി കൂർപ്പിക്കലുമൊക്കെപ്പോലെ, പാർട്ടിയെന്ന നായികയുടെയും അതിെൻറ രക്ഷാകർത്താക്കളായ നേതാക്കളുടെയും ശ്രദ്ധപതിയാനുള്ള ആകർഷണ പ്രയോഗങ്ങളാണ് ഇൗ താത്പര്യ പത്രം സമർപ്പിക്കലും പരിത്യാഗ പ്രഖ്യാപനങ്ങളുമൊക്കെ. അതിനു വേണ്ടിയാണ് എല്ലാത്തിനും 'പാർട്ടി പറഞ്ഞാൽ' എന്ന ടിപ്പണി. എന്നാൽ പലതിലും പാർട്ടിയോ നേതാക്കളോ ഇവയെക്കുറിച്ചൊക്കെ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല താനും.



കർക്കശക്കാരനായ പ്രിൻസിപ്പലുള്ള കോളജിലെയും അല്ലാത്ത കോളജിലെയും പ്രേമത്തിന് വ്യത്യാസമുള്ളതുപോലെ, കസേര കാമുകരുടെ പ്രയോഗങ്ങളിലും വ്യത്യാസങ്ങളുണ്ട്. യു.ഡി.എഫും കോൺഗ്രസ്സും അച്ചടക്കമില്ലാ കാമ്പസുകൾ പോലെയായതിനാൽ അവർക്ക് പരസ്യമായി 'വേണം, വേണ്ട, വേണ്ടണം' പ്രഖ്യാപനമൊക്കെ നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് മുല്ലപ്പള്ളിയും കെ. സുധാകരനും ഷമാ മുഹമ്മദും വരെ ആഗ്രഹം പ്രകടിപ്പിക്കുന്നതും കെ. മുരളീധരനൊക്കെ, ഞാൻ ഒരു പദവിയും ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിക്കുന്നതുമൊക്കെ.

എന്നാൽ, അച്ചടക്കമുള്ള കാമ്പസായതിനാൽ സി.പി.എമ്മിലും എൽ.ഡി.എഫിലും അത് പറ്റില്ല. വേണമെന്നു പറഞ്ഞാലും വേണ്ടെന്നു പറഞ്ഞാലും കുറ്റമാവും. അതു മാത്രമല്ല, 'പ്രിൻസിപ്പൽ' ചെവിക്ക് പിടിക്കുകയും ചെയ്യും. പക്ഷെ, ചില 'പ്രിവിലേജ്ഡ്'കുമാരൻമാർക്ക് എന്തിനും ഇളവുണ്ടല്ലോ?. അങ്ങനെയാണ് ജി. സുധാകരൻ ആഗ്രഹമില്ലെന്നും ഇനി മത്സരിക്കണമെന്നേയില്ലെന്ന് തോമസ് െഎസക്കും ഒക്കെ പറയുന്നത്. ബി.ജെ.പിയിൽ മത്സരിക്കാനല്ല, മത്സരിക്കാതിരിക്കാനാണ് പ്രമുഖരുടെ ശ്രദ്ധക്ഷണിക്കൽ. കേന്ദ്ര മന്ത്രിയും എം.പിയുമായിരിക്കെ, കഴക്കൂട്ടത്ത് മത്സരിക്കാമെന്ന് വി. മുരളീധരനും നേമം ബി.ജെ.പിയുടെ ഗുജറാത്താണെന്ന് പറഞ്ഞ് കുമ്മനവും രംഗത്തുണ്ട്. മത്സരത്തിനില്ല, പ്രചാരണത്തിനേയുള്ളൂ എന്ന സുരേന്ദ്ര പ്രഖ്യാപനം ഒരു മിസോറം മണം കിട്ടിയിട്ടാണോയെന്നും അറിയില്ല.



കുമാരൻമാരും കുമാരികളും 'പാർട്ടി പറഞ്ഞാൽ' എന്നൊക്കെ പറയുന്നതും ശ്രദ്ധകിട്ടാൻ നമ്പറുകളിറക്കുന്നതുമൊക്കെ ആളുകൾക്ക് മനസ്സിലാവുമെങ്കിലും ആരെ നിർത്തണം, ആരെ വെട്ടണം എന്നു തീരുമാനിക്കുന്ന പിണറായി വിജയനും ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും സ്വകാര്യ സംരംഭമായ കേരളാ കോൺഗ്രസിലെ പി.ജെ ജോസഫിെൻറ മകനുമൊക്കെ, 'പാർട്ടി പറഞ്ഞാൽ' എന്നു പറയുന്നതിെൻറ അർഥമാണ് നാട്ടുകാർക്ക് ഇതുവരെയും പിടികിട്ടാത്ത്.

Tags:    
News Summary - Chair lovers in party offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.