മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയെന്ന ചുങ്കപ്പാതയെപ്പറ്റി പറയാം. 2012 ഫെബ്രുവരിയിൽ തുടങ്ങിയ ചുങ്കം പിരിവാണ്. ഇതിനകം നിർമാണ ചെലവിന്റെ 97 ശതമാനം പിരിച്ചു കഴിഞ്ഞു. കരാർ പ്രകാരം 2028 ജൂലൈ 21 വരെ പിരിക്കാം. ഇതിനിടക്ക് നിർമാണവും പരിപാലനവുമായി ബന്ധപ്പെട്ട് 102.44 കോടി രൂപയുടെ അഴിമതി നടന്നതായി കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചു. അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങിയതിന്റെ തൊട്ടുപിന്നാലെയാണ് സെപ്റ്റംബർ ഒന്ന് മുതൽ വീണ്ടും ചുങ്കം കൂട്ടിയത്. ഇവിടെ ഉയരുന്നത് ഒരു ചോദ്യമാണ്; സി.ബി.ഐയെ ആർക്കാണ് പേടി?.
ദേശീയപാത 544ൽ മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള 64 കിലോമീറ്റർ ചുങ്കപ്പാത നിർമാണ കമ്പനിയാണ് വർഷങ്ങളായി വാഹന യാത്രികരുടെ ചോരയൂറ്റി തടിച്ച് വളരുന്നത്. 721.17 കോടി രൂപ ചെലവിട്ടാണ് റോഡ് നിർമിച്ചതെന്നാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള 'ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി അവകാശപ്പെടുന്നത്. ഇതുവരെ 698.14 കോടി രൂപ ടോൾ ഇനത്തിൽ പിരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം പിരിച്ചത്, കമ്പനി പറയുന്ന കണക്കിൽതന്നെ 20 കോടിക്ക് മുകളിലാണ്.
അശാസ്ത്രീയമായ ടോൾ പിരിവ് മാത്രമല്ല, ടോൾ നിരക്ക് പലപ്പോഴും വ്യക്തവുമല്ല. ചുങ്കപ്പിരിവിന് മുമ്പ് പാത തുറക്കുേമ്പാൾ തന്നെ പൂർത്തിയാക്കേണ്ടിയിരുന്ന അനുബന്ധ സംവിധാനങ്ങളൊന്നും ഇപ്പോഴും പൂർത്തിയായിട്ടില്ല. സുപ്രീം കോടതിവരെ എത്തിയിട്ടും കമ്പനിതന്നെ ജയിക്കുന്ന കരാർ വ്യവസ്ഥകൾ വാഹന ഉടമകളെ നോക്കി പല്ലിളിക്കുകയാണ്. മലയാളമറിയാത്ത ടോൾ പ്ലാസ ജീവനക്കാരിൽ പലരും 'ഗുണ്ടാ പ്രവർത്തനത്തിൽ പരിശീലനം സിദ്ധിച്ചവരെപ്പോലെ'യാണ് പെരുമാറുന്നതെന്ന് പലപല അനുഭവങ്ങൾ പറഞ്ഞുതരുന്നു.
മന്ത്രി സി. രവീന്ദ്രനാഥ് പ്രതിനിധാനം ചെയ്യുന്ന പുതുക്കാട് നിയമസഭാ മണ്ഡലത്തിലാണ് പാലിയേക്കര ടോൾ പ്ലാസ. മണ്ണുത്തി-ഇടപ്പള്ളി ചുങ്കപ്പാതക്ക് അത്രതന്നെ സർവീസ് റോഡും വേണമെന്നാണ് വ്യവസ്ഥയെങ്കിലും പലയിടത്തും അങ്ങനെയൊന്നില്ല. ടോൾ പ്ലാസക്ക് സമാന്തരമായി സി. രവീന്ദ്രനാഥിെൻറ എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടിയോളം രൂപ ചെലവഴിച്ച് ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ പാകത്തിൽ പാത സർവീസ് റോഡ് നിർമിച്ചെങ്കിലും കമ്പനി അത് അടച്ചുകെട്ടി.
ദേശീയപാത അതോറിറ്റി ഒളിച്ചു കളിച്ചപ്പോൾ കലക്ടർ അടക്കമുള്ള ജില്ല ഭരണകൂടം പരിഹാസ്യരായി. ടോൾ പിരിവ് പ്രാദേശിക പാതകളിലെ വാഹന ഗതാഗതത്തിന് തടസമാകരുത് എന്നായിരുന്നു ചുങ്കപ്പിരിവിനോട് പൊരുതുന്നവർ ഉന്നയിച്ച വാദം. എന്നാൽ, പ്രാദേശിക പാതകളിലെ ഗതാഗതം ടോൾ പാതയിലെ സുഗമ യാത്രക്ക് തടസമാകുന്നുണ്ടെന്ന കമ്പനിയുടെ വാദമാണ് അംഗീകരിക്കപ്പെട്ടത്!.
നാട്ടുകാർ തുറന്ന സമാന്തര പാത അടക്കാൻ കമ്പനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടത് കോടതിയാണ്. മൂന്നര മീറ്റർ വീതിയുണ്ടായിരുന്ന പ്രവേശന ഭാഗം ഇരുമ്പ് റെയിലുകൾ നാട്ടി ഒന്നര മീറ്ററാക്കി കുറച്ച കമ്പനിക്കു വേണ്ടിയും നിയമ സംവിധാനങ്ങളും സർക്കാരും കണ്ണടച്ചു.
ഈ പാതയിലെ തൃശൂർ പാലിയേക്കര ടോൾ പ്ലാസ എന്നും പ്രശ്നസ്ഥലമാണ്. ചുങ്കം പിരിക്കുന്നതിന് മുമ്പുതന്നെ പ്രതിഷേധം തുടങ്ങിയിരുന്നു. ചുങ്കപ്പിരിവും അതിെൻറ പേരിലുള്ള ഗുണ്ടായിസവും പരിധി വിട്ടപ്പോൾ പ്രതിഷേധത്തിെൻറ സ്വഭാവം മാറിയ സംഭവങ്ങൾ പലതാണ്. അന്ന് സമരക്കാരെല്ലാം പൊലീസ് നടപടിയും കേസും നേരിട്ടു. മാരകമായി പൊലീസ് മർദനം ഏറ്റവർ അനവധിയാണ്.
അത്രമേൽ ടോൾ കമ്പനിക്കു വേണ്ടി മുട്ടിലിഴഞ്ഞ് നിൽക്കുകയാണ് നിയമ-ഭരണ സംവിധാനങ്ങൾ. ടോൾ പ്ലാസയിൽ വാഹന നിര നീളുേമ്പാൾ തുറന്നുവിട്ട് തിരിക്ക് കുരുക്ക് കുറക്കാൻ ഇടപെടുന്ന പൊലീസുകാരും ടോൾ കമ്പനിയുടെ നിയമ നടപടികൾ നേരിടേണ്ടി വന്നതോടെ അവർ പിന്മാറി. യാത്രക്കാർക്കു വേണ്ടി ഇടപെടുന്ന പൊലീസിന് സർക്കാരിെൻറ പിന്തുണ കിട്ടാതെ വന്നതോടെ എല്ലാം ടോൾ കമ്പനിക്ക് അനുകൂലമെന്ന സ്ഥിതിയാണ്.
സർവീസ് റോഡുകൾ മാത്രമല്ല, ഫ്ലൈ ഓവർ, ആവശ്യമുള്ള ഇടങ്ങളിലെല്ലാം കാത്തിരിപ്പ് കേന്ദ്രം, വഴിവിളക്ക്, ഇരുവശത്തും നീർച്ചാൽ, വിശ്രമ കേന്ദ്രം, അപകടം ഉണ്ടാകുേമ്പാൾ അറിയിക്കാൻ ടോൾ പ്ലാസയിൽ ഫോൺ സംവിധാനം, ആംബുലൻസ് എന്നുവേണ്ടി കൃത്യസമയത്ത് അറ്റകുറ്റപ്പണി വരെ കമ്പനി ചെയ്യണമെന്നാണ് കരാറിലെ വ്യവസ്ഥ. ഈ പാതയിലൂടെ സഞ്ചരിച്ചാൽ കരാർ ലംഘത്തിെൻറ നേർക്കാഴ്ചകൾ കാണാം. നിമാണത്തിലും പരിപാലനത്തിലും അങ്ങേയറ്റം അനാസ്ഥ കാണിച്ച, ചുങ്കപ്പിരിവ് എന്ന കൊള്ള അനസ്യൂതം തുടരുന്ന, എല്ലാ നിയമ സംവിധാനങ്ങൾക്കും മുകളിൽപ്പറന്ന അനുഭവമുള്ള ടോൾ കമ്പനിയെ സി.ബി.ഐ എന്തുചെയ്യുമെന്ന് കാത്തിരുന്ന് കാണാനുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.