അണയുന്നു ലങ്കയുടെ ശ്രീ; തിരിച്ചുവരാൻ തിരുത്തണം

പ്ലക്കാർഡുകളും ഉരുകിത്തീരുന്ന മെഴുകുതിരികളുമായി ദിവസങ്ങളോളം ശ്രീലങ്കൻ തലസ്ഥാനനഗരിയിലെ തെരുവിലായിരുന്നു ജനങ്ങൾ. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നായിരുന്നു ഒത്തുകൂടിയവരുടെ പ്രധാന ആവശ്യം. പ്രതിഷേധം ദിവസങ്ങൾ നീണ്ടതോടെ അക്രമത്തിലേക്ക് വഴിമാറിയിരിക്കുന്നു.

പട്ടിണിയിൽനിന്നും ദുരിതത്തിൽനിന്നും ഉയർന്ന പ്രതിഷേധം ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജ്പക്സയുടെ സ്വകാര്യ വസതിയുടെ മുമ്പിലേക്ക് കൂടി വ്യാപിച്ചതോടെ അടിച്ചമർത്താനായി പൊലീസ് ശ്രമം. കണ്ണീർ വാതകവും ജലപീരങ്കികളും ജനങ്ങളുടെ നേർക്ക് തുപ്പി. ഇതോടെ പ്രസിഡന്റ് രാജിവെക്കണമെന്ന മുറവിളിയും ജനങ്ങൾക്കിടയിൽ നിന്നുയർന്നു. പ്രതിഷേധങ്ങൾക്ക് തടയിടാൻ സമൂഹമാധ്യമങ്ങളുടെ നിയന്ത്രണവും സർക്കാർ കൊണ്ടുവന്നു. പ്രതിഷേധം കനത്തത്തോടെ 15 മണിക്കൂറിന് ശേഷം സമൂഹമാധ്യമ വിലക്ക് സർക്കാർ തന്നെ പിൻവലിച്ചു.


നേരിടുന്നത് രാജ്യത്തെ ഏറ്റവും മോശം പ്രതിസന്ധി

1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷം നേരിടുന്ന ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയാണ് ദ്വീപ് ആഴ്ചകളായി നേരിട്ടുകൊണ്ടിരിക്കുന്നത്. ഭക്ഷണം, ഇന്ധനം, പാചകവാതകം, മരുന്ന് എന്നിവക്ക് കടുത്ത ക്ഷാമം. അവശ്യവസ്തുക്കളുടെ വിലയാകട്ടെ റോക്കറ്റ് കുതിപ്പിലും. പത്തുമണിക്കൂറിലധികം നീളുന്ന പവർകട്ട് കൊളംബോ നഗരത്തെ ഉൾപ്പെടെ ഇരുട്ടിലാക്കുന്നു. ഇവയെല്ലാം കൊണ്ടെത്തിക്കുന്നതാകട്ടെ പട്ടിണിയിലേക്കും. രാജ്യത്തെ വൈദ്യുതി ഉൽപാദനത്തി​ന് പ്രധാനമായും കരിയും ഓയിലുമാണ് ഉപയോഗിക്കുന്നത്. ഇവ ഇറക്കുമതി ചെയ്യാൻ പണമില്ലാത്തതാണ് വൈദ്യുതി​ പ്രതിസന്ധിയുടെ കാരണം. ഡീസൽ ക്ഷാമവും ആക്കം കൂട്ടി.

ഒരു കപ്പ് ചായക്ക് നൂറുരൂപ

മണിക്കൂറുകളോളം നീണ്ട പവർകട്ടായതിനാൽ ഫ്രിഡ്ജ്, ഫാൻ, എയർ കണ്ടീഷനർ തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ കടകളുടെയെല്ലാം പ്രവർത്തനം നിർത്തി. ഗ്യാസ് സ്റ്റേഷനിൽ വരി ദിവസങ്ങളോളം നീണ്ടതിനാൽ ഉപഭോക്താക്കളെ അടക്കിനിർത്താൻ പട്ടാള കാവലും ഏ​ർപ്പെടുത്തി. കുഴഞ്ഞുവീണും മറ്റും അത്യാഹിതം സംഭവിക്കുന്നവരും അതിലേറെ.

റേഷൻ അടിസ്ഥാനത്തിലാണ് ഇന്ധനത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിതരണം. ജനങ്ങൾക്ക് വരുമാനം ലഭിച്ചിരുന്ന എല്ലാ മേഖലകളുടെയും പ്രവർത്തനം സ്തംഭിച്ചു. ഇതോടെ വൻതോതിലുള്ള തൊഴിൽ നഷ്ടത്തിനും പട്ടിണിക്കുമാണ് ദ്വീപ് സാക്ഷിയാകുന്നത്. ഒരു കപ്പ് ചായക്ക് 100 രൂപയാണ് ശ്രീലങ്കയിലെ വില. കഴിഞ്ഞ ഒക്ടോബറിൽ 25 രൂപയായിരുന്നു. നല്ല ​ജോലിയിലുളളവർക്ക് പോലും നിലവിലെ ശമ്പളം ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ തികയുന്നില്ല.

അവശ്യ മരുന്നുകളുടെ ലഭ്യതയും കുറഞ്ഞു. നിരവധി ആശുപത്രികൾ ശസ്ത്രക്രിയകളും മറ്റും നിർത്തി. പേപ്പറി​ന്റെ ലഭ്യതക്കുറവ് മൂലം പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചുവെന്ന വാർത്തയും അതിനിടെ വന്നു.


പ്രതിഷേധം അണക്കാൻ

പ്രതിസന്ധിയുടെ ആഴം മനസിലാക്കിയതോടെ, പ്രതിഷേധം തണുപ്പിക്കാൻ വ്യാഴാഴ്ച പൊലീസ് കർഫ്യൂ ഏർപ്പെടുത്തി. അതിനുപിന്നാലെ പ്രസിഡന്റിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനവും. ഇതോടെ പ്രതിഷേധക്കാരെ മറ്റു പ്രകോപനങ്ങളൊന്നും ഇല്ലെങ്കിൽ പോലും അറസ്റ്റ് ചെയ്ത് ജയിലിലടക്കാമെന്ന സ്ഥിതി കൈവന്നു. എങ്കിലും, ജനരോഷം കനത്തതോടെ വീണ്ടും കർഫ്യൂ പ്രഖ്യാപിക്കേണ്ടിവന്നു. മണിക്കൂറുകൾക്കുള്ളിൽ കർഫ്യൂ ലംഘനത്തിന് 664ൽ അധികം പേർ അറസ്റ്റിലുമായി.

തെറ്റായ സാമ്പത്തിക നയവും പ്രതിസന്ധികളും

ഒരു ദശാബ്ദക്കാലമായി ശ്രീലങ്കൻ സർക്കാർ വിദേശപണം സ്വീകരിക്കുകയും പൊതു സേവനങ്ങൾ വിപുലീകരിക്കുകയും ചെയ്തുവരുന്നു. എന്നാൽ 2016-17 കാലയളവിൽ മൺസൂൺ കാർഷിക മേഖലയെ തകർത്തെറിഞ്ഞു. അതിനുപുറമെ 2021ൽ എല്ലാ രാസവളങ്ങളുടെയും ഉപയോഗം നിരോധിക്കാനുള്ള തീരുമാനവും കാർഷിക മേഖലയെ, പ്രത്യേകിച്ച് നെൽകൃഷിയെ പ്രതികൂലമായി ബാധിച്ചു. പിന്നീട്, നിയ​ന്ത്രണം സർക്കാർ തന്നെ എടുത്തുകളഞ്ഞിരുന്നു.

2018ലെ ഭരണ പ്രതിസന്ധിയും 2019ലെ ഈസ്റ്റർ ബോംബാക്രമണവും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ടൂറിസത്തിനു തിരിച്ചടിയേറ്റു. വിദേശ നി​ക്ഷേപം ആകർഷിക്കാനുള്ള ഒന്നും ശ്രീലങ്കയിൽ അവശേഷിപ്പിച്ചിരുന്നില്ല. ഇതോടെ വിദേശ നിക്ഷേപകർ ശ്രീലങ്കയിൽനിന്ന് പതിയെ പിൻവലിയാൻ തുടങ്ങി.

2021ൽ അഞ്ചുശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നായിരുന്നു ശ്രീലങ്കൻ സെൻട്രൽ ബാങ്കിന്റെ കണക്കുകൂട്ടൽ. എന്നാൽ 3.7 ശതമാനം വളർച്ച മാത്രമാണ് 2021ൽ കൈവരിക്കാനായത്. 2020ൽ 3.4 ശതമാനവും.


കരുതൽ ശേഖരത്തിലെ ഇടിവ് ആക്കം കൂട്ടി

ഫെബ്രുവരിയിലെ കണക്കനുസരിച്ച്, 2.31 ബില്ല്യൺ ഡോളർ മാത്രമാണ് രാജ്യത്തിന്റെ കരുതൽ ശേഖരം. എന്നാൽ, 2022ൽ ഇതിലിരട്ടി, ഏകദേശം നാലു ബില്ല്യൺ ഡോളർ കടം തിരിച്ചടക്കേണ്ടിവരുന്നു. അതിൽ ജൂ​ലൈയിൽ കാലാവധി തീരുന്ന ഒരു ബില്ല്യൺ ഡോളറിന്റെ ഇന്റർനാഷനൽ സൊവറിൻ ബോണ്ടും (ഐ.എസ്.ബി) ഉൾപ്പെടും. ശ്രീലങ്കയുടെ വി​ദേശ കടത്തിന്റെ ഏറ്റവും വലിയ പങ്ക് ഐ.എസ്.ബിയുടേതാണ്; 12.55ബില്ല്യൺ ഡോളർ . കൂടാതെ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ജപ്പാൻ, ചൈന തുടങ്ങിയവരും രാജ്യത്തിന്റെ പ്രധാന വായ്പദാതാക്കളാണ്. വിദേശകടം അടക്കാൻ രാജ്യത്തിന്റെ കരുതൽ ധന​ശേഖരം അപര്യാപ്തമാണെന്ന ഈ വിലയിരുത്തലാണ് വിദേശമൂലധന നിക്ഷേപകർ ശ്രീലങ്കയിൽനിന്ന് വലിയാനുള്ള പ്രധാന കാരണവും.

ശ്രീലങ്കയുടെ എട്ടാമത്തെ പ്രസിഡന്റാണ് ഗോതബയ രാജപക്സെ. 2019ലായിരുന്നു അധികാരമേൽക്കൽ. പ്രസിഡന്റ് സ്ഥാനത്ത് എത്തിയതോടെ സഹോദരൻ മഹിന്ദ രാജപക്സെയെയാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. ധനമന്ത്രി മറ്റൊരു സഹോദരനായ ബാസിൽ രാജപക്സെയും. കൂടാതെ മറ്റു ബന്ധുക്ക​ൾക്കും സർക്കാറിന്റെ ഔദ്യോഗിക സ്ഥാനമാനങ്ങൾ നൽകി. അധികാരത്തിലെത്തിയശേഷം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി നികുതി വെട്ടിക്കുറക്കൽ ഉൾപ്പെടെയുള്ള നടപടികൾ അ​ദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ഭാഗം മാത്രമായിരുന്നു ആ നടപടി. ഇതോടെ വരുമാനത്തിൽ വൻ ഇടിവുണ്ടായി.


ലങ്കയെ കൈവിട്ട വിദേശവിപണി

2020ൽ ലോകമെമ്പാടുമുളള വമ്പൻ സമ്പദ് വ്യവസ്ഥകളെ കോവിഡ് നിശ്ചലമാക്കിയപ്പോൾ ശ്രീലങ്കയെ കരകയറാനാകാത്ത വിധം ദുരന്തത്തിലേക്ക് തള്ളിവിടുകയായിരുന്നു. ദ്വീപിന്റെ പ്രധാന വരുമാന മാർഗമായ വിനോദസഞ്ചാരമേഖല പൂർണമായും സ്തംഭിച്ചു. സർക്കാറിൽ വലിയൊരു ധനകമ്മിയും ബാക്കിയായി.

നികുതിയിളവും മറ്റു സാമ്പത്തിക അസ്വാസ്ഥ്യവും സർക്കാറിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു. ശ്രീലങ്കയുടെ ക്രഡിറ്റ് റേറ്റിങ് കുത്തനെ താഴ്ത്താൻ റേറ്റിങ് ഏജൻസികളെ പ്രേരിപ്പിച്ചു. ഇതോടെ വിദേശവിപണികളിലേക്ക് ശ്രീലങ്കയുടെ പ്രവേശനം തടയപ്പെട്ടു. 70 ശതമാനത്തിലധികം ഇടിവാണ് രണ്ടുവർഷത്തിനിടെ ശ്രീലങ്കയുടെ കരുതൽ ധനശേഖരത്തിൽ സംഭവിച്ചത്. രാജ്യത്തെ പണക്ഷാമം ഇന്ധന ഇറക്കുമതിയെ ഉൾപ്പെടെ പ്രതികൂലമായി ബാധിച്ചു. വാങ്ങിയ പണം തിരിച്ചടക്കാനുള്ള വിദേശനാണ്യശേഖരം ശ്രീലങ്കക്ക് ഇല്ലാതായി. ധനകമ്മി ഉയർന്നതോടെ വിദേശമൂലധനത്തിന്റെ ലഭ്യത കുറഞ്ഞു.


ആഗോളവിപണിയിലെ ഇന്ധന പ്രതിസന്ധിക്ക് മുമ്പുതന്നെ ശ്രീലങ്കക്ക് ഇന്ധനക്ഷാമം, വിലക്കയറ്റം എന്നിവ നേരിടേണ്ടി വന്നു. ഇതോടെ ഫെബ്രുവരിയിൽ ഇന്ധനക്ഷാമം കുറക്കാൻ പവർകട്ട് ഏർപ്പെടു​ത്തേണ്ടിവന്നു. അവശ്യവസ്തുക്കളുടെ ഉൾപ്പെടെ വിലക്കയറ്റവും രൂക്ഷമായി. ​ശ്രീലങ്കൻ കറൻസിയുടെ മൂല്യം കുത്തനെ ഇടിയാൻ തുടങ്ങി.

തെറ്റായ നയങ്ങളാണ് ശ്രീലങ്കയെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് സർക്കാറും ഭരണകർത്താക്കളും അംഗീകരിക്കാൻ തയാറായിട്ടില്ല. കോവിഡ് സൃഷ്ടിച്ച ആഘാതത്തിന്റെ പ്രതിഫലനമാണെന്നാണ് പ്രധാനമന്ത്രിയുടെ ഉൾപ്പെടെ വാദം. എന്നാൽ, ജനരോഷം ശക്തമാകുന്നതിനിടെ ശ്രീലങ്കൻ സർക്കാറിന്റെ മന്ത്രിസഭയിൽനിന്ന് നിരവധി മന്ത്രിമാർ രാജിവെച്ചു കഴിഞ്ഞു. ദേശീയ സർക്കാറിനുള്ള ചർച്ചകൾ അണിയറയിൽ സജീവമാണ്.

നിലവിലെ സാഹചര്യം മറികടക്കാൻ ശ്രീലങ്കൻ സർക്കാർ ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിനോട് (ഐ.എം.എഫ്) സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകഴിഞ്ഞു. ശ്രീലങ്കൻ സർക്കാറുമായി ഐ.എം.എഫ് അധികൃതർ വരുംദിവസങ്ങളിൽ സഹായം നൽകുന്നത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തിയേക്കും. കൂടാതെ പ്രദേശിക ശക്തികളോടും സഹായം ആവശ്യപ്പെട്ടു. ഇന്ത്യ നൽകി വരുന്ന അടിയന്തര സഹായങ്ങളും തുടരാനാണ് സാധ്യത. എന്നാൽ, സാമ്പത്തിക സഹായമൊന്നുകൊണ്ടുമാത്രം ഈ പ്രതിസന്ധിയിൽനിന്ന് ശ്രീലങ്കക്ക് കരകയറൽ എളുപ്പമല്ല. തുടർന്നുവരുന്ന നയങ്ങളെല്ലാം തിരുത്തിക്കുറിക്കേണ്ടിവരും. 

Tags:    
News Summary - Sri Lanka crisis: Correction needed for a comeback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.