ലഹരിയുടെ രാജകുമാരനും ബർത്ത്ഡേ കേക്കും

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം ലഹരി പൂക്കുന്ന ഇടങ്ങളാണ്. കൗമാരം വിട്ടു മാറും മുമ്പേ ലഹരിയുടെ തീയും പുകയും ആസ്വദിക്കുന്നവരുടെ എണ്ണം കൂടുകയാണ്. മദ്യവും കഞ്ചാവും പിന്നിട്ട് എം.ഡി.എ.എയടക്കമുള്ള വില കൂടിയ രാസലഹരികളാണ് പുതിയ തലമുറക്ക് പ്രിയം.

ജീവനും ജീവിതവും തകർക്കുന്ന ലഹരിക്കെതിരായ ബോധവത്കണമൊന്നും എവിടെയും എത്തുന്നില്ല. ലഹരി ഉപയോഗം സ്റ്റാറ്റസ് സിംബലായി മാറ്റാനുള്ള യുവാക്കളുടെ മാനസികാവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് കോഴിക്കോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമപ്രദേശത്തെ നാട്ടുകാർ. 21 വയസുള്ള യുവാവിന് കഴിഞ്ഞ ദിവസമായിരുന്നു ജന്മദിനം. സുഹൃത്തുക്കൾ കേക്ക് മുറിച്ച് ആഘോഷമാക്കി. കേക്കിൽ എഴുതിയ വാചകങ്ങളാണ് എടുത്തു പറയേണ്ടത്. 'ലഹരിയുടെ രാജകുമാരനായ ... ന് പിറന്നാൾ ആശംസകൾ ' എന്നാണ് കേക്കിൽ എഴുതിയിരിക്കുന്നത്.

ബർത്ത്ഡേ ബോയിയുടെ സുഹൃത്തുക്കളെല്ലാം ഈ കേക്കിന്റെ ചിത്രം വാട്സാപ്പിൽ സ്റ്റാറ്റസുമാക്കി. വെറും തമാശയല്ലെന്നും ലഹരി, മയക്കുമരുന്ന് സംഘവുമായി ഈ യുവാവിന് ബന്ധമുള്ളതിനാലാണ് ഇത്തരം വാചകമെന്നുമാണ് നാട്ടുകാരിൽ ചിലരുടെ അഭിപ്രായം. മയക്കുമരുന്നുൾപ്പെടെയുള്ള ലഹരിയുടെ ഉപയോഗത്തിന് മാന്യത നൽകാനുള്ള നീക്കമാണ് ഇത്തരം സംഭവങ്ങൾ.

കഞ്ചാവ് വിൽപന ലഹരി വിമുക്ത കേന്ദ്രത്തിന് മുന്നിൽ!

ജന്മദിന ആഘോഷങ്ങളിൽ മാരക ലഹരി വസ്തുക്കൾ പുതുമയല്ലാതായിട്ട് കാലങ്ങളായി. കോഴിക്കോട് ജില്ലയിൽ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സജീവമാണ്. ലഹരി വിമുക്ത കേന്ദ്രത്തിന് മുന്നിൽ കഞ്ചാവ് വിറ്റ മധ്യവയസ്കനെ ഒരു മാസം മുമ്പാണ് പിടിച്ചത്. ലഹരി മുക്ത ചികിത്സക്ക് വരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ഇയാൾ പ്രവർത്തിച്ചത്.

ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ രക്ഷപ്പെടാൻ കഴിയാത്തവിധം ലഹരിക്ക് അടിമപ്പെടുത്തുന്നതാണ് സിന്തറ്റിക് മയക്കുമരുന്നുകൾ. തലച്ചോറിലെ കോശങ്ങൾ വരെ നശിപ്പിക്കാൻ ശേഷിയുള്ള സിന്തറ്റിക് ഡ്രഗ്ഗുകളാണ് ദിനംപ്രതി ലഹരി വിപണിയിൽ വിവിധ പേരുകളിലായി പ്രത്യക്ഷപ്പെടുന്നത്. പ്രധാനമായും പെൺകുട്ടികളെയും യുവതലമുറയെയും ലക്ഷ്യംവെച്ചാണ് ലഹരി മാഫിയ ഇത്തരം മയക്കുമരുന്ന് ചെറുകിട വിതരണക്കാരിലൂടെ സമൂഹത്തിന്റെ നാനാതുറകളിലെത്തിക്കുന്നത്.

ഏതുവിധത്തിലും ഉപയോഗിക്കാമെന്നതാണ് എം.ഡി.എം.എ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ കാരണം. 12 മുതൽ 24 മണിക്കൂർ വരെ ഇതിന്റെ ലഹരി നീണ്ടുനിൽക്കും. ഗോവയിൽ നിന്നും കർണാടകയിൽ നിന്നുമാണ് സിന്തറ്റിക് ഡ്രഗ്ഗുകൾ യുവതലമുറയെ തകർക്കാൻ വടക്കൻ ജില്ലയിലേക്ക് അതിർത്തികടന്നെത്തുന്നത്.

മുമ്പ് ഗ്രാമിന് രണ്ടായിരം രൂപ യായിരുന്നത് എംഡിഎംഎ ഉപയോഗം വ്യാപകമാക്കുന്നതിനായി ലഹരി മാഫിയ ഇപ്പോൾ ഗ്രാമിന് ആയിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്. രാത്രി കളിക്കാനെന്ന വ്യാജേന ടർഫുകൾക്ക് സമീപത്തെത്തി യുവാക്കളെ വലയിലാക്കുന്നവരും കോഴിക്കോട്ടുണ്ട്. ലഹരിക്കടിമപ്പെടുത്തിയശേഷം യുവാക്കളെ ലഹരികടത്തുന്നതിനായും ഉപയോഗിക്കാറാണ് പതിവ്. 

Tags:    
News Summary - The Prince of Drugs and the Birthday Cake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.