യുക്രെയ്ൻ നഗരങ്ങളിൽ റഷ്യൻ സൈന്യം അക്രമം അഴിച്ചുവിടുവന്നതിനിടയിലും കരുത്തിന്‍റേയും പ്രതിരോധത്തിന്‍റേയും നിരവധി കഥകളാണ് ദിനംപ്രതി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ദേശീയ ഗാനത്തിലൂടെ യുക്രെയ്നിയൻ ജനത ശക്തി നേടുന്നതിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആക്രമണത്തിൽ തകർന്ന സ്വവസതി വൃത്തിയാക്കുന്നതിനിടെ കണ്ണീരോടെ ദേശീയ ഗാനം ആലപിക്കുന്ന യുക്രെയ്ൻ വനിതയുടെ വീഡിയോയാണ് മനുഷ്യരാശിയെ സമ്മർദ്ദത്തിലാക്കുന്നത്.
റഷ്യൻ അധിനവേശത്തെ തുടർന്ന് നടക്കുന്ന സൈനിക ആക്രമണങ്ങളിലും മിസൈൽ ആക്രമണങ്ങളിലും തകർന്ന വീടിന്‍റെ ജനൽ ചില്ലുകൾ വൃത്തിയാക്കുന്നതിനിടെയാണ് യുവതി കണ്ണീരോടെ ദേശീയ ഗാനം ആലപിക്കുന്നത്. വീഡിയോയുടെ അവസാന ഭാഗങ്ങളിൽ ദേശീയ ഗാനം ആലപിച്ചുകൊണ്ട് യുവതി വിതുമ്പുന്നതും കാണാനാകും.
സമാന രീതിയിൽ കഴിഞ്ഞ ദിവസം യുക്രെയിൻ നയതന്ത്രജ്ഞൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയും വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു. യുദ്ധ സാഹചര്യങ്ങൾ നിലനിൽക്കുന്ന കിയവിന്‍റെ പ്രാന്തപ്രദേശത്ത് അപരിചിതനായ വ്യക്തി യുക്രെയ്നിന്‍റെ ദേശീയ ഗാനം വെക്കുകയും സമീപത്തെ വീടുകളിൽ നിന്ന് 'യുക്രെയ്നിന്‍റെ മഹത്വം' എന്ന് ജനങ്ങൾ ഏറ്റുപറയുന്നതും വീഡിയോയിൽ കേൾക്കാം. ഓസ്ട്രിയയിലെ മുൻ യുക്രെയ്ൻ അംബാസഡർ ഒലെക്സാണ്ടർ ഷെർബ #StandWithUkriane എന്ന ഹാഷ്ടാഗോടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.
അതേസമയം യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. യുക്രെയ്നുമായി ചർച്ച നടത്താൻ തയാറെന്ന് റഷ്യ വീണ്ടും അറിയിച്ചു. യുക്രെയ്ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബെലറൂസിൽ വെച്ചു ചർച്ച നടത്താമെന്നാണു റഷ്യയുടെ നിലപാട്. യുദ്ധം തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് റഷ്യ യുക്രെയ്നുമായി ചർച്ചക്ക് തയാറാണെന്ന് അറിയിക്കുന്നത്. ആയുധം താഴെവെച്ച് നിലവിലെ ഭരണകൂടത്തെ പുറത്താക്കിയിട്ട് വന്നാൽ യുക്രെയ്ൻ ജനതയുമായി ചർച്ചക്ക് തയാറാണെന്ന് നേരത്തേ റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോഴത്തെ ചർച്ചാ സന്നദ്ധതക്ക് പ്രത്യേക നിബന്ധനകൾ വെച്ചിട്ടുള്ളതായി അറിയില്ല.
കിയവിന് പിന്നാലെ യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിൽ റഷ്യൻ സൈന്യം ആക്രമണം തുടങ്ങിയിരുന്നു. റഷ്യക്ക് മുൻപിൽ കീഴടങ്ങാൻ തയാറല്ലെന്ന് യുക്രെയ്ൻ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.