കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് മലയാള ഭാഷാടിസ്ഥാനം
ഉറക്കാത്തതിന് കാരണം ഭാഷാ ബോധനത്തിലെ വൈകല്യങ്ങളാണ്.
അക്ഷരോച്ചാരക ഭാഷയായ മലയാളം പഠിക്കാൻ അക്ഷരം
നേരിട്ട് പഠിപ്പിക്കുകതന്നെ വേണം. എന്നാൽ, നമ്മുടെ
സംസ്ഥാനത്ത് രണ്ടു ദശാബ്ദക്കാലമായി വാചിക ബോധനത്തിലൂടെ അക്ഷരം പഠിപ്പിക്കുന്ന സമ്പ്രദായം നിലവിലില്ല
പുതിയ അധ്യയന വർഷം വിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്? വിജ്ഞാന വെളിച്ചം തേടുന്ന കുട്ടികൾക്ക് അതിനായി വാതായനങ്ങൾ തുറന്നു കൊടുക്കുവാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക് കഴിയുന്നുണ്ടോ? വിജയ ശതമാനം ഉയരുമ്പോഴും അടിസ്ഥാനങ്ങൾ ഉറയ്ക്കാതെ വീണുപോകുന്നവരുടെ എണ്ണം വർഷം തോറും കൂടിക്കൂടി വരുന്നതിെൻറ കാരണങ്ങൾ ആഴത്തിൽ വിശകലനം ചെയ്യാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സന്നദ്ധമാകുന്നില്ല. പകരം, പൊതു വിദ്യാഭ്യാസ രംഗം മുന്നേറുകയാണെന്ന വ്യാജ അവകാശവാദം പതിവുപോലെ ആവർത്തിക്കുകമാത്രമാണവർ.
അക്ഷര ജ്ഞാനാർജനത്തിൽ നമ്മുടെ വിദ്യാർഥികൾ പിന്നാക്കം പോകുന്നുവെന്നാണ് ഇതിനകം നടന്ന ഭാഗിക സർവേകൾപോലും ചൂണ്ടിക്കട്ടുന്നത്. എൻ.സി.ഇ.ആർ.ടിയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ഭാരത് നിപുൺ മിഷൻ സർവേയിൽ കേരളത്തിലെ വിദ്യാർഥികളും പ്രഥം ഏജൻസിയുടെ പഠനം അനുസരിച്ചാണെങ്കിൽ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിദ്യാർഥികളും മാതൃഭാഷാ നൈപുണിയിൽ പിന്നിലാണെന്ന് കണ്ടെത്തി. കേരളത്തിൽ മൂന്നാം ക്ലാസിലെ 56 ശതമാനം വിദ്യാർഥികൾക്കും മലയാളം നേരായി വായിക്കാൻ അറിയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭാരത് നിപുൺ മിഷൻ സർവേ സംസ്ഥാനത്തെ 104 സ്കൂളുകളിലായി 1061 വിദ്യാർഥികളുടെ അടിസ്ഥാന ശേഷികളാണ് പരിശോധിച്ചത്. അതുപ്രകാരം,16 ശതമാനം കുട്ടികൾക്കു മാത്രമാണ് ഒരു മിനിറ്റിൽ 51 വാക്കുകളോ അതിൽ കൂടുതലോ വായിക്കാൻ കഴിഞ്ഞത്. 28 ശതമാനം കുട്ടികൾ ശരാശരി പ്രകടനം കാഴ്ചവെച്ചു. അവർക്ക് 28 മുതൽ 50 വരെ വാക്കുകൾ വായിക്കാൻ കഴിഞ്ഞു. ബാക്കി പകുതിയിലേറെ കുട്ടികൾക്ക് തെറ്റില്ലാതെ വായിക്കാൻ സാധിച്ചതുമില്ല.
ദേശീയ പഠന ഏജൻസിയായ പ്രഥം ഏജൻസിയുടെ അസർ( ASER )റിപ്പോർട്ട് പ്രകാരം, രണ്ടാം ക്ലാസിലെ ഭാഷാ പാഠപുസ്തകങ്ങൾ വായിക്കാൻ മൂന്നാം ക്ലാസിലെ 43.4 ശതമാനം കുട്ടികൾക്ക് 2018 ൽ കഴിഞ്ഞിരുന്നുവെങ്കിൽ 2022 ൽ അത് 31.6 ശതമാനമായി താഴ്ന്നു. ഗുജറാത്തിൽ 32.2 ശതമാനം ആയിരുന്നത് 23.2 ശതമാനമായി താഴേക്ക് പോകുന്നു. ആന്ധ്രപ്രദേശിലും അസമിലും ഈ ഘട്ടത്തിലെ വിദ്യാർഥികളുടെ വായനാശേഷി കേവലം 10 ശതമാനം മാത്രമാണെന്ന് കണ്ടെത്തിയ റിപ്പോർട്ട് കർണാടകയിലെ സ്ഥിതി പരിതാപകരമെന്ന് ചൂണ്ടിക്കാട്ടുന്നു. അവിടെ 2018 ൽ 19.2 ശതമാനമായിരുന്നത് ഇപ്പോൾ 7.7 ശതമാനമായി തകർന്നുവെന്നാണ് റിപ്പോർട്ടിലെ ഗ്രാഫിക്സ് വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസ രംഗത്ത് മുന്നിലായിരുന്ന കേരളത്തിലെ വിദ്യാർഥികളുടെ ഭാഷാനൈപുണികൾ കുത്തനെ ഇടിയുന്നത് എന്തുകൊണ്ടാണ്? എഴുത്തും വായനയും സംഖ്യാബോധവും ആർജിക്കാൻ കാരണമെന്താണെന്ന് ദേശീയ സർവേ ഏജൻസികൾ അന്വേഷിക്കുന്നില്ല. കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് മലയാള ഭാഷാടിസ്ഥാനം ഉറക്കാത്തതിന് കാരണം ഭാഷാ ബോധനത്തിലെ വൈകല്യങ്ങൾ ആണ്. അക്ഷരോച്ചാരക ഭാഷയായ മലയാളം പഠിക്കാൻ അക്ഷരം നേരിട്ട് പഠിപ്പിക്കുക തന്നെ വേണം. എന്നാൽ, നമ്മുടെ സംസ്ഥാനത്ത് രണ്ടു ദശാബ്ദക്കാലമായി വാചിക ബോധനത്തിലൂടെ അക്ഷരം പഠിപ്പിക്കുന്ന സമ്പ്രദായം നിലവിലില്ല. പകരം , ഭാഷാ സമഗ്രതാ ദർശനം അനുസരിച്ചുള്ള ആശയാവതരണ രീതിയാണ് പിന്തുടരുന്നത്. അതായത്, ഒന്നാം ക്ലാസ് മുതൽ കുട്ടികൾക്ക് ആശയങ്ങൾ കൊടുക്കുക. അവയിൽനിന്ന് കുട്ടികൾ സ്വമേധയാ വാക്യങ്ങളും പദങ്ങളും പിന്നെ അക്ഷരങ്ങളും കണ്ടെത്തുമെന്ന വിചിത്ര സിദ്ധാന്തമാണ് അവർക്ക് പ്രചോദനം. ആയതിനാൽ, അക്ഷരങ്ങൾ പാഠപുസ്തകങ്ങളിൽ അച്ചടിക്കണമെന്ന ആവശ്യകത വിദ്യാഭ്യാസ വകുപ്പിന് തോന്നിയില്ല. ഏകദേശം ഒരു പതിറ്റാണ്ട് കാലമായി അക്ഷരങ്ങൾ പാഠപുസ്തകങ്ങളിൽനിന്ന് അപ്രത്യക്ഷമായിട്ട് . കഴിഞ്ഞ വർഷം ഒരുപാട് കോലാഹലങ്ങൾക്കു ശേഷമാണ് ഒന്നാം പാഠപുസ്തകത്തിൽ വൈകിയാണെങ്കിലും അക്ഷരമാല അച്ചടിക്കാൻ തീരുമാനിക്കുന്നത്. പക്ഷേ, ബോധന രീതികൾ മാറിയില്ല. ഫലത്തിൽ, അക്ഷര ബോധനം അകലെയാണ്.
അക്ഷര ജ്ഞാനമില്ലാതെ ഭാഷാശേഷി നേടാനാകുമോ?
സ്വയം പഠനം എത്രത്തോളം ശാസ്ത്രീയമാണ്? അധ്യാപനത്തിെൻറ പ്രാധാന്യം വെട്ടിച്ചുരുക്കിയ പുതിയ പാഠ്യപദ്ധതി -ബോധന സമ്പ്രദായങ്ങൾ പുനഃപരിശോധന അർഹിക്കുന്നു. ഔപചാരിക വിദ്യാഭ്യാസമാരംഭിക്കുന്ന ഒന്നാം ക്ലാസ് മുതൽ അക്ഷരബോധനം പുനഃസ്ഥാപിക്കണമെന്നാണ് വിദ്യാഭ്യാസ സ്നേഹികൾ അഭിലഷിക്കുന്നത്. പക്ഷേ, അതിനായി കൃത്യവും വ്യക്തവുമായ ഒരു നിർദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ല. ഏറ്റവും ഫലവത്തായ ശാസ്ത്രീയ ബോധന രീതികൾ, പതിറ്റാണ്ടുകൾകൊണ്ട് കേരളവും വിദ്യാഭ്യാസ ലോകവും വികസിപ്പിച്ചെടുത്ത അധ്യാപന തന്ത്രങ്ങൾ വീണ്ടെടുക്കാൻ നമുക്ക് കഴിയണം. പഠിപ്പിക്കാൻ ഉത്തരവ് നൽകണമെന്ന് ചുരുക്കം. വിശേഷിച്ചും നമ്മുടെ വിദ്യാർഥികളുടെ ഭാഷാശേഷികൾ ക്രമത്തിൽ താഴേക്കു പതിക്കുന്നുവെന്ന പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.