സ്കൂൾ അവധിക്കാലം കഴിയാനിനി ദിവസങ്ങൾ മാത്രം, ഒരു പുതിയ അധ്യയന വർഷം സമാഗതമാവുകയാണ്. പുത്തനുടുപ്പിലും പുതുമോടിയിലും അരങ്ങുതകർക്കാൻ ഒരുങ്ങുകയാണ് എല്ലാവരും. കുട്ടികളെപ്പോലെ അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഉത്സാഹത്തിലാണ്.
ഈ വർഷം നന്നായി പഠിക്കണമെന്നും മികച്ച വിജയങ്ങൾ സ്വന്തമാക്കണമെന്നും വിദ്യാർഥികളെല്ലാം ഉറച്ച ശപഥമെടുക്കുന്ന നേരമാണിത്. ഒരു വർഷത്തേക്കുള്ള സ്കൂളിന്റെ പ്രവർത്തന കലണ്ടർ തയാറാക്കി അതനുസരിച്ച് കൃത്യമായി പോകണമെന്ന് അധ്യാപകരും തീരുമാനിക്കുന്നു. അവധിക്കാലത്ത് ലഭിച്ച അധ്യാപക പരിശീലനത്തിൽ നിന്നുള്ള അറിവും ഉൾക്കാഴ്ചകളും ക്ലാസ് മുറിയിലേക്ക് പകർത്താൻ മിക്ക അധ്യാപകരും ഈ കാലയളവിൽ ആത്മാർഥമായി ശ്രമിക്കാറുമുണ്ട്. പഠനാനുബന്ധ പ്രവർത്തനങ്ങൾക്കായുള്ള വിവിധ ക്ലബുകളും കൂട്ടായ്മകളും ഈ വേളയിൽ പ്രവർത്തനം തുടങ്ങും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ പൂത്തിരി കത്തിച്ചതുപോലുള്ള, സ്കൂളുകളിലെ ഈ ആവേശവും കർമോത്സുകതയും നേരിൽ അനുഭവിച്ചിട്ടുണ്ട്. പക്ഷേ, പലപ്പോഴും പല കുട്ടികളുടെയും കാര്യത്തിൽ ഈ ആവേശം ഓണപ്പരീക്ഷക്കപ്പുറം കടക്കാറില്ല.
ഒന്നാം ക്ലാസ് മുതലേ എന്റെ വിദ്യാഭ്യാസ രീതിയും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ജൂൺ, ജൂലൈ മാസങ്ങൾ എല്ലാവരെയുംപോലെ എല്ലാം ഗംഭീരമായി, കൃത്യതയോടെ നടക്കുന്ന കാലമാണ്. ക്ലാസുകൾ കൃത്യമായി ശ്രദ്ധിച്ച്, പാഠങ്ങൾ അന്നന്ന് പഠിച്ച്, നോട്ടുകൾ കൃത്യമാക്കി, ഹോം വർക്കുകൾ യഥാസമയം പൂർത്തീകരിച്ച് നന്നായി മുന്നോട്ടുപോകും. അതിന്റെ ഫലം ഓണപ്പരീക്ഷയിൽ കാണാനുമുണ്ടാകും. ഓണാഘോഷവും ഓണസദ്യയും അവധിക്കാലവും കഴിഞ്ഞ് ഫലം വരുമ്പോൾ മികച്ച റാങ്കും സമ്മാനങ്ങളും നിറയെ കൈകളിലെത്തും.
പിന്നീട് ആ നേട്ടത്തിൽ അഭിരമിച്ച് ഒരൽപം അമർന്നിരുന്നുപോകുന്ന സമയമാണ്. അപ്പോഴേക്ക് മേളകളും തുടങ്ങും. ശരത്കാലമെത്തുന്നതോടെ അന്തരീക്ഷത്തിലും നമ്മുടെയുള്ളിലും ഒരു തണുപ്പ് വരും. എന്നെ സംബന്ധിച്ച് നഷ്ടസ്വപ്നങ്ങളുടെ കാലമാണ് ഡിസംബർ. ജില്ല കലോത്സവത്തിൽ മാറ്റുരച്ച് പരാജയപ്പെട്ട് സംസ്ഥാന യുവജനോത്സവത്തിൽ ഇടംകിട്ടാതെ പോകുന്ന സങ്കടകാലം.
അർധവാർഷിക പരീക്ഷാഫലം വരുമ്പോൾ മാർക്കിലും റാങ്കിലും കുറച്ച് പിന്നിൽപോകുന്നതും പതിവായിരുന്നു. അതിലെല്ലാം ഉപരി മൊത്തത്തിൽ ഒരു ഉന്മേഷക്കുറവ് ദൃശ്യമാകും. എങ്ങനെയെങ്കിലും ഈ വർഷമൊന്ന് കഴിഞ്ഞുപോകണേ എന്ന പ്രാർഥന വാർഷികപ്പരീക്ഷവരെ നീളും. പിന്നെ സന്തോഷം നിറഞ്ഞ അവധിക്കാലമായി. ചുട്ടുപഴുത്ത പാലക്കാടൻ വെയിലിൽ പന്തുകളിച്ചും ഉല്ലസിച്ചും നടന്ന മധ്യവേനലവധിക്കാലം മനോഹരമായിരുന്നു. മേയ് ഒന്ന് ഫലമറിയുന്ന ദിവസമാണ്. സാധാരണ, വാർഷിക പരീക്ഷയുടെ മാർക്കോ റാങ്കോ പുറത്തുവിടാറില്ല. പക്ഷേ, അധ്യാപകരെ സോപ്പിട്ട് അത് അറിയുന്ന ഒരു രീതി എനിക്കുണ്ടായിരുന്നു. ഓണത്തിന്റെ ഫലം എവറസ്റ്റ് കൊടുമുടി പോലെയെങ്കിൽ അൽപം ഉയരം കുറഞ്ഞ കാഞ്ചൻജംഗ പോലെയാകും വാർഷിക പരീക്ഷാഫലം.
ഇതിങ്ങനെ ഏറെക്കാലം ആവർത്തിച്ചു. കലാലയ കാലവും കഴിഞ്ഞ് സിവിൽ സർവിസിലേക്ക് വന്നപ്പോഴാണ് എന്റെ സമീപനത്തിലെ പ്രശ്നങ്ങൾ മനസ്സിലായിത്തുടങ്ങിയത്. ആ തിരിച്ചറിവ് ഔദ്യോഗിക ജീവിതത്തിലും സാമൂഹിക ജീവിതത്തിലും കാര്യമായ മാറ്റമുണ്ടാക്കി. ചെയ്യാനുള്ള ഒരു ജോലിയും അടുത്ത ദിവസത്തേക്ക് മാറ്റിവെക്കരുതെന്ന് എന്നെ പഠിപ്പിച്ചത് ഈ തിരിച്ചറിവാണ്. ഇടക്ക് ലഭിക്കുന്ന അംഗീകാരങ്ങളിൽ അഭിരമിക്കാതെ, ചെയ്ത് തീർക്കാനുള്ള ജോലികൾ കൃത്യമായും സമയബന്ധിതമായും ചെയ്യാൻ ദൈവാനുഗ്രഹത്താൽ ഇന്നെനിക്ക് വലിയൊരളവോളം സാധിക്കുന്നു. ആഴ്ചയിലെ മുഴുവൻ ദിവസവും കർമോത്സുകനാകാൻ അത് എന്നെ പ്രാപ്തനാക്കുന്നു.
അധ്യയന വർഷത്തിന്റെ ഈ ആരംഭ വേളയിൽ, കഴിഞ്ഞ അധ്യയന വർഷത്തിലെ ജൂൺ ഒന്നിലേക്ക് തിരിഞ്ഞുനോക്കണമെന്നാണ് വിദ്യാർഥികളോടും അധ്യാപകരോടും എന്റെ അഭ്യർഥന. നാം നമുക്കുവേണ്ടി, നമ്മുടെ സ്കൂളിനുവേണ്ടി നിശ്ചയിച്ച ലക്ഷ്യങ്ങൾ ഏതെല്ലാം, അതിലേതെല്ലാം സാക്ഷാത്കരിക്കാൻ സാധിച്ചു, പരിമിതികൾ എന്തെല്ലാമായിരുന്നു എന്ന് പരിശോധിക്കണം. ഇങ്ങനെയൊരു സ്വയം വിലയിരുത്തലിന് സന്നദ്ധമാകുമ്പോഴാണ് നമ്മുടെ മുന്നോട്ടുള്ള പ്രയാണം കുറ്റമറ്റതാവുക. തുടക്കം മികച്ചതാക്കാൻ ആർക്കും സാധിക്കും. അത് നിലനിർത്താൻ കഴിയുന്നിടത്താണ് യഥാർഥ വിജയം. ആസൂത്രണം, ദീർഘവീക്ഷണം, ജാഗ്രത, സ്ഥിരോത്സാഹം എന്നിവയുണ്ടെങ്കിൽ തുടക്കവും മധ്യവും ഒടുക്കവുമെല്ലാം ഗംഭീരമാക്കാം. നാം യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ദൂരമേറെ പോകാനുണ്ട്. ചെറിയ നേട്ടങ്ങളിൽ, പഴയ കുട്ടിക്കഥയിലെ മുയലിനെപ്പോലെ വിശ്രമിക്കാതെ യാത്ര തുടർന്നുകൊണ്ടേയിരിക്കുക. അങ്ങനെ തുടക്കത്തെപോലെ ഒടുക്കവും ഉജ്ജ്വലമാകുന്ന ഒരു അധ്യയന വർഷം എല്ലാവർക്കും ആശംസിക്കുന്നു.
പ്രശസ്ത ആംഗലേയ കവി പി.ബി. ഷെല്ലിയുടെ വരികൾ അതീവ ഹൃദ്യമാണ്.
ശരത്കാലം വന്നെത്തുമ്പോൾ വസന്തം അത്ര അകലെയാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.