പരിസ്ഥിതിയും പണവും മാറ്റുരക്കുമ്പോള്‍

ലോകത്തെ ഏറ്റവും മനോഹരനഗരങ്ങളിലൊന്നായി പാരിസ് ഒരിക്കല്‍ക്കൂടി ലോക ശ്രദ്ധാകേന്ദ്രമാവുകയാണ്. ആഴ്ചകള്‍ക്കുമുമ്പ് ഞെട്ടിക്കുന്ന തീവ്രവാദി ആക്രമണമാണ് പാരിസിന് വാര്‍ത്തകളില്‍ ഇടംനല്‍കിയതെങ്കില്‍ ഇക്കുറി ലോകത്തെ ആഗോളതാപനംമൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തില്‍നിന്ന് രക്ഷിക്കുന്നതിനുള്ള ലോകനേതാക്കളുടെ ഉച്ചകോടിയാണ് ഫ്രാന്‍സ് തലസ്ഥാനത്തെ വാര്‍ത്താമാധ്യമങ്ങളില്‍ നിറക്കുന്നത്. തിങ്കളാഴ്ച ആരംഭിച്ച ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 150ഓളം രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, എതിര്‍പ്പിന്‍െറ സ്വരങ്ങള്‍ ഇല്ലാതാക്കാന്‍ നീക്കങ്ങള്‍ അകത്തുംപുറത്തും ഒരുപോലെ സജീവമാണ്. സമ്പന്ന രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ വര്‍ഷങ്ങളായി എതിര്‍ത്തുനില്‍ക്കുന്ന ഇന്ത്യ അടക്കമുള്ള വികസ്വരരാജ്യങ്ങളെ ഒതുക്കാന്‍ തിരക്കിട്ട നയതന്ത്രനീക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ പരിസ്ഥിതി, സന്നദ്ധസംഘടനകളെ ചര്‍ച്ചാവേദിയുടെ പരിസരത്തുപോലും അടുപ്പിക്കാതെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
രണ്ടു പതിറ്റാണ്ടുമുമ്പ് ജപ്പാനിലെ ക്യോട്ടോയില്‍ രൂപംനല്‍കിയ കാര്‍ബണ്‍ മലിനീകരണം കുറക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള അന്തിമപോരാട്ടമായി വിലയിരുത്തപ്പെടുന്ന പാരിസ് ഉച്ചകോടി ഇന്ത്യക്കൊപ്പം ലോകത്തെ വികസ്വര രാഷ്ട്രങ്ങള്‍ക്കെല്ലാം അതീവ പ്രാധാന്യമുള്ളതാണ്്.
ക്യോട്ടോ ഉച്ചകോടിയെ തുടര്‍ന്നുനടന്ന ചര്‍ച്ചകളിലെല്ലാം ഉയര്‍ന്ന പ്രധാനതര്‍ക്കം കര്‍ബണ്‍ വികിരണത്തിന്‍െറ അളവ് കുറക്കുന്നതിന്‍െറ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നതായിരുന്നു. ഇക്കുറി പാരിസിലും ഉയരുക പണവും പരിസ്ഥിതിയും തമ്മിലുള്ള ഈ മാറ്റുരക്കല്‍തന്നെയാവും. തങ്ങളുടെ താല്‍പര്യങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നതില്‍ സമ്പന്നരാജ്യങ്ങള്‍ നേരിട്ടിരുന്ന ഏറ്റവുംവലിയ തടസ്സം ഇന്ത്യയുടെ നേതൃത്വത്തില്‍ ഏതാനും വികസ്വരരാജ്യങ്ങള്‍ ഉയര്‍ത്തിയ പോരാട്ടമായിരുന്നു. ഒരു മാസംമുമ്പ് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇക്കാര്യം തുറന്നുപറയുകതന്നെ ചെയ്തു. പാരിസിലെ ഒത്തുതീര്‍പ്പിനുള്ള പ്രധാന വെല്ലുവിളി ഇന്ത്യയാണെന്നായിരുന്നു കെറിയുടെ പ്രസ്താവന. പിന്നീട് ഈ പ്രസ്താവനസംബന്ധിച്ച ചോദ്യങ്ങള്‍ യു.എസ് നേതൃത്വം തന്ത്രപൂര്‍വം അവഗണിച്ചെങ്കിലും പാരിസില്‍ അവരുടെ പ്രധാന നോട്ടപ്പുള്ളി ഇന്ത്യയായിരിക്കുമെന്ന് ഉറപ്പാണ്.
ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളായിരുന്നു ആഗോള പരിസ്ഥിതി ഉച്ചകോടികളില്‍ വികസ്വരരാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യക്ക് ഒപ്പംനിന്നിരുന്ന കൂട്ടായ്മ. എന്നാല്‍, ഈ സഖ്യത്തില്‍ വിള്ളല്‍വീഴ്ത്തുന്നതില്‍ സമ്പന്നരാജ്യങ്ങള്‍ വിജയിച്ചതായാണ് സൂചന. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഉച്ചകോടിക്ക് ആതിഥേയത്വംവഹിക്കുന്ന ഫ്രാന്‍സിന്‍െറ വിദേശകാര്യമന്ത്രി ലോറന്‍റ് ഫാബിയസ് ഒത്തുതീര്‍പ്പ് രൂപപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഇന്ത്യക്കുപുറമേ ബ്രസീലും ദക്ഷിണാഫ്രിക്കയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതില്‍നിന്ന് ഒന്നുവ്യക്തം പാരിസ് ഉച്ചകോടിയില്‍ പുറത്തുകാണുന്ന ചര്‍ച്ചകള്‍ക്കുപുറമേ പിന്നാമ്പുറനീക്കങ്ങളും സമ്മര്‍ദങ്ങളും അതിശക്തമാണ്.
ആഗോളതാപനം മൂലമുള്ള കാലാവസ്ഥാവ്യതിയാനം കാര്‍ഷികമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും അതുവഴി ലോകത്തിന്‍െറ ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുകയും ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാരിസ് ഉച്ചകോടി ചേരുന്നത്. അതുകൊണ്ടുതന്നെ ഒരു ഒത്തുതീര്‍പ്പിന് വിലങ്ങുതടിയാവുന്നുവെന്ന ദുഷ്പേര് ഇല്ലാതാക്കി ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ശ്രമകരമായ ജോലിയാണ് പാരിസില്‍ ഇന്ത്യന്‍സംഘത്തെ കാത്തിരിക്കുന്നത്്.
120 കോടിയിലേറെ ജനങ്ങളുടെ വികസനത്തിന്‍െറ പ്രശ്നങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ചൈന ഒഴിച്ച് ഒരു രാജ്യത്തിനും ഇത്രവലിയൊരു ജനസംഖ്യ ഉയര്‍ത്തുന്നപ്രശ്നങ്ങള്‍ നേരിടേണ്ടതില്ല. ചൈനയാവട്ടെ വികസനപാതയില്‍ വളരെയേറെ മുന്നോട്ടുപോവുകയും ചെയ്തു. അതുകൊണ്ടുതന്നെ ചൈന അംഗീകരിച്ചാല്‍പോലും സാമ്പത്തികവളര്‍ച്ചക്ക് തടസ്സമാകുന്ന ഒരു ഒത്തുതീര്‍പ്പിനും വഴങ്ങുന്നകാര്യം ഇന്ത്യക്ക് ചിന്തിക്കാന്‍പോലും കഴിയില്ല. ഈ പരിമിതികളില്‍ നിന്നുകൊണ്ടുവേണം ഇന്ത്യ പാരിസ് ഉച്ചകോടിയില്‍ നിലപാടുകള്‍ സ്വീകരിക്കാന്‍.
കാര്‍ബണ്‍മലിനീകരണം കുറക്കുന്നതിന് ഇതിനകം ഇന്ത്യ പലനടപടികളും സ്വീകരിച്ചിട്ടുണ്ട്. സൗരോര്‍ജം, കാറ്റില്‍നിന്നുള്ള വൈദ്യുതി എന്നിവയുടെ വികസനം ഈ ലക്ഷ്യംവെച്ചുള്ളതാണ്. ഇതിനുപുറമേ കല്‍ക്കരിയുടെ ഉപയോഗം കുറക്കുന്നതിന് പ്രത്യേക നികുതിയും ഇന്ത്യ ചുമത്തുന്നുണ്ട്. ഇതൊക്കെയാണെങ്കിലും പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളെ മാത്രം ആശ്രയിച്ച് ഊര്‍ജാവശ്യങ്ങള്‍ നേരിടുകയെന്നത് പൂര്‍ണമായും ചെറിയൊരു കാലയളവില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതല്ല.
ഇതിനകം കാര്‍ബണ്‍മലിനീകരണംമൂലം പരിസ്ഥിതിക്ക് ഉണ്ടായിരിക്കുന്ന നാശത്തിന് വലിയൊരളവില്‍ കാരണക്കാര്‍ സമ്പന്നരാഷ്ട്രങ്ങളാണ്. അതുകൊണ്ടുതന്നെ പരിഹാരനടപടികളുടെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കണമെന്നതായിരുന്നു കാലങ്ങളായി ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളുടെ നിലപാട്. ഇതുമൂലം സാമ്പത്തികമായി വളരെ പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങള്‍ക്കും വികസ്വരരാജ്യങ്ങള്‍ക്കും കാര്‍ബണ്‍മലിനീകരണം കുറക്കുന്നതിനാവശ്യമായ ഉന്നത സാങ്കേതികവിദ്യകള്‍ സ്വന്തമാക്കുന്നതിനും മറ്റും 2020ഓടെ വര്‍ഷം 10,000 കോടി ഡോളര്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി മുന്‍ കാലാവസ്ഥാ ഉച്ചകോടികളില്‍ ആവിഷ്കരിച്ചിരുന്നു. എന്നാല്‍, ഈ ഫണ്ടില്‍ കള്ളക്കളികള്‍ നടത്താനുള്ള ശ്രമമാണ് സമ്പന്നരാഷ്ട്രങ്ങള്‍ നടത്തുന്നത്. ഇതിന്‍െറ ഭാഗമാണ് പാരിസ് ഉച്ചകോടിയിലെ ചര്‍ച്ചക്കായി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് (ഒ.ഇ.സി.ഡി) തയാറാക്കിയ റിപ്പോര്‍ട്ട്. സമ്പന്നരാജ്യങ്ങളും ഈ രാജ്യങ്ങളിലെ സ്വകാര്യമേഖല കമ്പനികളും ചേര്‍ന്ന് 2013-14 സാമ്പത്തികവര്‍ഷത്തോടെ വര്‍ഷം 6200 കോടി ഡോളര്‍ കാലാവസ്ഥാവ്യതിയാനം തടയാനുള്ള ഫണ്ടായി ചെലവഴിക്കുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ഒ.ഇ.സി.ഡി സമ്പന്നരാജ്യങ്ങളുടെമാത്രം കൂട്ടായ്മയാണെന്നും ഇവരുടെ കണക്കുകള്‍ വിശ്വസനീയമല്ളെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങള്‍ ഇതിനകം ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. കാലാവസ്ഥാവ്യതിയാനം തടയാനുള്ള ഫണ്ടിലേക്ക് പാരിസ് ചര്‍ച്ചകള്‍ എത്തിക്കാന്‍ കഴിയുന്നതിലാണ് ഇന്ത്യയുടെ വിജയമിരിക്കുന്നത്.
പാരിസ് ഉച്ചകോടിയിലെ ഇന്ത്യയുടെ പരാജയവും വിജയവും നിര്‍ണയിക്കപ്പെടുന്ന മറ്റൊരുഘടകം ഓരോ രാജ്യങ്ങള്‍ക്കും അനുവദനീയമായ മലിനീകരണ അളവ് നിശ്ചയിക്കുന്ന രീതിയിലെ മാറ്റമാണ്്. നിലവില്‍, ആഗോളതാപനത്തിന് വഴിയൊരുക്കുന്ന ഫോസില്‍ ഇന്ധനത്തില്‍ 70 ശതമാനവും ഉപയോഗിക്കുന്നത് ലോകജനസംഖ്യയുടെ 10 ശതമാനം മാത്രംവരുന്ന സമ്പന്നരാജ്യങ്ങളാണ്്. അനുവദനീയമായ മലിനീകരണ അളവ് കണക്കാക്കുന്ന നിലവിലെ രീതിമാറ്റി ജനസംഖ്യയുടെ അടിസ്ഥാനത്തിലാക്കണമെന്നതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാലാകാലങ്ങളായി ഉയര്‍ത്തുന്ന മറ്റൊരാവശ്യം. എന്നാല്‍, തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നതിനാല്‍ സമ്പന്നരാജ്യങ്ങള്‍ ഇതിന് വഴങ്ങിയിരുന്നില്ല. പാരിസ് ഉച്ചകോടിയില്‍ ഇക്കാര്യത്തില്‍ എത്രമാത്രം വിജയം നേടാനാവുമെന്നും ഇന്ത്യ ഉറ്റുനോക്കുകയാണ്.
പരിസ്ഥിതിനാശത്തിനും കാര്‍ബണ്‍മലിനീകരണത്തിനും വഴിയൊരുക്കുന്നതില്‍ വലിയൊരു പങ്ക് ലോകത്തെ ദാരിദ്ര്യത്തിനും പട്ടിണിക്കുമുണ്ട്. ഈ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാതെ പരിസ്ഥിതിനാശത്തിനും കാര്‍ബണ്‍മലിനീകരണത്തിനും കാലാവസ്ഥാവ്യതിയാനത്തിനും പരിഹാരമുണ്ടാവുകയില്ല. വികസ്വരരാജ്യങ്ങളുടെയും ദരിദ്രരാജ്യങ്ങളുടെയും അല്‍പ സാമ്പത്തികവളര്‍ച്ചക്കുപോലും തടസ്സംനിന്ന് ആഗോളതാപനം എന്ന മഹാവിപത്തിനെ നേരിടാനും കഴിയില്ല. പാരിസില്‍ പണവും പരിസ്ഥിതിയും ഏറ്റുമുട്ടുമ്പോള്‍ ഈ വസ്തുത തമസ്കരിക്കപ്പെടാതിരിക്കട്ടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT