കോണ്‍ഗ്രസിന്‍െറ സെല്‍ഫ് ഗോള്‍

1937ല്‍ സ്വാതന്ത്ര്യസമര മുന്നേറ്റത്തിന്‍െറ ഭാഗമായി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ നേതൃത്വത്തില്‍ ഏഴുപേര്‍ ചേര്‍ന്ന് തുടങ്ങിയതാണ് നാഷനല്‍ ഹെറാള്‍ഡ് എന്ന ഇംഗ്ളീഷ് പത്രം. പത്രം ആരംഭിക്കുന്നതിന് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍) എന്ന കമ്പനിയുണ്ടാക്കി. നാഷനല്‍ ഹെറാള്‍ഡിനു  പുറമെ ഉര്‍ദുവില്‍ ഖൗമി ആവാസും ഹിന്ദിയില്‍ നവജീവനും ഈ കമ്പനി പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യസമരത്തിന്‍െറയും കോണ്‍ഗ്രസിന്‍െറയും തറവാടിത്ത-പേറ്റന്‍റ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും സോണിയ-രാഹുല്‍ ഗാന്ധിമാരുമാണ് കൈയാളുന്നത്. അസോസിയേറ്റഡ് ജേണല്‍സിന്‍െറ കാര്യത്തിലും കഥ അതുതന്നെ. അസോസിയേറ്റഡ് ജേണല്‍സിന്‍െറ ഓഹരിയുടമകളായ കോണ്‍ഗ്രസുകാരുടെ എണ്ണം 1057 ആയി വളര്‍ന്നെങ്കിലും 2008 ആയപ്പോള്‍ 60 കോടി രൂപയുടെ കടവുമായി നാഷനല്‍ ഹെറാള്‍ഡ് പൂട്ടി. ഈ കമ്പനിക്ക് ഡല്‍ഹിയിലും യു.പിയിലുമൊക്കെയായി 5000 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ ബാക്കിനില്‍ക്കുമ്പോള്‍തന്നെയാണ് ഇതു നടന്നത്. അതിലൊരു പങ്ക് വിറ്റിട്ടായാലും കടം തീര്‍ക്കാം. പക്ഷേ, പാര്‍ട്ടി ഫണ്ടില്‍നിന്ന് 60 കോടി രൂപ പലിശരഹിത സംഭാവനയായി നല്‍കുകയെന്ന വഴിയാണ് കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുത്തത്. കഥ അവിടെ അവസാനിക്കുകയല്ല, വിവാദമായൊരു അനുബന്ധ കഥ തുടങ്ങുകയാണ് ചെയ്തത്.
2010ല്‍ യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് (വൈ.ഐ.എല്‍) എന്ന ലാഭേച്ഛ ഇല്ലാത്ത സ്വകാര്യ കമ്പനി കോണ്‍ഗ്രസ് നേതൃത്വം രൂപവത്കരിച്ചു. സോണിയ, രാഹുല്‍, എ.ഐ.സി.സി ഭാരവാഹികളായ മോത്തിലാല്‍ വോറ, ഓസ്കര്‍ ഫെര്‍ണാണ്ടസ്, കോണ്‍ഗ്രസിന് വേണ്ടപ്പെട്ടവരായ സാം പിത്രോഡ, സുമന്‍ ദുബെ എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. അഞ്ചു ലക്ഷം രൂപ മാത്രം ഓഹരി മൂലധനമുള്ള ഈ കമ്പനിക്ക് 90 കോടി രൂപ ഏല്‍പിച്ചുകൊടുക്കുന്നു. എ.ജെ.എല്ലിന്‍െറ ഓഹരിയുടമകളില്‍ എത്രപേര്‍ ജീവിച്ചിരിക്കുന്നു, അവകാശം ചോദിക്കാനിരിക്കുന്നു തുടങ്ങിയ നിയമപ്രശ്നങ്ങള്‍ വലിയ കാര്യമാക്കാതെതന്നെ, കമ്പനിയുടെ ഓഹരികള്‍ യങ് ഇന്ത്യന് കൈമാറ്റം ചെയ്യപ്പെടുന്നു. ഫലത്തില്‍, 90 കോടി രൂപയുടെ കടബാധ്യത ഏറ്റെടുക്കുകയും കോണ്‍ഗ്രസിന് 50 ലക്ഷം രൂപ നല്‍കുകയും ചെയ്തുകൊണ്ട് 5000 കോടി വരുന്ന ആസ്തിയുടെ ഉടമകളായി യങ് ഇന്ത്യന്‍ മാറി. പഴയ കമ്പനിയില്‍നിന്ന് വ്യത്യസ്തമായി പുതിയ കമ്പനിയില്‍ സോണിയക്കും രാഹുലിനുമായി 76 ശതമാനമാണ് ഓഹരിപങ്കാളിത്തം. ഓസ്കര്‍ ഫെര്‍ണാണ്ടസിനും മോത്തിലാല്‍ വോറക്കും 12 ശതമാനം വീതം. അതൊക്കെ കോണ്‍ഗ്രസിന്‍െറ കാര്യം.

സംശയിക്കപ്പെടുന്ന സത്യസന്ധത
കേന്ദ്രം കോണ്‍ഗ്രസ് ഭരിക്കുന്നതിനിടയിലാണ് ഈ ഏര്‍പ്പാട് നടന്നത്. നാഷനല്‍ ഹെറാള്‍ഡിന്‍െറ ആസ്തി സോണിയ-രാഹുല്‍മാര്‍ കൈയടക്കാനുള്ള നീക്കമായി ഇതിനെ കാണാം. മണ്‍മറഞ്ഞവരും അല്ലാത്തവരുമായ ഒരു കൂട്ടം കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന ഓഹരികള്‍ക്ക് അവകാശം ചോദിച്ച് ആരെങ്കിലും വരാതിരിക്കാന്‍ ചെയ്ത ക്രമീകരണമായും കാണാം. പിന്നാമ്പുറ വിഷയങ്ങള്‍ വേറെ ഉണ്ടാകാം. അതെന്തായാലും, ക്രമക്കേട് കാട്ടിയെന്നു പറഞ്ഞ് സോണിയ-രാഹുല്‍മാരെ തിരുവായ്ക്ക് എതിര്‍വായില്ലാത്ത കോണ്‍ഗ്രസുകാര്‍ കോടതി കയറ്റില്ളെന്ന് മൂന്നുതരം. ഓഹരിയുടമകള്‍ക്കിടയില്‍ എതിരഭിപ്രായമില്ലാത്ത കാലത്തോളം, ഈ കേസുമായി കോടതി കയറിയാലും കാര്യമില്ല. പക്ഷേ, പൊതുജനത്തിനും ഇതില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നാണ് നിയമത്തിന്‍െറ തലനാരിഴ കീറി ശീലിച്ച സുബ്രമണ്യന്‍ സ്വാമിയുടെ പക്ഷം. അദ്ദേഹം കോടതി കയറി. സോണിയക്കും രാഹുല്‍ ഗാന്ധിക്കും വിചാരണക്കോടതി സമന്‍സ് അയച്ചു. അതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ വാദങ്ങള്‍ ഹൈകോടതി അംഗീകരിച്ചില്ല. അതുകൊണ്ട് കേസിന്‍െറ വിശദാംശങ്ങള്‍ പരിശോധിക്കുന്ന വിചാരണക്കോടതി മുമ്പാകെ സോണിയയും രാഹുലും ഹാജരാകുകതന്നെ വേണം. ഒരു ദേശീയ പാര്‍ട്ടിയുടെ സത്യസന്ധത സംശയിക്കപ്പെടുന്നുവെന്നും, ഈ ഇടപാടിന് ക്രിമിനല്‍സ്വഭാവം ഇല്ളെന്നു പറയുന്നത് യുക്തസഹമാകില്ളെന്നും കോണ്‍ഗ്രസിന്‍െറ വാദം തള്ളി ഹൈകോടതി വിധിന്യായത്തില്‍ കുറിച്ചു.
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സുബ്രമണ്യന്‍ സ്വാമിയെ മുന്നില്‍നിര്‍ത്തി കളിക്കുന്നത് ബി.ജെ.പിയും മോദിസര്‍ക്കാറുമാണെന്ന് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. കോടതിവിധിയിലെ ന്യായയുക്തത ചോദ്യംചെയ്യുന്നു. കോടതിയില്‍ ദു$സ്വാധീനമുണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നു. കോണ്‍ഗ്രസ്മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ബി.ജെ.പി, കോണ്‍ഗ്രസിന്‍െറ പരമോന്നത നേതാക്കളെ പ്രതികാരത്തിന്‍െറ ബലിയാടുകളാക്കുകയാണ് ചെയ്യുന്നതെന്ന് വിലപിക്കുന്നു. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ അന്യായം നടന്നിട്ടില്ളെന്നും, പ്രവര്‍ത്തനക്രമീകരണം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും വാദിക്കുന്നു. കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പരാതികളൊന്നുമില്ലാത്ത വിഷയത്തില്‍ സുബ്രമണ്യന്‍ സ്വാമിക്ക് എന്താണ് കാര്യമെന്ന് ചോദിക്കുന്നു. വിചാരണക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹൈകോടതി തള്ളിയത് ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ പോകാന്‍ തീരുമാനിക്കുന്നു; രായ്ക്കുരാമാനം അതു തിരുത്തുന്നു. സോണിയയും രാഹുലും സമന്‍സ് പ്രകാരം ഏതു സമയത്തും ഹാജരാകാന്‍ തയാറാണെന്ന് വിചാരണക്കോടതിയെ അറിയിക്കുന്നു. അങ്ങനെ ഈമാസം 19ന് ഇരുവരും നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ പോകുന്നു.
കോണ്‍ഗ്രസിന്‍െറ വാദത്തില്‍ കഴമ്പുണ്ടായിരിക്കാം. സുബ്രമണ്യന്‍ സ്വാമിക്ക് മറുവാദം ഉണ്ടായിരിക്കാം. രണ്ടിനുമിടയില്‍ പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നവിധം ഈ വിഷയം എടുത്തിട്ട് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് എന്തിനു സ്തംഭിപ്പിച്ചു? കാരണക്കാര്‍ ബി.ജെ.പിയോ സുബ്രമണ്യന്‍ സ്വാമിയോ ആകട്ടെ. സോണിയയും രാഹുലും നേരിട്ട് ഹാജരാകണമെന്ന് സമന്‍സ് പുറപ്പെടുവിച്ചതും പിന്നീട് ശരിവെച്ചതും കോടതികളാണ്. അതിനു തൊട്ടുപിന്നാലെ പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചപ്പോള്‍, കോണ്‍ഗ്രസുകാര്‍ കോടതി വിധിയെ വെല്ലുവിളിക്കുന്നുവെന്നും സോണിയ-രാഹുല്‍ ഗാന്ധിമാര്‍ കോടതിയില്‍ ഹാജരാകാന്‍ തയാറല്ളെന്നുമുള്ള പ്രതീതിയാണ് ഉണ്ടായത്. അതു മാറ്റിയെടുക്കാന്‍ പിന്നീട് തീവ്രശ്രമങ്ങള്‍ നടത്തിയതല്ലാതെ കാര്യമുണ്ടായില്ല. നിയമത്തിന് ആരും അതീതരല്ളെന്നും കോണ്‍ഗ്രസ് നേതൃത്വം കോടതിയെ വെല്ലുവിളിക്കുകയാണെന്നും സോണിയ-രാഹുല്‍മാര്‍ നിയമത്തിന് അതീതരല്ളെന്നും വിളിച്ചുപറഞ്ഞ് കിട്ടിയ അവസരം ബി.ജെ.പി നന്നായി ഉപയോഗിച്ചു. പാര്‍ലമെന്‍റില്‍ ഹെറാള്‍ഡ് പ്രശ്നത്തിന്‍െറ പേരില്‍ ബഹളമുണ്ടാക്കിയതിനെച്ചൊല്ലി കോണ്‍ഗ്രസില്‍തന്നെ അഭിപ്രായ വ്യത്യാസമായി. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെ, പ്രതിപക്ഷത്തെ ആരുടെയും പിന്തുണ നേടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞതുമില്ല. സമന്‍സ് അനുസരിച്ച് കോടതിയില്‍ ഹാജരാകാനുള്ള തീരുമാനമാണ് കോണ്‍ഗ്രസ് ആദ്യമേ എടുത്തിരുന്നതെങ്കില്‍, മോദിസര്‍ക്കാറിന്‍െറ പ്രതികാരത്തിന്‍െറ ഇരകളെന്ന പൊതുജന സഹാനുഭൂതി രാഹുല്‍-സോണിയമാര്‍ക്കും കോണ്‍ഗ്രസിനും കിട്ടുമായിരുന്നുവെന്ന യാഥാര്‍ഥ്യത്തിനിടയില്‍തന്നെയാണിത്.

ബി.ജെ.പിയുടെ ഇരട്ടത്താപ്പ്
യഥാര്‍ഥത്തില്‍ മോദിസര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളോട് പ്രതികാരം ചെയ്യാന്‍ ഭരണയന്ത്രം ദുരുപയോഗിക്കുന്നുണ്ട്. ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് ആയുധമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ഉന്നമിട്ട് മമതയെ മെരുക്കാന്‍ നോക്കി. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെതിരായ അവിഹിത സ്വത്തുകേസില്‍ അദ്ദേഹത്തിന്‍െറ വസതിയില്‍ റെയ്ഡ് നടത്തിയത് മകളുടെ വിവാഹദിവസമാണ്. പി. ചിദംബരം, മായാവതി എന്നിങ്ങനെ പട്ടിക നീളുന്നു. അതേസമയം, ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട വിവാദ വിഷയങ്ങളിലൊന്നും നടപടിയില്ല. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെട്ട വ്യാപം അഴിമതി, ഐ.പി.എല്‍ നായകന്‍ ലളിത് മോദിയെ വഴിവിട്ട് സഹായിച്ചതിന് പ്രതിക്കൂട്ടിലായ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിന് ലക്ഷ്യത്തിലൊന്നുപോലും നേടാന്‍ കഴിയാതെ പ്രതിഷേധം അവസാനിപ്പിക്കേണ്ടിവന്നു. ദലിത് കുട്ടികളെ നായ്ക്കളോട് ഉപമിച്ച വി.കെ. സിങ് മുതല്‍ കേന്ദ്രമന്ത്രിമാരും മറ്റു നേതാക്കളും നടത്തിയ അധിക്ഷേപ പ്രസ്താവനകള്‍ മറ്റൊരു വശത്ത്. നാഷനല്‍ ഹെറാള്‍ഡ് വിഷയത്തില്‍ സോണിയ-രാഹുല്‍ ഗാന്ധിമാര്‍ കോടതിയില്‍ ഹാജരാകേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ പാര്‍ലമെന്‍റില്‍ ഉണ്ടാക്കിയ ബഹളം ഇതിന്‍െറയൊക്കെ പേരിലാണെന്ന് വാദിക്കാന്‍ കോണ്‍ഗ്രസ് പിന്നീട് ശ്രമിച്ചു നോക്കിയെങ്കിലും, കോടതിയെ വെല്ലുവിളിക്കുന്നുവെന്ന ആദ്യപ്രതീതി മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല.
അസഹിഷ്ണുതക്കെതിരെ രാജ്യത്ത് അലയടിച്ച പ്രതിഷേധം പാര്‍ലമെന്‍റിലും പുറത്തും ബി.ജെ.പിയെയും മോദിസര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഘട്ടത്തിലാണ് കോണ്‍ഗ്രസ് സെല്‍ഫ് ഗോള്‍ അടിച്ചത്. കോണ്‍ഗ്രസിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയ ഈ സംഭവത്തിനൊരു മറുവശവുമുണ്ട്. ബിഹാറിലും മറ്റുമുണ്ടായ തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്കുശേഷം പ്രതിപക്ഷത്തെ അനുനയിപ്പിക്കാനും ചരക്കുസേവന നികുതി ബില്‍ പോലുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാനും മോദി-സോണിയ കൂടിക്കാഴ്ചവരെ നടന്നതാണെങ്കിലും, ഈ സൗഹാര്‍ദം വീണ്ടും പാളംതെറ്റിയിരിക്കുന്നു. സുബ്രമണ്യം സ്വാമി വഴി ബി.ജെ.പിയുടെ കടികൊണ്ട കോണ്‍ഗ്രസ് കടുത്ത നിലപാട് തുടര്‍ന്നാല്‍ കോര്‍പറേറ്റ് സൗഹാര്‍ദ പരിഷ്കാരങ്ങള്‍ക്ക് തക്കംപാര്‍ത്തുകഴിയുന്ന മോദിസര്‍ക്കാറിന്  പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തിലും നിരാശയാകും ബാക്കിപത്രത്തില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.