മഹാകവി ഉള്ളൂരിന്‍െറ പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേളയില്‍ പ്രതിമയുടെ വലുപ്പംകണ്ട് ഒരു രാഷ്ട്രീയനേതാവ് ഇങ്ങനെ പറഞ്ഞുവത്രെ: ‘ഇത്രയും വലിയൊരു കവിയാണ് അദ്ദേഹമെന്ന് ഞാനറിഞ്ഞിരുന്നില്ല’. ഇതുപോലെ ഇത്രയും വലിയൊരു മുഖ്യമന്ത്രിയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസിന്‍െറ ആദ്യ മുഖ്യമന്ത്രിയായ ശങ്കറെന്ന് ഇപ്പോഴാണ് കേരളീയന് മനസ്സിലായത്. ജീവിച്ചിരുന്ന ശങ്കര്‍ ഇത്ര പുകിലുണ്ടാക്കിയിട്ടില്ല, പ്രതിമയായിത്തീരുക എന്ന ഭയങ്കരമായ വിധിക്ക് കീഴടങ്ങിയ മുന്‍ മുഖ്യമന്ത്രി ശങ്കറാകട്ടെ പുകിലുമായി പൂത്തിരികളിച്ച് നടക്കുകയാണ്.
പണ്ടൊരിക്കല്‍ ഒരു കാരണവര്‍ താന്‍ മരിച്ചാലും ജീവിപ്പിക്കണമെന്ന് മക്കളോട് അന്ത്യാഭിലാഷമായി പറഞ്ഞുവത്രെ. തലപുകഞ്ഞാലോചിച്ച മക്കള്‍ കാരണവരുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഒറ്റമാര്‍ഗമേ കണ്ടത്തെിയുള്ളൂ. കാരണവരെ പ്രതിമയാക്കി മാറ്റുക. അങ്ങനെ മരിച്ചശേഷവും കാരണവര്‍ പ്രതിമയായി ജീവിച്ചു. ‘എനിക്ക് ജീവിക്കണം, എന്ത് വിശ്വസിച്ചാണ് മരിക്കുക’ എന്ന് മഹാകവി വള്ളത്തോള്‍ ഇടക്കിടക്ക് പറയാറുണ്ടായിരുന്നുവത്രെ. മരിച്ചതിനുശേഷവും ജീവിപ്പിക്കാനായിരിക്കണം വള്ളത്തോളിനെ പ്രതിമയാക്കി മാറ്റിയത്. ശങ്കര്‍ ഏതായാലും പ്രതിമയിലൂടെ ജീവിക്കാനുറച്ചു. പ്രതിഷ്ഠകളും പ്രതിമകളുമൊക്കെ മലയാളിയുടെ ദൗര്‍ബല്യമാണ്. പണ്ട് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെഭൗതികാവശിഷ്ടം പ്രതിഷ്ഠിക്കാന്‍ തിരുവനന്തപുരത്ത് സ്ഥലം നല്‍കാത്തത്മൂലമായിരുന്നുവല്ളോ പട്ടത്തിന് പണി കിട്ടിയത്.
സോളാര്‍വിവാദം പോലെയല്ല ശങ്കറിന്‍െറ പ്രതിമവിവാദം. കേള്‍ക്കാന്‍ ഒരു അന്തസ്സുണ്ട്. സോളാര്‍ ആസക്തിയിലേക്കാണ് വാതില്‍ തുറന്നതെങ്കില്‍ ശങ്കര്‍ അധികാരത്തിന്‍െറ വാതിലിലാണ് മുട്ടുന്നത്. സോളാര്‍വിവാദം കിര്‍മീരവധം ആട്ടക്കഥപോലെ മുഷിപ്പനാണെങ്കില്‍ പ്രതിമവിവാദം ഉത്തരാസ്വയംവരം ആട്ടക്കഥപോലെയാണ്. കേള്‍ക്കാനും കാണാനും ഒരു ഇമ്പമുണ്ട്. മൊത്തത്തില്‍ ഒരുരസം. മാത്രവുമല്ല,സോളാറില്‍ ഭരണപക്ഷവും പ്രതിപക്ഷവും തലതല്ലിത്തല്ലുമ്പോഴും പ്രതിമവിവാദത്തില്‍ തോളോടുതോളാണ്. ജയ്സല്‍മേഡ് കോട്ടക്കുവേണ്ടി യുദ്ധം ചെയ്ത മെഹബൂബ് ഖാനെയും രാജാ മഹാറാവലെയും പോലെ. പകല്‍മുഴുവന്‍ പരസ്പരം യുദ്ധംചെയ്ത ഇവര്‍ രാത്രിയില്‍ ചതുരംഗം കളിക്കാന്‍ ഒത്തുകൂടുകയും ശുഭരാത്രി പറഞ്ഞ്
പിരിയുകയും ചെയ്യുമായിരുന്നു.
ഒരു കണക്കിന് മലയാളികള്‍ വെള്ളാപ്പള്ളി നടേശനോട് നന്ദി പറയണം. കാരണം, മലയാളിക്ക് പുതിയൊരു ഓപ്പണിങ് തന്നില്ളേ അദ്ദേഹം. സോളാറിലും സരിതയിലും കലഹിക്കുന്നതിനെക്കാള്‍ നല്ലതല്ളേ ശങ്കറിനെപ്പറ്റിയും പ്രതിമയെപ്പറ്റിയും കലഹിക്കുന്നത്. സോളാര്‍ മുഖ്യമന്ത്രിയുടെ തലതാഴ്ത്തിപ്പിച്ചുവെങ്കില്‍ മുഖ്യമന്ത്രിയുടെ തലയുയര്‍ത്തിപ്പിച്ചു ശങ്കര്‍സ്റ്റാച്യൂ.
ആശയം എല്ലാവര്‍ക്കുമുണ്ടാവും എന്നാല്‍, അതാദ്യം ആവിഷ്കരിക്കലാണ് കല എന്നാരോ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമാണല്ളോ മികച്ച കല. പ്രതിമകളിലൂടെയും പ്രതീക്ഷകള്‍ സൃഷ്ടിച്ചെടുക്കാമെന്ന് കേരളംകണ്ടു. സര്‍ക്കാറിന്‍െറ മുന്നിലും പ്രതീക്ഷകളുടെ വാതിലുകള്‍ തുറന്നുകഴിഞ്ഞു. എന്തുകൊണ്ട് യു.പിയില്‍ മായാവതി കളിച്ചകളി ഇവിടെയുമായിക്കൂടാ? ശങ്കറിനോട് ചോദിച്ചിട്ടല്ലല്ളോ ശങ്കറിനെ പ്രതിമയാക്കിയത്? വെള്ളാപ്പള്ളിക്ക് രാഷ്ട്രീയലാഭമുണ്ടാക്കാന്‍ ജീവിച്ച ആളുമായിരുന്നില്ല ശങ്കര്‍.
അങ്ങനെ കെട്ടിച്ചമഞ്ഞ് നില്‍ക്കട്ടെ എല്ലാ നേതാക്കളും. സര്‍ ടി. മാധവരായരുടെ പ്രതിമ കണ്ടപ്പോള്‍ ഇ.വി. കൃഷ്ണപിള്ളയുടെ ഒരു സ്ത്രീകഥാപാത്രം നമ്മുടെ ഈച്ചപ്പനല്ളെ ആ കെട്ടിച്ചമഞ്ഞ്നില്‍ക്കുന്നതെന്ന് ചോദിച്ചതായി കേട്ടിട്ടുണ്ട്. ശങ്കറിനെപ്പോലെ, മരിച്ച എല്ലാ മുഖ്യമന്ത്രിമാരും കെട്ടിച്ചമഞ്ഞ് ജീവിക്കട്ടെ. മനുഷ്യര്‍ക്ക് ഉപകാരം കിട്ടിയില്ളെങ്കിലും കാക്കകള്‍ക്കും കൊക്കുകള്‍ക്കും ഉപകാരം കിട്ടുമല്ളോ! വിക്ടര്‍ യൂഗോയുടെ ഒരു കവിതയുണ്ട്. ഭൂമിയില്‍ ബദ്ധമായപൂവും ആകാശയാത്ര സിദ്ധമായ പൂമ്പാറ്റയും തമ്മില്‍ നടത്തുന്ന സംഭാഷണമാണ് കവിതയിലെ വിഷയം. ഇതുപോലെ കവിതകള്‍ക്ക് പുതിയ വിഷയങ്ങള്‍ പ്രതിമകള്‍കൊണ്ട് വന്നേക്കാം. പൂവ് കണ്ടില്ളെങ്കിലും കവികള്‍ പ്രതിമകള്‍ കാണുമല്ളോ! ഉടവാളുകള്‍, കിരീടങ്ങള്‍, സിംഹാസനങ്ങള്‍ ഇവയൊന്നും അങ്ങാടികളില്‍വില്‍ക്കപ്പെടുന്നില്ല. ധര്‍മശാലകളില്‍ ദാനം ചെയ്യപ്പെടുന്നുമില്ല. കൊന്നും കീഴടക്കിയും നേടുകയാണ് ചെയ്യുന്നത്. സി. വി. രാമന്‍പിള്ളയുടെ കഥാപാത്രമായ ഉഗ്രഹരി പഞ്ചാനന്‍ പറയുന്ന വാക്കുകളാണിത്. അധികാരവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് സി.വി. രാമന്‍പിള്ള ഈ നിരീക്ഷണം നടത്തുന്നത്. വെള്ളാപ്പള്ളിക്ക് അധികാരത്തിന്‍െറ ഈ കെമിസ്ട്രി നന്നായറിയാം. സമത്വ യാത്രയും ശങ്കര്‍പ്രതിമ വിവാദവുമൊക്കെ ഈ കെമിസ്ട്രിയുടെ ഭാഗം.
ഇതിനൊക്കെ ബുദ്ധിവേണം, കുശാഗ്രബുദ്ധി. അതിനിടക്കൊക്കെ ഏട്ടത്തലതിന്നണം. ഇങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്. പണ്ടൊരിക്കല്‍ ഒരു മലയാളിയും തമിഴനും തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. തന്‍െറ കൈയില്‍ ബുദ്ധി കൂടാനുള്ള പ്രത്യേക ഏട്ടമീനിന്‍െറ തലകള്‍ ഉണ്ടെന്ന് മലയാളി തമിഴനെ ധരിപ്പിച്ചു. ബുദ്ധി കൂടാനുള്ള പ്രത്യേക ഏട്ടത്തലയായതിനാല്‍ വില അല്‍പം കൂടുമെന്നും മലയാളി പറഞ്ഞു.
അവസാനം അഞ്ച് ഏട്ടത്തലകള്‍ 500 രൂപക്ക് തമിഴന്‍ വാങ്ങി. വളരെ കഷ്ടപ്പെട്ട് തമിഴന്‍ ഏട്ടത്തലകള്‍ തിന്നാന്‍ തുടങ്ങി. അഞ്ചാമത്തെ ഏട്ടത്തല തിന്നാന്‍ തുടങ്ങിയപ്പോള്‍ ഏട്ടത്തലകള്‍ക്ക് വില അല്‍പം കൂടിപ്പോയില്ളേ എന്നായി തമിഴന്‍. ഉടന്‍ വന്നു മലയാളിയുടെ ഉത്തരം. കണ്ടില്ളേ ബുദ്ധി കൂടിവരുന്നതെന്ന്. ഏതായാലും, ഒന്നുറപ്പ് ഏട്ടത്തല തിന്നാലും ഇല്ളെങ്കിലും വെള്ളാപ്പള്ളിക്ക് ബുദ്ധി കൂടിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.