ശ്രീനാരായണഗുരുചിന്തയില്‍ ഒരുകാര്യം വ്യക്തമാണ്. ജാതി എന്നൊന്ന് ഇല്ല; അത് മനുഷ്യന്‍െറ കേവലവിഭ്രാന്തിയാണ്. സത്യത്തില്‍ ഇല്ലാത്തതിനെസങ്കല്‍പിച്ച് ദുരാചരിക്കുന്നതാകയാലാണ് ജാതിവ്യത്യാസം അനര്‍ഥകരമായ തിന്മയാകുന്നത്. എന്നാല്‍ മനുഷ്യന് മതം വ്യക്തമായും ഉണ്ട്. മതം മനുഷ്യനെ സംസ്കരിക്കുന്നതും ശ്രേയസ്കരവുമായ ചിന്താപദ്ധതികളുടെ ഉദ്ഗ്രഥിതരൂപവുമാണ്. മതം ഉണ്ടെന്ന് മാത്രമല്ല; മതവ്യത്യാസങ്ങളും പലപ്പോഴും തല്‍ഫലമായ മനുഷ്യസ്പര്‍ധയും ഒരുയാഥാര്‍ഥ്യമാണ്. ഇത് മനുഷ്യര്‍ക്ക് മതങ്ങളെ സംബന്ധിച്ച ശരിയായ അറിവ് നല്‍കിക്കൊണ്ടേ തിരുത്താന്‍കഴിയൂ.

തന്‍െറ ശിഷ്യനായ കെ. ദാമോദരനുമായുള്ള സംഭാഷണത്തില്‍ ഗുരു  ഈ ചിന്താശകലം വിപുലീകരിക്കുന്നുണ്ട്. മതമുയര്‍ത്തുന്ന സ്പര്‍ധകള്‍ അടിസ്ഥാനപരമായി രണ്ടുതരത്തിലാണുള്ളത്. ഒന്ന് മതങ്ങളുടെ സമീപനങ്ങള്‍ സംബന്ധിച്ച അവയുടെ ആഭ്യന്തരവ്യതിയാനങ്ങള്‍. ഉദാഹരണത്തിന് നാസ്തികമതവും ആസ്തികമതവും തമ്മിലുള്ള വ്യത്യാസം. വിഗ്രഹാരാധനയെ സംബന്ധിച്ച അഭിപ്രായവ്യത്യാസം. ഇത് മൗലികമാണ്. മതം എന്ന മാനവികസ്ഥാപനം സൃഷ്ടിക്കുന്ന സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കം വ്യത്യസ്തമായി കാണണം. ഇതും മതത്തിന്‍െറ കാമ്പായ ചിന്തയുമായി വലിയ ബന്ധമൊന്നുമില്ല. മതത്തിലെ വിശ്വാസികള്‍ പുറംലോകത്ത് തങ്ങളുടെ ഭൗതികമായ അടയാളപ്പെടുത്തല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട കലഹങ്ങള്‍ പരിഹരിക്കാന്‍ മതത്തിനാവില്ല. മതം ആഴത്തില്‍ പരിശോധിച്ചാല്‍ ഈ കലാപങ്ങള്‍ അവിടെ ഒട്ടും ഉണ്ടാവുകയുമില്ല. അമ്പലവും പള്ളിയും തമ്മിലുള്ള കലഹംപോലെ അത് വിശ്വാസികേന്ദ്രീകൃതമാണ്. മതം ഈ യഥാര്‍ഥത്തില്‍ തര്‍ക്കത്തില്‍നിന്ന് വളരെ അകലെയുമാണ്.

മതത്തെ സംബന്ധിച്ച് കെ. ദാമോദരനുമായി ശ്രീനാരായണഗുരു പങ്കുവെക്കുന്ന പാഠങ്ങള്‍ ഇന്നും എത്രയോ പ്രസക്തമാണ്. ‘പലമതസാരവുമേകം’ എന്ന ഗുരുവാക്യത്തെ ദാമോദരന്‍ ചോദ്യംചെയ്യുന്നുണ്ട്. നാസ്തികമതവും ആസ്തികമതവും എങ്ങനെ ‘സാരത്തിലേകമാവും’ എന്ന് ഗുരുവിനോടദ്ദേഹം ചോദിക്കുന്നുണ്ട്. മതം എന്ന വാക്കിന്‍െറ നാനാര്‍ഥമാണ് കുഴപ്പമുണ്ടാക്കുന്നതെന്ന് ഗുരു മറുപടിയായി പറയുന്നു.
നാസ്തികവാദം ചിലരുടെ അഭിപ്രായം മാത്രമാണ്. അത് സ്വീകാര്യത വന്ന ഒരു ‘സംഘടിതമത’മായിട്ടില്ല. അതില്‍ പരക്കെ വിശ്വസിക്കുന്ന ജനസമുദായങ്ങളും ഇല്ല എന്ന് ഗുരു പറയുന്നു. ബുദ്ധമതം നാസ്തികമതമാണെന്ന വാദവും ഗുരുവിന് സ്വീകാര്യമല്ല. ഈശ്വരവിശ്വാസം എന്നത് ആരെക്കുറിച്ച് എന്തിനെക്കുറിച്ചുള്ളതാണെന്ന സൂക്ഷ്മബോധമില്ലായ്മയാണ് ബുദ്ധമതത്തെ ഇങ്ങനെ തെറ്റിദ്ധരിക്കാനിടയാവുന്നത്. ശുദ്ധമായ നാസ്തികമതത്തില്‍ ജനങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുകയില്ല എന്നും ഗുരു പറയുന്നു. നാസ്തിക, ആസ്തിക, സ്വര്‍ഗം, മോക്ഷം എന്നിങ്ങനെ മാര്‍ഗത്തെയും ലക്ഷ്യത്തെയും പറ്റി ഒരുവലിയ തര്‍ക്കം ഗുരു ആ സംഭാഷണത്തില്‍ വ്യക്തത വരുത്തി പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
വേദവും ബൈബ്ളിലെ ദൈവത്തിന്‍െറ പത്ത് കല്‍പനകളുമൊക്കെ ഈശ്വരവാണിയാവണമെന്ന വാദം ഗുരു സംശയിക്കുന്നുണ്ട്. വേദങ്ങള്‍ക്കുമീതേ മറ്റൊരു പ്രമാണമില്ല എന്നതൊരുതരം മൗലികവാദമാണ്. വേദങ്ങള്‍ അപൗരുഷേയങ്ങളാണ് എന്നതിന് എല്ലാ വേദമന്ത്രങ്ങളുടെയും കര്‍ത്താക്കള്‍ ആരെന്ന് നമുക്കറിയില്ല എന്നേയുള്ളൂ അര്‍ഥം.

എല്ലാം ഈശ്വരകൃതമാവണം എന്നില്ല. വേദതത്വം കര്‍തൃഭേദമില്ലാതെ ചിരഞ്ജീവിയാണെന്നും അര്‍ഥമാക്കാം. ‘വേദമടക്കം ഒന്നിനെയും പ്രമാണമാക്കണ്ട’ എന്ന് ഗുരു ദാമോദരനെ ഉപദേശിക്കുന്നു. ഒരുനൂറ്റാണ്ടു മുമ്പ് ഒരു സന്യാസിയാണിത് പറയുന്നതെന്നോര്‍ക്കണം. ശരിയേത് എന്നുള്ള അന്വേഷണത്തിനുള്ള ഉപകരണങ്ങളാക്കാം ഇവയെ. എന്നാല്‍ ബുദ്ധിയും ജിജ്ഞാസയുമുള്ളവരേ ഈ അന്വേഷണത്തില്‍ വിജയിക്കൂ. അന്വേഷിക്കുന്ന ജിജ്ഞാസുവിന് പ്രമാണം ഒരുവഴി മാത്രമാണ്. വിശ്വസിക്കുന്ന സാമാന്യ ജനങ്ങള്‍ക്ക് വഴി പ്രമാണം മാത്രമാണ്. ഇങ്ങനെ സാമാന്യ ജനങ്ങള്‍ക്ക് പ്രമാണമാകുന്ന മതഗ്രന്ഥങ്ങളിലെ കാലാകാലമായുള്ള അനുബന്ധം അഥവാ കൂട്ടിച്ചേര്‍ക്കല്‍ അതിന്‍െറ ദോഷം എങ്ങനെ തരണംചെയ്യണമെന്ന് ഗുരു പറയുന്നുണ്ട്. ദയാനന്ദ സരസ്വതി ചെയ്തതുപോലെ പരിശോധിച്ച് അനുബന്ധം പുറന്തള്ളണം. (അങ്ങനെ തള്ളേണ്ടതാണ് ജാതിവ്യത്യാസമെന്ന് ഉദാഹരണം)

ത്യാജ്യഗ്രാഹ്യ വിവേചനത്തോടെ എല്ലാ മതഗ്രന്ഥവും പഠിക്കണമെന്ന് ഗുരുതുടര്‍ന്നുപറയുന്നു. മതപ്പോര് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്തുതീര്‍ക്കാവുന്നത്ര ലഘുവല്ല. (ഇന്നത്തെ സാഹചര്യത്തില്‍ ഈ വാക്കുകള്‍ എത്ര അന്വര്‍ഥമാണ്!) മതപ്പോര് അറിവില്‍നിന്നേ പരിഹരിക്കപ്പെടൂ. പഠനാനന്തരം വെളിപ്പെട്ടുവരുന്ന അവനവന്‍ മതമാണ് ‘ഏക മതം അഥവാ പലമതധാര ഏകത’ എന്ന് ഗുരു സമര്‍ഥിക്കുന്നു. ഇത് ഒരുവ്യക്തിഗത അനുഭവമാകണം.

പിന്നീട് ഗുരു മതപരിവര്‍ത്തനത്തെക്കുറിച്ചും വ്യക്തത വരുത്തുന്നുണ്ട്. എന്താണ് മതപരിവര്‍ത്തനത്തില്‍ പരിവര്‍ത്തനപ്പെടുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ബാഹ്യമായ പരിവര്‍ത്തനം സാമുദായിക പരിവര്‍ത്തനമാണ്. വ്യക്തികളുടെ ആന്തരിക -ആഭ്യന്തരമതം നിരന്തരം പരിവര്‍ത്തനപ്പെട്ടുകൊണ്ടേയിരിക്കുന്നു.  അത് സ്ഥായിയേയല്ല. വിജ്ഞാനം ത്യാജ്യഗ്രാഹ്യചിന്ത കൊണ്ട് മാറ്റിമറിച്ചുകൊണ്ടേ ഇത് പരിവര്‍ത്തനപ്പെടുത്താനാവുകയുള്ളൂ.  ഏതെങ്കിലും മതത്തില്‍ വിശ്വാസമില്ല എങ്കില്‍ അത് മാറുന്നത് തന്നെയാണ് നല്ലത്. അവിശ്വാസികളുടെ എണ്ണം കൂടുന്നത് ഒരു മതത്തിനും നന്നല്ല എന്ന് ഗുരു സമര്‍ഥിക്കുന്നു. വിശ്വസിക്കാത്തവര്‍ ചുറ്റും തടിച്ചുകൂടി തിക്കും തിരക്കും കൂട്ടിയിട്ടെന്തുകാര്യം?

ഹിന്ദുമതം ചേരാന്‍ മാത്രം നന്നല്ല; അതിന് ദൂഷ്യങ്ങളും ദുഷിപ്പുകളുമുണ്ടെന്ന് പറയുന്നവര്‍ ഉദാഹരണത്തിന് മതത്തിലേക്ക് വ്യക്തി പരിവര്‍ത്തനംചെയ്താല്‍പോരാ, മതംതന്നെ ആന്തരികമായിമാറണം എന്ന അഭിപ്രായക്കാരാണ്. ഒന്നും സ്ഥിരമല്ല എന്നര്‍ഥം. വ്യക്തിയുംമതവും രണ്ടും മാറിക്കൊണ്ടേയിരിക്കുന്നു. അഥവാ അവ ഒന്നും സ്ഥിരമല്ല എന്നര്‍ഥം. ഹിന്ദു മതത്തിന് ഹിന്ദുസ്ഥാനത്തിലെ മതം എന്ന നിലയില്‍ ഇവിടത്തെ ക്രിസ്തുമതവും ഇസ്ലാമുമടക്കംഅതില്‍ താത്വികമായി ഉള്‍പ്പെടുത്താം. എന്നാല്‍ ഇന്ത്യയില്‍ ഉത്ഭവിച്ച മതങ്ങളെ മാത്രമേ ജനങ്ങള്‍ ‘ഹിന്ദു’ എന്ന് മനസ്സിലാക്കുന്നുള്ളൂ. ഈ വ്യത്യാസമില്ലാതെ ആചാര്യന്മാര്‍, കാലദേശവ്യത്യാസമില്ലാതെ മാനുഷികാവസ്ഥയെ മെച്ചപ്പെടുത്താന്‍ നല്‍കിയ ആശയങ്ങളെയെല്ലാം ചേര്‍ത്ത്‘ഏകമതം’ എന്ന് പറയുന്നതിലും തെറ്റില്ല എന്ന് ഗുരു  പറയുന്നു. സത്യത്തില്‍ഏകമതമേയുള്ളൂ. ബാഹ്യമതങ്ങള്‍ എല്ലാംതന്നെ മതത്തിന്‍െറ സാമുദായിക പ്രതിഭാസങ്ങള്‍ മാത്രമാണ്.

ഹിന്ദുമതവും ക്രിസ്ത്യന്‍, ഇസ്ലാം മതവും തമ്മില്‍ മാത്രമല്ല ഭേദമുള്ളത്. ഹിന്ദുക്കളില്‍ ദൈ്വതിയും അദൈ്വതിയുമുണ്ട്. വൈഷ്ണവനും ശൈവനുമുണ്ട്. ക്രിസ്തുമതത്തിലും അനന്തരികമായ ആചാര്യ-വിശ്വാസവിശ്വാസങ്ങളുണ്ട്. മുഹമ്മദീയരും എല്ലാവരും ഒരേചിന്താഗതിക്കാരല്ല; വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടുതന്നെ എല്ലാ മാനവമതങ്ങളെയും ത്യാജ്യഗ്രഹ്യത്തോടെ ചേര്‍ത്ത് ‘ഏകമതം’ അഥവാ ‘മാനവമതം’ എന്ന് വിളിക്കാം. ക്രിസ്തുമതം സ്നേഹത്തിനും ഇസ്ലാം സാഹോദര്യത്തിനും പ്രാമുഖ്യം നല്‍കുന്നു. എന്നാല്‍ രണ്ടും എത്രയോ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവയുടെ ആവിര്‍ഭാവകാലത്ത് ഏറ്റവും സമൂഹത്തില്‍ വേണ്ടതായി കണ്ട ഗുണം അവയുടെ ആചാര്യന്മാര്‍ കൂടുതല്‍ അടിവരയിട്ടെന്ന് മാത്രം. ഇതുതന്നെയാണ്‘ഹിന്ദു’ ആചാര്യന്മാരും ചെയ്യുന്നത്. രാമനും കൃഷ്ണനുമൊക്കെ തല്‍ക്കാലത്ത് വേണ്ടതായ അഥവാ സമൂഹത്തില്‍ കുറവുള്ള സാധാരണ ധാര്‍മിക ഗുണം ഉദ്ഘോഷിച്ചു. അതിനാല്‍ അവര്‍ ഗുരുക്കന്മാരായി.

ഇന്ന് ലോകത്തിന്‍െറയും ഇന്ത്യയുടെയും അടിയന്തര ആവശ്യം മതമത്സരത്തില്‍ നിന്നുള്ള മോചനമാണ്. മതമത്സരമോചനം  മതത്തിന്‍െറ കാമ്പറിഞ്ഞുള്ള ആഴമുള്ള പഠനത്തിലൂടെയേ കഴിയൂ. സമബുദ്ധിയോടെയും സമഭക്തിയോടെയും എല്ലാമതങ്ങളെയും പഠിച്ചറിയാനും അറിവിനെ സ്നേഹപൂര്‍വം വിനിമയം ചെയ്യാനും  ശ്രമിക്കട്ടെ. മത്സരംമതം നിമിത്തമല്ല; ‘മദം’ നിമിത്തമാണെന്നപ്പോള്‍ മനസ്സിലാകുമെന്ന് ഗുരു പറയുന്നു. മനുഷ്യന്‍െറ മദമാത്സര്യം മതമത്സരമായി തെറ്റിദ്ധരിക്കപ്പെടുകയും മനുഷ്യമദം പ്രകൃതിയോടും നൈസര്‍ഗിക ജീവിതത്തോടും കലഹിച്ച് ലോകജീവിതം ദുരിതമയമാക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഗുരു ഇരുപതുകളില്‍ ഉപദേശിച്ച സര്‍വമത പഠനവും സംവേദനവും എത്രയോ പ്രസക്തമാണ്. അന്യമതത്തെ കേള്‍ക്കാതെയുംസാഹചര്യം മനസ്സിലാക്കാതെയും ത്യാജ്യഗ്രാഹ്യ വിവേചനത്തോടെ പഠിക്കാതെയും പരിശീലിച്ചതിന്‍െറ ഫലമായിരുന്നു ജാതിയടക്കമുള്ള അനാചാരങ്ങള്‍. എന്നാല്‍ ഇന്ന് ജാതി താരതമ്യേന ചരമക്കിടക്കയിലാണ്.  ഉദ്യോഗത്തിലും അധികാരത്തിലുമേ അതിനായുസ്സുള്ളൂ. എന്നാല്‍ മതസ്പര്‍ധ ലോകത്ത് ഉച്ചസ്ഥായിയിലാണ്. രക്തംവല്ലാതെ അതിനാല്‍കാരണംകൂടാതെചൊരിയുകയാണ്.

അതിനാലാണ് കേരളം ഭാരതത്തിനും ലോകത്തിനും നല്‍കിയ എല്ലാക്കാലത്തെയും പുണ്യഗുരുവായ ശ്രീനാരായണഗുരു മതവ്യത്യാസത്തെപ്പറ്റി പറഞ്ഞത് കൂടുതല്‍ പ്രസക്തവും ചിന്തനീയവുമാവുന്നത്. മതവ്യത്യാസം തീര്‍ത്തും അപ്രസക്തമായ രണ്ട് മാതൃകാസ്ഥാനങ്ങളാണ് കേരളത്തില്‍ ഇന്ന് ശിവഗിരിയുംശബരിമലയും. മതവ്യത്യാസത്തിന് ഒട്ടും ഇടമില്ലാതെ മലര്‍ക്കത്തെുറന്നിടുന്ന വാതിലുകളാണ് ശിവഗിരിയിലും ശബരിമലയിലുമുള്ളത്.

ശരണംവിളികളും ഗുരുസ്മരണയും ദീപ്തമാക്കുന്ന മറ്റൊരു ഡിസംബറില്‍ വീണ്ടും ശിവഗിരി തീര്‍ഥാടനം വന്നണയുമ്പോള്‍ മതസ്പര്‍ധക്കറുതി വരുത്തി മതത്തെപ്പറ്റി സമഗ്രപഠനം നടത്തി ഏക മതത്തിലേക്കും ഏകതയുളവാക്കുന്ന വ്യക്തിഗത മതസങ്കല്‍പത്തിലേക്കും നമ്മള്‍ നീങ്ങുകയാണ് വേണ്ടത്. ജാതിവ്യത്യാസം താരതമ്യേന സമൂഹത്തില്‍ ദുര്‍ബലമായിട്ടും രൂക്ഷമായ മതസ്പര്‍ധ സമൂഹത്തില്‍ തുടരുമ്പോള്‍ തീര്‍ഥാടനം സ്മരിക്കേണ്ട  ഒരുചിന്താധാര ഇതാണെന്ന് തോന്നുന്നു.

(കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.