ചൈനയാവാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍

ലോക സമ്പദ്വ്യവസ്ഥയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ചൈന കൈവരിച്ചത് നിര്‍ണായക സ്ഥാനമാണ്. ലോകം മാന്ദ്യത്തിന്‍െറയും സാമ്പത്തിക വളര്‍ച്ചാമുരടിപ്പിന്‍െറയും പിടിയില്‍ വലയുമ്പോഴും പ്രതീക്ഷയുടെ പച്ചത്തുരുത്തായി അവശേഷിച്ചത് ചൈനയാണ്. ചൈനക്കുപിന്നില്‍ സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തുന്നതില്‍ ഇന്ത്യയും വിജയിച്ചിരുന്നു. അടുത്ത ഒരു പതിറ്റാണ്ടിനിടെ ചൈനയുടെ പകരക്കാരായി വളരുന്ന സ്വപ്നങ്ങളാണ് ഇപ്പോള്‍ ഇന്ത്യ പരിപാലിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയനേതൃത്വവും ഒരുവിഭാഗം സാമ്പത്തികവിദഗ്ധരും ഇതിനേറെ പ്രചാരം നല്‍കുന്നുണ്ടെങ്കിലും ഈ സ്വപ്നത്തിലേക്കുള്ള ദൂരം ഏറെയാണ്. പ്രഖ്യാപനങ്ങള്‍ ഏറെ ഒഴുകുന്നുണ്ടെങ്കിലും സ്വപ്നസാക്ഷാത്കാരത്തില്‍ എത്തുന്നതിന് കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ളെന്ന വസ്തുതയും അവശേഷിക്കുന്നു.
ഇന്ത്യയും ചൈനയും തമ്മില്‍ വലിയ അന്തരമുണ്ട്. ജനാധിപത്യ അവകാശങ്ങളും ഉയര്‍ന്ന കഴിവും വിദ്യാഭ്യാസവുമുള്ള യുവാക്കള്‍ അടങ്ങിയ വലിയൊരു തൊഴില്‍ശക്തിയും മാത്രമാണ് ലോകത്തിനു മുന്നില്‍ വെക്കാനുള്ള ഇന്ത്യയുടെ ഇന്നത്തെ കരുത്ത്. ചൈനക്ക് ബദലാവുന്നതിന് ഒരുങ്ങുമ്പോള്‍ ഇതൊരു കരുത്താണെങ്കിലും വ്യവസായിക ലോകത്തും സാമ്പത്തികരംഗത്തും മുന്നേറുന്നതിന് ഇത് പോര. എന്നിരിക്കെതന്നെ നമ്മുടെ ഏറ്റവുംവലിയ കരുത്തായ ജനാധിപത്യത്തിനുമേല്‍ കരിനിഴല്‍ വീഴുകയും ചെയ്യുന്നു.
ചൈനയോടൊപ്പംതന്നെ ഇന്ത്യയും സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിച്ചെങ്കിലും ലോകത്തിന്‍െറ ഫാക്ടറിയായി മാറിയ ചൈന ഈ പാതയില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. പതിറ്റാണ്ടുകളുടെ ശ്രമഫലമായി അവര്‍ ശക്തമായ അടിസ്ഥാനസൗകര്യങ്ങളും നിക്ഷേപങ്ങളും ഉല്‍പാദനശേഷിയും ഒരുക്കി. പാശ്ചാത്ത്യലോകത്തിന് പുറത്ത് ഏറ്റവുംമികച്ച അടിസ്ഥാനസൗകര്യങ്ങളുള്ള രാജ്യമായി വളരുകയും ചെയ്തു. ഇതിന്‍െറ പശ്ചാത്തലത്തില്‍ വേണം ചൈനക്ക് ബദലായി വളരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ വിലയിരുത്താന്‍.
വിശദമായ പരിശോധനക്ക് ഒരുങ്ങിയാല്‍ ഒരു സാമ്പത്തിക വളര്‍ച്ചാക്കുതിപ്പിന് ആവശ്യമായ എല്ലാ ഘടകങ്ങളിലും ഇന്ത്യ ഇപ്പോഴും ചൈനക്ക് വളരെ പിറകിലാണെന്ന് കാണാം. ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഒന്നും ചെയ്യാതെയാണ് ചൈനയെ വെല്ലുവിളിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. കേന്ദ്രസര്‍ക്കാന്‍ എല്ലാറ്റിനും ഒറ്റമൂലിയായി ആവര്‍ത്തിക്കുന്ന ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് വേണ്ട അടിസ്ഥാനസൗകര്യം ഒരുക്കാനുള്ള നടപടികള്‍പോലും ആയിട്ടില്ളെന്നതാണ് വസ്തുത.
നിക്ഷേപം, ഉല്‍പാദനശേഷി, അടിസ്ഥാനസൗകര്യങ്ങള്‍ എന്നീ മൂന്നു കാര്യങ്ങളാണ് ചൈനയുടെ സാമ്പത്തിക മുന്നേറ്റത്തിന്‍െറ നട്ടെല്ല്. എന്നാല്‍, ഈ മൂന്നു കാര്യത്തിലും ഇന്ത്യ ചൈനയെക്കാള്‍ വളരെ പിറകിലാണെന്ന് കണക്കുകളില്‍നിന്ന് വ്യക്തം. ആഭ്യന്തരമായിതന്നെ ചൈന ഏറെ നിക്ഷേപങ്ങള്‍ സമാഹരിക്കുമ്പോള്‍ വിദേശനിക്ഷേപം മാത്രമാണ് ഇന്ത്യ മുന്നില്‍ക്കാണുന്ന ഏകമാര്‍ഗം. ആഭ്യന്തര നിക്ഷേപത്തോത് വര്‍ധിപ്പിക്കുന്നതിനുള്ള ഒരു കാര്യക്ഷമമായ നടപടികളും ഇന്ത്യയില്‍ ആസൂത്രണം ചെയ്യപ്പെടുന്നില്ല. ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്‍െറ 50 ശതമാനംവരെയാണ് ചൈനയുടെ ആഭ്യന്തര നിക്ഷേപത്തോത്. എന്നാല്‍, ഇന്ത്യയില്‍ ഇത് 30 ശതമാനം മാത്രമാണ്.
അതുപോലെ ചൈനയുടെ സമ്പദ്വ്യവസ്ഥയില്‍ ഫാക്ടറി ഉല്‍പാദനത്തിന്‍െറ പങ്ക് വളരെ വലുതാണ്. ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്‍െറ 30-40 ശതമാനംവരെ ചൈന കൈവരിക്കുന്നത് ഫാക്ടറി ഉല്‍പാദനത്തില്‍നിന്നാണ്. എന്നാല്‍, ഇന്ത്യയില്‍ ഇത് 15-20 ശതമാനം മാത്രമാണ്.
ചൈനയുടെ സമ്പദ്വ്യവസ്ഥയുടെ മറ്റൊരു നിര്‍ണായകശക്തി ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ക്ഷണനേരത്തില്‍ ലോകത്തിന്‍െറ ഏത് കോണിലുള്ള വിപണികളിലും എത്തിക്കാന്‍ കഴിയുന്ന അടിസ്ഥാനസൗകര്യങ്ങളാണ്. അതിനാവശ്യമായ റോഡുകളും റെയില്‍ പാതകളും തുറമുഖങ്ങളും അവര്‍ക്കുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ ആഭ്യന്തര വിപണികളില്‍പോലും പ്രയാസമില്ലാതെ എത്തിക്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ ഒരുക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഒരു ദരിദ്രരാജ്യത്തിന് സമാനമാണ് ഇന്ത്യയിലെ അവസ്ഥയെന്ന് സമ്മതിക്കേണ്ടിവരും. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഉല്‍പാദനരംഗത്ത് വിദേശനിക്ഷേപം ആകര്‍ഷിക്കുകയെന്നതും ശ്രമകരമായ കാര്യമാണ്. ‘മേക് ഇന്‍ ഇന്ത്യ’ പോലുള്ള അതിമോഹ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍പോലും നിലവില്‍ ഇന്ത്യയിലെ കമ്പനികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുന്നില്ളെന്ന വസ്തുതയും അവശേഷിക്കുന്നു.
സമീപകാലത്ത് നടന്ന ഒരു പഠനമനുസരിച്ച് ലോകത്തെ വികസിതരാജ്യങ്ങളിലെ കമ്പനികള്‍ 35 വര്‍ഷം കൊണ്ട് 10 മടങ്ങ് വളര്‍ച്ചയാണ് നേടുന്നത്. ഈ വളര്‍ച്ച വലുപ്പത്തിന്‍െറ കാര്യത്തിലും ഉപയോഗപ്പെടുത്തുന്ന തൊഴിലാളികളുടെ എണ്ണത്തിന്‍െറ കാര്യത്തിലും ഉണ്ടാവുന്നു. എന്നാല്‍, ഇന്ത്യയില്‍ 35 വര്‍ഷംകൊണ്ട് ഒരു കോര്‍പറേറ്റ് സ്ഥാപനം നേടുന്ന വളര്‍ച്ച ഒരു മടങ്ങ് മാത്രമാണ്. തൊഴിലാളികളുടെ എണ്ണത്തിലെ വളര്‍ച്ച വെറും 75 ശതമാനവും.
ഭീമമായ ഈ അന്തരത്തിന് ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന കാരണം വൈദ്യുതി ഉല്‍പാദനം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ഭീമമായ ചെലവുമാണ്. ഇതിനു പുറമേ ഉയര്‍ന്ന പലിശനിരക്കും ഇന്ത്യയിലെ കോര്‍പറേറ്റ് മേഖലയുടെ ലോകനിലവാരത്തിലുള്ള വളര്‍ച്ച തടസ്സമാകുന്നു. അടിസ്ഥാനപരമായ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ‘മേക് ഇന്‍ ഇന്ത്യ’ പോലുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ അത് കേള്‍ക്കാന്‍ ആവേശമുണ്ടാക്കും എന്നല്ലാതെ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയിലോ തൊഴിലില്ലായ്മ പരിഹരിക്കുന്നതിലോ കാര്യമായ ഒന്നും ചെയ്യില്ല എന്ന സത്യം അവശേഷിക്കുന്നു.
ഇതില്‍നിന്നെല്ലാം ഒന്നുറപ്പ് സാമ്പത്തികവളര്‍ച്ച നേടുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള മാര്‍ഗം ചൈനയെ അനുകരിച്ച് ലോകത്തിന്‍െറ ഫാക്ടറി ആയി മാറാന്‍ ശ്രമിക്കുകയെന്നതല്ല. ഇന്ത്യയുടെ ശക്തി എന്താണോ അത് തിരിച്ചറിഞ്ഞ് വളര്‍ത്തിയെടുക്കുകയാണ് പരിഹാരമാര്‍ഗം. കൃഷിയും വിവരസാങ്കേതിക വിദ്യയില്‍ ഊന്നിയ സേവനമേഖലയുമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കരുത്തും ശക്തിയും. ഈ മേഖലകളിലെ പുരോഗതിക്കും തൊഴില്‍ലഭ്യത വര്‍ധിപ്പിക്കുന്നതിലുമാണ് ഇന്ത്യ ശ്രദ്ധചെലുത്തേണ്ടതും. അതോടൊപ്പംതന്നെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്നതിനും നിക്ഷേപത്തോത് വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. ഈ മാര്‍ഗത്തിലൂടെയെ ലോകത്തിന്‍െറ ഫാക്ടറിയായി മാറി ചൈനയോടൊപ്പം മത്സരിക്കുക പ്രായോഗികമാക്കാനാവൂ. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ വേണ്ടതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.