ഇന്ത്യയെ രക്ഷിച്ച ബിഹാറികൾ

‘ഈ തെരഞ്ഞെടുപ്പ് നിതീഷിെൻറയോ ലാലുവിെൻറയോ സോണിയ ഗാന്ധിയുടെയോ ഭാവിയെക്കുറിച്ചുള്ളതല്ല, മറിച്ച് ഇന്ത്യക്കുവേണ്ടിയുള്ള പോരാട്ടമാണ്’ –തെരഞ്ഞെടുപ്പ് റാലികളിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് ലാലുപ്രസാദ് യാദവിൽനിന്ന് ഇക്കുറി ശ്രവിക്കാൻ കഴിഞ്ഞ വലിയൊരു രാഷ്ട്രീയ സന്ദേശം ഇതായിരുന്നു.
ബിഹാറിൽ പോരാട്ടം രണ്ട് വിചാരധാരകൾ തമ്മിലാണെന്നും ജാതിമത ചിന്തകൾക്ക് വലിയ പ്രസക്തിയില്ലെന്നും ലാലുവിനെപ്പോലുള്ള ഒരു പ്രാദേശിക നേതാവിെൻറ നാവിൽനിന്ന് കേൾക്കാൻ സാധിച്ചത് കാലത്തിെൻറ ചുമരെഴുത്ത് വായിക്കാൻ ആർജവംകാണിച്ചത് കൊണ്ടാണ്. ബിഹാറിൽ മഹാസഖ്യം എന്ന മതേതരചേരി തെരഞ്ഞെടുപ്പിൽ കൈവരിച്ച വിജയം ഒരു സംസ്ഥാനത്തിെൻറ ഭാഗധേയമല്ല, നമ്മുടെ രാജ്യത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തിെൻറ ദിശയെയാണ് നിർണയിക്കാൻ പോകുന്നത്. അവിടെ ജയിച്ചത് ലാലുവോ നിതീഷോ സോണിയയോ ഒന്നുമല്ല, ഇന്ത്യ എന്ന ആശയമാണ്. ലോകം ഉറ്റുനോക്കിയ ഈ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം ചരിത്രത്തിൽ ഇടംനേടുക, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദുത്വയുടെ ചാണക്യൻ അമിത് ഷായും ചേർന്ന് രാഷ്ട്രീയ ഇരച്ചുകയറ്റത്തിലൂടെ ബിഹാറിനെ പിടിച്ചടക്കാൻ നടത്തിയ ആസൂത്രിതപദ്ധതിയെ വ്യക്തിതാൽപര്യങ്ങളെല്ലാം മാറ്റിവെച്ച് ലാലു–നിതീഷ് –സോണിയ കൂട്ടുകെട്ട് ഫലപ്രദമായി പ്രതിരോധിച്ചു എന്നതാണ്. ആ ചെറുത്തുനിൽപിലൂടെ ബിഹാറിനെ മറ്റൊരു ഗുജറാത്താക്കാൻ അനുവദിച്ചില്ല. ഹിന്ദുത്വ കാപാലികതക്കെതിരെ ദേശത്താകമാനം രോഷത്തിെൻറ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന അഭിശപ്ത സന്ധിയിൽപോലും എൻ.ഡി.എ സഖ്യമാണ് ജയിച്ചിരുന്നതെങ്കിൽ ലോകത്തിനുമുന്നിൽ രാജ്യത്തിന് അത് തീരാകളങ്കമായേനെ. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യ എന്ന മഹാത്തായ ആശയമാണ് അവിടെ വെന്നിക്കൊടി പറത്തിയത്. സബർമതിയുടെ തീരത്ത് സംഭവിച്ച ദുരന്തം പട്നയിൽ ആവർത്തിക്കപ്പെടാൻ അനുവദിക്കാത്തതിന് ബിഹാറികളോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു.

ബിഹാറികളെക്കുറിച്ച് ഉത്തരേന്ത്യയിൽപോലും മതിപ്പില്ലാത്തത്  അവരുടെ സാമൂഹികാവസ്ഥയും ജീവിതരീതിയും സവർണ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നത് കൊണ്ടാണ്. ജാതിശ്രേണിയുടെ താഴേത്തട്ടിൽ കിടക്കുന്ന എഴുപത് ശതമാനത്തോളം വരുന്ന പിന്നാക്കജാതിക്കാരും ദലിതുകളും ശരാശരി ഇന്ത്യക്കാരെൻറ മനസ്സുകളിൽ വർണാഭമായ ചിത്രമായിരിക്കില്ല വിരിയിച്ചിട്ടുണ്ടാകുക. എന്നാൽ, അവരിലുയർന്ന സംഘബോധവും രാഷ്ട്രീയ തിരിച്ചറിവുകളും വിധിനിർണായകമാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. 2014ലെ പൊതുതെരഞ്ഞെടുപ്പ് കാലത്ത് യു.പിയിൽ അമിത് ഷാ ചെയ്തതുപോലെ ഒരു മാസക്കാലം ബിഹാറിൽ തങ്ങിയാണ് ബിഹാറികളെ തോൽപിക്കാൻ അടവുകളും തന്ത്രങ്ങളും പയറ്റിയത്. മോദി 32 റാലികളിലാണ് പങ്കെടുത്തത്. എന്നുമാത്രമല്ല, ജനമനസ്സിൽ ആശയക്കുഴപ്പവും വിഭാഗീയതയും ചുരത്താൻ വാമൊഴികളിൽ വിഷം പുരട്ടിക്കൊണ്ടിരുന്നു. സംവരണവിഷയത്തിൽ പുനർചിന്തനം വേണമെന്ന് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് മൂന്നുതവണ ആവർത്തിച്ചത് ബിഹാറിലെ സവർണരെ എൻ.ഡി.എക്ക് പിന്നിൽ അണിനിരത്താനാണ്. അതേസമയം, ഒ.ബി.സികൾക്കുള്ള സംവരണത്തിൽ മായംചേർത്ത് നിതീഷും ലാലുവും ന്യൂനപക്ഷങ്ങൾക്ക് ഒരുവിഹിതം കൊടുക്കാൻ പോവുകയാണെന്നും തങ്ങൾ അതനുവദിക്കില്ലെന്നുമുള്ള ദുഷ്പ്രചാരണത്തിലൂടെ മോദി ലക്ഷ്യമിട്ടത് യാദവർക്കും കുർമികൾക്കുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരെ ഹിന്ദുത്വചേരിയിലേക്ക് വലിച്ചുകൊണ്ടുവരാനാണ്. വികസനം വാഗ്ദാനം ചെയ്ത് ബിഹാറികളെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കുന്നതിനുപകരം കടുത്ത മുസ്ലിം വിരോധം ഉണർത്തി ഹിന്ദുക്കളെ എൻ.ഡി.എയിലേക്ക് വശീകരിക്കാൻപോലും വിഫലശ്രമം നടത്തി. എൻ.ഡി.എ തോൽക്കുകയാണെങ്കിൽ പാകിസ്ഥാനിൽ പടക്കംപൊട്ടുമെന്ന് അമിത് ഷാ നിരുത്തരവാദപരമായി ആക്രോശിച്ചത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ തലവൻ അധികാരം പിടിച്ചെടുക്കാൻ എത്രത്തോളം തരംതാഴും എന്നതിെൻറ ഉദാഹരണമാണ്. പശുവിനെ കെട്ടിപ്പിടിച്ചുള്ള പടം പരസ്യമായി ഉപയോഗിക്കാൻപോലും എൻ.ഡി.എ ധാർഷ്ട്യം കാണിച്ചു. പക്ഷേ ബിഹാറികൾക്ക് തിരിച്ചറിവ് നഷ്ടപ്പെട്ടില്ല എന്ന് തെരഞ്ഞെടുപ്പ് ഫലം സമർഥിക്കുന്നു.

മുഖ്യമന്ത്രിയായി നിതീഷിനെ ഉയർത്തിക്കാട്ടി ലാലുവും കുടുംബവും കാഴ്ചവെച്ച ത്യാഗം ജയപ്രകാശ് നാരായണനും കർപ്പുരി താക്കൂറുമൊക്കെ പയറ്റിത്തെളിഞ്ഞ ബിഹാറിെൻറ മണ്ണിലെ പുതിയൊരു മതേതരഗാഥയാണ്.  ബിഹാറിെൻറ സമീപകാലചരിത്രം പരിശോധിച്ചാൽ നിതീഷാണ് ‘വികാസ് പുരുഷൻ’. ആർ.ജെ.ഡിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയാലും നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന് ലാലുവും മക്കളുമൊക്കെ ആവർത്തിച്ചുപറയുമ്പോൾ അതിൽ വലിയ രാഷ്ട്രീയം വായിച്ചെടുക്കാനുണ്ട്. നിതീഷിനെ മുഖ്യമന്ത്രിക്കസേരയിൽ അവരോധിച്ച് ഒരു രക്ഷിതാവിെൻറ റോളിലേക്ക് പിതാവ് മാറുമെന്നും നീതിക്കും സമത്വത്തിനും വേണ്ടി പോരാടാൻ ഡൽഹിയിലേക്ക് നീങ്ങുമെന്നും പുത്രൻ തേജസ്വി യാദവ് പറയുമ്പോൾ അത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. മക്കളിലാരെയെങ്കിലും ഉപമുഖ്യമന്ത്രിയാക്കി ദേശീയരാഷ്ട്രീയത്തിൽ ഒരുകൈ പയറ്റാനാവണം ലാലുവിെൻറ പുറപ്പാട്. മുമ്പ് പ്രധാനമന്ത്രി സ്വപ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോഴില്ല, പിന്നീടാവാം എന്ന് ലളിതമായി പറഞ്ഞൊഴിഞ്ഞതിെൻറ പൊരുളഴിയാൻ പോവുകയാണെന്നുവേണം കരുതാൻ. മോദി യുഗത്തിൽ ലാലു എന്ന മതേതരവാദിക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ട്.

മണ്ഡൽ രാഷ്ട്രീയത്തിന് സൈദ്ധാന്തികമായും പ്രായോഗികതലത്തിലും അടിത്തറപാകിയ നേതാക്കളിൽ മുലായംസിങ് യാദവിനും ലാലുപ്രസാദ് യാദവിനും ചരിത്രത്തിൽ വലിയൊരു ഇടമുണ്ട്. പിന്നാക്കക്കാരെൻറ ശാക്തീകരണത്തിന് അടിത്തറപാകിയ ഒ.ബി.സി രാഷ്ട്രീയം, സഹസ്രാബ്ദങ്ങളായി രാജ്യത്തിെൻറ അധികാരശ്രേണി പിടിച്ചടക്കിയ സവർണ ന്യൂനപക്ഷത്തിന് നേരെ ഉയർത്തിയ ശക്തമായ പോരാട്ടമാണ്. ആ പോരാട്ടവീഥിയിൽ യാദവരും ദലിതരും കുർമികളും മുസ്ലിംകളും ഒറ്റക്കെട്ടാണ്. ബ്രാഹ്മണർ, ഭൂമിഹാറുകൾ, രജപുത്രർ, കായസ്തർ തുടങ്ങിയ ഉന്നതകുലജാതരുടെ കൈകളിലേക്ക് അധികാരം എത്തിക്കുക എന്നതാണ് ഹിന്ദുത്വയുടെ ആത്യന്തികലക്ഷ്യം. അതിന് ഇപ്പോഴത്തെ രാഷ്ട്രീയസമവാക്യങ്ങൾ പൊളിച്ചെഴുതേണ്ടതുണ്ട്. ആ ലക്ഷ്യത്തോടെയാണ് ബി.ജെ.പി തന്ത്രങ്ങളത്രയും പയറ്റിയത്. എന്നാൽ, ലാലുവും നിതീഷും കൈകോർത്തതോടെ ചെറുത്തുനിൽപിെൻറ വൻമതിലാണ് കെട്ടിപ്പൊക്കിയത്; കേരളത്തിൽ ഈഴവ വോട്ട് തട്ടിയെടുക്കാൻ എസ്.എൻ.ഡി.പി വഴി നടത്തിയ ആസൂത്രിതനീക്കങ്ങളെ സി.പി.എം നേതൃത്വം നേരിട്ടതുപോലെ. വിശുദ്ധഗോക്കൾ എല്ലായ്പ്പോളും വോട്ട് ചുരത്തില്ലെന്നും ചിലപ്പോൾ തിരിഞ്ഞുകുത്തുമെന്നും ബിഹാറിെൻറ അനുഭവം ഹിന്ദുത്വനേതൃത്വത്തെ ബോധ്യപ്പെടുത്തുന്നുണ്ടാവണം. പർദയണിഞ്ഞ വോട്ടർമാരുടെ നീണ്ട ക്യൂ കണ്ട് എതിരാളികൾ കൂടുതൽ ആവേശത്തോടെ തങ്ങളുടെ ആൾക്കാരെ പോളിങ് ബൂത്തിലെത്തിക്കേണ്ടെന്ന് കണക്കൂകൂട്ടി സൽവാർ കമീസ് മാത്രം ധരിച്ച് സമ്മതിദാനാവകാശം രേഖപ്പെടുത്താൻപോയ മുസ്ലിം സ്ത്രീകൾ കാണിച്ച അവധാനത അഭിനന്ദനാർഹമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.