സംസ്ഥാന രാഷ്ട്രീയത്തിൽ ചില പുത്തൻ പ്രവണതകൾക്ക് വാതിൽ തുറന്നുവെച്ചാണ് പഞ്ചായത്ത്നഗരസഭ തെരഞ്ഞെടുപ്പ് കടന്നുപോയത്. ഇതിൽ ഏറ്റവും സുപ്രധാനമായിരിക്കുന്നത് ബി.ജെ.പിയും കൂട്ടരും കൈവരിച്ച നേട്ടമാണ്. കഴിഞ്ഞ നാളുകളിലൊക്കെത്തന്നെ കേരള രാഷ്ട്രീയത്തിെൻറ പുറമ്പോക്കിൽ കഴിഞ്ഞിരുന്ന സംഘ്പരിവാർ ശക്തികൾക്ക് ഇക്കുറി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സാന്നിധ്യം കുറിക്കാനായി. 2010ൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് 480 സീറ്റുകൾ നേടിയ സ്ഥാനത്ത് ഇന്നിപ്പോൾ 1300 എണ്ണം അവർ സ്വന്തമാക്കിയിരിക്കുന്നു. 15 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും ഒറ്റക്കുതന്നെ ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചെങ്കിൽ ഏഴ് നഗരസഭകളിൽ രണ്ടാംസ്ഥാനത്തും പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായും അവർ മാറിയിരിക്കുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞതെന്നതും ശ്രദ്ധേയമാണ്. ഇതിൽതന്നെ ചെറുപ്പക്കാരായ വോട്ടർമാരാണ് അവരുടെ പിന്തുണയുടെ മുഖ്യ ഉറവിടം.
ഉത്തരേന്ത്യയിൽ സംഘ്പരിവാർ നേതൃത്വം പരീക്ഷിച്ച അതേ ജാതിമത സമവാക്യങ്ങളാണ് ഇവിടെയും അവർ പ്രയോഗിച്ചത്. വ്യത്യസ്ത ഹൈന്ദവ സമുദായങ്ങളെ സംഘടിപ്പിച്ച് തങ്ങളുടെ ചേരിയിൽ അണിനിരത്തി സമൂഹത്തിൽ ഒരു വൻ വിള്ളൽ സൃഷ്ടിക്കുക (ഉദാഹരണമായി, ഹിന്ദുക്കളും മറ്റുള്ളവരും) എന്നതാണ് ഇതിെൻറ ആദ്യ ചുവട്. മറ്റുള്ളവരെ (ന്യൂനപക്ഷ വിഭാഗങ്ങൾ എന്ന് വായിക്കുക) ശത്രുപക്ഷത്ത് നിർത്തി രാഷ്ട്രീയമായി മുതലെടുക്കുക എന്നതാണ് അടുത്തപടി. ‘പശു’, ‘ബീഫ്’, ‘പാകിസ്താൻ’, ‘തീവ്രവാദം’ തുടങ്ങിയ പ്രയോഗങ്ങൾ ഇതിന് എരിവും പുളിയും നൽകാൻ അവർ ഉപയോഗിക്കുന്നു. ഇതിെൻറ വെളിച്ചത്തിൽവേണം എസ്.എൻ.ഡി.പി നേതൃത്വവുമായുള്ള ബി.ജെ.പിയുടെ ഇപ്പോഴത്തെ ചങ്ങാത്തത്തെ വീക്ഷിക്കാൻ.
ഈവിധം വർഗീയതയുടെ വക്താക്കളുമായി ചേരുകവഴി എസ്.എൻ.ഡി.പി നേതൃത്വം ശ്രീനാരായണ ഗുരുവിെൻറ ദർശനത്തേയും പൈതൃകത്തേയും കൈവെടിഞ്ഞുവെന്നത് മറ്റൊരുകാര്യം. ജാതി ഇല്ലെന്ന് ഗുരു പറഞ്ഞിടത്ത് യോഗം നേതൃത്വം പറയുന്നത് നേരെ തിരിച്ചാണ്. ജാതി മാത്രമേ ഉള്ളൂ. അതുകൊണ്ടാണല്ലോ ഹൈന്ദവ സമുദായങ്ങൾ സംഘടിക്കണമെന്ന് പറയുന്നത്. അധികാര രാഷ്ട്രീയത്തിൽ ദർശനങ്ങൾക്ക് സ്ഥാനമില്ലതന്നെ. പ്രശസ്ത സാഹിത്യകാരൻ മിലാൻ കുന്ദേര പറഞ്ഞത് ഓർമവരുന്നു: ‘അധികാരത്തിനെതിരായുള്ള മനുഷ്യെൻറ സമരം ഓർമയും മറവിയും തമ്മിലുള്ള പോരാട്ടമാണ്’. വെള്ളാപ്പള്ളി നടേശനും പറഞ്ഞുവെക്കുന്നത് ഏതാണ്ട് ഇതുതന്നെയാണ്. ഹൈന്ദവർ, വിശിഷ്യ, ഈഴവ സമുദായം, ഗുരു ദർശനം വിസ്മരിക്കുകയും ‘അധികാരത്തിെൻറ ദർശനം’ സ്മരിക്കുകയും വേണം. ‘അധികാര നീതി’യാണ് വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ സാമൂഹികനീതി എന്നാണ് ഭംഗ്യന്തരേണ അദ്ദേഹം പറയുന്നത്.
എന്നാൽ, വെള്ളാപ്പള്ളി നടേശെൻറ ഈ അധികാര സങ്കൽപത്തിെൻറയും ‘ദർശന’ത്തെയും ഈഴവ സമുദായം ഏറിയകൂറും തള്ളിക്കളഞ്ഞു എന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. എസ്.എൻ.ഡി.പിയുമായുള്ള സഖ്യം ചില ഇടങ്ങളിൽ ബി.ജെ.പിയെ സഹായിച്ചെങ്കിലും അതൊരു പാറ്റേണാക്കി മാറ്റാൻ ഇരു നേതൃത്വങ്ങൾക്കും കഴിഞ്ഞില്ല. ഇതിനർഥം ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ പുത്തൻ ബന്ധത്തിലെ വൈരുധ്യം സാധാരണ ജനങ്ങൾ തിരിച്ചറിയുകയും അതിനെ തള്ളിക്കളയാനുള്ള ആർജവവും സത്യസന്ധതയും അവർ കാണിച്ചു എന്നുമാണ്. ഈവിധം ജനങ്ങൾ തള്ളിക്കളഞ്ഞ ഈ സഖ്യത്തെ വേണ്ടവിധത്തിൽ തള്ളിപ്പറയാൻ ഐക്യജനാധിപത്യ മുന്നണി ശ്രമിച്ചില്ലെന്നിടത്താണ് ഈ തെരഞ്ഞെടുപ്പിൽ മുന്നണി നേരിട്ട പരാജയത്തിെൻറ ഒരു സുപ്രധാന കാരണം കുടികൊള്ളുന്നത്. മറുവശത്ത്, ഇതിൽ ഇടതുപക്ഷം എടുത്ത കൃത്യമായ നിലപാടാണ് അവരുടെ വിജയത്തിനെ ആധികാരികമാക്കിയതും അതിന് വഴിതെളിച്ച പല കാരണങ്ങളിൽ ഒന്നും.
ആർക്കും ‘അൽപം ഗർഭം ധരിക്കാനാവില്ല’ എന്ന് പറയുന്നതുപോലെയാണ്, വർഗീയതയോടുള്ള എതിർപ്പിെൻറ കാര്യവും. ഇവിടെ (വർഗീയതയുടെ കാര്യത്തിൽ) എതിർപ്പും അംഗീകാരവുമെന്ന രണ്ട് മാർഗങ്ങൾ മാത്രമാണ് നമ്മുടെ മുന്നിൽ ഉള്ളത്. ഒന്നുകിൽ അതിനെ താലോലിക്കുകയും അതിെൻറ ഭവിഷ്യത്ത് അനുഭവിക്കുകയും ചെയ്യുക. അല്ലെങ്കിൽ അതിനെ മുച്ചൂടും എതിർക്കുക. രണ്ടിനും ഇടയിൽ ഒരു നിലപാടുതറയില്ല. ഇവിടെയാണ് ഐക്യജനാധിപത്യമുന്നണി പിറകിൽ പോയത്.
തുടക്കത്തിൽ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനും മുസ്ലിംലീഗിലെ ചില നേതാക്കളും ഭൂരിപക്ഷ വർഗീയതക്കെതിരെ പൊതുവായും എസ്.എൻ.ഡി.പിബി.ജെ.പി ബന്ധത്തിനെതിരെ പ്രത്യേകിച്ചും രംഗത്തു വന്നിരുന്നു. എന്നാൽ, ഇതിനെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ യു.ഡി.എഫ് നേതൃത്വം തുനിഞ്ഞില്ല. ഇതിനേക്കാൾ വലിയ വീഴ്ചയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എതിരെ എടുത്ത നിലപാട് ഇവിടെ ഓർക്കേണ്ടതുണ്ട്. അന്നതിനെ കണിശതയോടെ എതിർക്കുകയും തെരഞ്ഞെടുപ്പ് ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണെന്ന് വിശേഷിപ്പിക്കുകയും ചെയ്ത അദ്ദേഹം ഇപ്പോഴെടുത്ത മൃദുസമീപനം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. എന്നാൽ, ഈ രണ്ട് വ്യത്യസ്ത നിലപാടുകൾക്കും അവയുടേതായ യുക്തി ഉണ്ടെന്ന് സൂക്ഷ്മ വിശകലനത്തിൽ നമുക്ക് ബോധ്യമാവും.
അരുവിക്കരയിൽ സംഘ്പരിവാറിെൻറ ഭീഷണി ഉയർത്തിക്കാട്ടി ന്യൂനപക്ഷ വിഭാഗങ്ങളെ മുന്നണിയുടെ കൂടെ നിർത്തി ഭരണവിരുദ്ധ വികാരത്തേയും അഴിമതി ആരോപണങ്ങളെയും നേരിടാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ഇക്കുറി തന്ത്രം മറ്റൊന്നായി. ഏതാണ്ട് രണ്ട് വള്ളങ്ങളിലായി ചവിട്ടി നിൽക്കാനുള്ള ശ്രമമായി അത് രൂപപ്പെട്ടു. യോഗം നേതൃത്വത്തിെൻറ പുതിയ നീക്കത്തെ കൃത്യമായി എതിർക്കാതിരിക്കുന്നതിലൂടെ വെള്ളാപ്പള്ളി നടേശനെ വലുതായി ചൊടിപ്പിക്കാതെ ഇരിക്കുകയും ഈഴവ വോട്ടിൽനിന്ന് കിട്ടാവുന്നത്ര സമാഹരിക്കുകയും ചെയ്യുക എന്നതാണ് ഇതിെൻറ ഒരുവശം. മറുവശത്ത്, ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷ വർഗീയതക്കെതിരെയും എസ്. എൻ.ഡി.പിബി.ജെ.പി അച്ചുതണ്ടിനെതിരെയും നടത്തുന്ന നീക്കങ്ങളുടെ ഫലമായി ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ ഉണ്ടായേക്കാവുന്ന ഭയം മുതലെടുക്കുകയും ആവാം. ഇതായിരുന്നു അദ്ദേഹത്തിെൻറ കണക്കുകൂട്ടൽ. ഐക്യ ജനാധിപത്യമുന്നണി നേതൃത്വം ഇത് ഏതാണ്ട് അംഗീകരിക്കുകയും ചെയ്തു.
ചുരുക്കത്തിൽ, ഇടതുപക്ഷ ജനാധിപത്യമുന്നണി സംഘ്പരിവാറിെൻറ വർഗീയ അജണ്ടയെ ഒരു രാഷ്ട്രീയ ആയുധമാക്കിയെങ്കിൽ മറുഭാഗം അതിലെ രാഷ്ട്രീയം കാണാതെപോവുകയും ഈ തെരഞ്ഞെടുപ്പിൽ അക്കരെ എത്താനുള്ള കടത്തുവള്ളമായി അതിനെ കാണുകയും ചെയ്തു. പക്ഷേ, വള്ളം മാർഗമധ്യേ മുങ്ങിപ്പോയി എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. യു.ഡി.എഫ് നേതൃത്വം കണക്കുകൂട്ടിയതുപോലെ ഈഴവ സമുദായത്തിെൻറ വോട്ട് കിട്ടിയതുമില്ല. മറുവശത്ത്, ന്യൂനപക്ഷസമൂഹത്തിൽ പ്രത്യേകിച്ച് മുസ്ലിം വോട്ടർമാരിൽ ഒരു വിഭാഗം ഇടതുപക്ഷത്തേക്ക് ചായുകയും ചെയ്തു.
മാത്രമല്ല, ബി.ജെ.പിയുടെ നേട്ടം ഇടതുപക്ഷത്തേക്കാൾ ഐക്യജനാധിപത്യമുന്നണിയെയാണ് ദോഷകരമായി ബാധിച്ചതെന്നും കരുതേണ്ടിയിരിക്കുന്നു. മുന്നണിയിൽതന്നെ കോൺഗ്രസ് വോട്ടിനെയാണ് അത് ചോർത്തിയിരിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിലെ തെരഞ്ഞെടുപ്പ് ഫലം ഇതിെൻറ ഒരു നേർ തെളിവാണ്. ബി.ജെ.പി കുറച്ചധികം സീറ്റ് ഇവിടെ നേടി എന്നതല്ല മുഖ്യ വിഷയം. അതിനേക്കാൾ ശ്രദ്ധേയമായ വസ്തുത, കോൺഗ്രസ് സ്ഥാനാർഥികൾ ഒട്ടനവധി സീറ്റുകളിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നതാണ്. യു.ഡി.എഫ് 100ൽ 54 സീറ്റുകളിലാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഇതിൽ ബഹുഭൂരിപക്ഷം പേരും (47 പേർ) കോൺഗ്രസ് സ്ഥാനാർഥികളാണ്. ഇത്രത്തോളം ഗണ്യമായ തോതിൽ ഇല്ലെങ്കിലും ബി.ജെ.പി മുന്നേറിയ മറ്റു ജില്ലകളിലും ഈ പാറ്റേൺ കാണാവുന്നതാണ്. ഇതിനർഥം ബി.ജെ.പിയുടെ വളർച്ച യു.ഡി.എഫിെൻറയോ കോൺഗ്രസിെൻറയോ മാത്രം ചെലവിലാണെന്നല്ല. എൽ.ഡി.എഫിനും അതിൽതന്നെ സി.പി.എമ്മിനെയും ഇത് ബാധിച്ചിട്ടുണ്ട്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ അത് ഏറിയകൂറും ബാധിച്ചത് കോൺഗ്രസിനേയും അത് നയിക്കുന്ന മുന്നണിയേയും ആണെന്നാണ് വിവക്ഷ. ഇടത്തോട്ടും വലത്തോട്ടും വെട്ടിയാണ് സംഘ്പരിവാർ ശക്തികൾ കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താൻ പോകുന്നത് എന്നാണ് ഇത് നൽകുന്ന സൂചന.
ബി.ജെ.പി ഉയർത്തുന്ന വർഗീയ/വിഭാഗീയ രാഷ്ട്രീയത്തെ ഫലവത്തായി ചെറുക്കണമെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടാൻ കേരളത്തിലെ ഇടത്, വലത് മുന്നണികൾ തയാറാവണമെന്നാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന വലിയ പാഠം. അത്തരമൊരു നീക്കം കൃത്യമായി ഇടതുപക്ഷം നടത്തിയത് ഇക്കുറി അവർക്ക് പ്രയോജനപ്പെട്ടു. അത് വേണ്ടവിധം ചെയ്യാതിരുന്നത് യു.ഡി.എഫിന് വിനാശകരവുമായി. മുന്നണിയുടെ പരാജയത്തിന് ഇതു മാത്രമാണ് കാരണം എന്നല്ല പറഞ്ഞുവരുന്നത്. മറ്റുപല ഘടകങ്ങളും അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ഉൾപ്പെടെ. പക്ഷേ, ഐക്യജനാധിപത്യമുന്നണിക്ക് ഇക്കാര്യത്തിൽ സംഭവിച്ച വീഴ്ച ആത്മഹത്യാപരമായിരുന്നു എന്നുമാത്രം. ഏതുവിധേനയും അധികാരത്തിൽ തുടരുക, അതിന് എന്ത് വിട്ടുവീഴ്ചയും ചെയ്യുക എന്ന ഏക ലക്ഷ്യത്തിലാണ് മുന്നണി നേതൃത്വം ഇപ്പോൾ എത്തിനിൽക്കുന്നത്. ഖദർ കുപ്പായം അധികാരത്തിെൻറ ചിഹ്നമല്ല, അതിെൻറ നിരാസത്തിെൻറയും എതിർപ്പിെൻറ രാഷ്ട്രീയത്തിനെ അണിയിക്കാനുമുള്ളതാണ്. ഈ ധാരണയാണ് ഇവർക്ക് നഷ്ടമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.