സുവര്‍ണവര്‍ഷത്തിലെ പതനം

അഴിമതിയാരോപണത്തിന്‍െറ പേരില്‍ രാജിവെക്കുന്ന ആദ്യത്തെ മന്ത്രിയല്ല കെ.എം. മാണി. എന്നാല്‍, ഇത്രമാത്രം അപമാനിതനായി പുറത്തുപോകുന്ന ആദ്യത്തെ മന്ത്രി എന്ന ബഹുമതി മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. പിടിച്ചുനില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പുപോലും കിട്ടാതെ, നില്‍ക്കക്കള്ളിയില്ലാതെയാണ് മാണി മന്ത്രി പദം ഒഴിഞ്ഞിരിക്കുന്നത്.
ബാര്‍ കോഴ കേസില്‍ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പുറത്തുവന്ന ഉടനെ മാണിക്ക് രാജിവെക്കാമായിരുന്നു. അങ്ങനെയെങ്കില്‍, ആരോപണ വിധേയനായ സാഹചര്യത്തില്‍ അഗ്നിശുദ്ധി തെളിയിക്കാനാണ് രാജി എന്നു വീമ്പുപറയുകയെങ്കിലും ചെയ്യാമായിരുന്നു. മന്ത്രിപദം ത്യജിച്ച കെ.എം. മാണിക്ക് നാടൊട്ടുക്കും സ്വീകരണം നല്‍കി അതൊരാഘോഷമാക്കി മാറ്റാന്‍ കേരള കോണ്‍ഗ്രസിന് കഴിയുമായിരുന്നു. വിജിലന്‍സ് കോടതി വിധി ശരിവെച്ച ഹൈകോടതി, സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് ഓര്‍മിപ്പിച്ചപ്പോഴും രാജിവെക്കാന്‍ മാണിക്ക് അവസരമുണ്ടായിരുന്നു. യു.ഡി.എഫിനെ സമ്മര്‍ദത്തിലാക്കിയും സര്‍ക്കാറിനെ ഭീഷണിപ്പെടുത്തിയും അപ്പോഴും അദ്ദേഹം പിടിച്ചുനിന്നു. ഒടുവില്‍ ഒറ്റപ്പെടലിന്‍െറ മുനമ്പിലാണ് മനസ്സില്ലാമനസ്സോടെ മാണി രാജിക്ക് തയാറായത്.
മാണിയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ ഹൃദയഭേദകമാണ് ഈ രാജി. പാര്‍ലമെന്‍ററി ജീവിതത്തിന്‍െറ സുവര്‍ണ ജൂബിലി ആഘോഷത്തിലാണ് അദ്ദേഹം. 1965 മുതല്‍ പാലാ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനംചെയ്യുന്ന ഈ 82കാരന്‍ ഒരു കൊല്ലം മുമ്പുവരെ അറിയപ്പെട്ടിരുന്നത് സംശുദ്ധ രാഷ്ട്രീയത്തിന്‍െറ പ്രതീകമായിട്ടായിരുന്നു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗവും ഏറ്റവും കൂടുതല്‍ കാലം മന്ത്രിയാവുകയും ചെയ്ത മാണി ധനമന്ത്രി എന്ന നിലയില്‍ 13 ബജറ്റുകള്‍ അവതരിപ്പിച്ചയാളാണ്. 14ാം ബജറ്റിന് നാലുമാസം മാത്രം ബാക്കിനില്‍ക്കെയാണ് മന്ത്രിപദം രാജിവെച്ച് മാണി ഇറങ്ങിപ്പോകുന്നത്. കൃത്യം ഒരു വര്‍ഷം മുമ്പ്, 2014 ഒക്ടോബറില്‍, ഒരു ബാര്‍ ഹോട്ടലുടമാനേതാവ് മാണി കോഴ വാങ്ങി എന്നു പറഞ്ഞപ്പോള്‍ പതിറ്റാണ്ടുകളിലൂടെ കെട്ടിപ്പടുത്ത പ്രതിച്ഛായ ശീട്ടുകൊട്ടാരംപോലെ തകര്‍ന്നടിയുന്നതാണ് കേരളം കണ്ടത്. കെ.എം. മാണിയുടെ യഥാര്‍ഥ മുഖം പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു. മാണി ബജറ്റുകള്‍ വില്‍ക്കാറുണ്ടെന്നും സ്വര്‍ണം മുതല്‍ കോഴി വരെ ബിസിനസ് നടത്തുന്നവര്‍ക്ക് നികുതി ഇളവ് വാഗ്ദാനം ചെയ്ത് കോടികള്‍ കോഴ വാങ്ങാറുണ്ടെന്നും ആരോപണം ഉയര്‍ന്നു.

14ാം ബജറ്റിന് നാലുമാസം മാത്രം ബാക്കിനില്‍ക്കെയാണ് മന്ത്രിപദം രാജിവെച്ച് മാണി ഇറങ്ങിപ്പോകുന്നത്.


അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറക്കാന്‍ സഹായിക്കാമെന്ന ഉറപ്പില്‍ മാണിക്ക് കോഴ നല്‍കിയെന്നാണ് ബാറുടമാസംഘം നേതാവ് ബിജു രമേശ് വെളിപ്പെടുത്തിയത്. ഇതേസമയംതന്നെ, ബാറുകള്‍ തുറക്കാതിരിക്കാനും മാണി കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍ വന്നു. കോഴയാരോപണങ്ങളുടെ കൊടുങ്കാറ്റാണ് തൊട്ടുപിന്നാലെ ചീറിയടിച്ചത്. മാണി എന്നാല്‍ കോഴ, കോഴ എന്നാല്‍ മാണി എന്ന നിലയിലായി കാര്യങ്ങള്‍. തെരുവില്‍ കൊച്ചുകുട്ടികള്‍ വരെ വിളിച്ചുപറഞ്ഞു കെ.എം. മാണി കൈക്കൂലിക്കാരനാണെന്ന്!
അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ധനമന്ത്രിപദവും ആഭ്യന്തരമന്ത്രി പദവുമൊക്കെ അലങ്കരിച്ചിട്ടുള്ള കെ.എം. മാണിക്ക് കേരളത്തിന്‍െറ മുഖ്യമന്ത്രി ആകാന്‍ കഴിഞ്ഞില്ളെന്നതു വലിയൊരു പോരായ്മയായി പലരും വിലയിരുത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭക്ക് പിന്തുണ പിന്‍വലിച്ച് എല്‍.ഡി.എഫില്‍ ചേക്കേറാന്‍ ഇടക്കാലത്ത് മാണിയില്‍ ആഗ്രഹം കലശലായി. അസാധാരണമായൊരു അടുപ്പം സി.പി.എമ്മും മാണിയും തമ്മില്‍ രൂപപ്പെട്ടുവന്നു. മാണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപവത്കരിച്ച് പുറമെനിന്നു പിന്തുണ കൊടുത്താലോ എന്നൊരാശയം ചില സി.പി.എം നേതാക്കളില്‍ ഉടലെടുത്തു. ഇതിന് പക്ഷേ, പാര്‍ട്ടിയില്‍ വേണ്ടത്ര സ്വീകാര്യത കിട്ടിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ മുന്നണി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരുകയോ യു.ഡി.എഫില്‍നിന്നു ജനപിന്തുണയുള്ള ഒരു പാര്‍ട്ടിയെ അടര്‍ത്തിയെടുക്കുകയോ ചെയ്താലേ സംസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ കഴിയൂ എന്ന ചിന്ത സി.പി.എം നേതാക്കളെ അലട്ടി. അതിന്‍െറ ഭാഗമായി രഹസ്യനീക്കങ്ങള്‍ പുരോഗമിക്കവെയാണ് ഇടിമിന്നല്‍പോലെ ബാര്‍ കോഴ വിവാദം പൊട്ടിവീണത്. തനിക്കെതിരായ ആരോപണത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.എം. മാണി ആവര്‍ത്തിച്ചുപറയുന്നതിന്‍െറ പൊരുള്‍ ഇതാണ്. പക്ഷേ, ആരാണ് ഗൂഢാലോചന നടത്തിയതെന്നു പറയാന്‍ മാണി അശക്തനാണ്. കാരണം, യു.ഡി.എഫ് അല്ലാതെ പോകാന്‍ മറ്റൊരിടം അദ്ദേഹത്തിനില്ല. മദ്യ കോഴയില്‍ മൂക്കറ്റം മുങ്ങിയിട്ടും യു.ഡി.എഫും ഉമ്മന്‍ ചാണ്ടിയും മാണിയെ സംരക്ഷിച്ചുപോരുകയായിരുന്നു. അതിന്‍െറ പേരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ വില കൊടുക്കേണ്ടിവരുകയും ചെയ്തു. മാണി മന്ത്രിയായി തുടരുന്ന ഓരോ നിമിഷവും തകരുന്നതു കോണ്‍ഗ്രസിന്‍െറ അന്തസ്സും വിശ്വാസ്യതയുമാണെന്ന് അറിയാത്ത നേതാക്കളല്ല ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനും. എത്ര അപമാനം സഹിച്ചാലും രാജിവെക്കില്ല എന്ന് മുമ്പൊരിക്കല്‍ പരസ്യ പ്രഖ്യാപനം നടത്തിയ ഉമ്മന്‍ ചാണ്ടിക്ക് മാണിയെ രാജിവെപ്പിക്കാനുള്ള ധാര്‍മികത കൈമോശം വന്നിരുന്നു. രമേശ് ചെന്നിത്തലയും സുധീരനും ഈ വിഷയത്തില്‍ ഒട്ടകപ്പക്ഷിനയം അവലംബിക്കുകയും ചെയ്തു. എന്തിനേറെ, ആദര്‍ശ ധീരനായ എ.കെ. ആന്‍റണിക്കുപോലും മാണി രാജിവെക്കുന്നതാണ് ഉചിതമെന്നുപറയാന്‍ കഴിഞ്ഞില്ല. ധാര്‍മികത വ്യക്തിപരമാണെന്ന പുതിയ ഒരു സിദ്ധാന്തം അവതരിപ്പിക്കുകയാണ് പൊതുജീവിതത്തില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ആന്‍റണി ചെയ്തത്.
കേരളത്തിലെ ജനാധിപത്യ വിശ്വാസികളെ അവമതിക്കുകയും അവഹേളിക്കുകയുമാണ് രാജിക്കാര്യം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയതിലൂടെ കെ.എം. മാണി ചെയ്തത്. അഴിമതിക്കേസില്‍ രാജിവെച്ചയാള്‍ എന്ന് ചരിത്രം തന്നെ രേഖപ്പെടുത്തുമെന്ന മാണിയുടെ ഭീതിയാകാം ഇതിന് പിന്നില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി കിട്ടിയപ്പോള്‍ മാണിയുടെ കേരള കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. അതോടെ ബാര്‍ കോഴ അപ്രസക്തമായെന്ന പ്രചാരണം മാണിയുടെ ആളുകള്‍ അഴിച്ചുവിട്ടിരുന്നു. എന്നാല്‍, ഹൈകോടതി വിധിയും കോടതി നടത്തിയ അഭിപ്രായ പ്രകടനങ്ങളും മാണിക്ക് മുഖമടച്ച് കിട്ടിയ പ്രഹരമായി. ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീംകോടതിയില്‍നിന്ന് അഭിഭാഷകനെ കൊണ്ടുവന്ന് മാണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നീതിയുടെ മുഖം മൂടാന്‍ കഴിഞ്ഞില്ല.
പോകാന്‍ മറ്റൊരു വഴി ഇല്ലാത്തതിനാല്‍ മാണി രാജിവെച്ചാലും കേരള കോണ്‍ഗ്രസിന് യു.ഡി.എഫില്‍ തുടരാതെ വയ്യ. തന്നോടൊപ്പം മന്ത്രി പി.ജെ. ജോസഫും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവെച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന മാണിയുടെ ‘ആഗ്രഹവും’ പാര്‍ട്ടിയില്‍ പൂര്‍ണമായി അംഗീകരിക്കപ്പെടാതെ പോയി. തോമസ് ഉണ്ണിയാടന്‍ മാത്രമാണ് രാജിവെച്ചത് (മാണിയോടൊപ്പം ഉണ്ണിയാടന്‍ സതി അനുഷ്ഠിച്ചുവെന്ന് സോഷ്യല്‍ മീഡിയ). കോഴ കേസില്‍ എന്തു ഐക്യദാര്‍ഢ്യം എന്ന ചോദ്യം ഉയരാന്‍ അതിടയാക്കി. ഈ സംഭവം കേരള കോണ്‍ഗ്രസിലെ ഗ്രൂപ്പിസം ഒരിക്കല്‍കൂടി മറനീക്കി പുറത്തുകൊണ്ടുവരികയും ചെയ്തു. ആറ് വര്‍ഷം മുമ്പ്, മാണിയും പി.ജെ ജോസഫും പി.സി ജോര്‍ജും ചേര്‍ന്ന് രൂപം നല്‍കിയ ‘ഐക്യ കേരള കോണ്‍ഗ്രസി’ല്‍നിന്ന് ജോര്‍ജ് ഇതിനകം തന്നെ പുറത്തുവന്നുകഴിഞ്ഞിരിക്കുന്നു. രാജിയില്ളെന്ന് വ്യക്തമാക്കിയ ജോസഫ് തങ്ങള്‍ വേറെ ഗ്രൂപ്പാണെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍, പാര്‍ട്ടി മറ്റൊരു പിളര്‍പ്പിനെ അഭിമുഖീകരിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
കെ.എം. മാണിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്‍െറ രാഷ്ട്രീയ ജീവിതത്തിലെ ദുരന്തപൂര്‍ണമായ അധ്യായമാണിത്. 82 കാരനായ മാണിക്ക് ഇനി തിരിച്ചുവരവ് സാധ്യമാണെന്ന് കരുതാനാവില്ല. അമ്പതു കൊല്ലം നിയമസഭാംഗവും ഏറ്റവും കൂടുതല്‍ കാലം മന്ത്രിയുമായിരുന്ന ഒരാള്‍ക്ക് ഇത്ര അന്തസ്സുകെട്ട് പുറത്തുപോകേണ്ടിവരുക എന്നതു ചരിത്രനിയോഗമാകാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.