ധീരനായ തട്ടാനും സ്ഥാനാര്‍ഥി പട്ടികയിലെ മുക്കുപണ്ടങ്ങളും

‘അറിഞ്ഞോ, തട്ടാന്‍ തട്ടി...’ സത്യന്‍ അന്തിക്കാടിന്‍െറ ‘പൊന്‍ മുട്ടയിടുന്ന താറാവി’ല്‍ വെളിച്ചപ്പാടായ ജഗതി ശ്രീകുമാറിന്‍െറ ഡയലോഗ് ആരും മറന്നുകാണില്ല. തന്നെ വഞ്ചിച്ച പഴയ കാമുകി സ്നേഹലത (ഉര്‍വശി) നല്‍കിയ സ്വര്‍ണമാല വില്‍ക്കാന്‍ കൊണ്ടുവന്ന ഭര്‍ത്താവ് പവിത്രനോട് (ജയറാം) തട്ടാന്‍ ഭാസ്കരന്‍ (ശ്രീനിവാസന്‍) ആ സത്യം പറയുന്നു- ‘ഇത് സ്വര്‍ണമല്ല, മുക്കാ; വെറും മുക്ക്’. ഇതുകേട്ട് ആവേശംകൊണ്ട് ഉറഞ്ഞുതുള്ളി വെള്ളിച്ചപ്പാട് നാടാകെ ഓടിനടന്ന് പറഞ്ഞു: ‘അറിഞ്ഞോ, തട്ടാന്‍ തട്ടി’.

സിനിമയില്‍ വഴിത്തിരിവാണ് തട്ടാന്‍ ഭാസ്കരന്‍െറ ആ തട്ട്. പിന്നീടുണ്ടായത് പുകിലാണ്. തട്ടാനെ പ്രതിരോധിക്കാന്‍ സ്നേഹലതയുടെ അച്ഛന്‍ പണിക്കരും(ഇന്നസെന്‍റ്), അമ്മ പണിക്കത്തിയും(കെ.പി.എ.സി. ലളിത) ഒന്നിച്ചുനിന്ന് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒരു കലാപം തടയാന്‍ ആയില്ല. തട്ടാന്‍ ഭാസ്കരനെയും പവിത്രനെയും അനുകൂലിക്കുന്നവര്‍ ചേരിതിരിഞ്ഞ് തല്ലി. ഈ സിനിമാ കഥയെ അനുസ്മരിപ്പിക്കുന്നതാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസില്‍ നടന്ന സംഭവ വികാസങ്ങള്‍. തട്ടാന്‍ ഭാസ്കരന് പകരം തട്ടിയത് സുധീര തട്ടാനാണെന്ന് മാത്രം. വെളിച്ചപ്പാടിന്‍െറ റോളില്‍ മാധ്യമങ്ങളും.

പണിക്കരുടെയും പണിക്കത്തിയുടെയും റോള്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുത്തെങ്കിലും കലാപം തടയാനാവുമെന്ന് തോന്നുന്നില്ല. ഇനി എങ്ങനെ മാറിമറിഞ്ഞാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമായും പുറത്തിറങ്ങിയാല്‍ പൊരിഞ്ഞ അടി ഉറപ്പ്. സത്യം പറഞ്ഞില്ളെങ്കില്‍ വാപ്പ പട്ടിയിറച്ചി കഴിക്കും സത്യം പറഞ്ഞാല്‍ വാപ്പ ഉമ്മാനെ തല്ലും എന്ന ധര്‍മസങ്കടത്തിലാണിപ്പോള്‍ പാര്‍ട്ടി.
വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത് ‘തട്ടാന്‍’ തന്നെ. അല്ളെങ്കിലും വാര്‍ത്ത സൃഷ്ടിക്കാനും അതിന് ആദര്‍ശമേലങ്കി അണിയിക്കാനും ധീരനും വീരനുമായ സുധീരന്‍ പണ്ടേ മിടുക്കനാണ്. പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോഴൊക്കെ ഈ ജാതി ‘ആദര്‍ശം’ പ്രയോഗിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ റൂളിങ് പ്രയോഗത്തിലൂടെയായിരുന്നു ഇത്. പിന്നീട് സ്പീക്കറുടെ ഷോക്കോസ് നോട്ടീസ് കൈപ്പറ്റാന്‍ സ്വന്തം ജില്ലാ ആസ്ഥാനത്തെ ഹെഡ് പോസ്റ്റ്ഓഫിസില്‍ എത്തിയതും വാര്‍ത്തയായി.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാധ്യമപ്പടയെ കണ്ട് അദ്ദേഹം ‘അന്ധാളിച്ചു’. ‘ഹോ, ഇത് നിങ്ങളെങ്ങനെ അറിഞ്ഞു’ എന്നുചോദിച്ച് ആശ്ചര്യമടയുകയും ചെയ്തു. കൂട്ടത്തില്‍ ഏതോ മാധ്യമ വിദ്വാന്‍ ഗവേഷണം നടത്തിയപ്പോള്‍ തൃശൂരിലേക്ക് പുറപ്പെടുന്നത് അനന്തപുരിയിലെ മാധ്യമ സുഹൃത്തുക്കളെ അറിയിച്ചിരുന്നതായി കണ്ടത്തെിയത്രെ. വിവരം മറ്റുള്ളവര്‍ അറിഞ്ഞ വഴി രജനീകാന്ത് പറയുംപോലെ ‘തനീ വഴി’ ആയിരുന്നുവെന്ന് അങ്ങനെയാണ് പാട്ടായത്.

ഏതായാലും ആളൊരു കില്ലാടിതന്നെ. അല്ളെങ്കില്‍ ഒറ്റ തട്ടിന് സാക്ഷാല്‍ ‘ഒസി’യെ വരെ വീഴ്ത്തിക്കളഞ്ഞില്ളേ! ഇതെല്ലാം അങ്ങേരെ ലഷ്യംവെച്ചാണെന്ന് പറയുന്നതെല്ലാം കുശുമ്പ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെ പലതവണ ആയില്ളെ,  മാറി നിന്നൂടെ എന്നുപറഞ്ഞത് വി.എസിനോടല്ല,  ‘ഒസി’യോടാണെന്ന് വായിക്കുന്നവരാണ് തെറ്റുകാര്‍. വേല വേലപ്പനോടുവേണ്ട എന്നാണ് ഡ്രിബ്ളിങ് വിദഗ്ധനായ ഉമ്മന്‍ ചാണ്ടിയുടെ ലൈന്‍. സരിതയുടെ പേരിലാണെങ്കിലും മറ്റെന്തിന്‍െറ പേരിലാണെങ്കിലും ഞാന്‍ മാറാം എന്ന് അദ്ദേഹം പറയുന്നതിന്‍െറ പൊരുള്‍ അതാണ്. കാണ്‍ണല്ളൊ ഒരു കളി.

അപ്പൊ മേന്‍നെ; ഒരു സന്ദേഗം: അങ്ങനെയിപ്പൊ അങ്ങേരെ മാറ്റ്വോ? നിപ്പൊ മാറ്റീച്ചാല്‍ മ്മടെ ക്യാപ്റ്റന്‍ ആരാവും?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.