ചലനാത്മകത കാമ്പസുകളുടെ മുഖമുദ്രയാണ്. അവ പ്രബുദ്ധതയാല്‍ അനുഗ്രഹിക്കപ്പെട്ട ആലയങ്ങളാകുന്നു. ജെ.എന്‍.യു കാമ്പസാകട്ടെ, സ്നേഹോഷ്മളതയുടെ ആശിസ്സുകളും സ്വന്തമാക്കിയിരിക്കുന്നു. മാര്‍ച്ച് അവസാനത്തില്‍ അവിടം സന്ദര്‍ശിച്ചപ്പോഴാണ് എനിക്ക് അക്കാര്യം ബോധ്യമായത്. ജനകീയ ചരിത്രകാരനായ ബിപന്‍ ചന്ദ്രയുടെ സ്മരണക്കുവേണ്ടി അവര്‍ ഒരു മുഴുവന്‍ ദിവസം മാറ്റിവെച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച് സവിശേഷപഠനം നടത്തിയ ബിപന്‍ ചന്ദ്ര ജെ.എന്‍.യുവില്‍ ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെ.എന്‍.യുവിലെ ചരിത്രപഠനകേന്ദ്രമായിരുന്നു പരിപാടിയുടെ സംഘാടകര്‍.
കണ്‍വെന്‍ഷന്‍ കേന്ദ്രത്തിലും ചുറ്റുപാടുകളിലും പ്രസന്നമായ അന്തരീക്ഷം നിലനിന്നു. വിദ്യാര്‍ഥികളും അധ്യാപകരും നിറഞ്ഞ പ്രസരിപ്പോടെ പരിപാടിയില്‍ സംബന്ധിക്കാനത്തെി. സംവാദങ്ങള്‍, ലഘുനാടകങ്ങള്‍, പ്രഭാഷണങ്ങള്‍. ബഹുസ്വരതയുടെ പൈതൃകം കോട്ടംതട്ടാതെ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കുന്ന വൈവിധ്യമാര്‍ന്ന ചടങ്ങുകള്‍. കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുടെ പ്രസംഗങ്ങള്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ആലോചനാമൃതങ്ങളായി. മൂവരും 10 മിനിറ്റ് വീതം സംസാരിച്ചു. രാജ്യത്തിന്‍െറ അടിസ്ഥാന യാഥാര്‍ഥ്യങ്ങളായിരുന്നു അവര്‍ ഹ്രസ്വവാക്യങ്ങള്‍ വഴി കുറിച്ചിട്ടത്. അനിര്‍ബന്‍ കശ്മീരിലെ സ്ഥിതിവിശേഷങ്ങളിലേക്കുകൂടി ശ്രോതാക്കളുടെ ശ്രദ്ധ ക്ഷണിച്ചു.
കശ്മീര്‍ സംസ്ഥാനത്ത് നിര്‍ബാധം തുടരുന്ന കുരുതികളെക്കുറിച്ചും യുവജനങ്ങള്‍ വ്യാജ ഏറ്റുമുട്ടലുകള്‍ വഴിയും അല്ലാതെയും വധിക്കപ്പെടുന്നതിനെക്കുറിച്ചും അനിര്‍ബന്‍ വിശദീകരിച്ചു. വളരെ ഉത്തരവാദിത്ത ബോധത്തോടെയായിരുന്നു വിദ്യാര്‍ഥികള്‍ സംസാരിച്ചത്. അവരുടെ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്‍െറ തിളക്കം പ്രകടമായിരുന്നു. ബന്ധങ്ങളില്‍ ഫാക്കല്‍റ്റി അധ്യാപകരും വിദ്യാര്‍ഥികളും പുലര്‍ത്തുന്ന വാത്സല്യനിര്‍ഭരമായ പാരസ്പര്യമാണ് എന്നെ ആകര്‍ഷിച്ച മറ്റൊരു ഘടകം. കാമ്പസുകളിലുടനീളം പ്രത്യക്ഷമാകേണ്ട ഈ പരസ്പര ഐക്യം ഇപ്പോള്‍ ഒരിടത്തും കാണാനില്ല. ഇത്തരം ഒരുമ അപൂര്‍വതയാണെന്ന കാര്യവും ഞാന്‍ ഓര്‍മിക്കുകയുണ്ടായി. പ്രഫസര്‍ മൃദുല മുഖര്‍ജി, പ്രഫ. ആദിത്യ മുഖര്‍ജി, പ്രഫ. മഹാലക്ഷ്മി, പ്രഫ. രാകേഷ് ബട്ടബിയാന്‍ തുടങ്ങിയ അക്കാദമിക്കുകള്‍ സന്തോഷപൂര്‍വം ആ സദസ്സില്‍ ഇരിക്കുന്നുണ്ടായിരുന്നു.
ഫാഷിസം ഉന്മാദരീതികള്‍ അവലംബിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും അക്കാദമിക് വിദഗ്ധരും ഇത്തരമൊരു ഊഷ്മള ഐക്യം സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് അത്യധികം അനുപേക്ഷണീയമാണ്. കാമ്പസിന്‍െറ ബൗദ്ധിക നിലവാരവും ബഹുസ്വരമൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്‍െറ ആവശ്യകത വര്‍ധിച്ചതായി പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. വക്രീകരിച്ച ആശയങ്ങള്‍കൊണ്ട് വിദ്യാര്‍ഥികളെ ആക്രമിക്കുന്നത് ശരിയല്ല. ദേശീയത എന്ന സങ്കല്‍പത്തെ സങ്കുചിതമാക്കി അവതരിപ്പിക്കുന്ന രീതിയോടും യോജിക്കാനാകില്ല. ജനാധിപത്യത്തെ പ്രതിരോധിക്കുക എന്ന ഉദ്ദേശ്യത്തോടത്തെന്നെയാണ് ബിപന്‍ ചന്ദ്ര എന്ന ബുദ്ധിജീവിയെ ആദരവോടെ അനുസ്മരിക്കുന്നതെന്നും പ്രസംഗകര്‍ വിശദീകരിച്ചു.
ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ അടിച്ചേല്‍പിക്കുന്ന വികല ദേശീയവാദത്തെ പ്രതിരോധിക്കാന്‍ പ്രസംഗകര്‍ ആഹ്വാനംചെയ്തു. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, രവീന്ദ്രനാഥ ടാഗോര്‍, ബി.ആര്‍. അംബേദ്കര്‍, മൗലാനാ ആസാദ് തുടങ്ങിയവര്‍ ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയിലും ജനാധിപത്യത്തിലും ഊന്നുന്ന ദേശീയതയാണ് ഇന്ത്യക്ക് അനിവാര്യമെന്നും അവര്‍ വ്യക്തമാക്കി. ബിപന്‍ ചന്ദ്രയുടെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഉദ്ധരിക്കാം: ‘സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍െറ പൈതൃകം ഇന്ത്യയില്‍ ദീര്‍ഘകാലം നിലനിന്നേക്കും. എന്നാല്‍, എത്ര ശക്തമായ പൈതൃകങ്ങളും നവീനാശയങ്ങളാല്‍ ബലപ്പെടുത്താത്തപക്ഷം ക്ഷയോന്മുഖവും അപ്രസക്തവുമായി പരിണമിക്കാനുള്ള സാധ്യതയും ഏറെയാണ്.’ ഈ കുറിപ്പ് തയാറാക്കിക്കൊണ്ടിരിക്കെ ഡല്‍ഹിയില്‍ മൂന്ന് മദ്റസാ വിദ്യാര്‍ഥികള്‍ക്കുനേരെ കൈയേറ്റമുണ്ടായി. പാര്‍ക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കുട്ടികളെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്ന് കരുതുന്ന ഗുണ്ടകള്‍ വളഞ്ഞുപിടിച്ച് നിര്‍ബന്ധപൂര്‍വം ഭാരത് മാതാ കീ ജയ് വിളിപ്പിക്കുകയായിരുന്നു.
ഇത്ര ചെറിയ കുട്ടികള്‍ക്കുനേരെ പോലും അക്രമമഴിച്ചുവിടുന്നതിനെതിരെ ബാലാവകാശ കമീഷനും മനുഷ്യാവകാശ കമീഷനും കേസുകള്‍ രജിസ്റ്റര്‍ ചെയ്യണം. കുട്ടികള്‍ക്കു നേരെ നടന്ന ആക്രമണങ്ങള്‍ ഇനി മുതിര്‍ന്നവര്‍ക്കു നേരെയും ആവര്‍ത്തിക്കപ്പെട്ടാല്‍ അതിശയിക്കാനില്ല. ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്നതിന് സംഘ്പരിവാരം കണ്ടത്തെിയ മറ്റൊരു കൗശലം മാത്രമാണ് അമിത ദേശീയതാവാദം. ഭാരതാംബക്ക് ജയ് വിളിക്കാത്തവരെ ഒന്നടങ്കം ദേശവിരുദ്ധരായി മുദ്രകുത്തുന്ന തന്ത്രം. വലതുപക്ഷത്തിന്‍െറ ഇത്തരം കുത്സിതരീതികള്‍ എതിര്‍ത്ത് തോല്‍പിക്കപ്പെടണം. രാജ്യത്തെ ധ്രുവീകരിക്കുന്നതിനുവേണ്ടി കപടനാടകമാടുന്ന വലതുപക്ഷ ശക്തികള്‍ക്ക് ദേശസ്നേഹികള്‍ എന്ന് സ്വയം അവകാശപ്പെടാന്‍ എന്തവകാശമാണുള്ളത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.