ചെലവെത്ര? പയറഞ്ഞാഴി !

തെരഞ്ഞെടുപ്പ് അത് എവിടെ നടന്നാലും രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്വകാര്യമായി കണക്കുകൂട്ടുന്ന ഏറ്റവും പരമ പ്രധാന കാര്യം ചെലവിനെക്കുറിച്ചാണ്. പണമില്ളെങ്കില്‍ ഏത് പാര്‍ട്ടിയും മുന്നണിയും പിണമാകുന്ന കാലമാണിത്. എന്നാല്‍, അതേക്കുറിച്ച് ഏത് അഴിമതി വിരുദ്ധനും ഒന്നും ഉരിയാടാറില്ല. പറയാന്‍ പാടില്ലാത്തതുപോലെ, അറിഞ്ഞാല്‍ മിണ്ടാന്‍ പാടില്ലാത്തതാകുന്നു ചെലവിന്‍െറ കാര്യം.
ലാവലിന്‍ അഴിമതി മുതല്‍ സോളാര്‍ വഴി മെത്രാന്‍ കായലില്‍ ചെന്നുചാടുന്ന അഴിമതിക്കഥകളൊക്കെ ഇടതു-വലതു ക്രമമനുസരിച്ച് ചര്‍ച്ചചെയ്താലും തെരഞ്ഞെടുപ്പെന്ന ഉത്സവപ്പറമ്പിലൂടെ ഒഴുകുന്ന പണത്തെക്കുറിച്ച് ആര്‍ക്കും ഒരു നിശ്ചയവുമില്ല.
തെക്കായാലും വടക്കായാലും കേരളത്തിലെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലാണ് അരിയെത്ര? പയറഞ്ഞാഴി എന്നത്. ചെലവിനെക്കുറിച്ച് ചോദിച്ചാല്‍ കിട്ടുന്ന മറുപടി ‘പയറഞ്ഞാഴി’ എന്നായിരിക്കും. ആര്‍ക്കും പിടികൊടുക്കാത്ത ഉത്തരം.
സാക്ഷാല്‍ ഇലക്ഷന്‍ കമീഷനും ഇതരസംസ്ഥാനത്തുനിന്ന് പറന്നുവരുന്ന നിരീക്ഷകരും ചോദിച്ചാലും ഇവിടെ കുറെക്കാലമായി കിട്ടുന്ന മറുപടി മറ്റൊന്നല്ല - പയറഞ്ഞാഴി.
കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളുടെ അനുഭവമുള്ളവരാണ് മത്സരരംഗത്തുള്ള പാര്‍ട്ടികള്‍.
എന്നാല്‍, ചെലവിനെക്കുറിച്ച് ചോദിച്ചാല്‍ ഇപ്പോഴത്തെ ചൂടിനെ കുറിച്ചായിരിക്കും പ്രധാന വര്‍ത്തമാനം. അല്ളെങ്കില്‍ വിയര്‍പ്പിനെക്കുറിച്ച് പറഞ്ഞുകോണ്ടേയിരിക്കും.
ഒരു നിയമസഭാ മണ്ഡലത്തില്‍ 20 മുതല്‍ 28 ലക്ഷം രൂപ വരെ ചെലവുചെയ്താലും അത് കടലില്‍ കായം കലക്കിയതുപോലെയായിരിക്കും.
അപ്പോള്‍ യഥാര്‍ഥ ചെലവിന്‍െറ ഗ്രാഫ് എല്ലായിപ്പോഴും മുകളിലാണെന്ന് സാരം. അന്വേഷണ തുരപ്പന്മാര്‍ ആരുംതന്നെ അതേക്കുറിച്ച് ഒന്നു തുരന്നുനോക്കാന്‍ തയാറല്ല.
തൊട്ടതിനും പിടിച്ചതിനും ടി.വിയില്‍ ചര്‍ച്ച നയിക്കുന്നവരും രാഷ്ട്രീയക്കാരെ കളിയാക്കി സ്വയം കൃതാര്‍ഥരാവുന്നവരുമെല്ലാം ചെലവിനെക്കുറിച്ചു ചോദിച്ചാല്‍ 1957ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചായിരിക്കും പറയുക. അല്ളെങ്കില്‍ വിമോചനസമരത്തെക്കുറിച്ച്.
പ്രചാരണത്തിനും മറ്റുമായി ബഹു ലക്ഷങ്ങളും കോടികളും ചെലവുവരുമെന്ന് ഒരു സ്ഥാനാര്‍ഥിയും പറയില്ല. പറഞ്ഞാല്‍ കുടുങ്ങും. അപ്പോള്‍പ്പിന്നെ ചെലവിന്‍െറ കണക്ക് പരമാവധി കുറച്ചുകാണിക്കുക. ചെലവ് ചോദിക്കുന്നവര്‍ക്കുമുന്നില്‍ ‘പയറഞ്ഞാഴി’ പറഞ്ഞ് മലക്കംമറിയുക. അതിനെല്ലാമൊരു ജനാധിപത്യ രീതിയുണ്ട്. അതു പ്രകാരം തലകുത്തിമറിയുക.
വാഹനമോടിയ വകയിലും ചെറിയ നോട്ടീസും പോസ്റ്ററുകളും അച്ചടിച്ച വകയിലും മുറിയെടുത്തതിനും വാര്‍ത്താപ്രചാരണത്തിന് പത്രക്കുറിപ്പ് തയാറാക്കിയതിനും മറ്റും ചെറിയ ചെലവുകളെഴുതി അത് തട്ടി ക്കൂട്ടി നല്‍കിയാല്‍ ചെലവ് ബോധിപ്പിക്കലായി.
പണം മാത്രമല്ല, ഭക്ഷണം, വസ്ത്രം അടക്കം വോട്ടര്‍മാരെ സ്വാധീനിക്കുംവിധം ഒരു വാഗ്ദാനം നല്‍കിയാല്‍പോലും അത് കുറ്റകൃത്യമാണ്. റെപ്രസന്‍േറഷന്‍ ഓഫ് പീപ്ള്‍സ് ആക്ടില്‍ കുരുങ്ങിയാല്‍ പണി പാളും. തെരഞ്ഞെടുപ്പ് ഹരജിക്കും അതില്‍ പഴുതുണ്ട്.
ഇത്തവണ പലയിടത്തും പണമുള്ളവരും ബിസിനസുള്ളവരും പിടിപാടുള്ളവരും പുതുമുഖങ്ങളായി വന്നപ്പോള്‍, ശുദ്ധന്മാരായ അണികള്‍ നേതാക്കളോട് ചോദിച്ചു...
‘പിന്നെ, ചെലവ് ആരു വഹിക്കുമെന്ന്’ നേതാക്കളുടെ മറു ചോദ്യത്തിനുമുന്നില്‍ അണികളുടെ ബുദ്ധി തെളിഞ്ഞു.
പണമില്ലാത്തവന്‍ മത്സരിച്ചാല്‍ നക്ഷത്രമെണ്ണും.
പണമുള്ളവന്‍ മത്സരിച്ചാല്‍ പണം പെയ്യും.
ഈ തിരിച്ചറിവ് ലഭിക്കാത്തവര്‍ പ്രകടനം നടത്തുന്നു, ചുമരില്‍ കുത്തിവരക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT