കെ.ആര്‍. ഗൗരിയമ്മ കൊടിതാഴ്ത്തട്ടെ

കെ.ആര്‍. ഗൗരിയമ്മയോട് കൊടി താഴെ വെക്കാന്‍ പറയാന്‍ ഞാന്‍ ആളല്ല. ‘മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം’ എന്നു പറഞ്ഞ ബാലചന്ദ്രന്‍ ചുള്ളിക്കാടും അതിനാളാണ് എന്ന് ഞാന്‍ കരുതിയിട്ടില്ല. ബാലചന്ദ്രന്‍െറ വാക്കുകള്‍ ഉണ്ടായത് ഗൗരിയമ്മയുടെ ജീവിതത്തില്‍ ഒരു വലിയ രാഷ്ട്രീയമാറ്റം സംഭവിച്ച ഘട്ടത്തിലായിരുന്നു. അദ്ദേഹം പറഞ്ഞതുപോലെ കൊടി താഴെവെച്ച് കാവുതീണ്ടാനല്ല അപ്പോള്‍ ഗൗരിയമ്മ തീരുമാനിച്ചത്. പഴയകൊടി ഉപേക്ഷിച്ചു പുതിയതൊന്നെടുക്കാനും കൂടുതല്‍ ആവേശത്തോടെ പൊരുതാനുമാണ്. അങ്ങനെയാണ് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) ഉണ്ടായത്.

സി.പി.എമ്മിലെ കടുത്ത അഴിമതികള്‍ക്കെതിരെ ആയിരുന്നു ഗൗരിയമ്മയുടെ ആദ്യകലാപം. അതേക്കുറിച്ച് അവര്‍ പറയുന്നത് പലതവണ ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്. പക്ഷേ, അത് ഇപ്പോള്‍ കേള്‍ക്കുന്നത് പോലെയുള്ള അഴിമതിക്കഥകള്‍ ആയിരുന്നില്ല. പ്രധാനമായും ട്രേഡ് യൂനിയന്‍ നേതൃത്വമായിരുന്നു വിമര്‍ശിക്കപ്പെട്ടിരുന്നത്. അവര്‍ സ്വത്ത് കുന്നുകൂട്ടുന്നതിനെക്കുറിച്ചും മക്കളുടെ ആര്‍ഭാടവിവാഹങ്ങള്‍ നടത്തുന്നതിനെക്കുറിച്ചും സി.പി.എം നേതാക്കളുടെ  ബന്ധുക്കള്‍ക്ക് അന്യായമായി ജോലികള്‍ തരപ്പെടുത്തി കൊടുക്കുന്നതിനെക്കുറിച്ചും പ്രാദേശിക നേതാക്കള്‍ നടത്തുന്ന ചെറിയ അഴിമതികളെ ഇ.എം.എസ് ന്യായീകരിക്കുന്നതിനെക്കുറിച്ചുമൊക്കെ  ആയിരുന്നു. ഇതൊക്കെ ചില പത്രസമ്മേളനങ്ങളിലും യോഗങ്ങളിലും അവര്‍ പറഞ്ഞിരുന്നു. ഒറ്റക്ക് അവരെ കാണാന്‍ പോയിട്ടില്ല. അന്നത്തെ എന്‍െറ രാഷ്ട്രീയസുഹൃത്തുക്കളായിരുന്ന കെ.ജി. ജഗദീശന്‍, ലാല്‍ കോയിപ്പറമ്പില്‍, കെ. വേണു, കെ. അജിത, പ്രസാദ് തുടങ്ങി പലരോടുമൊപ്പം ചാത്തനാട്ടെ ഗൗരിയമ്മയുടെ വീട്ടില്‍ പോവുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിട്ടുണ്ട്.  എന്‍െറ അയല്‍ക്കാരി ആയിരുന്നതിനാല്‍ വളരെ ചെറുപ്പം മുതലേ എനിക്ക് അറിയാവുന്ന വീടാണ്. എന്നാല്‍, ഗൗരിയമ്മ യു.ഡി.എഫിന്‍െറ ഭാഗമായശേഷം അവിടെ പോയിട്ടില്ല. യു.ഡി.എഫ്-എല്‍.ഡി.എഫ് രാഷ്ട്രീയം എപ്പോഴും വിമര്‍ശാത്മകമായ ദൂരത്തുനിന്നു കാണാറേയുള്ളൂ.

അഴിമതി ‘ആശയപരമായ’ ഒരു കാര്യമായി ഞാന്‍ കരുതിയിട്ടില്ല. ചൈനയില്‍ അഴിമതി ഉണ്ട്. അഴിമതിക്കെതിരെ പോരാടിയ യുവാക്കളെയാണ് അവിടെ ടിയാനന്‍മെന്‍ ചത്വരത്തില്‍ കൂട്ടക്കൊല ചെയ്തത്.  ഇപ്പോള്‍ പാനമ രേഖകള്‍ പുറത്തായപ്പോള്‍ അതിലും ചൈനയിലെ നേതൃത്വവും അവരുടെ ബന്ധുക്കളും ഉള്ളതായി പത്രവാര്‍ത്തകള്‍ കാണുന്നു. വിദ്യാര്‍ഥികളുടെ ചോരകൊണ്ട് ടിയാനന്‍മെന്‍ ചത്വരത്തില്‍ ‘ഇന്‍സ്റ്റലേഷന്‍’ ഒരുക്കിയ നരാധമനായ ആ കമ്യൂണിസ്റ്റും രേഖകളില്‍ ഉണ്ടത്രെ. സോവിയറ്റ് യൂനിയനില്‍ അഴിമതി ഉണ്ടായിരുന്നു. അമേരിക്കയിലും  യൂറോപ്പിലും അഴിമതിയുണ്ട്. ഇന്ത്യയിലെ സര്‍ക്കാറുകളുടെ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും അഴിമതിക്ക് അനേകം മുഖങ്ങളുണ്ട്. പ്രകാശ് കാരാട്ട് മുമ്പ് കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ ഇതു തുറന്നുപറഞ്ഞിരുന്നു. ബി.ജെ.പിക്കും പുറത്തുമുള്ള പല പാര്‍ട്ടികളിലും ധാരാളംപേര്‍ അഴിമതിക്കാരായിട്ടുണ്ട്. ഞങ്ങളെന്തിനു അഴിമതി രാഷ്ട്രീയസഖ്യത്തിനു ഒരു മാനദണ്ഡമായി കണക്കാക്കണം?  അങ്ങനെ വന്നാല്‍ ഞങ്ങള്‍ക്ക് ആരുമായും സഖ്യം ഉണ്ടാക്കാന്‍ കഴിയില്ലല്ളോ’.

ഗൗരിയമ്മയുടെ അഴിമതിവിരുദ്ധ മുദ്രാവാക്യമല്ല, സി.പി.എമ്മില്‍നിന്നു പുറത്തായപ്പോള്‍ അവര്‍ സ്വീകരിച്ച സ്വത്വരാഷ്ട്രീയത്തിന് വലിയ അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു എന്നതായിരുന്നു എനിക്ക് ശ്രദ്ധേയമായി തോന്നിയത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അന്ന് സി.പി.എമ്മില്‍നിന്ന് ജെ.എസ്.എസില്‍ അണിചേര്‍ന്നിരുന്നു. അന്നത്തെ ചില അനുമാനങ്ങളില്‍ ഏകദേശം മൂന്നു ശതമാനം വരെ സി.പി.എം പ്രവര്‍ത്തകരോ അംഗങ്ങളോ ജെ.എസ്.എസിന് ഒപ്പം പോയിരുന്നു. അതൊരു ചെറിയ സംഖ്യയല്ല. അറുപതുകളുടെ ഒടുവില്‍ സി.പി.ഐ -എം.എല്‍ പ്രസ്ഥാനത്തിലേക്ക് പോയത് ഒരു ശതമാനത്തോളം അംഗങ്ങളായിരുന്നു എന്നാണ് ഒരു കണക്ക്. അന്നത് 20,000 ത്തില്‍ അധികം വരും. ആലപ്പുഴയില്‍ മാത്രമല്ല, മറ്റു ജില്ലകളിലും ഗൗരിയമ്മക്ക് സ്വാധീനമുണ്ടായിരുന്നു. എന്നാലും പ്രധാനമായും അത് ഒരു ആലപ്പുഴ പ്രതിഭാസമായിരുന്നു.

എന്‍െറ ഓര്‍മയില്‍ ജെ.എസ്.എസ് ആദ്യം ശ്രമിച്ചത് ഒരു മൂന്നാംമുന്നണി ഉണ്ടാക്കാനാണ്. പി.ഡി.പിയും എസ്.എന്‍.ഡി.പിയുമായി കൈകോര്‍ത്താണ് ആ മുന്നണി ആദ്യം രൂപപ്പെട്ടുവന്നത്. ചില ദലിത്സംഘടനകളും മത്സ്യത്തൊഴിലാളി സംഘടനകളും പരിസ്ഥിതിസംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും സ്ത്രീവാദപ്രവര്‍ത്തകരും ആദിവാസിമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഗൗരിയമ്മയുടെ നേതൃത്വം സ്വീകരിക്കാന്‍ തയാറായിരുന്നു. അതുവരെ മുഖ്യധാരാ രാഷ്ട്രീയത്തിന്‍െറ ഓരങ്ങളില്‍മാത്രം കേട്ടിരുന്ന മുദ്രാവാക്യങ്ങള്‍ ജെ.എസ്.എസിന്‍െറ കൂടി രാഷ്ട്രീയമുദ്രാവാക്യങ്ങള്‍ ആക്കാന്‍ ഗൗരിയമ്മ തയാറായി.    

ആ രാഷ്ട്രീയം ശക്തിപ്രാപിച്ച കാലത്താണ്  ബി.ജെ.പിയും സി.പി.എമ്മും കൂടി ഒത്തുകളിക്കുന്നു എന്ന സംശയം ഉയര്‍ത്തി പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കള്ളക്കേസിന്‍െറ പേരില്‍ സി.പി.എം സര്‍ക്കാര്‍ അറസ്റ്റുചെയ്തു കോയമ്പത്തൂര്‍ സ്ഫോടനക്കേസ് അന്വേഷിച്ചിരുന്ന എസ്.ഐ.ടിക്കു രഹസ്യമായി കൈമാറിയത്. പിന്നാക്ക- ദലിത് മുസ്ലിം ഐക്യം ഉയര്‍ത്തിക്കൊണ്ടുവന്ന മുദ്രാവാക്യങ്ങള്‍ക്ക്് അത് വലിയ തിരിച്ചടിയായി. എന്നാല്‍ എം.വി. രാഘവനെപ്പോലെ യു.ഡി.എഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ഗൗരിയമ്മക്ക് നേട്ടമായി. അവര്‍ക്ക്  സ്വന്തം പാര്‍ട്ടിയെ രാഷ്ട്രീയമായി നിലനിര്‍ത്താന്‍ അത് സഹായകമായി.

എം.വി. രാഘവന്‍ നേരിട്ടതുപോലെ ക്രൂരമായ ആക്രമണങ്ങള്‍ സി.പി.എമ്മില്‍നിന്ന് ഗൗരിയമ്മക്ക് നേരിടേണ്ടിവന്നിട്ടില്ല.  രാഘവനെ ശാരീരികമായിത്തന്നെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ നിന്ദ്യമായി അവഹേളിക്കുകയും അദ്ദേഹത്തിന്‍െറ യോഗങ്ങളില്‍ കല്ളെറിയുകയും ചെയ്യുന്നത് ആദ്യകാലത്ത് പതിവായിരുന്നു. പാപ്പിനിശ്ശേരി ആക്രമണം ഒരു കാലത്തും മറക്കാന്‍ കഴിയുന്നതുമല്ല. പക്ഷേ, ധീരനായ പോരാളി ആയിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ശൗര്യത്തോടെ ഒറ്റക്കും പിന്നീട് യു.ഡി.എഫില്‍ ചേര്‍ന്നും  സി.പി.എം അക്രമങ്ങളെ അദ്ദേഹം നേരിട്ടു. രാഷ്ട്രീയമായി ഒറ്റപ്പെടുമ്പോള്‍, നിലനില്‍പ് അപകടത്തില്‍ ആവുമ്പോള്‍  കോണ്‍ഗ്രസുമായി കൂട്ടുചേരണമെന്ന ഈ ബംഗാള്‍ പാഠം സി.പി.എമ്മിനെ ആദ്യം പഠിപ്പിച്ചത് രാഘവനാണ്. കേരളത്തില്‍ ശക്തമായ ജനാധിപത്യ ചേരി സജീവമായതുകൊണ്ട് സി.പി.എമ്മില്‍നിന്ന് പുറത്തുവരുന്നവര്‍ക്ക്  ഇപ്പോള്‍ ബംഗാളില്‍ സി.പി.എം ചെയ്യുന്നതുപോലെ കോണ്‍ഗ്രസുമായി കൂട്ടുകൂടി രാഷ്ട്രീയമായി നിലനില്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ തുടര്‍ന്നു  പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യമുണ്ട്. ഗൗരിയമ്മ ആ സാഹചര്യത്തെ അതിന്‍െറ രാഷ്ട്രീയമായ അര്‍ഥത്തില്‍ മനസ്സിലാക്കാതിരിക്കുന്നതുകൊണ്ടാണ് സി.പി.എം മുന്നണിയിലേക്ക് പോകാന്‍ ശ്രമിച്ചതും ഇപ്പോള്‍ താന്‍ അപമാനിതയായി എന്ന് പറയുന്നതും.

ആര്‍.എം.പി യും ഈ യാഥാര്‍ഥ്യം  മനസ്സിലാക്കുന്നില്ല. ജനാധിപത്യ ചേരിയുമായി അവര്‍ കൈ കോര്‍ത്തിരുന്നെങ്കില്‍ ഒരു പക്ഷേ, ടി.പി. വധം ഉണ്ടാവുമായിരുന്നില്ല.   എന്നാല്‍, സി.കെ. ജാനു ആയാലും ഗൗരിയമ്മയായാലും ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് അപകടകരമാണ്. എഴുപതുകളുടെ തുടക്കത്തില്‍ സി.പി.എമ്മും മറ്റു പ്രതിപക്ഷ ബൂര്‍ഷ്വാപാര്‍ട്ടികളും ജനസംഘവും ആര്‍.എസ്.എസുമായി ഇന്ദിരഗാന്ധിക്കെതിരെ ഉണ്ടാക്കിയ കൂട്ടുകെട്ട് ഒടുവില്‍ സഹായിച്ചത് ഹിന്ദുത്വശക്തികളെ മാത്രമായിരുന്നു. ആ വലതുപക്ഷ ഫാഷിസ്റ്റ് കൂട്ടുകെട്ടിനെ ചെറുക്കാന്‍ ഇന്ദിരഗാന്ധി സ്വീകരിച്ച നടപടികള്‍ ഭരണഘടനാ വിരുദ്ധമായ അടിയന്തരാവസ്ഥാതീരുമാനം അടക്കം ജനാധിപത്യചരിത്രത്തിനു കളങ്കമായി എന്നതും ഓര്‍ക്കേണ്ടതുണ്ട്.

ജെ.എസ്.എസ് ഒറ്റക്ക് മത്സരിക്കും എന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നത്. ഒരു സീറ്റിലും ജയിക്കാന്‍ കഴിയാത്ത ആ സാഹചര്യം സൃഷ്ടിക്കേണ്ടിയിരുന്നില്ല. എന്നാല്‍, വ്യക്തിപരമായും രാഷ്ട്രീയമായും വേദനിപ്പിക്കുന്ന, നെഞ്ചു പൊള്ളിക്കുന്ന, നിരവധി യാഥാര്‍ഥ്യങ്ങളെ ജീവിതത്തില്‍ നേരിട്ടുകൊണ്ട് ശക്തമായ ഒരു സ്ത്രീശബ്ദമായി കേരളചരിത്രത്തില്‍ ദശാബ്ദങ്ങളായി ഉയര്‍ന്നുനില്‍ക്കുന്ന വ്യക്തിത്വമാണ് ഗൗരിയമ്മയുടേത്. അവരുടെ ഇച്ഛാശക്തിയുടെ കൊടിപ്പടം താഴ്ത്തിക്കാന്‍ ആര്‍ക്കും  കഴിയില്ല.

ഈ തെരഞ്ഞെടുപ്പോടെ ജെ.എസ്.എസ് എന്ന പാര്‍ട്ടി തന്നെ ഇല്ലാതായാലും ആദിവാസി ഭൂപ്രശ്നത്തില്‍ എക്കാലത്തും എടുത്തുപറയാന്‍ കഴിയുന്ന ആ വലിയ തീരുമാനം അസംബ്ളിയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ചേരികള്‍ ഒന്നിച്ച ആദിവാസിവിരുദ്ധബില്ലിനെ എതിര്‍ക്കാന്‍ കാണിച്ച ധീരത കേരളത്തിന്‍െറ സിവില്‍സമൂഹചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും. ഒരു ജനകീയനേതാവ് സമൂഹത്തിനു നല്‍കാനുള്ളതെല്ലാം നല്‍കിക്കഴിഞ്ഞു ഗൗരിയമ്മ. അതുകൊണ്ടുതന്നെ വന്ദ്യവയോധികയായ ഗൗരിയമ്മയെ ഇനി കൊടി താഴെവെച്ച് ശാന്തയായി വിശ്രമജീവിതം നയിക്കാന്‍ അനുയായികളും സുഹൃത്തുക്കളും നിര്‍ബന്ധിക്കണം എന്നാണു എനിക്ക് പറയാനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.