ലാറ്റിനമേരിക്ക അമേരിക്കയെപ്പോലെയല്ല. ഭൂപടത്തില്‍ ചോരവാര്‍ന്നു ചുവന്നുപോയ വന്‍കരയാണ് അത്. എണ്ണമറ്റ പട്ടാള അട്ടിമറികളും വംശഹത്യകളും ഗറില യുദ്ധങ്ങളും അധോതലപ്രവര്‍ത്തനങ്ങളുംകൊണ്ട് ചരിത്രത്തില്‍ ഒരിക്കലും വിശ്രമിക്കാന്‍ കഴിയാതിരുന്ന ജനത. മൂന്നാംലോകത്തിന്‍െറ കൊടിയ ദുരിതങ്ങളൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെ നയിക്കുക വലിയ വെല്ലുവിളിതന്നെയാണ്. തെക്കേ അമേരിക്കയിലെ ഏറ്റവുംവലിയ രാജ്യമായ ബ്രസീലിന്‍െറ തലപ്പത്തിരിക്കുക എന്നത് ചില്ലറപ്പണിയല്ല. ദില്‍മ റൂസഫ് കഴിഞ്ഞ അഞ്ചുകൊല്ലമായി പ്രസിഡന്‍റുപദത്തിലിരുന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ഇനിയൊരു മൂന്നാമൂഴമില്ളെന്നുതന്നെ ഉറപ്പിക്കാം. പടിയിറങ്ങേണ്ടിവന്നാല്‍ ബാക്കിയാവുന്നത് ദുഷ്പേരു മാത്രമാവും. ബജറ്റ് നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പണം ചെലവിട്ടുവെന്നാരോപിച്ച് കുറ്റവിചാരണക്കുള്ള നീക്കങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍. ഇംപീച്മെന്‍റ് നടപടിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളിയതോടെ ഭാവി ത്രിശങ്കുവിലായി.
വയസ്സ് ഇപ്പോള്‍ 68. 2014ല്‍ ലോകത്തെ ഏറ്റവും പ്രബലവനിതകളില്‍ നാലാം റാങ്കുകാരിയായി ഫോബ്സ് മാസിക തെരഞ്ഞെടുത്ത ബ്രസീലിന്‍െറ 36ാമത്തെ പ്രസിഡന്‍റ് ജനപ്രീതിയില്‍ വന്‍ ഇടിവു നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞമാസം 326 നഗരങ്ങളിലായി ദില്‍മക്കും വര്‍ക്കേഴ്സ് പാര്‍ട്ടിക്കും എതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തത് 35 ലക്ഷം ജനങ്ങളാണ്.
ഭൂതകാലം ഒരു റെബലിന്‍േറതാണ്. കുടിയേറ്റക്കാരനായ പിതാവ് പെഡ്രോ റൂസഫ് ബള്‍ഗേറിയന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി അംഗമായിരുന്നു. ബാലേ നര്‍ത്തകിയാവാനായിരുന്നു ആഗ്രഹം. പക്ഷേ, രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കെ പാട്ടിനൊത്ത് ചുവടുവെക്കുകയല്ല വേണ്ടത് എന്ന് ആ പെണ്‍കുട്ടി നിശ്ചയിച്ചുറപ്പിച്ചു. അങ്ങനെ കൗമാരത്തില്‍തന്നെ ബ്രസീലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1964ല്‍ അധികാരം പിടിച്ചടക്കിയ പട്ടാളത്തിന്‍െറ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ഇടതുപക്ഷ മുന്നേറ്റത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് ദില്‍മ ചെയ്തത്. സായുധസമരം പ്രതിരോധമാര്‍ഗമായി സ്വീകരിച്ച് മാര്‍ക്സിസ്റ്റ് അര്‍ബന്‍ ഗറില ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 1970ല്‍ പട്ടാളം പിടികൂടി. മൂന്നുകൊല്ലമാണ് അഴികള്‍ക്കുള്ളില്‍ ആകാശം നോക്കിക്കിടന്നത്. സമാനതകളില്ലാത്ത പീഡനത്തിനിരയായി. വൈദ്യുതാഘാതംപോലും ഏല്‍പിച്ചു. ചുവപ്പന്‍ രാഷ്ട്രീയത്തിന്‍െറ അധോതലപ്രവര്‍ത്തനങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ ആ വീരവനിത അപ്പോഴും തയാറായിരുന്നില്ല. വിചാരണവേളയില്‍ വിശേഷിപ്പിക്കപ്പെട്ടത് ‘അട്ടിമറിനീക്കത്തിന്‍െറ ഉന്നതപുരോഹിത’ എന്നാണ്.
2003 മുതല്‍ 2011വരെ ബ്രസീല്‍ ഭരിച്ച ലൂലാ ഡ സില്‍വയുടെ കാലത്താണ് രാഷ്ട്രീയരംഗത്ത് ഒൗന്നത്യങ്ങള്‍ എത്തിപ്പിടിച്ചത്. ലൂലായാണ് രാഷ്ട്രീയഗുരു. 2005ല്‍ ലുലയുടെ ചീഫ് ഓഫ് സ്റ്റാഫ്സ് ആയി നിയമിതയായി. 2009ല്‍ അര്‍ബുദത്തോട് മല്ലിട്ടുകൊണ്ടിരിക്കുമ്പോഴും ആ പദവിയില്‍ തുടര്‍ന്നു. 2010ല്‍ തുടര്‍ച്ചയായ മൂന്നാംതവണയും പ്രസിഡന്‍റ് പദത്തിലേറാന്‍ ബ്രസീലിന്‍െറ ഭരണഘടന സമ്മതിക്കാത്തതുകൊണ്ട് ലൂലാക്ക് പിന്മാറേണ്ടിവന്നത് ദില്‍മക്ക് ഗുണമായി. ആദ്യഘട്ട വോട്ടെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബ്രസീലിയന്‍ സോഷ്യല്‍ ഡെമോക്രസി പാര്‍ട്ടിയിലെ ജോസ് സെറയെ രണ്ടാംഘട്ടത്തില്‍ കീഴ്പ്പെടുത്തി. മൂന്നരക്കോടി ജനങ്ങള്‍ക്ക് ആശ്വാസംപകര്‍ന്ന ബോല്‍സ ഫാമിലിയ എന്ന സാമൂഹിക ക്ഷേമപദ്ധതിയുടെ പേരില്‍ വന്‍ജനപ്രീതി നേടി.
അധികാരപദവിയിലെ ആദ്യഘട്ടത്തില്‍തന്നെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. 2014ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളാനുള്ള തീരുമാനത്തിനെതിരെ നിരവധി നാട്ടുകാര്‍ തെരുവിലിറങ്ങി. കാല്‍പ്പന്തുകളിയുടെ ഇതിഹാസഭൂമിയില്‍ അത്തരമൊരു പ്രതിഷേധം ദില്‍മ പ്രതീക്ഷിച്ചതായിരുന്നില്ല. കൊടിയദാരിദ്ര്യവും അസമത്വവും സാമ്പത്തികമരവിപ്പും നിര്‍മാര്‍ജനംചെയ്യാനുള്ള വഴിനോക്കാതെ ചെലവേറിയ കായികമാമാങ്കത്തിന് പച്ചക്കൊടിവീശുന്നതില്‍ ജനങ്ങള്‍ രോഷാകുലരായിരുന്നു. ലോകകപ്പിനു മുന്നോടിയായി 2013 ജൂണില്‍ നടന്ന കോണ്‍ഫെഡറേഷന്‍സ് കപ്പ് ടൂര്‍ണമെന്‍റിനെതിരെ 10 ലക്ഷത്തോളം പേരാണ് അണിനിരന്നത്. ബസ് നിരക്കിലുണ്ടായ വര്‍ധന പ്രക്ഷോഭങ്ങള്‍ക്ക് വഴിമരുന്നിട്ടു. ലോകകപ്പിനു മുന്നോടിയായുള്ള നിര്‍മാണപ്രവൃത്തികളിലെ ദുര്‍വ്യയവും അഴിമതിയും ജനരോഷം ശക്തമാക്കി. ലോകകപ്പ് നടത്തുന്നത് പൊതുസേവനത്തിനുള്ള പണം ഉപയോഗിച്ചല്ളെന്ന് ദില്‍മ ആവര്‍ത്തിച്ചിട്ടും കാര്യമുണ്ടായില്ല. പക്ഷേ, 2014ല്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ദില്‍മതന്നെ വീണ്ടും അധികാരത്തിലത്തെി.
രണ്ടാംഘട്ടത്തില്‍ ദില്‍മയുടെ മനസ്സമാധാനം നശിപ്പിച്ചത് പെട്രോബ്രാസ് അഴിമതിയാണ്. പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രാസില്‍ ഉണ്ടായത് രാജ്യചരിത്രത്തിലെ ഏറ്റവുംവലിയ അഴിമതി. 300 കോടി ഡോളറാണ് പലകൈമറിഞ്ഞത്. എണ്ണക്കമ്പനിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ നല്‍കുന്നതിന് നിര്‍മാണക്കമ്പനികളില്‍നിന്ന് ജീവനക്കാരും രാഷ്ട്രീയക്കാരും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കുറ്റക്കാരെന്നു കണ്ടത്തെിയത് 103 പേരെ. അതില്‍ അധികവും ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയിലെ അംഗങ്ങള്‍. കൈക്കൂലി വാങ്ങിയവര്‍. കള്ളപ്പണം വെളുപ്പിച്ചവര്‍. തെരഞ്ഞെടുപ്പുഫണ്ടിനും വ്യക്തിപരമായ നേട്ടങ്ങള്‍ക്കുംവരെ എണ്ണക്കമ്പനിയെ കറവപ്പശുവായി കണ്ടവര്‍.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനത്തെ അധികാരത്തിലിരുന്നവര്‍ രണ്ടു ദശകത്തോളമായി ഊറ്റിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പെട്രോബ്രാസ് കുംഭകോണം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചു. കമ്പനിയുടെ പ്രവര്‍ത്തനം താറുമാറായതോടെ ആഗോളവിപണിയില്‍ എണ്ണവില ഇടിഞ്ഞു. 80,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പിടിച്ചുനില്‍ക്കാനായി കമ്പനി 1400 കോടി ഡോളറിന്‍െറ ആസ്തികള്‍ വിറ്റഴിക്കുന്നതോടെ രാജ്യത്തെ തൊഴിലില്ലായ്മയില്‍ വര്‍ധനയുണ്ടാകും. അതിനിടെയാണ് സാമ്പത്തികമാന്ദ്യം ബ്രസീലിനെ പിടിമുറുക്കിയത്. ബ്രസീല്‍ റിയാലിന്‍െറ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അധോസഭ പ്രമേയം പാസാക്കിയാല്‍ സെനറ്റില്‍ പ്രമേയമത്തെും. കോണ്‍ഗ്രസ് കുറ്റവിചാരണ അംഗീകരിച്ചാല്‍ ദില്‍മയെ ആറുമാസം മാറ്റിനിര്‍ത്തി അന്വേഷണം നടത്തും. ഇതോടെ എതിരാളിയായ വൈസ് പ്രസിഡന്‍റ് മൈക്കല്‍ ടിമറിന് പ്രസിഡന്‍റിന്‍െറ ചുമതല ലഭിക്കും. പ്രമേയം പാസായാല്‍ 13 കൊല്ലം നീണ്ട വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഭരണത്തിനാണ് അവസാനമാവുക.
വിപ്ളവവനിതയെ ഇരുപതുകാരിയായിരിക്കെ അധോതല ചെറുത്തുനില്‍പുകള്‍ പഠിപ്പിച്ച പത്രപ്രവര്‍ത്തകനായ ക്ളോദിയോ ഗലേനോ ആയിരുന്നു ആദ്യപങ്കാളി. ഇരുവരും 1981ല്‍ വിവാഹമോചനം നേടി. കാര്‍ലോസ് ഫ്രാങ്ക്ലിന്‍ അരോജോവിനെ പിന്നീട് വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ഒരു മകള്‍-പൗള. 2000ത്തില്‍ ഇവര്‍ വേര്‍പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.