കാവിച്ചന്തം, ഗുരുവിനും അംബേദ്കര്‍ക്കും

 
ശ്രീനാരായണ ഗ്ളോബല്‍ മിഷന്‍െറ ഒരുസംഘം വ്യവസായിനേതാക്കള്‍ ഈയിടെ പല ദിക്കില്‍നിന്നായി ഡല്‍ഹിയില്‍ വന്നിട്ടുണ്ടായിരുന്നു. സ്ഥാനാര്‍ഥികള്‍ക്ക് ടിക്കറ്റ് നല്‍കുന്ന വിഷയത്തില്‍ മാനദണ്ഡയുദ്ധവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കേരളഹൗസില്‍ കെട്ടിക്കിടന്ന നേരം. ആര്‍.എസ്.എസിന്‍െറ മുഖപ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്‍െറ മുന്‍ എഡിറ്ററും ബി.ജെ.പിയുടെ ബുദ്ധിജീവി വിഭാഗം ദേശീയ കണ്‍വീനറുമായ ആര്‍. ബാലശങ്കറാണ് മിഷനെ നയിക്കുന്നത്. കുമ്മനത്തിനും മുമ്പേ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റാക്കാന്‍ ആര്‍.എസ്.എസ് കണ്ടുവെച്ചിരുന്നയാള്‍.
 
ശ്രീനാരായണീയ ദര്‍ശനങ്ങള്‍ക്ക് ഇന്ത്യയിലും പുറത്തും കൂടുതല്‍ പെരുമ നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് അവര്‍. അതിനായി നിരവധി ശ്രമങ്ങള്‍ മുന്നോട്ടു നീക്കാന്‍ ആഗോളമിഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ തത്ത്വശാസ്ത്രത്തെക്കുറിച്ച് ശിവഗിരിയില്‍ ആഗോളനിലവാരമുള്ള ശ്രീനാരായണ ഗവേഷണകേന്ദ്രം, യോഗയും ആയുര്‍വേദവും പരമ്പരാഗത ചികിത്സാ രീതികളുമൊക്കെ ഉള്‍പ്പെടുത്തി ഡല്‍ഹിയിലോ മുംബൈയിലോ രാജ്യാന്തര സര്‍വകലാശാല, പാര്‍ലമെന്‍റിന്‍െറ സെന്‍ട്രല്‍ ഹാളില്‍ ഗുരുപ്രതിമ സ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ അവര്‍ മുന്നോട്ടുവെച്ചു. രാഷ്ട്രീയഅജണ്ട കൂടുതല്‍ വ്യക്തമായി തെളിയുന്ന മറ്റൊരിനവുമുണ്ട് കൂട്ടത്തില്‍. ശിവഗിരിയില്‍ 201 അടി ഉയരമുള്ള പഞ്ചലോഹ ഗുരുപ്രതിമ സ്ഥാപിക്കും. അതിലേക്കുള്ള സ്വര്‍ണവും ചെമ്പുമെല്ലാം വീടുവീടാന്തരം കയറിയിറങ്ങി ശ്രീനാരായണീയര്‍ സമാഹരിക്കും. ഗുജറാത്തില്‍ നരേന്ദ്ര മോദി തുടങ്ങിവെച്ച സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മാണത്തിന്‍െറ കേരളപ്പതിപ്പ് മുന്നോട്ടുനീക്കുമ്പോള്‍ 10 ലക്ഷം പേരെങ്കിലും സജീവമായി പങ്കെടുക്കുമെന്നാണൊരു കണക്ക്.

ഗുരുവിനെ ബി.ജെ.പിയുടെ കാവി ഉടുപ്പിക്കാനുള്ള ശ്രമം പുതിയ കാര്യമല്ല. അതിലേക്കുള്ള വഴിയില്‍ വെള്ളാപ്പള്ളി നടേശനെ ഒപ്പംകൂട്ടുകയും അകലത്തില്‍ നിര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയകൗതുകങ്ങള്‍ക്കിടയില്‍ നടക്കുന്ന അജണ്ടാപ്രയാണത്തിന്‍െറ പുതിയ രൂപരേഖകൂടിയാണ് മുകളില്‍ വിവരിച്ചത്. എസ്.എന്‍.ഡി.പിയിലേക്ക് കാലെടുത്തുവെക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ് ബി.ജെ.പിക്കും ആര്‍.എസ്.എസിനും തങ്ങളെന്ന് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും തിരിച്ചറിയുന്നകാലം വരുമ്പോഴേക്ക് ശ്രീനാരായണ ഗുരുവിനെ കാവിയില്‍ ആറാടിക്കാനുള്ള സംഘ്പരിവാര്‍ പദ്ധതിയാണ് അനാവരണം ചെയ്യപ്പെടുന്നത്. മൈക്രോഫിനാന്‍സ് ഗഡുക്കളിലൂടെ വെള്ളാപ്പള്ളി ഈഴവ സമുദായാംഗങ്ങള്‍ക്കിടയില്‍ സ്വാധീനം നേടിയെങ്കില്‍, ഗുരുപ്രതിമയിലേക്ക് സ്വര്‍ണത്തിന്‍െറയും വെള്ളിയുടെയും ചെമ്പിന്‍െറയുമൊക്കെ പൊട്ടുംപൊടിയും വാങ്ങി ഈഴവ സമുദായത്തിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തിനാണ് ഡല്‍ഹിയിലെ ഗ്ളോബല്‍ മിഷന്‍ കൂടിച്ചേരല്‍ ബ്ളൂ പ്രിന്‍റ് തയാറാക്കിയതെന്ന് ഇനിയുള്ള നാളുകള്‍ തെളിയിക്കും. 

പാര്‍ലമെന്‍റിന്‍െറ സെന്‍ട്രല്‍ ഹാളില്‍ അനാച്ഛാദനം ചെയ്യപ്പെടേണ്ട, ജാതിഭേദവും മതദ്വേഷവുമില്ലാതെ ഏവരും സോദരന്മാരെപ്പോലെ കഴിയുന്ന മാതൃകാരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച അനശ്വരതയാണ് ശ്രീനാരായണ ഗുരു. 201 അടി പഞ്ചലോഹപ്രതിമയില്‍ ഗുരുവിന്‍െറ ചൈതന്യമോ സന്ദേശമോ ഉണ്ടാവാന്‍ ഇടയില്ളെന്ന് മലയാളികളെയോ ലോകത്തെയോ ബോധ്യപ്പെടുത്തേണ്ടതില്ല. പക്ഷേ, ചരിത്രത്തിലെ നേരനുഭവം മറ്റൊന്നാണ്. ഗുരുവിനെ വിഗ്രഹവും ആ സന്ദേശത്തെ ജാതിയുമാക്കി എന്നേ മാറ്റിക്കഴിഞ്ഞു. വെള്ളാപ്പള്ളി കുടുംബത്തിന്‍െറ കരങ്ങളില്‍ പ്രജ്ഞയറ്റ് അമര്‍ന്നുകിടക്കുന്ന പ്രസ്ഥാനമാണിന്ന് ശ്രീനാരായണ ധര്‍മപരിപാലന സംഘം. എസ്.എന്‍.ഡി.പി അടക്കിഭരിക്കുന്ന വെള്ളാപ്പള്ളിയെ തള്ളിമാറ്റി ഈഴവരെ തങ്ങളുടെ പരിപാലനസംഘമാക്കി മാറ്റുകയെന്ന അജണ്ട പടിപടിയായി മുന്നോട്ടു നീക്കാനുള്ള ലക്ഷ്യത്തില്‍ നാട്ടുകാരുടെ ലോഹച്ചീളുകള്‍ കൊണ്ടൊരു ഗുരുപ്രതിമ പണിയുന്നതൊന്നും സംഘ്പരിവാറിന് അധ്വാനമേയല്ല. ഗുരുവിനത്തെന്നെ അവകാശപ്പെടുന്നതാണ് അടുത്ത പടി. ഒക്ടോബര്‍-നവംബറില്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന രാജ്യാന്തര സെമിനാറില്‍ അതിന്‍െറ കളമൊരുങ്ങുമെന്ന് കരുതുക. 

മഹാവ്യക്തികളുടെ പൈതൃകത്തില്‍ കൈയിട്ടുവാരുന്ന സംഘ്പരിവാര്‍ രീതി നാരായണഗുരുവില്‍ തുടങ്ങിയതോ അവസാനിക്കുന്നതോ അല്ല. ഗോദ്സെയുടെ വെടിയുണ്ടയില്‍ അറ്റുപോയ ഒരു ഇതിഹാസത്തിന്‍െറ ചിന്താധാര പിന്‍പറ്റുന്നവരാണ് തങ്ങളെന്നുപറയാന്‍ മടിക്കാത്തവര്‍, 125ാം ജന്മവാര്‍ഷികത്തില്‍ ഭരണഘടനാശില്‍പി ഡോ. ബി.ആര്‍. അംബേദ്കറെയും ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മവാര്‍ഷികദിനത്തില്‍ അംബേദ്കറുടെ സ്വദേശമായ മധ്യപ്രദേശിലെ മോവുവിലത്തെി. സര്‍ക്കാറിന്‍െറ ചില പുതുമോടി സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. ബാബാ സാഹേബ് കാവിയുടുത്ത് നടന്നിരുന്നുവെന്ന് പറയുകയേ ഇനി വേണ്ടൂ. അതിലെ രാഷ്ട്രീയവും പകല്‍പോലെ തെളിഞ്ഞുകിടക്കുന്നു. അടുത്തവര്‍ഷം യു.പി നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നു. പഞ്ചാബ് നിയമസഭയിലേക്കുമുണ്ട് തെരഞ്ഞെടുപ്പ്. പിന്നാക്കവിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള രണ്ടു സംസ്ഥാനങ്ങളാണ്. അംബേദ്കര്‍ക്കുമുണ്ട് സ്വാഭാവികമായും ജനമനസ്സില്‍ നല്ല ഇടം. അവിടങ്ങളില്‍ പിന്നാക്ക രാഷ്ട്രീയം വേവിച്ചെടുക്കുകയാണ് വിവിധ പാര്‍ട്ടികള്‍. മുന്‍നിരയില്‍ നിന്നുകൊണ്ട് പൈതൃകത്തില്‍ അവകാശമുന്നയിക്കുകയാണ് ബി.ജെ.പി. അംബേദ്കറെ കുത്തകയാക്കിവെക്കാന്‍ മായാവതിയാണ് ശ്രദ്ധിച്ചുപോന്നത്. സ്വാതന്ത്ര്യസമരകാലം തൊട്ടുള്ള എല്ലാ നേതാക്കളും തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന മട്ടില്‍ കുത്തക അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസും അംബേദ്കറെ തട്ടിയെടുക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ ജാഗ്രത പാലിക്കുന്നുണ്ട്. അതിനിടയിലാണ് 125ാം വാര്‍ഷികാഘോഷ കോലാഹലങ്ങള്‍. ഏതെങ്കിലും പാര്‍ട്ടിയുടെയോ സമുദായത്തിന്‍െറയോ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ കെട്ടിയിടാവുന്ന പ്രതിഭയല്ല ബാബാ സാഹേബ്. ആ ഭരണഘടനാശില്‍പിയുടെ പിറവിക്ക് ഒന്നേകാല്‍ നൂറ്റാണ്ടായതിനെ ജനാധിപത്യ ഇന്ത്യ ആദരപൂര്‍വം അനുസ്മരിക്കേണ്ടത് വെവ്വേറെ ആഘോഷമത്സരം സംഘടിപ്പിച്ചുകൊണ്ടായിരുന്നില്ല. പ്രധാനമന്ത്രി മോവുവിലേക്ക് പറക്കുന്നു. സോണിയയും രാഹുലുംകൂടി പുണെയിലേക്ക് ഓടുന്നു. മായാവതി ലഖ്നോവില്‍ പന്തല്‍കെട്ടുന്നു. പകരം, സര്‍വകക്ഷികളും ഒന്നിച്ചാദരിക്കുന്ന ഒരു പൊതുവേദി അംബേദ്കര്‍ വാര്‍ഷികത്തിന് എന്തുകൊണ്ട് ഇല്ലാതെപോയി? ഭരണഘടനാശില്‍പിയെ സവിശേഷമായി ഓര്‍ക്കാന്‍ അത്തരമൊരു കണ്ണിചേര്‍ക്കല്‍ പാര്‍ലമെന്‍റിലോ പുറത്തോ സംഘടിപ്പിക്കാമായിരുന്നു. രാജ്യത്തിന്‍െറ പൊതുവികാരമായി മഹാത്മാവിന് ആദരാഞ്ജലി അര്‍പ്പിക്കാമായിരുന്നു. രാജ്യം നയിക്കുന്ന ഭരണകര്‍ത്താക്കള്‍ക്ക് മനസ്സിന്‍െറ വിശാലതയും അംബേദ്കര്‍ സ്നേഹവും അങ്ങനെയൊക്കെയാണ് തെളിയിക്കേണ്ടത്. പൊതുജനം കണ്ട മത്സരയോട്ടം, കണ്ണ് വോട്ടില്‍ മാത്രമെന്നാണ് വ്യക്തമാക്കിയത്. 

അംബേദ്കര്‍ മുതല്‍ നാരായണഗുരുവരെ, സുഭാഷ് ചന്ദ്രബോസ് മുതല്‍ ഭഗത് സിങ് വരെ, സംഘ്പരിവാര്‍ കാപട്യം പലവഴിക്ക്, പല ഘട്ടങ്ങളിലായി പ്രതിഫലിക്കുന്നുണ്ട്. ഭരണതലത്തിലെ കാപട്യം അതിന്‍െറ തുടര്‍ച്ചയാണ്. ദലിത്, പിന്നാക്ക സ്നേഹം പറയുന്നവര്‍ രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വരുത്തിവെച്ചവരെ സംരക്ഷിക്കുന്നു. ജാതിവിദ്വേഷങ്ങള്‍ക്കെതിരെ ജീവിതംകൊണ്ട് ഉദാഹരണം തീര്‍ത്തവരുടെ പൈതൃകത്തില്‍ അവകാശമുന്നയിക്കുമ്പോള്‍തന്നെ, സവര്‍ണ മേല്‍ക്കോയ്മയുടെ ഗൂഢപദ്ധതി മുന്നോട്ടുനീക്കുന്നു. പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും കര്‍ഷകനുമൊക്കെവേണ്ടി തൊള്ള തുറക്കുകയും മറുവശത്ത് വിവേചനത്തിനും കൊള്ളയടിക്കും കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. പലവേഷങ്ങളാണ് തരംപോലെ നരേന്ദ്രമോദി കെട്ടുന്നതെങ്കിലും മുഖം വ്യക്തം. അത് കോര്‍പറേറ്റ് സ്നേഹമാണ്. ഫാഷിസം ഉള്‍ച്ചേര്‍ന്നതാണ്. ഘര്‍ വാപസിയില്‍ അധിഷ്ഠിതമാണ്. നവലിബറലാണ്. കപടദേശീയത അടക്കംചെയ്തതുമാണ്. അങ്ങനെയുള്ള സംഘ്പരിവാര്‍ പാര്‍ട്ടിയുടെയും നേതാവിന്‍െറയും ആത്മാവ് എവിടെനിന്നാണ് കണ്ടെടുക്കേണ്ടത്? വേദിക്കും അവസരത്തിനുമൊത്തവിധം പലവിധത്തില്‍ വേഷംമാറുന്ന സങ്കീര്‍ണ സ്വഭാവം കുറെക്കാലം കൊണ്ടുനടക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും എല്ലാകാലവും കബളിപ്പിക്കല്‍ പറ്റില്ല, തീര്‍ച്ച.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.