രണ്ടു മുദ്രാവാക്യങ്ങള്‍ക്ക് അപ്പുറത്തെ രാഷ്ട്രീയം

‘വളരണം ഈ നാട്, തുടരണം ഈ ഭരണം’ എന്ന ഐക്യ ജനാധിപത്യമുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ ഇടതു ജനാധിപത്യമുന്നണി നേരിടുന്നത് ‘എല്‍.ഡി.എഫ് വരും; എല്ലാം ശരിയാകും’ എന്ന വാഗ്ദാനത്തോടെയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം ഉമ്മന്‍ചാണ്ടിയുടെ മനോമുകുരത്തില്‍ നാമ്പിട്ട ഭരണത്തുടര്‍ച്ച എന്ന സ്വപ്നവും അഞ്ചുവര്‍ഷത്തിനിടയില്‍ അഴിമതിയും കൊള്ളരുതായ്മകളും കുട്ടിച്ചോറാക്കിയ കേരളത്തെ ഇടതുപക്ഷത്തിന്‍െറ കൈകളിലേക്ക് ഏല്‍പിക്കുന്നതോടെ രക്ഷപ്പെടുമെന്ന പ്രത്യാശയുമാണ് സമ്മതിദായകരുടെ മുന്നില്‍ ഇട്ടുകൊടുത്തിരിക്കുന്നത്. ഭരണത്തെക്കുറിച്ച യു.ഡി.എഫിന്‍െറ അവകാശവാദങ്ങളും എല്‍.ഡി.എഫിന്‍െറ വിരുദ്ധനിലപാടും തമ്മിലാണ് മത്സരം. കേരളം അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നതോ രാഷ്ട്രീയ നിജ$സ്ഥിതി ഉള്‍വഹിക്കുന്നതോ അല്ല ഈ മുദ്രാവാക്യങ്ങള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സംസ്ഥാനരാഷ്ട്രീയത്തിലെ നിര്‍ണായക സംഭവവികാസങ്ങളും ഈ തെരഞ്ഞെടുപ്പിന്‍െറ തദനുസൃതമായ രാഷ്ട്രീയപ്രാധാന്യവും അതിനിടയില്‍ വിസ്മരിക്കപ്പെടുന്നു.
ദേശീയതലത്തില്‍ ഭൂമിക നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനു കേരളവും അസമും കൈമോശംവരുന്ന സാഹചര്യം അസഹനീയമാണ്. അഴിമതി  ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ പ്രതിച്ഛായ ഇടിച്ചുതാഴ്ത്തിയിരിക്കുന്നു. സോളാര്‍-ബാര്‍ കോഴയും സരിതനായരുമൊക്കെ അരങ്ങില്‍ നിറഞ്ഞാടിയ ഒരു കാലയളവ് കേരള രാഷ്ട്രീയചരിത്രത്തില്‍ തീരാകളങ്കമായി മുദ്രണം ചെയ്യപ്പെടും. എന്നിട്ടും രണ്ട് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷംകൊണ്ട് യാത്രയാരംഭിച്ച ഒരു സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികച്ചു ഭരിച്ച് ഇറങ്ങിപ്പോകുന്നിടത്താണ് പ്രതിപക്ഷത്തിന്‍െറ പരാജയം. പാതിവഴിക്ക് കിടക്കുന്ന സ്മാര്‍ട്ട്സിറ്റിയും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവുമൊക്കെയാണ് യു.ഡി.എഫ്് എടുത്തുകാട്ടുന്ന വികസനം. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് സാമൂഹിക, സാമ്പത്തിക, ധാര്‍മികരംഗത്ത് കേരളം എത്രമാത്രം പിറകോട്ടടിച്ചുവെന്ന് വസ്തുനിഷ്ഠമായി സമര്‍ഥിക്കാന്‍ ഇതുവരെ പ്രതിപക്ഷത്തിനായിട്ടില്ല. ഭരണവിരുദ്ധവികാരത്തില്‍നിന്ന് അടിയന്തരാവസ്ഥക്കു ശേഷമുള്ള 1977ലെ തെരഞ്ഞെടുപ്പില്‍ മാത്രമാണ് കേരളത്തിലെ ഒരു സര്‍ക്കാര്‍ രക്ഷപ്പെട്ടത്്. അഞ്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇക്കുറി മത്സരിക്കാന്‍ സീറ്റ് അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷയോട്  ആവശ്യപ്പെട്ടത് അഴിമതിയുടെയും പിടിപ്പുകേടിന്‍െറയും പേരിലാണ് എന്നതു തന്നെ സംസ്ഥാന സര്‍ക്കാറിനു എതിരായ അപൂര്‍വ വിധിപറച്ചിലായിരുന്നു. ആ വശംപോലും പ്രതിപക്ഷം കാര്യക്ഷമമായി എടുത്തുകാട്ടുന്നില്ല. ഭരണം ഇത്രയേറെ കോലാഹലമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഉമ്മന്‍ചാണ്ടി തന്നെയാണ് ഇപ്പോഴും യു.ഡി.എഫിന്‍െറ ദിശ നിശ്ചയിക്കുന്നത്.

ഇടതുപക്ഷം എങ്ങനെ അതിജീവിച്ചു?

ഇടതുപക്ഷത്തിന്, വിശിഷ്യ സി.പി.എമ്മിന് ഈ തെരഞ്ഞെടുപ്പ് വിജയം നിലനില്‍പിന്‍െറ പ്രശ്നം കൂടിയാണ്. കേരളം മറ്റൊരു പശ്ചിമബംഗാള്‍ അല്ല എന്ന് തെളിയിക്കേണ്ട ബാധ്യത പിണറായി-കോടിയേരി-വി.എസ് ത്രയത്തിനുണ്ട്. കേരളവും കൂടി നഷ്ടപ്പെട്ടാല്‍ സംസ്ഥാനത്ത് മാത്രമല്ല, ദേശീയരാഷ്ട്രീയത്തില്‍ അത് സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ നിസ്സാരമായിരിക്കില്ല. രണ്ടു പതിറ്റാണ്ടിന്‍െറ അനുഭവങ്ങള്‍ക്ക് വിപരീതമായി സി.പി.എമ്മില്‍ രൂപപ്പെട്ട ഐക്യമായിരിക്കാം ഇക്കുറി എല്‍.ഡി.എഫിന്‍െറ ഭാഗ്യരേഖ തെളിയിക്കുന്നത്. 2011ലെ തെരഞ്ഞെടുപ്പില്‍ ഭരണം ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെടാനിടയായപ്പോഴാണ് അച്യുതാനന്ദന്‍െറ ഭരണത്തിനെതിരെ ജനവികാരം ഉയര്‍ന്നിരുന്നില്ളെന്ന് പാര്‍ട്ടിക്കുപോലും ബോധ്യംവന്നത്. എന്നാല്‍, പാര്‍ട്ടിയില്‍ വിഭാഗീയത പാരമ്യതയിലായിരുന്നതുകൊണ്ട് യു.ഡി.എഫില്‍ വിള്ളല്‍ സൃഷ്ടിച്ച് ഭരണം പിടിച്ചെടുക്കുക എന്ന അജണ്ട ഒരിക്കല്‍പോലും കയറിവന്നില്ല. പിണറായി വിജയന്‍ 2016 കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പിനിടയില്‍ നേരിട്ട കടുത്ത രാഷ്ട്രീയവെല്ലുവിളികള്‍ ഒരു പരിധിവരെ ഫലപ്രദമായി തരണം ചെയ്യാന്‍ സാധിച്ചുവെന്ന് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. 2014ല്‍ നരേന്ദ്ര മോദി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നതോടെ കേരളത്തില്‍ ഹിന്ദുത്വരാഷ്ട്രീയം ഉയര്‍ത്തിയ ഭീഷണി ചെറുതായിരുന്നില്ല. പാര്‍ട്ടി അടിത്തറ വികസിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയായ ഈഴവസമൂഹത്തിലേക്ക് അധിനിവേശം എളുപ്പമാക്കാന്‍ വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച് നടത്തിയ തന്ത്രങ്ങള്‍ പരാജയപ്പെടുത്തുക ക്ഷിപ്രസാധ്യമായിരുന്നില്ല. കാവിരാഷ്ട്രീയം പച്ചപിടിച്ചാലും സാരമില്ല, കമ്യൂണിസ്റ്റ് അടിത്തറ ഇളകിക്കിട്ടുമല്ളോ എന്ന് കോണ്‍ഗ്രസും മുസ്ലിംലീഗുമൊക്കെ ഉള്ളിന്‍െറയുള്ളില്‍ സന്തോഷിക്കുന്ന സ്ഥിതിവിശേഷം പോലുമുണ്ടായി. മീഡിയ സംഘ്പരിവാറിന്‍െറ കടന്നുകയറ്റത്തെ കൈകൊട്ടി പ്രോത്സാഹിപ്പിച്ചു. അരുവിക്കരയടക്കം എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു വിജയം. അതിനപ്പുറം, തലസ്ഥാനജില്ലയില്‍ താമര വിരിയാന്‍മാത്രം ചെളിക്കുണ്ട് പാകമാവുകയാണെന്ന ധാരണ പരത്തുന്ന വോട്ട് വര്‍ധന. ലോക്സഭ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് തൃപ്തികരമായ ഫലം കൊയ്യാന്‍ കഴിഞ്ഞിരുന്നില്ല.
പ്രതീക്ഷയറ്റ ആ അവസ്ഥയില്‍നിന്ന് അധികാരം കൈയത്തെും ദൂരത്താണെന്ന് നേതാക്കള്‍ക്ക് ശുഭാപ്തി കൈമാറുന്ന ഇന്നത്തെ അവസ്ഥയിലേക്ക്് കൈപിടിച്ചുനടത്തിച്ചത് വെല്ലുവിളികളുടെ പെരുമ്പറ കേട്ട്  സടകുടഞ്ഞെഴുന്നേല്‍ക്കാനും താഴേതട്ടു മുതല്‍ അണികളെ കര്‍മനിരതമാക്കുന്ന വിവിധപരിപാടികള്‍ ആവിഷ്കരിക്കാനുമായതു കൊണ്ടാണ്. അതിന് സി.പി.എം ഹിന്ദുത്വരാഷ്ട്രീയത്തോട് നന്ദി പറയണം. പശ്ചിമബംഗാളില്‍ സി.പി.എം ഓഫിസ് രായ്ക്കുരാമാനം തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ ഓഫിസുകളായി ചായംതേച്ച് മാറ്റുകയും ചെങ്കൊടിക്കുപകരം മമതയുടെ പതാക പറത്തുകയും  ചെയ്ത കയ്പേറിയ അനുഭവത്തിന്‍െറ ആവര്‍ത്തനം ഇവിടെയും സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പ് ബി.ജെ.പിയുടെ കടന്നുകയറ്റം തടുക്കാന്‍ വ്യാപകവും ഫലപ്രദവുമായ പ്രതിരോധം തീര്‍ക്കുന്നതിനു സി.പി.എം നേതൃത്വത്തെ നിര്‍ബന്ധിതരാക്കി. എസ്.എന്‍.ഡി.പിയെ ഉപയോഗിച്ച് ഈഴവജനതയെ ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ ആലയില്‍ കെട്ടിയേക്കുമെന്ന ആശങ്ക കുറച്ചൊന്നുമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വ്യാകുലപ്പെടുത്തിയത്. പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും ശക്തമായ അതിജീവന കാമ്പയിന്‍തന്നെ താഴെതട്ടില്‍ നടത്തേണ്ടിവന്നു. വെള്ളാപ്പള്ളിയുടെ ചെല്ലപ്പദ്ധതിയായ മൈക്രോഫിനാന്‍സിനെതിരെ നടത്തിയ ആസൂത്രിതാക്രമണം വലിയൊരളവോളം ഫലം കണ്ടു. അതിനിടയില്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് എന്ന പാവം മുസ്ലിം പശുമാംസത്തിന്‍െറ പേരില്‍ ബലികഴിക്കപ്പെട്ടത് വര്‍ഗീയ ഫാഷിസത്തിനെതിരായ വികാരം ആളിക്കത്തിച്ചു. അതോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വന്‍ വിജയം കൊയ്യാനാവുന്നത്.  

ഹിന്ദുത്വയുടെ ഇരച്ചുകയറ്റം

ഈ മികച്ച നേട്ടങ്ങള്‍ക്കിടയിലും ഇടതുനേതൃത്വത്തെയും യു.ഡി.എഫ് നേതാക്കളെയും ഒരുപോലെ ഉത്കണ്ഠാകുലാരാക്കിയത് കാവിരാഷ്ട്രീയത്തിന്‍െറ വളര്‍ച്ചതന്നെയാണ്. ഇരുമുന്നണിരാഷ്ട്രീയം എന്ന സമവാക്യം കേരളത്തില്‍  അപ്രസക്തമാക്കി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ 140 മണ്ഡലങ്ങളിലും താമര വിരിയിക്കാന്‍ കുളം പരതുന്നത് ഗൗരവത്തോടെയാണ്. ഈ തെരഞ്ഞെടുപ്പില്‍ താമര അക്കൗണ്ട് തുറക്കുമോ ഇല്ലയോ എന്നതല്ല.  വോട്ട് വിഹിതം കൂട്ടി ഭാവിയിലേക്കുള്ള നിക്ഷേപം ഉറപ്പുവരുത്തുന്നതിനാണ്് ആര്‍.എസ്.എസ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പാണത്രെ അവരുടെ ഉന്നം. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയുടെ/എന്‍.ഡി.എ മുന്നണിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്തുകയും സംസ്ഥാനരാഷ്ട്രീയത്തിന്‍െറ നിലവിലെ സന്തുലനം തെറ്റിക്കുകയുമാണ് ആത്യന്തികലക്ഷ്യം. ആ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി എന്തു വിട്ടുവീഴ്ചക്കും തന്ത്രപ്രയോഗത്തിനും ബി.ജെ.പി-ആര്‍.എസ്.എസ് ദേശീയനേതൃത്വം സന്നദ്ധമാണ്. സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്‍െറ ഇംഗിതങ്ങള്‍ വകവെക്കാതെ വെള്ളാപ്പള്ളി നടേശന്‍െറ ഭാരത് ധര്‍മജന സേനയെ (ബി.ഡി.ജെ.എസ്) എന്‍.ഡി.എയുടെ ഘടകകക്ഷിയാക്കിയതും എല്ലാറ്റിനുമൊടുവില്‍ സി.കെ. ജാനുവിനെക്കൊണ്ട് ജനാധിപത്യ രാഷ്ട്രീയസഭ എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കിച്ച് സഖ്യത്തിലേര്‍പ്പെട്ടതുമെല്ലാം നാളെ മുന്നില്‍കണ്ടാണ്. കേരളത്തിലെ  57 ശതമാനം വന്നു ഹിന്ദുസമൂഹത്തിലെ വിവിധ ജാതി, ഉപജാതി വിഭാഗങ്ങളെ ഹിന്ദുത്വയുടെ കുടക്കീഴില്‍ അണിനിരത്തുക എന്ന വലിയ അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഹൈന്ദവസമൂഹത്തിന്‍െറ മനോഘടനയില്‍ കാതലായ മാറ്റം വരുത്താതെ, നിലവിലെ രാഷ്ട്രീയ ബലാബലത്തിനു ആഘാതമേല്‍പിക്കാന്‍ സാധ്യമല്ളെന്ന ബോധ്യത്തില്‍നിന്നാണ് കേരളരാഷ്ട്രീയത്തില്‍ സജീവമായ ഇടപെടലിനു കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നത്. പരവൂര്‍ വെട്ടിക്കെട്ട് ദുരന്തത്തെ ബി.ജെ.പി എന്തുമാത്രം രാഷ്ട്രീയമുതലെടുപ്പിനു ഉപയോഗിച്ചെന്ന് വൈകിയെങ്കിലും ചര്‍ച്ചയായിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ ഒരുദിവസം കഴിഞ്ഞ് വന്നാല്‍മതി എന്ന ഡി.ജി.പിയുടെ നിര്‍ദേശം പോലും അവഗണിച്ച് പ്രധാനമന്ത്രി പറന്നത്തെുകയും ആശുപത്രികളെല്ലാം കയറിയിറങ്ങിയതും വ്യക്തമായ രാഷ്ട്രീയലാക്കോടെയാണ്. എല്ലാം കഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദയെയും രാജീവ് പ്രതാപ് റൂഡിയെയും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളത്തില്‍തന്നെ തങ്ങാന്‍ ആവശ്യപ്പെട്ടത് ദുരന്തത്തില്‍പ്പെട്ടവരെ സേവിക്കാനല്ളെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ആശുപത്രിയിലായ ബി.ജെ.പി പ്രവര്‍ത്തകനെ സന്ദര്‍ശിക്കാന്‍ വേണ്ടി മാത്രം ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത് ഷാ ഡല്‍ഹിയില്‍നിന്ന് രായ്ക്കുരാമാനം വന്നുപോയത് വ്യക്തമായ സന്ദേശത്തോടെയാണ്.  വെള്ളാപ്പള്ളിയില്‍നിന്ന് തട്ടിയെടുത്ത ശ്രീനാരായണ ഗുരുവിനെ മറ്റൊരു ‘സര്‍ദാര്‍ പട്ടേലാ’ക്കാനുള്ള കര്‍മപദ്ധതികള്‍ക്ക് ഡല്‍ഹിയില്‍ രൂപം നല്‍കിക്കഴിഞ്ഞു.
ഇലക്്ഷന്‍ പ്രചാരണത്തിനു ആറിടത്ത് മോദി പ്രസംഗിക്കുമത്രെ. ഇതൊന്നുമറിയാതെയാവണം, ശ്രീനാരായണ ഗുരുദേവന്‍െറ നാട്ടില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ കോണ്‍ഗ്രസ് അനുവദിക്കില്ളെന്ന് എ.കെ. ആന്‍റണി തട്ടിവിടുന്നത്.  ഹിന്ദുത്വപാതയില്‍ കേരളം ബഹൂദൂരം മുന്നോട്ടുപോയ യാഥാര്‍ഥ്യം ഡല്‍ഹിയില്‍ കഴിയുന്ന ആന്‍റണി അറിഞ്ഞുകൊള്ളണമെന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ അഴിമതിയും വികസനവുമൊക്കെ വിഷയീഭവിക്കേണ്ടതുണ്ട്. എന്നാല്‍, മുഖ്യഅജണ്ട വര്‍ഗീയ ഫാഷിസത്തിന്‍െറ കടന്നുവരവിനെ എങ്ങനെ ചെറുത്തുതോല്‍പിക്കാം എന്നതായിരിക്കണം. ഈ ദിശയില്‍ ആന്‍റണിയുടെ കോണ്‍ഗ്രസും യു.ഡി.എഫും എന്തു തന്ത്രമാണ് സ്വീകരിക്കാന്‍ പോകുന്നത്?                                                             

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.