മുതല്‍വന്‍

ഉണ്ടചോറിന് നന്ദി കാണിക്കുന്നവരെന്ന് നമ്മള്‍ മനുഷ്യര്‍ വളര്‍ത്തുമൃഗങ്ങളെപ്പറ്റി പറയാറുണ്ടല്ളോ. ആ നന്ദി പൊതുവെ നമ്മള്‍ മനുഷ്യര്‍ കാണിക്കാറില്ല. ചോറിങ്ങും കൂറങ്ങും എന്നതാണ് മനുഷ്യജാതിയില്‍പെട്ടവരുടെ പൊതുനയം. രാഷ്ട്രീയം എന്നാല്‍ അവസരവാദമാണ് എന്ന  നടേശഗുരുവിന്‍െറ ആപ്തവാക്യമനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇങ്ങ് കേരളത്തില്‍ മാത്രമല്ല, അങ്ങ് ഉത്തരാഖണ്ഡിലുമുണ്ട്. ഇക്കരെനില്‍ക്കുമ്പോള്‍ അക്കരെപ്പച്ച എന്നു തോന്നുന്നതാണ് രോഗം. കാലുമാറ്റം, കൂറുമാറ്റം എന്നൊക്കെ പറയും. കോണ്‍ഗ്രസിലാണ് അത് കാലങ്ങളായി കൂടുതലും കണ്ടുവരുന്നത്. അങ്ങനെ ഒമ്പതുപേര്‍ കൂറുമാറിയപ്പോള്‍ മുഖ്യമന്ത്രി ഹരീഷ്ചന്ദ്ര സിങ് റാവത്തിന്‍െറ ഭാവി തുലാസിലായി. ജനാധിപത്യത്തില്‍ വലിയ വിശ്വാസമൊന്നുമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഹൈകോടതി അത് റദ്ദാക്കിയപ്പോള്‍ ശ്വാസം നേരെ വീണതാണ്. ഉത്തരവ് സുപ്രീംകോടതി തടഞ്ഞപ്പോള്‍ പിന്നെയും ത്രിശങ്കുവിലായി.

ഡറാഡൂണ്‍ സെക്രട്ടേറിയറ്റില്‍ അംബികാസോണിയുടെ കൈയില്‍നിന്ന് പൂച്ചെണ്ടു വാങ്ങി മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളുക്കെ ചിരിച്ചുനിന്നതേ ഓര്‍മയുള്ളൂ. പിന്നാലെ ഇടിത്തീപോലെയാണ് സുപ്രീംകോടതി തീരുമാനം വന്നത്. റാവത്തിന്‍െറ സര്‍ക്കാറിന് അധികാരത്തില്‍ തിരിച്ചത്തൊന്‍ അവകാശമുണ്ടെന്നാണ് ഹൈകോടതി പറഞ്ഞത്. ഉത്തരവിന്‍െറ പകര്‍പ്പു കിട്ടുംവരെ രാഷ്ട്രപതിഭരണം റദ്ദാക്കരുതെന്നായി സുപ്രീംകോടതി. നോക്കണേ ഒരു മുഖ്യമന്ത്രിയുടെ ഗതി. ഇപ്പോള്‍ സഹതാപവോട്ടിലാണ് കണ്ണ്. ആരായാലും സഹതപിച്ചുപോകുന്ന അവസ്ഥയാണ്. നാട്ടില്‍ ഭരണംപിടിക്കാന്‍ ബി.ജെ.പി തിടുക്കംകൂട്ടിയത് പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കും. അടുത്ത കൊല്ലം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബി.ജെ.പി ഇപ്പോള്‍ സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ അടുത്തകൊല്ലം വോട്ടര്‍മാര്‍ റാവത്തിനായി സഹതാപം ചൊരിയും എന്നാണ് കണക്കുകൂട്ടല്‍.

‘മുതല്‍വന്‍’ എന്ന ഒരു തമിഴ് സിനിമയുണ്ട്. സംഭവം പൊളിറ്റിക്കല്‍ ത്രില്ലറാണ്. ബ്രഹ്മാണ്ഡ സിനിമകളെടുക്കുന്ന ശങ്കറിന്‍െറ പടപ്പ്. ടി.വി ജേണലിസ്റ്റ് പുകഴേന്തിയായി നടിക്കുന്നത് അര്‍ജുന്‍. അയാള്‍ സംസ്ഥാന മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തുമ്പോള്‍ കുറച്ച് കടുപ്പമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു. ഉത്തരംമുട്ടിയപ്പോള്‍, ‘എന്നാല്‍, ഒരു ദിവസം നിങ്ങള്‍ മുഖ്യമന്ത്രിയായി നോക്ക്’ എന്നായി മുഖ്യന്‍െറ വെല്ലുവിളി. ആ വെല്ലുവിളി സ്വീകരിച്ച പുകഴേന്തി ഒറ്റദിവസംകൊണ്ട് സംസ്ഥാനത്തുവരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്‍െറ ഇതിവൃത്തം. ഹിന്ദിയിലേക്ക് ‘നായക്’ എന്നപേരില്‍ റീമേക് ചെയ്തപ്പോള്‍ അനില്‍ കപൂര്‍ ആയിരുന്നു നായകന്‍. ഏതാണ്ട് മുതല്‍വനിലെ മുതല്‍വനെപ്പോലെ ഒരു ദിവസം കഴിയാന്‍ ഭാഗ്യമുണ്ടായ മുഖ്യനാണ് ഹരീഷ് റാവത്ത്.

വ്യാഴാഴ്ച ഒറ്റയടിക്ക് കുറെ തീരുമാനങ്ങളെടുത്ത് പുകഴേന്തിയെപ്പോലെ താരമായി റാവത്ത്. കേവലം 24 മണിക്കൂര്‍ മാത്രമാണ് കസേരയില്‍ കേറിയിരിക്കാന്‍ കിട്ടിയത്. ഇന്ത്യാചരിത്രത്തിലെ ഏറ്റവും കുറഞ്ഞകാലം മുഖ്യമന്ത്രിയായിരുന്ന ആള്‍ എന്ന ബഹുമതിയും ഇതോടെ സ്വന്തം. അതിനിടയില്‍ റെക്കോഡ് വേഗത്തില്‍ രണ്ടു മന്ത്രിസഭായോഗങ്ങള്‍ നടത്തി. ജനോപകാരപ്രദമായ 11 തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. തെരഞ്ഞെടുപ്പിന് താനും തന്‍െറ പാര്‍ട്ടിയും ഒരുങ്ങിയിരിക്കുകയാണ് എന്ന സന്ദേശം നല്‍കാനും  കഴിഞ്ഞു. മുതല്‍വന്‍െറ റീമേക്കായ ‘നായകി’ലെ അനില്‍ കപൂറിന്‍െറ കഥാപാത്രം തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിട്ടുണ്ട് ഹരീഷ് റാവത്ത്. രണ്ടുകൊല്ലം മുമ്പാണ് അത്. ഒരു ദിവസം 1800 പദ്ധതികള്‍ അവതരിപ്പിച്ചപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. വ്യാഴാഴ്ചയാണ് ആ പ്രചോദനം ശരിക്കും ജീവിതത്തില്‍ പകര്‍ത്താനായത്. 6000 ഗെസ്റ്റ് അധ്യാപകരുടെ ജോലി സ്ഥിരപ്പെടുത്തി. അവരുടെ മാസവേതനം 15,000 രൂപ ആയി നിജപ്പെടുത്തി. പെന്‍ഷന്‍തുകകള്‍ വര്‍ധിപ്പിച്ചു. ഡറാഡൂണിലെ റിസ്പാന പാലത്തിന് ചത്തുപോയ പൊലീസ് കുതിര ശക്തിമാന്‍െറ പേരു നല്‍കും. എന്നാല്‍, കിട്ടിയതക്കത്തിന് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചയാള്‍ എന്ന ദുഷ്പേരും പിന്നാലെവന്നു. അധികാരത്തില്‍ തിരിച്ചത്തൊന്‍ അര്‍ഹതയുണ്ടെന്ന ഹൈകോടതി പരാമര്‍ശം കേട്ടയുടനെ മന്ത്രിസഭായോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും സുപ്രധാനതീരുമാനങ്ങള്‍ എടുക്കുകയുംചെയ്തത് അപക്വമായിപ്പോയി എന്നാണ് വിലയിരുത്തല്‍.

മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയാണ് മുഖ്യ എതിരാളി. അയാളാണ് വിമതരെ നയിക്കുന്നത്. മാര്‍ച്ചിലെ ബജറ്റ് സമ്മേളനത്തില്‍ വിശ്വാസവോട്ട് തേടാനുള്ള ബി.ജെ.പിയുടെ ആവശ്യത്തെ ഒമ്പതു വിമതര്‍ പിന്തുണച്ചതോടെയാണ് റാവത്തിന്‍െറ കസേര ഇളകിയത്. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഉടനെ റാവത്ത് ഉത്തരാഖണ്ഡ് ഹൈകോടതിയെ സമീപിച്ചു. ഗവര്‍ണര്‍ക്കു മുമ്പാകെ 34 എം.എല്‍.എമാരെ നിരത്തിനിര്‍ത്തി കാണിച്ചുകൊടുക്കുകയും ചെയ്തു. തന്നെ പിന്തുണക്കാന്‍ റാവത്ത് കോഴ വാഗ്ദാനംചെയ്യുന്ന രംഗങ്ങള്‍ വിമതര്‍ പുറത്തുവിട്ടതോടെ റാവത്ത് പ്രതിരോധത്തിലായി. മോദിയും അമിത് ഷായുമടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് ഒളികാമറ ദൃശ്യങ്ങള്‍ ഉണ്ടാക്കിയത് എന്ന് റാവത്ത് തിരിച്ചടിച്ചു.

കോണ്‍ഗ്രസുകാരന്‍ എന്നാണ് പുറത്ത് അറിയപ്പെടുന്നതെങ്കിലും ഉള്ളിന്‍െറയുള്ളില്‍ സംഘിയാണ്. പശുവിനെ കൊല്ലുന്നവര്‍ രാജ്യത്തിന്‍െറ ശത്രുക്കളാണെന്നും അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ളെന്നും തുറന്നടിച്ചിട്ടുണ്ട്. ഹരിദ്വാറില്‍ പോകും. ഗോപാഷ്ടമി ചടങ്ങില്‍ പങ്കെടുക്കും. ഇങ്ങനെയൊക്കെ പറയുകയും ചെയ്യും. എന്നിട്ടും ഒപ്പംനിന്ന കോണ്‍ഗ്രസുകാരെന്തിനാ മറുകണ്ടംചാടിയത് എന്നോര്‍ത്ത് തലപുകയ്ക്കാത്ത രാവുകളില്ല. ദോഷം പറയരുതല്ളോ, പശുത്തൊഴുത്ത് നിര്‍മിക്കാന്‍ സ്ഥലം നല്‍കിയ ഏക സംസ്ഥാനം ഉത്തരാഖണ്ഡ് ആണ്. ഗോവധ നിരോധനിയമം കൊണ്ടുവരാനുള്ള നിര്‍ദേശത്തിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുമുണ്ട്.

ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ രജപുത്ര കുടുംബത്തില്‍ 1948 ഏപ്രില്‍ 27ന് ജനനം. പിതാവ് രാജേന്ദ്ര സിങ് റാവത്ത്. മാതാവ് ദേവകി ദേവി. ലഖ്നോ സര്‍വകലാശാലയില്‍നിന്ന് ബി.എ, എല്‍എല്‍.ബി ബിരുദങ്ങള്‍. ഗ്രാമീണതലത്തില്‍നിന്നുതന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. തൊഴിലാളിയൂനിയന്‍ പ്രവര്‍ത്തകനായിരുന്നു. അല്‍മോറ മണ്ഡലത്തില്‍നിന്ന് മുരളി മനോഹര്‍ ജോഷിയെ തറപറ്റിച്ചുകൊണ്ട് 1980ല്‍ ഏഴാം ലോക്സഭയില്‍ ഇടംനേടി. എട്ടും ഒമ്പതും ലോക്സഭകളില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. 1980 മുതല്‍ കോണ്‍ഗ്രസിന്‍െറ സന്നദ്ധസംഘടനയായ സേവാദളിന്‍െറ നേതൃത്വം വഹിച്ചു. 2000ത്തില്‍ ഉത്തരാഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി. 2009ലെ തെരഞ്ഞെടുപ്പില്‍ മൂന്നുലക്ഷത്തില്‍പരം വോട്ടിനാണ് ഹരിദ്വാറില്‍നിന്ന് ജയിച്ചത്. പ്രളയ പുനരധിവാസം കൈകാര്യംചെയ്ത രീതിയെക്കുറിച്ച് വിമര്‍ശം നേരിട്ട വിജയ് ബഹുഗുണ രാജിവെച്ചതിനെ തുടര്‍ന്ന് 2014 ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയായി. ഭാര്യ രേണുക റാവത്ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.