വരള്‍ച്ചയും കരിമ്പുപ്രഭുക്കളും 

രാജ്യത്ത് 60 മില്യണ്‍ ക്യുബിക് മീറ്ററിലേറെ വെള്ളം കൊള്ളുന്ന വലിയ ഡാമുകളുടെ എണ്ണത്തില്‍ മുന്‍പന്തിയിലാണ് മഹാരാഷ്ട്ര. 1845ഓളം വലിയ ഡാമുകളുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷത്തെ മഴ ലഭ്യതയില്‍ രാജസ്ഥാന് ലഭിച്ചതിനെക്കാള്‍ പലമടങ്ങ് മഴയും ലഭിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് മറ്റേത് സംസ്ഥാനത്തേക്കാളും വരണ്ടിരിക്കുകയാണ് മഹാരാഷ്ട്ര. അത്യാവശ്യത്തിനുപോലും വെള്ളം കിട്ടാത്ത അവസ്ഥ വന്നതോടെ സാമൂഹികഘടനയില്‍ വിള്ളല്‍വീഴ്ത്തുന്ന സംഭവവികാസങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ നടന്നുവരുന്നുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ജല കലാപത്തിനുള്ള സാധ്യതാ മുന്നറിയിപ്പും ഏജന്‍സി നല്‍കിയിരിക്കുന്നു. മറാത്ത്വാഡയിലെ ലാത്തൂരില്‍ മേയ് 31വരെ ജില്ലാ കലക്ടര്‍ നിരോധാജ്ഞയും പുറപ്പെടുവിച്ചിരിക്കുകയാണ്. കിണറുകള്‍, മറ്റ് ജലസംഭരണികള്‍, വെള്ള ടാങ്കറുകള്‍ എന്നിവയുടെ പരിസരങ്ങളില്‍ അഞ്ചിലേറെ പേര്‍ കൂടാന്‍ പാടില്ല. ഡാമുകള്‍ക്കും ജലസംഭരണികള്‍ക്കും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. സ്ഥിതിഗതി സ്ഫോടനാത്മകം. 

സംസ്ഥാനത്തെ വിദര്‍ഭ, മറാത്ത്വാഡ മേഖലകളാണ് കൊടും വരള്‍ച്ചയുടെ പിടിയിലമര്‍ന്നത്. മറാത്ത്വാഡ വരണ്ടുണങ്ങുകയാണ്. ഇനിയും അവഗണിച്ചാല്‍ മരുഭൂമിയായി രൂപാന്തരപ്പെടുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാറും രാഷ്ട്രീയക്കാരും പഴിപറയുന്നത് കഴിഞ്ഞ വര്‍ഷങ്ങളിലെ മഴ ലഭ്യതക്കുറവിനെയാണ്. മഴലഭ്യതക്കുറവ് 40 ശതമാനമാണെന്നത് നേര്. എന്നാല്‍, കഴിഞ്ഞവര്‍ഷം രാജ്യത്ത് ലഭിച്ച ശരാശരി 1100 മില്ലീമീറ്ററിനെക്കാള്‍ 200 മില്ലീമീറ്റര്‍ മഴ മഹാരാഷ്ട്രക്ക് ലഭിച്ചിട്ടുണ്ട്. കൊങ്കണ്‍ മേഖലയില്‍ 3000 മില്ലീമീറ്ററില്‍ ഏറെ മഴ അനുഗ്രഹിച്ചു. മറാത്ത്വാഡയില്‍ 882 മില്ലീമീറ്ററും വിദര്‍ഭയില്‍ 1034 മില്ലീമീറ്ററുമാണ് ലഭിച്ചത്. ഒരിക്കലും 400 മില്ലീമീറ്ററിലേറെ മഴ ലഭിക്കാത്ത രാജസ്ഥാന്‍ പിടിച്ചുനില്‍ക്കുമ്പോഴും മഹാരാഷ്ട്രക്ക് പൊള്ളുന്നത് എന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാകുന്നു. കാലങ്ങളായി ജലസ്രോതസ്സുകളോടുകാട്ടുന്ന നെറികേടിന്‍െറ പരിണിതഫലമാണ് ഇപ്പോള്‍ മഹാരാഷ്ട്ര അനുഭവിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിദഗ്ധരുടെ വിരല്‍ നീളുന്നതാകട്ടെ സംസ്ഥാനത്തിന്‍െറ കടിഞ്ഞാണ്‍ കൈയിലൊതുക്കിയ ശക്തരായ കരിമ്പ് പ്രഭുക്കന്മാരിലേക്കാണ്. 

കരിമ്പുകൃഷി, പഞ്ചസാര ഫാക്ടറികളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് മഹാരാഷ്ട്ര. വെള്ളം വിഴുങ്ങുന്ന കരിമ്പുകൃഷിയാണ് ഇവിടെ വില്ലനെന്നാണ് വിദഗ്ധമതം. എന്നാല്‍, കരിമ്പ് കൃഷിക്കും പഞ്ചസാര ഫാക്ടറികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരു സര്‍ക്കാറിനും കഴിയില്ലാ എന്നതാണ് വാസ്തവം. 1960ല്‍ സംസ്ഥാനം രൂപപ്പെട്ടത് മുതലിങ്ങോട്ട് ഒരു പഞ്ചസാര ഫാക്ടറിയെങ്കിലുമില്ലാത്ത രാഷ്ട്രീയക്കാരന്‍ ഉണ്ടാവില്ല. അത് ഏത് പാര്‍ട്ടിയായാലും. ജലസേചനപദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതുപോലും നേതാക്കളുടെ കൃഷി താല്‍പര്യത്തിന് ഒത്താണ്. 
205 പഞ്ചസാര സഹകരണ സ്ഥാപനങ്ങളും 80 സ്വകാര്യസ്ഥാപനങ്ങളും മഹാരാഷ്ട്രയിലുണ്ട്്. സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലാക്കി സ്വകാര്യവത്കരിക്കുന്നത് ആരും ചോദ്യംചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു പതിവ് സംഭവമാണ്. സംസ്ഥാനത്തെ കൃഷിഭൂമിയില്‍ നാലു ശതമാനം കരിമ്പുകൃഷിയാണ്. ’60കളില്‍ 200 ഹെക്ടര്‍ ഭൂമിയാണ് കരിമ്പുകൃഷിക്ക് ഉപയോഗിച്ചത്. 2012 ആയപ്പോഴേക്കും 8.90 ലക്ഷം ഹെക്ടറില്‍ അത് വ്യാപിച്ചു. കരിമ്പു കൃഷി മൊത്തം ജലസേചനത്തിന്‍െറ 71.5 ശതമാനമാണ് വലിച്ചെടുക്കുന്നത്. കടുത്ത വരള്‍ച്ച നേരിടുന്ന മറാത്ത്വാഡയില്‍ 70 പഞ്ചസാര ഫാക്ടറികളാണുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 20 എണ്ണം കൂടി. ഒരിക്കല്‍, കരിമ്പുകൃഷിക്ക് ഡ്രിപ് ജലസേചനം നിര്‍ബന്ധമാക്കുന്ന നയം കൊണ്ടുവന്നെങ്കിലും നടപ്പാക്കിയിട്ടില്ല. 

ലാഭമുള്ള കൃഷി ഇപ്പോള്‍ കരിമ്പാണ്. ആ പേരില്‍ അതില്‍തൊട്ടുള്ള കളികള്‍ക്ക് നിലവിലെ ബി.ജെ.പി സര്‍ക്കാറും മുതിരുന്നില്ല. ചോദ്യംചെയ്യാനോ സമ്മര്‍ദം ചെലുത്താനോ പ്രതിപക്ഷത്തിനും ത്രാണിയില്ല. രാജ്യത്തെ ആദ്യ പഞ്ചസാര സഹകരണ ഫാക്ടറിയായ പ്രവാരാ കോഓപറേറ്റിവ് ഷുഗര്‍ ഫാക്ടറി മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ സ്ഥാപിച്ച വിത്തല്‍റാവു വിഖെ പാട്ടീലിന്‍െറ ചെറുമകന്‍ രാധാകൃഷ്ണ വിഖെ പാട്ടീലാണ് നിലവിലെ പ്രതിപക്ഷനേതാവ്. കരിമ്പുകൃഷിക്ക് വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന നിലപാടുണ്ട് രാഷ്ട്രീയക്കാര്‍ക്ക്. എന്നാല്‍, അതിന് സമ്മര്‍ദംചെലുത്താനൊന്നും അവരില്ല. 

കൊടും വരള്‍ച്ചയില്‍നിന്ന് രക്ഷതേടി മറാത്ത്വാഡയിലെ കര്‍ഷകകുടുംബങ്ങള്‍ സ്വത്തും നാടും ഉപേക്ഷിച്ച് പുണെ, മുംബൈ അടക്കമുള്ള നഗരങ്ങളിലെ വഴിയോരങ്ങളില്‍ അഭയംതേടുന്ന കാഴ്ചയാണിപ്പോള്‍. മറാത്ത്വാഡയില്‍നിന്ന് 400ലേറെ കുടുംബങ്ങള്‍ നാടുവിട്ടെന്നാണ് റിപ്പോര്‍ട്ട്. വരള്‍ച്ചബാധിത മേഖലകളിലും സെല്‍ഫിക്ക് പാകമായ സ്ഥലംകണ്ടത്തെുന്ന മന്ത്രിമാര്‍ നാടുവിട്ട് നഗര തെരുവുകളിലത്തെി കൈനീട്ടി ഇരക്കുന്ന കര്‍ഷകന്‍െറ കണ്ണീരുകാണുന്നില്ല. 
1971ന് ശേഷം കൊടിയ വരള്‍ച്ചയാണ് മഹാരാഷ്ട്ര നേരിടുന്നത്. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തിനിടെ മറാത്ത്വാഡയില്‍ മാത്രം കാര്‍ഷികപ്രതിസന്ധി മൂലം 1300 കര്‍ഷകരാണ് ജീവിതം ഒടുക്കിയത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ 200 പേര്‍ സ്വയം മരണം പുല്‍കി. മറാത്ത്വാഡ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മറ്റ് കാബിനറ്റ് അംഗങ്ങളും എത്തിയപ്പോള്‍ 30 കര്‍ഷകരാണ് ജീവനൊടുക്കിയത്. വരള്‍ച്ചമുക്ത മഹാരാഷ്ട്രയാക്കി മാറ്റാനുള്ള ബി.ജെ.പി സര്‍ക്കാറിന്‍െറ ജലയുക്ത് ശിവര്‍ അഭിയാനും കര്‍ഷകരില്‍ ആശ്വാസമുണ്ടാക്കാന്‍ കഴിയുന്നില്ല. വരള്‍ച്ചബാധിത മേഖലകളായ മറാത്ത്വാഡയിലും വിദര്‍ഭയിലും കാര്‍ഷികപരിഷ്കരണത്തിന് ഇസ്രായേലിന്‍െറ ജെത്രൊ സാങ്കേതികവിദ്യ പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍. പരീക്ഷണത്തിനായി മറാത്ത്വാഡയിലെ ഉസ്മാനാബാദ് തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. 

വരള്‍ച്ചക്കും കാര്‍ഷിക പ്രതിസന്ധികള്‍ക്കുമൊപ്പം കര്‍ഷകര്‍ക്ക് കൂനിന്മേല്‍കുരു ആയിരിക്കുകയാണ് കന്നുകാലികള്‍. കൃഷിക്ക് ഉപയോഗിക്കാന്‍ ശേഷിയില്ലാത്ത കാളകളെ വില്‍ക്കാനോ തള്ളാനോ കഴിയാത്ത അവസ്ഥ. അന്നവും കുടിവെള്ളവും മുട്ടിയ കര്‍ഷകര്‍ക്ക് കാളകളെ ചാകുന്നതുവരെ തീറ്റിപ്പോറ്റേണ്ടിവരുകയാണ്. കഴിഞ്ഞവര്‍ഷം പോത്തുകളൊഴിച്ചുള്ള മാടുകളെ അറുക്കുന്നതും മാംസം വില്‍ക്കുന്നതും സൂക്ഷിക്കുന്നതും നിരോധിക്കുന്ന ഭേദഗതി നിയമം പാസായതോടെയാണ് ഈ പ്രതിസന്ധി. കാര്‍ഷിക ഉപയോഗത്തിന് കഴിയാതെവരുന്ന കാളകളെ വാരാന്ത ചന്തകളില്‍ കൊണ്ടുപോയി അറവുകാര്‍ക്ക് വിറ്റ് പുതിയതിനെ വാങ്ങുന്നതാണ് പതിവ്. നിരോധനിയമം നിലവില്‍വന്നതോടെ പഴയതിനെ വിറ്റ് പുതിയതിനെ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. സാമ്പത്തികപ്രതിസന്ധിക്ക് ചെറിയ പരിഹാരമായി പോലും കന്നുകാലികളെ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാത്ത അവസ്ഥയാണിന്ന്. കാലിച്ചന്ത ഇന്നും നടക്കുന്നു. എന്നാല്‍, കാളകള്‍ക്ക് വിലകിട്ടുന്നില്ല. വാങ്ങിക്കാന്‍ കച്ചവടക്കാര്‍ക്കും ധൈര്യമില്ല. സംഘ്് അനുഭാവസംഘടനകള്‍ കാരണം കാള നിരോധമില്ലാത്ത മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനും കഴിയില്ല. ഒരു കാളക്ക് പ്രതിദിനം 70 ലിറ്റര്‍ വെള്ളം വേണം. കാര്‍ഷികാവശ്യത്തിന് മാത്രമല്ല; ഒന്നു തൊണ്ട നനക്കാന്‍പോലും വെള്ളമില്ലാതെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് അവരുടെ കാളകള്‍ അധികബാധ്യതയാണ്.

കര്‍ഷകര്‍ക്ക് ഗുണമുള്ള നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്ന് വിദര്‍ഭ, മറാത്ത്വാഡ മേഖലകളിലെ ബി.ജെ.പി എം.എല്‍.എമാര്‍തന്നെ പറഞ്ഞുതുടങ്ങി. കര്‍ഷകരുടെ അരിശംകണ്ടാണിത്. കാലികളോ തങ്ങളോ സര്‍ക്കാറിന് പ്രധാനമെന്ന ചോദ്യം കര്‍ഷകര്‍ ഉന്നയിക്കുന്നു. മാട്ടിറച്ചി നിരോധം പിന്‍വലിക്കേണ്ട സമയം അതിക്രമിച്ചെന്ന് ബി.ജെ.പി എം.എല്‍.എ ഭീംറാവു ധോണ്ടെ നിയമസഭയില്‍ പറഞ്ഞപ്പോള്‍ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് സര്‍ക്കാറും ബി.ജെ.പിയും അതു തള്ളുകയാണ് ചെയ്തത്. വരള്‍ച്ചയടക്കമുള്ള പ്രതിസന്ധികള്‍ അപ്രതീക്ഷിതമായി ഉണ്ടായതല്ല. പ്രകൃതി നല്‍കിയ മുന്നറിയിപ്പുകള്‍ക്കുനേരെ കണ്ണടച്ച് ജലസ്രോതസ്സുകളെ ദുരുപയോഗം ചെയ്തതിന്‍െറ പരിണിതഫലമാണ്. പഞ്ചസാര പ്രഭുക്കന്മാരായ രാഷ്ട്രീയ നേതാക്കളുടെ സ്വാര്‍ഥതക്കുള്ള ശിക്ഷയാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്നതെന്ന് പറയുന്നു. വരള്‍ച്ച അതിന്‍െറ ഉച്ചിയിലത്തെിയിട്ടും ഒരു പാഠവും പഠിച്ചതിന്‍െറ ലക്ഷണങ്ങള്‍ കാണുന്നില്ല. കരിമ്പു കൃഷിയില്‍ തൊട്ടുകളിക്കാനും ധൈര്യമില്ല. ജലസ്രോതസ്സുകളിലെ കുറ്റകരമായ ദുരുപയോഗം അവസാനിക്കുന്നില്ല. വന്‍ ദുരന്തത്തെ വിളിച്ചുവരുത്തുകയാണ് ചെയ്യുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.