????? ????? ???? ??????????; ?????????????????? ??? ??????

ദേശീയതയുടെ രണ്ടു മുഖങ്ങള്‍

ദേശീയതയെക്കുറിച്ച ഗീര്‍വാണങ്ങളാണ് മോദിയെ അധികാരത്തിലേറ്റിയത്. അധികാരത്തിനുവേണ്ടിയുള്ള അമിതമായ ആര്‍ത്തി തീവ്രമായ വികസനവാഞ്ഛ യായി ചിത്രീകരിക്കപ്പെട്ടു. ഹിറ്റ്ലറും മുസോളിനിയും ജനങ്ങളെ വഴിപ്പെടുത്തിയ തന്ത്രങ്ങള്‍തന്നെയായിരുന്നു ഇത്. എന്നാല്‍, ചെങ്കോലേന്തിയതോടെ, തീവ്രദേശീയതയുടെ വക്താക്കളായ ഇവര്‍ രാജ്യതാല്‍പര്യങ്ങളെ ഹനിക്കുന്നതായും രാജ്യത്തെ ശിഥിലീകരിക്കുന്നതായും അന്താരാഷ്ട്ര ഏജന്‍സികള്‍തന്നെ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന സംഘര്‍ഷവും ജനങ്ങള്‍ക്കിടയിലുളവായ ഭിന്നിപ്പും ഇന്ത്യയുടെ സാമ്പത്തികരംഗത്തെ സാരമായി ബാധിച്ചിരിക്കുന്നു എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസി ന്‍െറ (IEP) റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. അവര്‍ പഠനവിധേയമാക്കിയ 163 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 141 ആണത്രെ. വളരെ ഖേദകരമായ അവസ്ഥതന്നെ.
സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ക്കുള്ളില്‍തന്നെയും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷവും അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ദേശീയതയുടെ പേരില്‍ ഐക്യപ്പെടാനല്ല, മറിച്ച് ഭിന്നിക്കാനുള്ള പ്രവണതകള്‍ക്കാണ് ആക്കംകൂടിവരുന്നത്. ജര്‍മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തിലേറിയപ്പോള്‍ അതിന്‍െറ പ്രാരംഭലക്ഷണങ്ങള്‍ പ്രകടമായത് തെരുവോരങ്ങളിലായിരുന്നത്രെ. തെരുവുകളുടെ ആധിപത്യം പേശിബലമുള്ള ഗുണ്ടകള്‍ക്കായിരുന്നു. ഇതുതന്നെയാണ് ഇന്ന് നമ്മുടെ പ്രിയപ്പെട്ട രാജ്യത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബീഫ് കൈവശംവെച്ചു എന്നാരോപിച്ചും കന്നുകാലികളെ വില്‍പനക്കായി കടത്തുന്നതിന്‍െറ പേരിലും അവര്‍ണര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനുമൊക്കെ സാധാരണക്കാരായ ആളുകള്‍ തെരുവുകളില്‍ നിര്‍ദയം വധിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്യുന്നു. ദേശീയതയുടെ പേരില്‍ ഫാഷിസം കൊടികുത്തിവാഴുന്നു.
ദേശീയതക്ക് രണ്ടുമുഖങ്ങളുണ്ടെന്ന കാര്യം വിസ്മരിക്കരുത്. യഥാര്‍ഥ ദേശീയത ദേശസ്നേഹത്തില്‍നിന്ന് ഉയിരെടുക്കുന്ന വികാരമാണ്. അത് ദേശവാസികളെ ഒന്നായി കാണാനും പരസ്പരം സ്നേഹാദരങ്ങളോടെ വര്‍ത്തിക്കാനും പ്രേരിപ്പിക്കുന്നു. ഫ്രഞ്ച്-അമേരിക്കന്‍ വിപ്ളവങ്ങളുടെ മുദ്രാവാക്യങ്ങള്‍ വ്യക്തമാക്കുന്നതുപോലെ അത് മാനവികതയുടെ മഹദ്സന്ദേശങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിലൂന്നിനിന്ന് പൗരധര്‍മങ്ങളെ പുഷ്ടിപ്പെടുത്തുകയും സമൂഹത്തെ ഐക്യപ്പെടുത്തുകയും ചെയ്യുന്നു.  ഇതാണ് പൗരധര്‍മത്തിലൂന്നിയുള്ള ദേശീയത (Civic Nationalism) കൊണ്ടുദ്ദേശിക്കുന്നത്. ഇവിടെ രാജ്യത്തോടുള്ള സ്നേഹം, ജന്മംകൊണ്ടുതന്നെ രാജ്യനിവാസികളായ എല്ലാവ്യക്തികളെയും ചൂഴ്ന്നുനില്‍ക്കുന്ന അവിഭാജ്യ വികാരമാണ്. ഈ വികാരം വ്യത്യസ്ത മത, ജാതി, ഭാഷ, ലിംഗ വ്യത്യാസങ്ങളെയെല്ലാം മറികടക്കുന്നു; ദേശവാസികളെല്ലാം ഒന്നാണെന്ന ധാരണ ശക്തിപ്പെടുത്തുന്നു. എന്നാല്‍, മോദിയും അമിത് ഷായും പ്രചരിപ്പിക്കുന്ന ദേശീയത ഭിന്നമാണ്; അത് വര്‍ഗീയതയെ ഊട്ടിവളര്‍ത്തുന്നതും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമായ വര്‍ഗീയതയിലൂന്നിയുള്ള ദേശീയതയാണ് (Ethnic Nationalism). അതുകൊണ്ടാണ് സാധ്വി പ്രാചിയും യോഗി ആദിത്യനാഥുമൊക്കെ മുസ്ലിംകള്‍ക്കെതിരെ ഗര്‍ജിക്കുമ്പോഴും അവര്‍ണരെ ക്ഷേത്രങ്ങളില്‍നിന്ന് ആട്ടിയകറ്റുമ്പോഴും കീഴാളരായ പാവങ്ങളെ മര്‍ദിച്ചവശരാക്കി വൃക്ഷശിഖരങ്ങളില്‍ മൃതദേഹങ്ങള്‍ കെട്ടിത്തൂക്കുമ്പോഴും ഭരണകൂടം മിണ്ടാതിരിക്കുന്നതും മോദി മൗനം പാലിക്കുന്നതും. ഇവിടെ രാജ്യസ്നേഹം ദേശത്തോടുള്ള കൂറില്‍നിന്ന് ഉയിരെടുക്കുന്നതല്ല. മറിച്ച്, ഒരു പ്രത്യേക വംശത്തിനുവേണ്ടി (ethnic group) രാജ്യത്തെ കീഴ്പ്പെടുത്താനുള്ള തീവ്ര വികാരത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്. ഇതാണ് വര്‍ഗീയ ദേശീയത (ethnic Nationalism). ഇതിന്‍െറ ഉത്തമ ഉദാഹരണമാണ് ഇസ്രായേല്‍. ഇസ്രായേലിന്‍െറ ഭരണഘടന ലോകത്തിന്‍െറ ഏതുഭാഗത്തുനിന്നും വരുന്ന ജൂതവംശജരെ സ്വാഗതംചെയ്യുമ്പോള്‍ അധിനിവിഷ്ട മണ്ണില്‍ പിറന്ന ഫലസ്തീനികളെ ക്രൂരമായി മര്‍ദിക്കുകയും നാട്ടില്‍നിന്ന് ബഹിഷ്കരിക്കുകയും ചെയ്യുന്നു. ഇതുതന്നെയല്ളേ, നമ്മുടെ ആദിവാസികളും ദലിതരും അവര്‍ണവിഭാഗങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്?
വര്‍ഗീയ ദേശീയത
ദേശസ്നേഹ വികാരങ്ങളെ ഉദ്ദീപിപ്പിച്ച് രാജ്യത്തെ ശക്തമാക്കുകയും വിവിധ മതസമുദായങ്ങളെ ഐക്യപ്പെടുത്തുകയും ചെയ്യുന്നതാണ് പൗരധര്‍മത്തിലധിഷ്ഠിതമായ ദേശീയതയുടെ ലക്ഷ്യം. ഇത് ഉദാത്തവും  ഉത്കൃഷ്ടവുമാണ്. എന്നാല്‍, ജനങ്ങളില്‍ തീവ്രദേശീയ വികാരങ്ങളുണര്‍ത്തിയും തന്ത്രപരമായ മാര്‍ഗങ്ങള്‍ അവലംബിച്ചും തങ്ങളുടെ വംശത്തില്‍പെടാത്ത-ഭൂരിപക്ഷ-സമൂഹത്തെ മയക്കിക്കിടത്തി തങ്ങളുടെ ഇംഗിതങ്ങള്‍ സാധിപ്പിച്ചെടുക്കുകയും ക്രമേണ രാജ്യം സ്വന്തം ചൊല്‍പ്പടിയിലാക്കുകയും ചെയ്യുകയെന്നതാണ് വര്‍ഗീയ ദേശീയത ലക്ഷ്യം വെക്കുന്നത്. ഇതു പ്രാപ്യമാക്കാനാണ് തീവ്ര വലതുപക്ഷ കക്ഷികള്‍ എപ്പോഴും മുതലാളിത്തവുമായി കൈകോര്‍ക്കുന്നത്. വികസനത്തെക്കുറിച്ചും ദാരിദ്ര്യനിര്‍മാര്‍ജനത്തെക്കുറിച്ചും മറ്റുമുള്ള വന്‍കിട ബഹുരാഷ്ട്ര കമ്പനികളുടെ പ്രചാരണങ്ങള്‍ ഭൂരിപക്ഷ സമൂഹത്തെ പ്രലോഭിപ്പിക്കുന്നു. അവര്‍, നാട്ടിലെ മൗലികപ്രശ്നങ്ങളെക്കുറിച്ച് അജ്ഞരും പ്രതികരണശേഷി നശിച്ച ഉദാസീനരുമായി മാറുന്നു. സംഘര്‍ഷങ്ങള്‍ക്കിരയാകുന്ന മര്‍ദിതസമൂഹത്തിനായി ഭരണകൂടം കപട വാഗ്ദാനങ്ങള്‍ ചൊരിയുന്നു. ഭരണകൂടത്തിന്‍െറ ഈ കപട സഹിഷ്ണുത ആണ് ഈ സമൂഹത്തെ അടക്കിനിര്‍ത്തുന്നത്. ഇങ്ങനെയൊക്കെയായിരുന്നു ഹിറ്റ്ലറും മുസോളിനിയും ജനങ്ങളെ കരവലയത്തിലൊതുക്കിയത്.
പ്രതികരണശേഷി നശിച്ചതും ദീര്‍ഘവീക്ഷണമില്ലാത്തതുമായ-ആത്മനിഷ്ഠവും നിര്‍വീര്യവുമായ- മാനസികാവസ്ഥയില്‍ ഭരണകൂടത്തിന് ജനങ്ങളെ എളുപ്പം കീഴ്പ്പെടുത്താനാകുന്നു. അതിന് ശക്തിപകരാനാണ്, രാജ്യത്തിന്‍െറ പൊതുധാരയില്‍നിന്ന് മാറിനിന്നുതന്നെ, തങ്ങളുടേതായ വംശീയ മേല്‍ക്കോയ്മയെ ശക്തിപ്പെടുത്താനുതകുന്ന സായുധ പരിശീലനങ്ങളും പരിപാടികളും ഇത്തരം വര്‍ഗീയ ദേശീയതയുടെ വക്താക്കള്‍ സംഘടിപ്പിക്കുന്നത്. മോദിഭരണം ഊര്‍ജം വലിച്ചെടുക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍െറ തായ്വേരുകള്‍ ചെന്നുനില്‍ക്കുന്നത് ബെന്നിറ്റോ മുസോളിനിയുടെ ഫാഷിസ്റ്റ് അക്കാദമിയിലാണ്. ഹിന്ദു മഹാസഭയുടെ പ്രസിഡന്‍റായിരുന്ന ഡോ. ബാലകൃഷ്ണ ശിവറാം മുഞ്ചെ 1931ലെ വട്ടമേശ സമ്മേളനത്തിനുശേഷം ലണ്ടനില്‍നിന്ന് നേരെ പോയത് ഇറ്റലിയിലേക്കായിരുന്നു. അദ്ദേഹം മുസോളിനിയുമായി സംഭാഷണം നടത്തുകയും ഫാഷിസ്റ്റ് പാര്‍ട്ടിയുടെ മിലിറ്ററി സ്കൂളുകളും ഫാഷിസ്റ്റ് അക്കാദമിയും സന്ദര്‍ശിക്കുകയുമുണ്ടായി. ഫാഷിസ്റ്റ് അക്കാദമി യുവാക്കള്‍ക്ക് നല്‍കിവരുന്ന സൈനിക പരിശീലനം നേരില്‍ക്കണ്ട് ആകൃഷ്ടനായ ബി.എസ്. മുഞ്ചെയുടെ നിര്‍ദേശങ്ങള്‍ ഹെഡ്ഗേവാറിനും സവര്‍ക്കര്‍ക്കും സ്വീകാര്യമായിത്തീര്‍ന്നു. വിദേശത്തുനിന്ന് കടംകൊണ്ട ഈ ഫാഷിസ്റ്റ് പരിശീലനമാണ് ഇന്നും ആര്‍.എസ്.എസ് പിന്തുടരുന്നത്. ഇതു സംബന്ധിച്ച് ഫ്രണ്ട്ലൈന്‍ മാസിക 2015 ജനുവരിയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചതായോര്‍ക്കുന്നു.
അരുന്ധതിയുടെ ആശങ്ക
വര്‍ഗീയ ഫാഷിസം വളരുമ്പോള്‍ അധികാരം ഒരുകേന്ദ്രത്തിലോ വ്യക്തിയിലോ നിക്ഷിപ്തമാകുന്നു. ജര്‍മനിയിലും ഇറ്റലിയിലും സംഭവിച്ചത് അതായിരുന്നു. അത് ഭീകരമായൊരു യുദ്ധത്തിലേക്ക് ലോകത്തെ നയിച്ചു. അതുകൊണ്ടാവണം, നമ്മുടെ പ്രിയപ്പെട്ട രാജ്യം ബീഭത്സമായൊരു ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കപ്പെടുകയാണോ എന്ന് അരുന്ധതി റോയ് സംശയിക്കുന്നത്.
ഇസ്രായേലിന്‍െറ വര്‍ഗീയദേശീയതയും അമേരിക്കയുടെ മുതലാളിത്തവും മോദി ചുമലിലേറ്റുന്നതെന്തിനാണ്? നിയോകോണുകള്‍ ആധിപത്യം പുലര്‍ത്തുന്ന അമേരിക്കന്‍ ജനാധിപത്യം യഥാര്‍ഥത്തില്‍ ഫെഡറലിസവും മുതലാളിത്തവും തമ്മിലുള്ള ഒത്തുകളിയാണ്. അവിടെ രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കമ്പനികളുടെ സാരഥികളാണ്. ഭരണകക്ഷിയുടെ പ്രചാരണമാധ്യമങ്ങളെ സ്വകാര്യ ഏജന്‍സികള്‍ നിയന്ത്രിക്കുന്നു. ഭൂരിപക്ഷാഭിപ്രായങ്ങളെ ഇത് അസാധ്യമാക്കുന്നു. ഉദാഹരണത്തിന് അമേരിക്കയിലെ ജൂത ജനസംഖ്യ കേവലം ആറു ശതമാനമാണ്. എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അവര്‍ നല്‍കുന്ന ധനസഹായം ഏതാണ്ട് അമ്പതു ശതമാനം വരും. ധനം നിക്ഷേപിക്കുന്ന മുതലാളിമാര്‍ തുല്യമായ പ്രതിഫലം തിരിച്ചെടുക്കാനാഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഇതുതന്നെയാണിപ്പോള്‍ ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും സവര്‍ണ മുതലാളിമാരുടെ കൂട്ടായ്മയാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ജനസംഖ്യാനുപാതികമായി അവര്‍ ഇന്ത്യയിലെ ചെറിയൊരു ന്യൂനപക്ഷമാണ്. പക്ഷേ, അവരുടെ സ്വാധീനം ‘ഒരു വ്യക്തി ഒരു വോട്ട്’ എന്ന നിലക്ക് പരിഗണിക്കാവുന്നതല്ല. അത് അവരുടെ നിക്ഷേപ തുകയുടെ ശക്തിയും ബലവുമനുസരിച്ച് തീരുമാനിക്കപ്പെടുന്നു. അങ്ങനെയാണ്, അദാനിമാരും അംബാനിമാരും നമ്മെ ഭരിക്കുന്നത്. എല്ലാവരും ഭേരിമുഴക്കുന്നതു ‘ദേശീയത’യുടെ പേരിലാണ്. എന്നാല്‍, അതു രാജ്യസ്നേഹമില്ലാത്ത വര്‍ഗീയ ദേശീയതയാണെന്ന കാര്യം നാം വിസ്മരിക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.