സൗദി തൊഴില്‍ പ്രതിസന്ധി: പിത്തലാട്ടമല്ല വേണ്ടത്

മാസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി തലസ്ഥാനമായ റിയാദ് സന്ദര്‍ശിച്ചപ്പോള്‍ ഒരു നാടകം അരങ്ങേറി. റിയാദ് പ്രാന്തത്തിലെ ഒരു ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച അദ്ദേഹം തൊഴിലാളികളോടൊപ്പം ഭക്ഷണം കഴിച്ചത് ‘ചരിത്രസംഭവ’മായി ഇന്ത്യന്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍, ഏറെ കൊട്ടിഘോഷിച്ച സന്ദര്‍ശനവേളയില്‍ ആ രാജ്യത്ത് തൊഴിലെടുക്കുന്ന 30 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ തൊഴിലാളികളെക്കുറിച്ച് സൗദി ഭരണാധിപന്‍ സല്‍മാന്‍ രാജാവിനോട് ഒരക്ഷരം മിണ്ടാന്‍ അദ്ദേഹം വിട്ടുപോയ കാര്യം മാധ്യമങ്ങള്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. മോദിസര്‍ക്കാര്‍ എടുത്തവതരിപ്പിക്കാന്‍ പോകുന്ന മറ്റൊരു ‘ചരിത്രസംഭവം’ മണിക്കൂറുകള്‍ക്കുള്ളില്‍ അരങ്ങേറാന്‍ പോവുന്നു: വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് സൗദിയില്‍ കുടുങ്ങിക്കിടന്ന ഏതാനും ഇന്ത്യന്‍ തൊഴിലാളികളുമായി ഡല്‍ഹി  വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പോകുന്നു. വര്‍ണപ്പൊലിമയുള്ള ഒരു ന്യൂസ്ഫോട്ടോ  പ്രതീക്ഷിക്കേണ്ട സംഭവം.
സൗദി അറേബ്യയില്‍ ചില കമ്പനികള്‍ അടച്ചുപൂട്ടിയതിന്‍െറ ഫലമായി ഉടലെടുത്ത തൊഴില്‍പ്രശ്നത്തെ ഇന്ത്യ കൈകാര്യംചെയ്യുന്ന രീതി അവിടത്തെ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായത് വിഷയത്തെ യാഥാര്‍ഥ്യബോധത്തോടെയോ വസ്തുനിഷ്ഠമായോ അല്ല സമീപിക്കുന്നത് എന്നതുകൊണ്ടാവാം. വിഷയം രാഷ്ട്രീയവത്കരിക്കാനും പഴുത് കിട്ടുകയാണെങ്കില്‍ വര്‍ഗീയവത്കരിക്കാനുമുള്ള നമ്മുടെ കഴിവ്  അപാരമാണെന്നതുകൊണ്ട് കോലാഹലങ്ങള്‍ സൃഷ്ടിച്ച്, പിത്തലാട്ടങ്ങളിലേക്ക് മാലോകരുടെ ശ്രദ്ധതിരിക്കുന്നതില്‍ കേന്ദ്രം വിജയിക്കുന്നു. ഇത്തരം വിഷയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കാനോ മര്‍മം തൊട്ടറിഞ്ഞ് പ്രതിവിധി കണ്ടത്തൊനോ ആത്മാര്‍ഥ ശ്രമം ഒരുഭാഗത്തുനിന്നും ഉണ്ടാകുന്നുമില്ല. സൗദി ഓജര്‍ എന്ന ലബനീസ് കമ്പനി സാമ്പത്തിക പ്രയാസംകൊണ്ട് അടച്ചുപൂട്ടിയതോടെ 55,000 തൊഴിലാളികള്‍ വഴിയാധാരമായത്  ഇന്ത്യയില്‍ ഇപ്പോള്‍ അങ്കലാപ്പ് പടര്‍ത്തിയെങ്കില്‍ അത് വലിയ  പ്രതിസന്ധിയുടെ ഒരുവശം മാത്രമാണ്. സൗദിയില്‍ നിര്‍മാണ, സേവനരംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച നിരവധി കമ്പനികള്‍ വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനരഹിതമാവുകയോ തൊഴിലാളികളെ വെട്ടിച്ചുരുക്കുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്.  എണ്ണയുടെ വിലയിടിവും മാറിവരുന്ന ആഭ്യന്തര, രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യകാരണങ്ങള്‍.

അനാസ്ഥയും അലംഭാവവും
ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍പ്രശ്നം പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല.  ദമ്മാമിലെ സഅദ് ഗ്രൂപ്പില്‍ ജോലിചെയ്തിരുന്ന 1457 ഇന്ത്യന്‍ തൊഴിലാളികള്‍ കമ്പനി അടച്ചതോടെ ദുരിതത്തിലായപ്പോള്‍ അവരുടെ ബന്ധുക്കള്‍ മാസങ്ങള്‍ക്കു മുമ്പ് ഡല്‍ഹി ജന്തര്‍മന്തറില്‍ കുത്തിയിരിപ്പു സമരം നടത്തിയിട്ടും ബന്ധപ്പെട്ടവര്‍ കണ്ണുതുറന്നില്ല. റിയാദിലും ജിദ്ദയിലും താഇഫിലുമൊക്കെ നിര്‍മാണ ജോലിയിലേര്‍പ്പെട്ട ഓജര്‍ കമ്പനി കടുത്ത സാമ്പത്തിക പ്രയാസത്തില്‍പെട്ട് ഏഴുമാസം മുമ്പ് നിശ്ചലമായപ്പോള്‍തന്നെ ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികള്‍ ബന്ധപ്പെട്ട നയതന്ത്രാലയങ്ങളെ സഹായ  അഭ്യര്‍ഥനയുമായി സമീപിച്ചിരുന്നു. കമ്പനിയില്‍  ഇരുപതും മുപ്പതും വര്‍ഷം ജോലി ചെയ്തിരുന്നവര്‍ നാട്ടിലേക്ക് തിരിക്കാന്‍ സന്നദ്ധമാണെങ്കിലും ഇതുവരെയുള്ള ശമ്പളകുടിശ്ശികയും ഗ്രാറ്റ്വിറ്റിയും വാങ്ങിത്തരണമെന്ന അപേക്ഷയാണ് അവര്‍ മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ നയതന്ത്രാലയങ്ങള്‍ ഏതുവിധമാണ് അതിനോട് പ്രതികരിച്ചത് എന്നത് വ്യക്തമല്ളെങ്കിലും മറ്റു രാജ്യങ്ങളിലെ പൗരന്മാരുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് പാഠമായുണ്ട്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ലാത്ത ഫിലിപ്പീന്‍സ് എന്ന രാജ്യം ഈ വിഷയത്തില്‍ കൈക്കൊണ്ട നിലപാട് ശ്രദ്ധേയമാണ്. നിയമപരമായാണ് അവര്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കിയത്. തങ്ങളുടെ 11,000 പൗരന്മാരെ വഴിയാധാരമാക്കിയ ഓജര്‍ അടക്കമുള്ള നാല് കമ്പനികളെ കരിമ്പട്ടികയില്‍പെടുത്തി, അവരില്‍നിന്ന് നഷ്ടപരിഹാരവും തൊഴിലാളികളുടെ ആനുകൂല്യങ്ങളും വാങ്ങാന്‍ സൗദി തൊഴില്‍-ക്ഷേമ മന്ത്രാലയത്തെ നിയമപരമായി സമീപിച്ചു.
ഇനി ഇന്ത്യക്കാരുടെ അവസ്ഥയോ? എത്രപേരെ പുതിയ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് നമ്മുടെ കൈയില്‍ കണക്കില്ല. ഇനി ഒരിക്കലും ഉണ്ടാവാനും പോകുന്നില്ല. കാരണം, പ്രവാസികളെക്കുറിച്ച് ചിന്തിക്കാന്‍ നമ്മുടെ ഭരണസംവിധാനത്തില്‍ ആരുമില്ല.  യു.പി.എ ഭരണകാലത്ത് ഉണ്ടാക്കിയ പ്രവാസിമന്ത്രാലയം അടച്ചുപൂട്ടിയതാണ് മോദിസര്‍ക്കാര്‍ ഭരണത്തിലേറിയ ഉടന്‍ കൈക്കൊണ്ട ‘വിപ്ളവകരമായ’ നടപടി. വിദേശമന്ത്രാലയം എല്ലാം നോക്കിക്കൊള്ളും എന്നതായിരുന്നു ന്യായീകരണം. നമ്മുടെ നയതന്ത്രാലയങ്ങളില്‍ അതിനുവേണ്ട സ്റ്റാഫോ സൗകര്യങ്ങളോ ഇല്ല എന്നു മാത്രമല്ല, അവ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ദന്തഗോപുരങ്ങളാണെന്ന യാഥാര്‍ഥ്യംപോലും  മന$പൂര്‍വം മറന്നു. ഒരു വെല്‍ഫെയര്‍ കോണ്‍സലും ഏതാനും ഉദ്യോഗസ്ഥരും വിചാരിച്ചാല്‍ പരിഹരിക്കപ്പെടുന്നതല്ല ലക്ഷക്കണക്കിന് പ്രവാസികളുടെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍. അതുകൊണ്ടാണ് പൊതുവെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇപ്പോഴത്തെ പ്രതിസന്ധി ഉടലെടുത്ത ഉടന്‍ പ്രവാസി സന്നദ്ധ കൂട്ടായ്മകളുടെ സഹായം തേടിയത്. ഈ വിഷയത്തില്‍ മലയാളികൂട്ടായ്മകളുടെ ആവേശവും ഉത്സാഹവും മാതൃകയാണെങ്കിലും ഒരു ഘട്ടം കഴിയുമ്പോള്‍ എല്ലാ സംവിധാനവും അവതാളത്തിലായേക്കാം. ഹജ്ജ് സീസണ്‍ തുടങ്ങിയാല്‍ എല്ലാവരുടെയും ശ്രദ്ധ മക്കയിലും മദീനയിലുമായിരിക്കും. ഒരു ഇന്ത്യക്കാരനും വിദേശമണ്ണില്‍ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാവില്ളെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ പാര്‍ലമെന്‍റിലെ പ്രസ്താവം കേട്ടപ്പോള്‍ കോരിത്തരിക്കാത്തവര്‍ ആരുമുണ്ടാവില്ല.  എന്നാല്‍, ആവശ്യമായ ഫണ്ട് നയതന്ത്രാലയങ്ങള്‍ക്ക് അനുവദിച്ചാണോ ഈ വാചാടോപം എന്നേ അറിയാനുള്ളൂ.  

നിയമോപദേശകരുടെ അഭാവം
സൗദിയിലെ തൊഴില്‍പ്രതിസന്ധി ഉടലെടുത്തതു മുതല്‍ സര്‍ക്കാറും മാധ്യമങ്ങളുമൊക്കെ വിഷയത്തെ സമീപിക്കുന്നത് യാഥാര്‍ഥ്യബോധത്തോടെയല്ല. ഇത് രണ്ടു സര്‍ക്കാറുകള്‍ തമ്മിലുള്ള പ്രശ്നമല്ല. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യകമ്പനി അടച്ചുപൂട്ടി ഉത്തരവാദപ്പെട്ടവര്‍ സ്ഥലംവിട്ടപ്പോള്‍ സംജാതമായ പ്രത്യേക സ്ഥിതിവിശേഷത്തെ ആ നിലയില്‍തന്നെയാണ് കാണേണ്ടത്. ആ കമ്പനിയുമായി കേന്ദ്രസര്‍ക്കാറിന് ഒരു കരാറുമില്ല. അത്തരമൊരു ചുറ്റുപാടില്‍ എന്തുചെയ്യാനാവും? തൊഴില്‍ മന്ത്രാലയത്തെ സമീപിച്ച് കമ്പനിയില്‍നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങള്‍ നിയമപരമായി വാങ്ങിയെടുക്കുക എന്നതു മാത്രമാണ് ഏക പോംവഴി. ഓജര്‍ കമ്പനിക്കെതിരെ ഇതിനകം 31,000 പരാതികള്‍ തൊഴില്‍മന്ത്രാലയത്തില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പാപ്പരായ ഒരു കമ്പനിയില്‍നിന്ന് എങ്ങനെ ഭീമമായ തുക ഈടാക്കും എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. എന്നാല്‍, അടിസ്ഥാനപരമായ ഒരു പ്രശ്നം, ഇന്ത്യക്കാരന്‍െറ കാര്യങ്ങള്‍ വാദിക്കാന്‍  കഴിവുറ്റ ഒരു സൗദി നിയമജ്ഞനെ നിയമോപദേശകനായി വെക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ്. ഒരു കമ്പനി നിയമലംഘനം നടത്തിയാല്‍ അവര്‍ക്കുള്ള എല്ലാ സേവനങ്ങളും സ്വമേധയാ നിര്‍ത്തലാക്കുന്നതാണ് സൗദി സംവിധാനം. അതായത്, തൊഴില്‍വകുപ്പിലെയും പാസ്പോര്‍ട്ട് വകുപ്പിലെയും കമ്പ്യൂട്ടറുകള്‍ പിന്നെ അവിടത്തെ തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കില്ല. സര്‍വിസ് പുന$സ്ഥാപിക്കുന്നതുവരെ തൊഴിലാളികളുടെ ഇഖാമ പുതുക്കുകയോ എക്സിറ്റ് വിസ അനുവദിക്കുകയോ ചെയ്യില്ല. അരലക്ഷത്തിലധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഒരു പ്രശ്നമായതുകൊണ്ടാവാം ഈ വ്യവസ്ഥയില്‍ ഇളവനുവദിക്കാന്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് തൊഴില്‍ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകളില്‍ ധാരണയായത്.  
സൗജന്യമായി ഇഖാമ (റെസിഡന്‍റ് പെര്‍മിറ്റ്) അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കില്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ തയാറല്ലാത്തവര്‍ക്ക് അത് പ്രയോജനപ്പെട്ടേക്കാം. എന്നാല്‍, എക്സിറ്റ് വിസ നല്‍കാന്‍ സൗദി സര്‍ക്കാര്‍ തയാറായത് വലിയ നേട്ടമായി ഡല്‍ഹിയിലെ മേലാളന്മാര്‍ എണ്ണുന്നതില്‍  കാര്യമൊന്നുമല്ല. നിയമലംഘകരായ വിദേശ തൊഴിലാളികളെ നാടുകടത്തല്‍ കേന്ദ്രത്തില്‍ (തര്‍ഹീല്‍) കൊണ്ടത്തെിച്ച ശേഷം വിമാനത്തില്‍ കയറ്റിയയക്കുന്നതിന് ഒൗട്ട്പാസ് നല്‍കാറാണ് പതിവ്.
 

കുറുക്കുവഴികള്‍ അപര്യാപ്തം
തൊഴില്‍രഹിതരായ ഇന്ത്യക്കാരെ എത്രയുംവേഗം നാട്ടിലത്തെിച്ച് തലവേദന ഒഴിവാക്കാനുള്ള ശ്രമത്തിനിടയില്‍ ഒരായുസ്സ് മുഴുവന്‍ മരുക്കാട്ടില്‍ ജീവിതം ഹോമിച്ച് വെറുംകൈയോടെ തിരിച്ചുവരേണ്ടിവരുന്ന പാവങ്ങളുടെ അവസ്ഥ ബന്ധപ്പെട്ടവര്‍ കാണാതെപോവരുത്. ശമ്പളകുടിശ്ശികയും ആനുകൂല്യങ്ങളും വാങ്ങാന്‍ ഇന്ത്യന്‍ മിഷനെ രേഖാമൂലം ഏല്‍പിച്ച് നാട്ടിലേക്ക് തിരിക്കാമെന്ന നിര്‍ദേശം ഒരുതരം പറ്റിക്കലാണ്. വേണ്ടത്, മറ്റേതെങ്കിലും തൊഴില്‍ സ്ഥാപനത്തില്‍ പുനരധിവസിപ്പിക്കാനുള്ള സാഹചര്യമൊരുക്കുകയാണ്. ഹജ്ജ് തീര്‍ഥാടകരെയുംകൊണ്ട് പുണ്യഭൂമിയിലത്തെുന്ന വിമാനം കാലിയായി മടങ്ങുന്നത് അവസരമായെടുത്ത് അതില്‍ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന ആശയം ആരുടെ ബുദ്ധിയിലുദിച്ചതായാലും ഒരു വലിയ പ്രശ്നത്തില്‍നിന്നുള്ള ഒളിച്ചോട്ടമുണ്ടതില്‍. ശമ്പളം കിട്ടാത്ത തൊഴിലാളികള്‍ എത്രയുംവേഗം രാജ്യം വിടുന്നതില്‍ സൗദിക്കും സന്തോഷമേ ഉണ്ടാവൂ. മറ്റേതെങ്കിലും രാജ്യം ഈ കുറുക്കുവഴി തേടുമെന്ന് തോന്നുന്നില്ല. എന്തുതന്നെയായാലും, പ്രശ്നബാധിത രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലത്തെിക്കാനുള്ള സുഷമ സ്വരാജിന്‍െറ അപാരകഴിവിനുള്ള മകുടോദാഹരണമായി ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് ഇതും എടുത്തുകാട്ടാം. അപ്പോഴും ഇപ്പോഴത്തെ പ്രതിസന്ധിയെ ഇന്ത്യയിലെ മാധ്യമങ്ങള്‍ വൈകാരികമായും വസ്തുതകള്‍ അറിയാതെയും കൈകാര്യംചെയ്യുന്ന രീതിയെക്കുറിച്ചുള്ള ആഗോള ചര്‍ച്ചക്ക് പിന്നീടെങ്കിലും ഇന്ത്യ മറുപടി പറയേണ്ടിവരും. സൗദി അറേബ്യയെക്കുറിച്ചുള്ള മുന്‍വിധി ഇത്തരം സന്ദര്‍ഭങ്ങളില്‍ അനാവൃതമാകുന്നതിന്‍െറ  ഉദാഹരണങ്ങള്‍ അവിടത്തെ മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നുണ്ട്. ഇന്ത്യക്കാരോട് മമതയോടെയും ചരിത്രപരമായ അടുപ്പത്തോടെയുമാണ് സൗദി സര്‍ക്കാറും ജനങ്ങളും പെരുമാറാറെങ്കിലും ഒരു പ്രമുഖപത്രത്തിലെ മുഖപ്രസംഗം തുടര്‍ന്നത് ഇങ്ങനെ: Saudi Arabia has become notorious for its harsh treatment of Indian workers’ (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് , ആഗസ്റ്റ് ഒന്ന്). ഡല്‍ഹിയിലും സൗദി നയതന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാതെപോകുന്നത്  മഹാകഷ്ടമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.