???????????, ???????? ??????

കരുതലോടെ പുതിയ ദിശയിലേക്ക് തുര്‍ക്കി

തുര്‍ക്കിയില്‍ ഭരണകര്‍ത്താക്കള്‍ മാത്രമല്ല പൊതുജനങ്ങളും ഇപ്പോള്‍ പതിവിലധികം ജാഗ്രത പുലര്‍ത്തുന്നു. വിഫലമായി കലാശിച്ചെങ്കിലും സൈനിക അട്ടിമറിശ്രമത്തിന്‍െറ മാനസികാഘാതത്തില്‍നിന്ന് മുക്തരല്ല തുര്‍ക്കി ജനത. 250ലേറെ പേരുടെ ജീവന്‍ അവര്‍ക്കു ബലി നല്‍കേണ്ടിവന്നു. ഇത്തരം സൈനിക സാഹസികതകള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന പ്രാര്‍ഥനയിലാണവര്‍. ജൂണ്‍ അവസാന വാരം ഇസ്തംബൂള്‍ അത്താതുര്‍ക് അന്താരാഷ്ട്രവിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്‍െറ മുറിപ്പാടുകള്‍ മായും മുമ്പായിരുന്നു ജൂലൈ 15ലെ പട്ടാള അട്ടിമറി ശ്രമം. ഇതോടെ തുര്‍ക്കി കൂടുതല്‍ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ കവര്‍ന്നു. എന്നാല്‍, ഇവയില്‍ പലതും തുര്‍ക്കിക്കും പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമെതിരെയുള്ള മോശം വാര്‍ത്തകളായിരുന്നു. ഉര്‍ദുഗാന്‍െറ സമയോചിതവും ബുദ്ധിപൂര്‍വകവുമായ ആഹ്വാനം മൂലം ഭരണപ്രതിപക്ഷ ഭേദമന്യേ ജനം ഒന്നിച്ചു തെരുവിലിറങ്ങി അട്ടിമറി ശ്രമത്തെ ചെറുത്തു തോല്‍പിക്കുകയായിരുന്നു. ഇതോടെ രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷമാകെ മാറി. ദിവസങ്ങള്‍ക്കകം സാമൂഹികാന്തരീക്ഷം സാധാരണ നിലയിലാക്കാന്‍ സര്‍ക്കാറിന് സാധ്യമായതോടെ ഉര്‍ദുഗാന്‍െറ ജനസമ്മതി ഉയര്‍ന്നു.

ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനിന്ന് അട്ടിമറിശ്രമത്തെ ചെറുത്തത്, കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ നാലുവട്ടം ജനാധിപത്യ ഗവണ്‍മെന്‍റുകളെ അട്ടിമറിച്ച ചരിത്രമുള്ള പട്ടാളത്തിന് ശക്തമായ  മുന്നറിയിപ്പാണ് ഈ ജനകീയ വിജയം. വിമത സൈന്യം ഒരു ഭാഗത്തും, ജനങ്ങളും പൊലീസും മറുഭാഗത്തുമായി നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ ചുരുങ്ങിയത് 256 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. 

                                              
അട്ടിമറിയില്‍ പങ്കാളികളായ വിമത സൈനികരെ പിരിച്ചുവിടുകയോ തടവിലാക്കുകയോ ചെയ്തു. അധ്യാപകര്‍, ന്യായാധിപര്‍, പൊലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലായി ആയിരക്കണക്കിന് പേര് ‘ശുദ്ധീകരണ’   നടപടികളില്‍പ്പെട്ടു പിരിച്ചുവിടലിന് വിധേയരായി. പട്ടാളത്തിന്‍െറ തലപ്പത്തു വന്‍ അഴിച്ചുപണി നടന്നു. രാജ്യത്തു മൂന്നുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്‍റിന്‍െറ സുരക്ഷാ ചുമതലയുണ്ടായിരുന്ന  പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിനെ ഒന്നടങ്കം പിരിച്ചുവിട്ടു. അട്ടിമറിയെ അനുകൂലിച്ച ചെറുതും വലുതുമായ നിരവധി മാധ്യമ സ്ഥാപനങ്ങള്‍ക്കുമേലും പിടിവീണു. ചുരുക്കത്തില്‍ പുകഞ്ഞ കൊള്ളികളെല്ലാം പുറത്തായതോടെ വര്‍ധിത വീര്യത്തോടെ അധികാരത്തില്‍ തുടരാനായി ഉര്‍ദുഗാന്. ഭരണകക്ഷിയുടെ ജനകീയാടിത്തറ കൂടുതല്‍ ശക്തമായി. പ്രതിപക്ഷം ദുര്‍ബലമായി.

      25 വര്‍ഷമായി  യു.എസില്‍ പ്രവാസ ജീവിതം നയിക്കുന്ന ഫത്ഹുല്ല ഗുലെന്‍െറ അനുയായികളാണ് അട്ടിമറിശ്രമത്തിന് പിന്നിലെന്ന് തുര്‍ക്കി ആരോപിക്കുന്നു. പെന്‍സല്‍വേനിയയില്‍ 35 ഏക്കറിലെ ആഡംബര വസതിയില്‍ പരിവാരസമേതം കഴിയുകയാണ് ആത്മീയ നേതാവിന്‍െറ പരിവേഷമുള്ള ഗുലന്‍. സൂഫി ചിന്താധാരയുടെ പ്രചാരകനായ ഗുലന് തുര്‍ക്കിക്ക് അകത്തും പുറത്തുമായി ധാരാളം അനുയായികളുണ്ട്. ഇന്ത്യയുള്‍പ്പെടെ 140ഓളം രാജ്യങ്ങളിലായി വിദ്യാലയങ്ങളും ആശുപത്രികളും വ്യാപാര സ്ഥാപനങ്ങളും നടത്തുന്ന ‘ഗുലനിസ്റ്റു’കളുടെ ശൃംഖല വിപുലമാണ്.

പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതോടെ ഗുലന്‍ ദുര്‍ബലനായി എന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ സര്‍വിസില്‍നിന്നും പട്ടാളത്തില്‍നിന്നും ഗുലനിസ്റ്റുകളെ തിരഞ്ഞുപിടിച്ചു പുറത്താക്കിയതോടെ ഈ പ്രസ്ഥാനത്തിന്‍െറ മുന്നോട്ടുള്ള പ്രയാണം തന്നെ കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍. കുറ്റവിചാരണ നടത്താന്‍ ഗുലനെ കൈമാറണമെന്ന് തുര്‍ക്കി ഇതിനകം യു എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍,  ‘നാറ്റോ’ സഖ്യരാജ്യമായ തുര്‍ക്കിയുടെ ആവശ്യം യു.എസ് അംഗീകരിക്കുമോ എന്ന് കണ്ടറിയണം. നേരത്തെ ഊഷ്മള സൗഹൃദം പങ്കിട്ടിരുന്ന ഉര്‍ദുഗാനും ഗുലനും അഭിപ്രായവ്യത്യാസം മൂലം പിന്നീട് വഴിപിരിയുകയായിരുന്നു. സമീപ കാലത്തു തൂക്കിയില്‍ അരങ്ങേറിയ എല്ലാ പ്രക്ഷോഭങ്ങളുടെയും സൂത്രധാരന്‍ ഗുലന്‍ ആണെന്നാണ് ജനങ്ങളില്‍ പരക്കെയുള്ള ധാരണ.

ഉര്‍ദുഗാന്‍െറ നേതൃത്വത്തില്‍ തുര്‍ക്കി സമീപ കാലത്തു വന്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ചതിന്‍െറ സൂചകങ്ങള്‍ രാജ്യമെങ്ങും പ്രകടമാണ്.
കടുത്ത സാമ്പത്തികമാന്ദ്യത്തില്‍നിന്ന് രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിച്ച നിശ്ചയദാര്‍ഢ്യമുള്ള നേതാവെന്ന നിലയില്‍ അദ്ദേഹം ജനസമ്മതി നേടി. ഗ്രാമീണര്‍, കുറഞ്ഞ വിദ്യാഭ്യാസം മാത്രമുള്ളവര്‍ എന്നിവര്‍ക്കിടയില്‍  ഭരണകക്ഷിയുടെ  സ്വാധീനം ഗണ്യമായി വര്‍ധിച്ചു. സര്‍ക്കാര്‍ ഓഫിസുകളിലും സര്‍വകലാശാലകളിലും കോടതികളിലും മറ്റും മുസ്ലിം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അവകാശം നല്‍കുന്ന നിയമനിര്‍മാണം നടത്തിയതോടെ പാരമ്പര്യവാദികളുടെ പിന്തുണയും ഉറപ്പായി.

സമീപകാലംവരെ, നഗരവാസികളും വരേണ്യ  വിഭാഗവും മാത്രമായിരുന്നു സാമ്പത്തിക വളര്‍ച്ചയുടെ ഗുണഭോക്താക്കളില്‍ ഭൂരിപക്ഷവും. സമ്പത്തിന്‍െറ വിതരണവും വികസനവും സന്തുലിതമാക്കാനുള്ള ഉര്‍ദുഗാന്‍െറ ശ്രമങ്ങള്‍ ഫലം കണ്ടതോടെ വികസനം സാധാരണ ജനജീവിതങ്ങളിലേക്കും എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്‍െറ ജനകീയാടിത്തറ കൂടുതല്‍ ശക്തവുമായി.

അയല്‍രാജ്യങ്ങളില്‍ അശാന്തിയും ആഭ്യന്തര കലഹങ്ങളും ആളിപ്പടര്‍ന്നപ്പോഴും തുര്‍ക്കി ശാന്തിയുടെ തുരുത്തായി നിലകൊണ്ടു. എന്നാല്‍, സ്വതന്ത്ര കുര്‍ദിസ്താന് വേണ്ടി 1984  മുതല്‍ ഗറിലാ പോരാട്ടം നടത്തിവരുന്ന കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ) സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഐ.എസിനെതിരായ പോരാട്ടത്തില്‍ തുര്‍ക്കി മുന്‍നിരയില്‍ നിലയുറപ്പിച്ചതുമൂലം ഐ.എസ് ഭീഷണി നിലനില്‍ക്കുന്നു. സിറിയന്‍ അഭയാര്‍ഥികളാണ് മറ്റൊരു പ്രശ്നം. 27 ലക്ഷം വരുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് പട്ടാള അട്ടിമറി ശ്രമത്തിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഉര്‍ദുഗാന്‍ സൂചിപ്പിച്ചിരുന്നു.

പട്ടാള അട്ടിമറിശ്രമത്തെ ഒന്നിച്ചുനിന്ന് ചെറുത്തെങ്കിലും അട്ടിമറി ശ്രമത്തിന്‍െറ പശ്ചാത്തലത്തില്‍ നടത്തുന്ന കൂട്ട പിരിച്ചു വിടലിനോട് പ്രതിപക്ഷത്തിന് പൂര്‍ണ യോജിപ്പില്ല. ഇത് ഏകാധിപത്യ പ്രവണതയിലേക്കുള്ള കാല്‍വെപ്പാകുമെന്നു മുഖ്യ പ്രതിപക്ഷമായ റിപ്പബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടി ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലുതും ചരിത്രപ്രസിദ്ധവുമായ ഇസ്തംബുള്‍ നഗരത്തില്‍ തദ്ദേശീയരുമായി സംസാരിച്ചപ്പോള്‍,  പാശ്ചാത്യ രാജ്യങ്ങള്‍ തുര്‍ക്കിയോട് വിവേചനം കാട്ടുന്നതിലുള്ള അമര്‍ഷം ബോധ്യപ്പെടുകയുണ്ടായി. മുസ്ലിം രാജ്യമായതു കൊണ്ടാണ് തങ്ങളെ ഇ.യു  ഇപ്പോഴും പടിക്കുപുറത്തു നിര്‍ത്തിയിരിക്കുന്നതെന്നു ചിലര്‍ ചൂണ്ടിക്കാട്ടി. പടിഞ്ഞാറന്‍ യൂറോപ്പിലോ അമേരിക്കയിലോ ഭീകരാക്രമണം ഉണ്ടാകുമ്പോഴുള്ള അനുതാപ തരംഗമോ മാധ്യമശ്രദ്ധയോ ജൂണ്‍ 28ന് അത്താതുര്‍ക്ക് വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണ വേളയില്‍ ഉണ്ടായില്ളെന്ന് മറ്റു ചിലര്‍. ഈ ഭീകരാക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരുകാലത്ത് യൂറോപ്പിലെ ‘രോഗി’ എന്ന പരിഹാസപ്പേരില്‍ അറിയപ്പെട്ടിരുന്ന പഴയ രാജ്യമല്ല ഉര്‍ദുഗാന്‍െറ നേതൃത്വത്തിലുള്ള തുര്‍ക്കി എന്ന് ഒരു സ്വകാര്യ  ടി.വി ചാനലിന്‍െറ എഡിറ്റര്‍ ഓര്‍മിപ്പിച്ചു.

തുര്‍ക്കിയുടെ കുതിപ്പ് തടയാന്‍ ലക്ഷ്യം വെച്ചുള്ളതായിരുന്നു പട്ടാള അട്ടിമറി ശ്രമമെന്ന് ഭൂരിപക്ഷം പൗരന്മാരും കരുതുന്നു. പട്ടാള അട്ടിമറിശ്രമത്തിന്‍െറ പശ്ചാത്തലത്തില്‍ നടപ്പാക്കിയ ശുദ്ധീകരണ നടപടികളെയും അടിയന്തരാവസ്ഥ പ്രഖ്യാപനത്തെയും മറ്റും ഇ.യു നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ജനങ്ങള്‍ ആവശ്യപ്പെടുന്നത് നടപ്പാക്കുകയാണ് ജനാധിപത്യ സര്‍ക്കാറിന്‍െറ കടമയെന്നും തുര്‍ക്കിയുടെ കാര്യത്തില്‍ തലയിടുന്നതിന് പകരം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സ്വന്തം കാര്യങ്ങള്‍ നോക്കട്ടെയെന്നുമാണ് ഇത്തരം വിമര്‍ശങ്ങള്‍ക്ക് ഉര്‍ദുഗാന്‍ നല്‍കുന്ന മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.