നാദാപുരം: കലാപങ്ങളുടെ പുതിയ മുഖം

നാദാപുരത്തെ പുതിയ കൊലപാതകം അപ്രതീക്ഷിതമായിരുന്നില്ല. കൊല നടക്കുന്ന സമയം, നാള്‍, ആളിന്‍െറ പേര്‍ എന്നിവയില്‍ മാത്രമേ സംശയങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. അസ്ലം എന്ന മുസ്ലിംലീഗ് പ്രവര്‍ത്തകന്‍െറ വധത്തോടെ അതിനും നിവാരണമായി. അനിശ്ചിതത്വങ്ങളുടെയും അസമാധാനത്തിന്‍െറയും ഭയത്തിന്‍െറയും നാളുകളില്‍നിന്ന് മോചനം വിദൂരമായ സാധ്യതയായി നില്‍ക്കുകയാണ് ഈ പ്രദേശത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം പ്രദേശത്ത് നടത്തിയ ഒരു മാസം നീണ്ട യാത്രകള്‍ അതിന്‍െറ ഭയാനകത തെളിയിച്ചുതരുന്നു. നാദാപുരത്തിന്‍െറ നിലവിലെ പ്രക്ഷുബ്ധതയുടെ കാണാമറയത്തെ ഏതാനും കാരണങ്ങള്‍ സൂചിപ്പിക്കുകയാണ്. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി പെയ്തൊഴിയാതെയുള്ള ഒരു സംഘര്‍ഷാവസ്ഥ പ്രദേശത്ത് തങ്ങിനില്‍ക്കുന്നുണ്ട്. അതിന്‍െറ ഏറ്റവും പ്രധാന കാരണം ചട്ടമ്പിസംഘങ്ങളുടെ രൂപവത്കരണമാണ്. രണ്ടാംഘട്ട പ്രവാസവും മണ്ഡലാനന്തര സാമൂഹികമാറ്റങ്ങളും മൂലം നാദാപുരത്തുനിന്ന് അപ്രത്യക്ഷമായിരുന്ന ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച ഈ ചട്ടമ്പിസംഘങ്ങള്‍ വളരെ ശക്തമായി തിരിച്ചുവരുകയാണ്. ഈ സംഘങ്ങളെ നിയന്ത്രിക്കുന്നതിലും മെരുക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുമ്പുണ്ടായിരുന്ന പങ്ക് ഇപ്പോഴില്ല.

ഇത്തരം ഗ്രാമസംഘങ്ങള്‍ രൂപവത്കരിക്കുന്നതും സംരക്ഷിക്കുന്നതും അതിശക്ത സ്വാധീനമുള്ള ഭൂമി-വനം-ക്വാറി മാഫിയകളാണ്. കാര്‍ഷിക-കച്ചവട മേഖലയില്‍നിന്നുള്ളവരെ പിന്തള്ളി പ്രധാന രാഷ്ട്രീയകക്ഷികളായ മുസ്ലിംലീഗിന്‍െറയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും മുഖ്യ സാമ്പത്തികസ്രോതസ്സുകളായി പ്രാദേശിക സാമ്പത്തിക മാഫിയകള്‍ വളര്‍ന്നതോടെ ഗ്രാമസംഘങ്ങള്‍ അവരുടെ നിലനില്‍പിന്‍െറ അഭിവാജ്യഘടകങ്ങളായി മാറി. അതോടുകൂടി മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് കൂറുപുലര്‍ത്തിയ ‘അഭ്യാസികളും’ ഗ്രാമചട്ടമ്പികളും ആണത്തപ്രദര്‍ശനത്തിന് സംരക്ഷകരായി അവരോധിക്കുന്നത് പ്രാദേശിക മാഫിയകളെയാണ്. പ്രാദേശിക മാഫിയകള്‍ ശക്തമാകാത്ത സ്ഥലങ്ങളില്‍ അവരെ കൈകാര്യംചെയ്യുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ. നാദാപുരം പ്രദേശത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ച മൂന്ന് ചെറുപ്പക്കാരും ഇത്തരത്തിലുള്ള ഗ്രാമസംഘങ്ങളുടെ ഭാഗമായിരുന്നുവെന്നത് ഇതിന്‍െറ വ്യാപ്തിയാണ് തുറന്നുകാട്ടുന്നത്.

നാട്ടുജീവിതങ്ങളെയും ബന്ധങ്ങളെയും മാത്രമല്ല, മതകാര്യങ്ങളെപ്പോലും നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തി, രണ്ട് പാര്‍ട്ടികളിലുമുള്ള ഈ സൂക്ഷ്മ സംഘങ്ങള്‍ക്കുണ്ട്. വിദ്യാഭ്യാസ ധൈഷണികമാറ്റങ്ങളോട് മുഖംതിരിഞ്ഞു നില്‍ക്കുകയും സമാന്തര സാമ്പത്തികസംവിധാനങ്ങള്‍ തുറന്നുകൊടുക്കുന്ന അവസരങ്ങളില്‍ അതിജീവനം കണ്ടത്തെുകയും ചെയ്യുന്ന ഈ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇന്ന് മേഖലയെ ഭീതിയിലാക്കുന്നത്. മണ്ഡലാനന്തര കാലത്ത് മേഖലയിലെ മുസ്ലിം, ഈഴവ വിഭാഗങ്ങളില്‍നിന്നുള്ള ചെറുപ്പക്കാര്‍ അതിരുവിട്ട രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നപ്പോള്‍, ദീര്‍ഘമായ 15 വര്‍ഷം സംഘര്‍ഷങ്ങള്‍ ഏറക്കുറെ ഒഴിഞ്ഞുപോയി. എന്നാല്‍, പ്രാദേശിക മാഫിയകള്‍ സാധ്യമാക്കുന്ന സാമ്പത്തികാവസരങ്ങള്‍ ഉപയോഗ്യമാക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളും പുതിയ ചട്ടമ്പിസംഘങ്ങളുടെ ഭാഗമാകുന്നതാണ്, സംഘര്‍ഷം ഒഴിഞ്ഞുപോകാത്തതാണ് പ്രദേശത്തിന്‍െറ ഭാവി എന്ന് പറയാന്‍ കാരണം.

ഈ ചട്ടമ്പിസംഘങ്ങള്‍ അതത് ഗ്രാമത്തിലെ സദാചാര പൊലീസായും പാര്‍ട്ടികളുടെയും മാഫിയകളുടെയും സ്വകാര്യ സേനകളായും മാറുന്നു. അഴിമതിക്കാരായ പ്രാദേശികനേതൃത്വത്തിന് പല ഗ്രാമങ്ങളിലും വാര്‍ഡ് നേതൃത്വത്തിലേക്കുതന്നെ ഈ സംഘങ്ങളെ കൊണ്ടുവരേണ്ട രാഷ്ട്രീയാവസ്ഥ ഇവരുടെ പ്രസക്തി നിരന്തരമായി വര്‍ധിപ്പിക്കും. 2000ത്തിനു മുമ്പുള്ള നാദാപുരത്തെ കലാപങ്ങളും ഇരകളെയും നിയന്ത്രിച്ചത് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളാണെങ്കില്‍ പുതിയ അവസ്ഥയില്‍ ഇത് നിശ്ചയിക്കുന്നത് രണ്ട് പാര്‍ട്ടികളിലുമുള്ള ചട്ടമ്പിസംഘങ്ങളാണ്. ഇവര്‍ നടത്തുന്ന സംഘര്‍ഷങ്ങള്‍ ആത്യന്തികമായി ഏറ്റെടുക്കേണ്ടിവരുകയാണ് രാഷ്ട്രീയനേതൃത്വത്തിന്. ഇതിന്‍െറതന്നെ വേറൊരു വശമാണ് ചട്ടമ്പിസംഘങ്ങളുടെ സംരക്ഷകര്‍ക്ക് പൊലീസിലുള്ള സ്വാധീനം. നാദാപുരം മേഖലയിലെ പൊലീസ് സ്റ്റേഷനുകളില്‍ രാഷ്ട്രീയനേതൃത്വത്തിനുള്ളതിനേക്കാള്‍ സ്വാധീനം പ്രാദേശിക മാഫിയകള്‍ക്കും പണക്കാര്‍ക്കുംതന്നെയാണെന്നത് പ്രദേശത്തെ പകല്‍പാട്ടുകളാണ്. അനധികൃത ഖനനങ്ങളും മണല്‍കടത്തും വനം കൈയേറ്റവും നിര്‍ബാധമായി നടക്കുന്ന പ്രദേശത്ത്, ഇതിന്‍െറ പേരില്‍ ഒരു പ്രധാനിപോലും അന്വേഷിക്കപ്പെട്ടിട്ടില്ല എന്നതുതന്നെ ഈ ബന്ധത്തിന്‍െറ ശക്തിയെ കാണിക്കുന്നു.

കുറ്റവാളികളെ ആഘോഷിക്കുന്ന യുവത്വം

പ്രദേശത്തെ ചെറുപ്പക്കാരുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഭയാനകമായ ഒരു കാര്യമാണ് കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും ആഘോഷിക്കുന്ന അവരുടെ മന$ശാസ്ത്രം. കോടതി പ്രതികളായി കണ്ടത്തെിയവരെയും സാങ്കേതിക കാരണങ്ങള്‍കൊണ്ട് വെറുതെവിട്ടവരെയും നിരന്തരമായി ആഘോഷിക്കുന്ന തലമുറ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഏറ്റവും ശക്തം പ്രവാസികള്‍ക്കിടയിലാണ്. ഷിബിന്‍ വധക്കേസില്‍ തെളിവുകളില്ലാത്തതിന്‍െറ പേരില്‍ വെറുതെവിട്ട ഒന്നാംപ്രതിക്ക് വീരപരിവേഷം നല്‍കി ആദരിക്കുന്നത് ഒരു തലമുറയുടെ കുറ്റവാളിമനസ്സും സാംസ്കാരിക അധ$പതനവുമാണ് കാണിക്കുന്നത്.

2001ല്‍ ബിനുവിന്‍െറ കൊലയിലേക്കും തുടര്‍ന്ന് രൂക്ഷമായ അക്രമപരമ്പരകളിലേക്കും നാദാപുരത്തെ നടത്തിച്ചത് തൊട്ടുമുമ്പുണ്ടായ അക്രമത്തിലെ പ്രതിസ്ഥാനത്തുനിന്നവരെ മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ ആഘോഷിച്ചപ്പോഴാണ്. കെട്ടിച്ചമയ്ക്കപ്പെട്ട ഒരു ബലാത്സംഗത്തിലെ പ്രതി എന്നതില്‍നിന്ന് ആഘോഷമാക്കി അവതരിപ്പിക്കപ്പെട്ട ഒരു വീരനായകനായി ബിനുവിനെ മാറ്റിയപ്പോള്‍ ഒരു കുടുംബത്തിന് നഷ്ടമായത് മകനെ. ഇത്തരം താരാഘോഷങ്ങള്‍ സൃഷ്ടിക്കുന്ന വൈകാരികതയാണ് ക്രിമിനല്‍ സംഘങ്ങള്‍ക്ക് ബിനുവിനെ കൊല്ലാന്‍ ആത്മവിശ്വാസം നല്‍കുന്നത്. ചട്ടമ്പിസംഘങ്ങളെ വീരപുരുഷരായി മാറ്റിയെടുക്കുന്ന, ഒരുകാലത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിജയകരമായി പരീക്ഷിച്ച രീതി ഇന്ന് മുസ്ലിംലീഗ് ഏറ്റെടുക്കുന്നതായി കാണാം. തലമുതല്‍ പാദംവരെ മൂടുന്ന പച്ചയുടുപ്പുകളുമണിഞ്ഞ് കറുത്ത കണ്ണടവെച്ച് കുതിരപ്പുറത്ത് എഴുന്നള്ളിക്കുന്ന ആണത്തത്തിന്‍െറ പ്രദര്‍ശനം ഈയടുത്ത് ഇവിടെ അരങ്ങേറിയതാണ്. ഇത്തരം ആഭാസങ്ങളിലേക്ക് കേറിവരുന്ന യുവത്വത്തിന്‍െറ പ്രത്യേകതകള്‍ പരിശോധിക്കുമ്പോള്‍ അവരിലെ വിദ്യാഭ്യാസത്തിന്‍െറയും സാമൂഹികബോധത്തിന്‍െറയും അഭാവം തെളിഞ്ഞുവരും.

മാഫിയകളുടെയും അതില്ലാത്തിടത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംരക്ഷണത്തില്‍ കഴിയുന്ന ചട്ടമ്പിക്കൂട്ടങ്ങള്‍ കുടുംബം, പാര്‍ട്ടി, സമൂഹം തുടങ്ങിയവയോട് ഒരു ഉത്തരവാദിത്തവും ഇല്ലാത്തവരാണ്. ഒരുതരത്തിലുള്ള രാഷ്ട്രീയ, സാമൂഹിക ബോധനങ്ങള്‍ക്കും വിധേയമാകാത്ത ഇവരുണ്ടാക്കുന്ന സാമൂഹികപ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥ, പാര്‍ട്ടികളെ വീണ്ടും വീണ്ടും വര്‍ഗീയ ചേരിതിരിവിലൂടെ മാത്രം അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. മുഖ്യ രാഷ്ട്രീയപ്രസ്ഥാനങ്ങളായ മുസ്ലിംലീഗിനെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കുന്ന വേറൊരു രാഷ്ട്രീയവിഷയമാണ് മേഖലയില്‍ വളര്‍ച്ചപ്രാപിക്കുന്ന തീവ്രസ്വഭാവമുള്ള സംഘങ്ങള്‍. ലീഗിന്‍െറ രാഷ്ട്രീയ കാഴ്ചപ്പാടുകളോടും ധാര്‍ഷ്ട്യങ്ങളോടും തെറ്റിപ്പിരിഞ്ഞവര്‍ തീവ്ര സ്വഭാവമുള്ള എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളോട് അനുഭാവം കാട്ടുന്നതും അവര്‍ക്ക് ശക്തമായ സാമ്പത്തികാടിത്തറയുണ്ടാകുന്നതും മേഖലയില്‍ കാണാം. അതേപോലെ മേഖലയിലെ ആദിവാസിവിഭാഗങ്ങളെയും ഈഴവസമുദായത്തെയും ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്ന പ്രവര്‍ത്തനങ്ങളും വര്‍ഷങ്ങളായി തുടരുന്നു. മേഖലയില്‍ ഇതുവരെയില്ലാത്ത തരത്തില്‍ മതാചാരങ്ങളും ക്ഷേത്ര പുനരുജ്ജീവനപ്രവര്‍ത്തനങ്ങളുമായി നേരിട്ട് ഇടപെട്ടാണ് ഇവിടെ ആര്‍.എസ്.എസ് കടന്നുവരുന്നത്.

ഇതിനൊരു മറുവശമുണ്ടായിരുന്നു. തൊണ്ണൂറുകളിലെ കലാപത്തിനുശേഷം സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് നടത്തിയ സാമൂഹിക കൂട്ടായ്മകള്‍ക്ക് പത്തു വര്‍ഷത്തോളം കലാപങ്ങളെ തടഞ്ഞുനിര്‍ത്തുന്നതില്‍ ശക്തമായ പങ്കുവഹിക്കാന്‍ പറ്റി. കലാപങ്ങളുടെ വേദനകള്‍ മാറ്റാനും സാമൂഹികബന്ധങ്ങള്‍ ശക്തമാക്കാനും 90കളില്‍ രൂപംകൊണ്ട 50ഓളം കല-സാഹിത്യ-കായിക ക്ളബുകള്‍ക്ക് സാധിച്ചതായി കാണാം. മതപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍കൊണ്ട് ഈ കൂട്ടായ്മകള്‍ അന്യംനിന്നുപോവുകയും ബന്ധങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലായി ചുരുങ്ങുകയും പുതിയ കൂട്ടായ്മകള്‍ കിംവദന്തികളുടെ ഫാക്ടറികളായി മാറുകയും ചെയ്തു. കലാപപ്രദേശങ്ങളില്‍ കല-സാഹിത്യ കൂട്ടായ്മകള്‍ എങ്ങനെയാണ് സമാധാനം സ്ഥിരപ്പെടുത്തുക എന്നത് അശുതോഷ് വര്‍ശിനിയെപ്പോലെയുള്ള ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എന്നാല്‍, മത-രാഷ്ട്രീയ വിഭാഗീയതകള്‍ക്ക് അന്യംനില്‍ക്കുന്ന അത്തരത്തിലുള്ള കൂട്ടായ്മകള്‍ കഴിഞ്ഞ 15 വര്‍ഷമായി മേഖലയില്‍ സജീവമല്ല. ചുരുക്കത്തില്‍, നാദാപുരത്തിന്‍െറ സമാധാനം വീണ്ടെടുക്കാന്‍ പ്രാദേശിക മാഫിയസംഘങ്ങളെ നിലക്കു നിര്‍ത്തുകയും സാമൂഹിക കൂട്ടായ്മകളെ തിരിച്ചെടുക്കുകയും വേണം. ഹിംസയുടെ ജീര്‍ണിച്ച ആഘോഷങ്ങള്‍ കുറ്റവാളികളുടെ നിര്‍മാണത്തെ ത്വരിതപ്പെടുത്തും എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയുകയും വേണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.