കള്ളനല്ല, മോഷ്ടാവ്

1947 ആഗസ്റ്റ് 15ന് ശേഷമാണ്. ഞാനന്ന് റെവലൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന വലിയപേരുള്ള ആര്‍.എസ്.പി എന്ന ചെറിയ പാര്‍ട്ടിയുടെ ഫുള്‍ടൈം വര്‍ക്കറാണ്. പാര്‍ട്ടിയുടെ ഖജനാവ് കാലിയായതുകൊണ്ട് എനിക്ക് അലവന്‍സൊന്നുമില്ല. ചില പാര്‍ട്ടി അനുഭാവികളുടെയും രാഷ്ട്രീയമില്ലാത്ത ചില ചങ്ങാതിമാരുടെയും ഒൗദാര്യംമൂലമാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കൊച്ചിയില്‍വെച്ച് രാത്രിനടക്കുന്ന പ്രാദേശികയോഗത്തില്‍ പങ്കെടുക്കാന്‍ സ്റ്റേറ്റ് കമ്മിറ്റി എന്നോടാവശ്യപ്പെട്ടു. ഞാനന്ന് ഉച്ചക്ക് തൃശൂരിലത്തെി. എനിക്ക് അസഹ്യമായ വിശപ്പ്. കീശയിലുള്ള കാശെടുത്ത് വിശപ്പുമാറ്റിയാല്‍ കൊച്ചിയാത്ര അവതാളത്തിലാവും. ഈ രണ്ടു ദുരന്തങ്ങളും ഒഴിവാക്കാനെന്തുമാര്‍ഗം എന്നാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറ്റചങ്ങാതിയും സ്വാതന്ത്ര്യസമര സേനാനിയുമായ സി. കൊച്ചനുജനെ ഓര്‍മവന്നു.
തൃശൂരിനടുത്ത തലോറിലെ ചക്കുംകുളങ്ങര വാരിയം കുടുംബാംഗമായ കൊച്ചനുജന്‍ ഹിന്ദി പണ്ഡിതനാണ്. സജീവ രാഷ്ട്രീയം വിട്ടശേഷം അദ്ദേഹം ഹിന്ദി പഠിപ്പിക്കല്‍ തൊഴിലായി സ്വീകരിച്ചു. ഇതിനുവേണ്ടി തൃശൂര്‍ ടൗണില്‍ ഒരു മാളികമുറി വാടകക്കെടുത്തു.
കൊച്ചനുജനെ കണ്ടാല്‍ വിശപ്പിന് പരിഹാരമാകുമെന്ന് എനിക്കുറപ്പായിരുന്നു. ഞാനദ്ദേഹത്തിന്‍െറ മുറിയിലത്തെി. അവിടം വിജനം. കുറെനേരം കാത്തിരുന്നശേഷം ഞാന്‍ ആ മുറി പരിശോധിച്ചു. വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ചോറും ചമ്മന്തിയും കുപ്പിയില്‍ ജീരകവെള്ളവും കണ്ടത്തെി. ഞാനതെല്ലാമെടുത്തു ഭക്ഷിച്ചു.
പോരുമ്പോള്‍ കൊച്ചനുജന് ഒരു കത്തെഴുതിവെച്ചു. അതിലെഴുതി: ‘വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിക്കരുത്’.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT