വിദ്യാഭ്യാസ സംഗമം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

കേരള സര്‍ക്കാറും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി  ഫെഡറേഷന്‍ ഓഫ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്‍െറ സഹകരണത്തോടെ ജനുവരി 29, 30 തീയതികളില്‍ കോവളത്ത് സംഘടിപ്പിച്ച ആഗോള വിദ്യാഭ്യാസ സംഗമം (ജി.ഇ.എം-2016) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്തര്‍ദേശീയ വിദ്യാഭ്യാസത്തിന്‍െറ കേന്ദ്രമാക്കുന്നതിന് 32 നിര്‍ദേശങ്ങളടങ്ങിയ കോവളം പ്രഖ്യാപനത്തോടെയാണ് സമാപിച്ചത്. വിദ്യാഭ്യാസത്തിന്‍െറ അന്തര്‍ദേശീയവത്കരണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയ ഏജന്‍സികളും വരുത്തേണ്ട നിയമഭേദഗതികളെക്കുറിച്ച പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് കോവളം പ്രഖ്യാപനം. ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച പതിവ് സ്വാശ്രയ/മെഡിക്കല്‍/എന്‍ജിനീയറിങ് ചര്‍ച്ചകളില്‍നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസത്തിന്‍െറ അന്തര്‍ദേശീയവത്കരണത്തിന്‍െറ സാധ്യതകളെയും പ്രശ്നങ്ങളെയും കുറിച്ചാണ് സംഗമം ചര്‍ച്ച ചെയ്തത്. പ്രസ്തുത ആവശ്യാര്‍ഥം കേരളത്തില്‍ സ്ഥാപിതമാകേണ്ട അക്കാദമിക് സിറ്റി, ഇന്‍റര്‍ നാഷനല്‍ ഹയര്‍ അക്കാദമിക് സോണ്‍ എന്നിവയുടെ രൂപവത്കരണത്തെയും പ്രവര്‍ത്തനപദ്ധതികളെയും കുറിച്ചുള്ള ആശയമാണ് ആഗോള വിദ്യാഭ്യാസ സംഗമം മുന്നോട്ടുവെച്ചത്.

ഉന്നത വിദ്യാഭ്യാസരംഗത്തെ വിദേശ വിനിമയം പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി, അന്തര്‍ദേശീയ ഇരട്ട ബിരുദ കോഴ്സുകള്‍, വിദ്യാര്‍ഥികളെയും അധ്യാപകരെയും കൈമാറല്‍, സംയുക്ത ഗവേഷണ സെമിനാറുകള്‍, സംയുക്ത ഗവേഷണ പ്രബന്ധങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുകയും, ക്രമീകരിക്കുകയും (Facilitator Cum Regulator) ചെയ്യുക എന്നതാണ് അക്കാദമിക് സിറ്റിയുടെ ദൗത്യം. ഇത്തരത്തിലുള്ള സഹകരണ വിദ്യാഭ്യാസം സുതാര്യമാക്കുന്നതിനുള്ള സ്റ്റാറ്റ്യൂട്ടറിബോഡിയാണ് അക്കാദമിക് സിറ്റി അതോറിറ്റി. വൈസ് ചാന്‍സലര്‍മാര്‍, എം.എച്ച്.ആര്‍.ഡി, എം.ഇ.എ, കെ.എസ്.എച്ച്.ഇ.സി, പ്രതിനിധികള്‍ ഇതിലെ അംഗങ്ങളായിരിക്കും. ഇവക്കെല്ലാം പുറമെ പ്രത്യേക വ്യവസായ മേഖലയുടെ മാതൃകയില്‍ പ്രത്യേക വിദ്യാഭ്യാസ മേഖല എന്ന ആശയവും മുന്നോട്ടുവെക്കുന്നുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന സ്പെഷല്‍ എജുക്കേഷന്‍ സോണും അക്കാദമിക് സിറ്റിയും കേരളത്തിന്‍െറ ഉന്നത വിദ്യാഭ്യാസത്തിന്‍െറ മൗലികതയെയും നയപരമായ അടിസ്ഥാനങ്ങളെയുംകുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
സുതാര്യതയുടെ അഭാവം
സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ തുടങ്ങുന്നതിന് നിയമാനുമതി ഇല്ളെന്നിരിക്കെ വിദ്യാഭ്യാസ ഏജന്‍സികള്‍ക്കും വിജ്ഞാന സംരംഭകര്‍ക്കും (Academic Investors) യഥേഷ്ടം സ്ഥാപനങ്ങളും കോഴ്സുകളും തുടങ്ങുന്നതിനുള്ള മുന്നൊരുക്കമായിരുന്നു ജി.ഇ.എം. വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിനുള്ള ഹയര്‍ എജുക്കേഷന്‍ ബില്‍ ഇപ്പോഴും പാര്‍ലമെന്‍റിന്‍െറ പരിഗണനയിലാണ്. കര്‍ണാടകയിലും തമിഴ്നാട്ടിലുമെല്ലാം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ കേരളത്തില്‍ നിയമാനുമതി ലഭിച്ചിട്ടില്ല. 2014 ട്രാന്‍സ്നാഷനല്‍ എജുക്കേഷന്‍ മീറ്റില്‍ പുറത്തിറക്കിയ തിരുവനന്തപുരം പ്രഖ്യാപനത്തില്‍ സ്വകാര്യ സര്‍വകലാശാല രൂപവത്കരണം എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി അപ്പോള്‍തന്നെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഭരണപരമായ പിന്തുണ കിട്ടാത്ത സ്വകാര്യവിദേശ സര്‍വകലാശാലാ പദ്ധതിയെ, മറ്റുവഴികളിലൂടെ കൊണ്ടുവരാനുള്ള ശ്രമമാണ് സ്പെഷല്‍ എജുക്കേഷന്‍ സോണും അക്കാദമിക് സിറ്റിയും എന്ന വിമര്‍ശം ശക്തമാണ്. പൊളിറ്റിക്കല്‍ എക്സിക്യൂട്ടിവിന്‍െറ നിയന്ത്രണമില്ലാതെ സ്വകാര്യ വിദേശ എജന്‍സികള്‍ക്കും സംരംഭകര്‍ക്കും അനുമതി നല്‍കുന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സുതാര്യതയെ പ്രതികൂലമായി ബാധിക്കും.    
അവകാശവാദം
അക്കാദമിക മികവുകൊണ്ട് ലോക പ്രശസ്തമായ സ്ഥാപനങ്ങളെ കേരളത്തിലത്തെിക്കാനും താരതമ്യേന കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസ അവസരം ലഭ്യമാക്കാനും കഴിയുമെന്നതാണ് പദ്ധതിയെ പൊതുസമൂഹത്തില്‍ സ്വീകാര്യമാക്കുന്നത്. കേരളത്തെപ്പോലെ വിദ്യാഭ്യാസ തല്‍പരരായ സമൂഹത്തിന് ഇത് ഗുണകരവുമാണ്. എന്നാല്‍, ഈ അവകാശവാദം എത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന ആശങ്ക പദ്ധതിക്കൊപ്പം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഓക്സ്ഫഡ്, കേംബ്രിജ് തുടങ്ങിയ അന്തര്‍ദേശീയ സര്‍വകലാശാലകളോ ജെ.എന്‍.യു, ഐ.ഐ.ടി, പോലുള്ള ദേശീയ സര്‍വകലാശാലകളോ ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ ഉണ്ടായിരുന്നില്ല എന്നത് ഇതിന് അടിവരയിടുന്നു. ഇതിനേക്കാള്‍ ഗൗരവതരമാണ് കരിക്കുലവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍.

അക്കാദമിക് സിറ്റി കേന്ദ്രീകരിച്ചുള്ള സ്വകാര്യ സര്‍വകലാശാലകളുടെയും വിദ്യാഭ്യാസ ഏജന്‍സികളുടെയും കോഴ്സുകള്‍ക്ക് ഏത് ഏജന്‍സി അംഗീകാരം നല്‍കും, ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഏതു സര്‍വകലാശാല ബിരുദം നല്‍കും തുടങ്ങിയ അടിസ്ഥാന ചോദ്യ ങ്ങള്‍ക്ക് ഉത്തരംനല്‍കാന്‍ ആഗോള വിദ്യാഭ്യാസ സംഗമത്തിന് സാധിച്ചിട്ടില്ല. വിദ്യാര്‍ഥികളെ കൈമാറുന്നതിനെക്കുറിച്ചും അന്തര്‍ദേശീയ ഇരട്ട ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും ഇത്തരം  അവ്യക്തതകളുണ്ട്. കേരളത്തിലെ സര്‍വകലാശാലകളില്‍ ബിരുദപഠനം മൂന്നു വര്‍ഷവും പി.ജി പഠനം രണ്ടു വര്‍ഷവുമാണ്. എന്നാല്‍, വിദേശ സര്‍വകലാശാലകളില്‍ യഥാക്രമം നാലും ഒന്നുമാണ് ബിരുദബിരുദാനന്തര കോഴ്സുകളുടെ കാലാവധി. അപ്പോള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍നിന്നും മൂന്നു വര്‍ഷം ബിരുദം പൂര്‍ത്തിയാക്കിയ  വിദ്യാര്‍ഥിക്ക് എങ്ങനെയാണ് ഒരു വര്‍ഷം മാത്രം ദൈര്‍ഘ്യമുള്ള വിദേശ യൂനിവേഴ്സിറ്റിയിലെ ബിരുദാനന്തരബിരുദത്തിന് പ്രവേശം ലഭിക്കുക?  അക്കാദമിക് സിറ്റിയിലെ വിദേശ സ്ഥാപനങ്ങളിലെ കോഴ്സുകള്‍ക്ക് അംഗീകാരം കൊടുക്കുന്നത് ആരായിരിക്കും?
വിദേശ അധ്യാപകര്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍  ജോലിചെയ്യുന്നതിന് നിയമതടസ്സമുണ്ട്. ഇക്കാര്യത്തിലെ കേന്ദ്രനയങ്ങളും ഇന്‍റര്‍നാഷനല്‍ ഹയര്‍ അക്കാദമിക് സോണ്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമാണ്.

അക്കാദമിക് സിറ്റിയില്‍ ഫീസ് നിര്‍ണയവും അധികാരവും അതത് വിദ്യാഭ്യാസ ഏജന്‍സികള്‍ക്കും നിക്ഷേപകര്‍ക്കുമായിരിക്കുമെന്നതാണ് മറ്റൊരു ആശങ്ക.  ജി.ഇ.എം 2016 മാതൃകാ പദ്ധതിയായി പരിചയപ്പെടുത്തുന്നത് ദുബൈ അക്കാദമിക് സിറ്റിയെയാണ്. ഇവിടെ യു.എസ്.എ, ഒമാന്‍, ന്യൂസിലന്‍ഡ്, യു.കെ, മലേഷ്യ, ഇറാന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ സര്‍വകലാശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ അമേരിക്കന്‍ യൂനിവേഴ്സിറ്റി ഇന്‍ എമിറേറ്റ്സില്‍ ബിരുദകോഴ്സിന്  4,00800 രൂപയാണ് ഫീസ്. ഇന്ത്യയില്‍നിന്നുള്ള ബിട്സ്പിലാനി (ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാല) ആറു ലക്ഷത്തോളം രൂപ ബിരുദ ഫീസായി  ഈടാക്കുന്നു. മിഷിഗന്‍ യൂനിവേഴ്സിറ്റിയില്‍ ബിരുദത്തിന് പത്ത് ലക്ഷം നല്‍കണം.  മണിപ്പാല്‍ യൂനിവേഴ്സിറ്റിക്ക് അഞ്ച് ലക്ഷത്തോളമാണ് വാര്‍ഷിക ഫീസ്. ഫീസ് നിര്‍ണയാധികാരം സ്വകാര്യ സ്ഥാപനങ്ങള്‍ക്കുതന്നെ നല്‍കുക എന്നതാണ് ഇവിടെയെല്ലാം നിലവിലുള്ള രീതി. ഇത് പിന്തുടര്‍ന്നാല്‍ കേരളത്തിലത്തെുന്ന വിദേശ സ്ഥാപനങ്ങളിലെ പ്രവേശം തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക് എത്രത്തോളം പ്രാപ്യമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തില്‍ യാഥാര്‍ഥ്യമായ സ്വാശ്രയ കോളജുകളില്‍നിന്ന് സാധാരണക്കാരായ കുട്ടികളെ തടയുന്നത് ഫീസ് ഘടനയാണ്. ഇതിന്‍െറ കൂടുതല്‍ ഭീഷണമായ സ്ഥിതിവിശേഷമായിരിക്കും അക്കാദമിക് സിറ്റിയില്‍ സംജാതമാവുക.
ആര്‍ക്കുവേണ്ടി?
സാധാരണക്കാര്‍ക്കും പിന്നാക്ക ദലിത് ന്യൂനപക്ഷ സമൂഹങ്ങള്‍ക്കും പ്രവേശവും തുടര്‍പഠനവും എത്രമാത്രം സാധ്യമാകുമെന്നതും സംവരണം നടപ്പാകുമോ എന്നതും പ്രധാനമാണ്. സംവരണ സംവിധാനത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സ്വകാര്യ സര്‍വകലാശാലകളാണ് അക്കാദമിക് സിറ്റിയിലെ പങ്കാളികള്‍. കേരളത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങളില്‍ സംഭവിച്ച അസന്തുലിതത്വവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ വിവേചനങ്ങളും ഇനിയും പരിഹരിക്കപ്പെട്ടില്ല. നിലവിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയില്ലായ്മക്കും ഫലപ്രദമായ പരിഹാരമുണ്ടായിട്ടില്ല. ഇത്തരം അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ചാണ് അന്തര്‍ദേശീയ നിക്ഷേപകര്‍ക്ക് വേണ്ടി കേരളത്തിന്‍െറ വിദ്യാഭ്യാസ മേഖലയെ തുറന്നുകൊടുക്കുന്നത്. സമൂഹ മാറ്റത്തിന്‍െറയും മനുഷ്യവിമോചനത്തിന്‍െറയും വൈജ്ഞാനിക പാഠങ്ങള്‍ക്കപ്പുറം ഉന്നത വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവത്കരണമാണ് ഇന്‍റര്‍നാഷനല്‍ ഹയര്‍ അക്കാദമിക് സോണിന്‍െറ സങ്കല്‍പം. വിദ്യാര്‍ഥി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ശക്തമായ നിയമനിര്‍മാണങ്ങള്‍ ആവിഷ്കരിക്കാതെ വിദേശ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സ്വാഗതമരുളുന്നത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുക.
(മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജ് അസി. പ്രഫസറാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.