പ്രത്യേക ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കുന്നത് തടഞ്ഞ് ‘ട്രായ്’ നടത്തിയ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണ്. നെറ്റ് ഉപഭോക്താക്കളെ വിവിധ സേവന ദാതാക്കളുടെ ചൂഷണങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ ഉതകുന്നതാണ് ഈ പ്രഖ്യാപനം.
ഇന്‍റര്‍നെറ്റിന്‍െറ സ്വഭാവം, ടെലികോം കമ്പനികളുടെ അത്യാര്‍ത്തി, അധിനിവേശത്തിന്‍െറ ഡിജിറ്റല്‍ മുഖപുസ്തകങ്ങള്‍ എന്നിവയൊക്കെ കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ സൈബര്‍ സ്പേസിലും സജീവ ചര്‍ച്ചാവിഷയമായപ്പോള്‍ അതില്‍ സൂപ്പര്‍ ഹീറോ ആയത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എന്ന സംവിധാനംതന്നെയാണ്.
നെറ്റ് സമത്വത്തിനുള്ള ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ രൂക്ഷവിമര്‍ശങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും രണ്ടാം ഘട്ടത്തില്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് തങ്ങള്‍ക്കനുകൂലമായി ‘ലോബിയിങ്’ നടത്തിയ ഫേസ്ബുക്കിനെ തുറന്നുകാട്ടിയ ട്രായിയുടെ രീതി ആഗോളതലത്തില്‍തന്നെ പൊതുനയരൂപവത്കരണ കരിക്കുലങ്ങളില്‍ പ്രത്യേക കേസ് സ്റ്റഡിയായി പരിഗണിക്കും എന്നുവരെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
ഇന്‍റര്‍നെറ്റിലൂടെ ലഭിക്കുന്ന വിവിധ സേവനങ്ങളെ (ഇ-മെയില്‍, ബ്രൗസിങ്, ഷോപ്പിങ്, ചാറ്റിങ്, വിഡിയോ ഡൗണ്‍ലോഡ്...) തുല്യമായി പരിഗണിക്കുന്ന സാങ്കേതികസംവിധാനമാണ് ഇന്‍റര്‍നെറ്റിനുള്ളത്. ഡാറ്റയെ തുല്യമായി പരിഗണിക്കുന്ന ഈ സംവിധാനം (നെറ്റ് സമത്വം അഥവാ നെറ്റ് ന്യൂട്രാലിറ്റി) ഒഴിവാക്കി തങ്ങളുടെ ശൃംഖലയിലൂടെ കോടികള്‍ വാരുന്ന പോര്‍ട്ടലുകളില്‍നിന്ന് പ്രത്യേകം തുക ഈടാക്കാന്‍ തങ്ങളെയും അനുവദിക്കണമെന്ന വാദം ടെലികോം കമ്പനികള്‍ ശക്തമായി ഉന്നയിച്ചുവരുന്നുണ്ട്. 2014 ഡിസംബര്‍ ഡാറ്റക്കും ശബ്ദത്തിനും പ്രത്യേക താരിഫുകള്‍ ഈടാക്കുമെന്ന് പ്രഖ്യാപിച്ച് എയര്‍ടെല്‍ ഇതിനൊരുക്കംകൂട്ടി. 2015 ഫെബ്രുവരിയില്‍ ഫേസ്ബുക്കും റിലയന്‍സുമായി ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന പദ്ധതി ഇന്ത്യയിലും പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ നെറ്റ് നിഷ്പക്ഷത നിലനിര്‍ത്തണമെന്ന വാദം ശക്തമായി ഉയരുമ്പോഴാണ്, ഇത$പര്യന്തമുള്ള തങ്ങളുടെ സമീപനത്തില്‍നിന്ന് വ്യത്യസ്തമായി ടെലികോം കമ്പനികളുടെ തിരക്കഥക്കനുസരിച്ച് രചിച്ചത് എന്ന് തോന്നിപ്പിക്കുന്ന 118 പേജുള്ള ഒരു കണ്‍സല്‍ട്ടേഷന്‍ പേപ്പര്‍ 2015 മാര്‍ച്ച് 27ന് ട്രായ് പുറത്തിറക്കിയത്.
ഇന്ത്യന്‍ ടെലികോം മേഖലയിലെ വിവിധ സേവനങ്ങളും താരിഫുമെല്ലാം നിയന്ത്രിക്കാന്‍ 1997ലാണ് ട്രായ് രൂപം കൊള്ളുന്നത്. അതിനുമുമ്പ് കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമായിരുന്ന അധികാരങ്ങള്‍ പിന്നീട് സ്വതന്ത്രമായി നിര്‍വഹിച്ചുവന്നിരുന്ന ട്രായിയുടെ ട്രാക് റെക്കോഡ് ഇന്ത്യയിലെ മറ്റു റെഗുലേറ്ററി അതോറിറ്റികളെക്കാള്‍ വളരെ നല്ലതായിരുന്നു. മുമ്പ് 2ജി കുംഭകോണം തടയാനായില്ളെങ്കിലും കൃത്യമായ മുന്നറിയിപ്പ് അവര്‍ നല്‍കിയിരുന്നു. ട്രായിയുടെ ഓരോ കണ്‍സല്‍ട്ടേഷന്‍ പേപ്പറുകളും ഇന്ത്യന്‍ ടെലികോം-മൊബൈല്‍ രംഗത്തെക്കുറിച്ചുള്ള സമഗ്ര പഠന റിപ്പോര്‍ട്ടുകളും ദിശാസൂചകങ്ങളുമായിരുന്നു. താരിഫ്, ഇന്‍റര്‍ കണക്ഷന്‍, സേവന ഗുണനിലവാരം, നമ്പര്‍ പോര്‍ട്ടബിലിറ്റി എന്നു തുടങ്ങി ഇപ്പോള്‍ ‘കോള്‍ ഡ്രോപി’നെതിരെ ശക്തമായ നിലപാട് ട്രായ് എടുത്തത് ഇന്ത്യന്‍ ഡിജിറ്റല്‍ രംഗത്തെ വളര്‍ച്ചയും ഉപയോക്താക്കളുടെ താല്‍പര്യവും സംരക്ഷിച്ചുകൊണ്ടുതന്നെയാണ്.എന്നാല്‍, മാര്‍ച്ചിലെ പേപ്പറില്‍ അതുവരെ ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്ന- സാങ്കേതികമായി നിലവിലില്ലാത്ത -ഒ.ടി.ടി (ഓവര്‍-ദ-ടോപ് സര്‍വിസസ്) എന്ന പേരില്‍ നെറ്റ് സേവനങ്ങളെ തരംതിരിച്ച് ടെലികോം സേവനങ്ങള്‍ക്ക് പ്രത്യേക ലൈസന്‍സും താരിഫും ഏര്‍പ്പെടുത്തുന്ന പോലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കും ആവശ്യമുണ്ടോ എന്ന ചോദ്യം ഇന്ത്യയില്‍ പ്രതിഷേധകൊടുങ്കാറ്റിനിടയാക്കി. പക്ഷേ, നെറ്റ് നിഷ്പക്ഷതയില്‍ വെള്ളംചേര്‍ക്കേണ്ട എന്ന പൊതുനിലപാട് അംഗീകരിക്കാന്‍ ഇത് അവസരവും നല്‍കി.
സുക്കര്‍ബര്‍ഗിന്‍െറ സൂത്രം
അമേരിക്കയില്‍ ഫെഡറല്‍ കമീഷന്‍ ‘നെറ്റ് സമത്വം’ നിലനിര്‍ത്തണം എന്ന് പ്രഖ്യാപിച്ചു. ഫേസ്ബുക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗും തങ്ങള്‍ നെറ്റ് നിഷ്പക്ഷതക്കൊപ്പമാണ് എന്ന് പ്രഖ്യാപിക്കുകയും ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനെ ഫ്രീബേസിക്സ് എന്ന പേരില്‍ പുതിയ കുപ്പിയില്‍ അവതരിപ്പിക്കുകയും ചെയ്തു. ഫ്രീബേസിക്സ് ഫേസ്ബുക് ഇന്ത്യയില്‍ റിലയന്‍സുമായി ചേര്‍ന്ന് അവതരിപ്പിക്കുന്നത് ഏതാനും വെബ്സൈറ്റുകള്‍ മാത്രം സൗജന്യമായി റിലയന്‍സ് മൊബൈല്‍ ശൃംഖലയിലൂടെ ഇന്‍റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും ലഭ്യമാക്കുക എന്ന രൂപത്തിലാണ്. 350 കോടി ഉപയോക്താക്കളും 100 കോടി വെബ്സൈറ്റുകളുമുള്ള ഇന്‍റര്‍നെറ്റില്‍ കേവലം അമ്പതോ നൂറോ സൈറ്റുകള്‍ മാത്രം നല്‍കുന്നത് ‘ഇന്‍റര്‍നെറ്റ്’ എന്ന സങ്കല്‍പത്തിനുതന്നെ എതിരാണ് എന്ന വാദഗതി ഉയര്‍ന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ സാങ്കേതികപരമായോ നിര്‍വഹണപരമായോ ഒരു പങ്കുമില്ലാത്ത ഫേസ്ബുക്കാണ് ഏത് സൈറ്റുകള്‍ വേണമെന്ന് തീരുമാനിക്കുന്നത്. അവരുടെ പ്രോക്സി സര്‍വര്‍ വഴി ഉപയോക്താവിന്‍െറ മുഴുവന്‍ വിവരങ്ങളും അവര്‍ക്ക് വായിക്കാം, വിശകലനം ചെയ്യും, വിറ്റ് കാശാക്കാം. ഈ പശ്ചാത്തലത്തിലാണ് 2015 ഡിസംബര്‍ 12ന് ട്രായിയുടെ രണ്ടാം ചര്‍ച്ചാകുറിപ്പ് പ്രസിദ്ധപ്പെടുന്നത്.
നെറ്റില്‍ വ്യത്യസ്ത ഡാറ്റാ സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്ന രീതി (ഡിഫ്രന്‍ഷ്യല്‍ പ്രൈസിങ്), ചില സേവനങ്ങള്‍ മാത്രം സൗജന്യമായി നല്‍കുന്ന രീതി (സീറോ റേറ്റിങ്) തുടങ്ങിയ നെറ്റ് നിഷ്പക്ഷതക്ക് തുരങ്കംവെക്കുന്ന കാര്യങ്ങളെ വസ്തുതാപരമായി പരിശോധിച്ച് ഇവ ഇന്ത്യയില്‍ നടപ്പാക്കണോ? ആണെങ്കില്‍ എങ്ങനെ? ബദല്‍ മാതൃകകള്‍ എന്തൊക്കെ? തുടങ്ങി നാല് ചോദ്യങ്ങളാണ് ഒമ്പതു പേജുള്ള ഈ ചര്‍ച്ചാകുറിപ്പില്‍ ട്രായ് അവതരിപ്പിക്കുന്നത്. ഇതാണ് കുടത്തില്‍നിന്ന് ഭൂതത്തെ തുറന്നുവിട്ട പ്രതീതിയുളവാക്കിയത്.
ഇന്ത്യയില്‍ 12.5 കോടി ഉപയോക്താക്കളുണ്ടായിട്ടും കോടിക്കണക്കിനു രൂപ ഇതുവഴി (ഉപയോക്താക്കളുടെ ഡാറ്റാ മൈനിങ്) സമ്പാദിച്ചിട്ടും, ഇന്ത്യയില്‍ സ്വന്തമായി ഓഫിസില്ലാത്തതിനാലും തങ്ങള്‍ അമേരിക്കന്‍ കമ്പനിയായതിനാലും ഇന്ത്യന്‍ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ളെന്നും തങ്ങള്‍ ഇവിടെ ഒരു ടാക്സും നല്‍കേണ്ടതില്ളെന്നും നിരന്തരം വാദിക്കുന്ന ഫേസ്ബുക്, പക്ഷേ സമാനതകളില്ലാത്ത വിധത്തില്‍ ഇന്ത്യക്കാരെ ദേശാഭിമാനം പഠിപ്പിക്കാനും കുത്സിത ശ്രമങ്ങളിലൂടെ നയരൂപവത്കരണത്തില്‍ ഇടപെടാനും നടത്തുന്ന ശ്രമമാണ് പിന്നീട് കണ്ടത്.
ഇന്ത്യയിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ ഡിജിറ്റല്‍ വിപ്ളവത്തിന്‍െറ ഭാഗമാക്കാനെന്നു പ്രചരിപ്പിച്ച് 300 കോടി രൂപയാണ് തങ്ങളുടെ പദ്ധതിക്കായുള്ള നയരൂപവത്കരണത്തെ സ്വാധീനിക്കാന്‍ ഫേസ്ബുക് ചെലവാക്കിയത്. ഇന്ത്യയിലെ 100 കോടി ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനമൊരുക്കാന്‍ നിങ്ങളും പങ്കാളികളാവൂ എന്ന് പറഞ്ഞുള്ള വിന്‍ഡോ ഫേസ്ബുക്കിലൂടെ പ്രത്യക്ഷപ്പെടുത്തി പേരും വിഷയവും സന്ദേശവുമെല്ലാം അതില്‍ത്തന്നെ ഓട്ടോമാറ്റിക്കായി നല്‍കി ‘മെയില്‍ അയക്കുക’ എന്ന ബട്ടണില്‍ ക്ളിക്ക് ചെയ്യാന്‍ ആഹ്വാനംചെയ്തുള്ള കാമ്പയിനില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ വീണുപോയി എന്ന് മാത്രമല്ല, ഇത് ഒരു ചെയിന്‍ മെയിലായി അവരുടെ ‘ സുഹൃത്തുക്കളി’ലെല്ലാം പടര്‍ന്നു. എസ്.എം.എസുകള്‍, പ്രമുഖ പത്രങ്ങളില്‍ രണ്ടും നാലും ഫുള്‍പേജ് പരസ്യങ്ങള്‍, റോഡ് വശങ്ങളില്‍ കൂറ്റന്‍ ബോര്‍ഡുകള്‍, ഓണ്‍ലൈന്‍ വിഡിയോകള്‍, റേഡിയോ പരിപാടികള്‍, വാട്സ്ആപ് പ്രമോഷനുകള്‍ എന്നിങ്ങനെ അനുകൂലമായി പ്രതികരിക്കാത്തവര്‍ ‘പിന്തിരിപ്പന്മാര്‍’ എന്നുവരെ പറയാതെ പറയുന്ന പരസ്യ കാമ്പയിന്‍ ഇവര്‍ അഴിച്ചുവിട്ടു. എന്നാല്‍, ഡിസംബര്‍ 31 വരെ നല്‍കിയ സമയപരിധി തീരാനാകുമ്പോള്‍ ‘തങ്ങള്‍ നടത്തുന്നത് അഭിപ്രായ സര്‍വേയല്ല; ഞങ്ങള്‍ക്കു വേണ്ടത് വ്യക്തമായ നിര്‍ദേശങ്ങളാണ്’ എന്ന് പരസ്യമായി ട്രായ് പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ സൈബര്‍ സ്പേസിനെ വിലക്കെടുക്കാനുള്ള ഫേസ്ബുക്കിന്‍െറ ആദ്യ നീക്കം പാളി.
ജനുവരി ഒന്നിന് facebookmail.com ല്‍നിന്ന് 5.44 ലക്ഷവും Supportfreebasics.inല്‍നിന്ന് 10.3 ലക്ഷവും സന്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചെങ്കിലും ഇവ തങ്ങളുന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാകുന്നില്ല എന്ന് മാത്രമല്ല, ഈ ആളുകളെയൊന്നും തങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്നും ഫേസ്ബുക്കിന് ട്രായ് എഴുതി. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടേതായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് പകരം ഞങ്ങളുടെ ചര്‍ച്ചാകുറിപ്പ് അതിന്‍െറ യഥാര്‍ഥ രൂപത്തില്‍ ഉപയോക്താക്കളെ അറിയിക്കണം എന്നുകൂടി ട്രായ് ആവശ്യപ്പെട്ടു. ഈ കത്തയച്ചത് ഫേസ്ബുക്കിന്‍െറ പബ്ളിക് പോളിസി ഡയറക്ടര്‍ക്ക് ഡല്‍ഹിയിലെ താജ്മഹല്‍ ഹോട്ടലിലെ വിലാസത്തിലാണ്. ഇതിന് ജനുവരി ആറിന് അവര്‍ നല്‍കിയ മറുപടി ‘ഫേസ്ബുക്’ എന്ന ഒരൊറ്റ ലോഗോ മാത്രമുള്ള (വിലാസമൊന്നും എഴുതാത്ത) ലെറ്റര്‍ഹെഡിലായിരുന്നു. തങ്ങളുടെ ഉപയോക്താക്കള്‍, ഡിജിറ്റല്‍ തുല്യത ഇന്ത്യയില്‍ ഉറപ്പാക്കാനായി യഥാര്‍ഥ കാര്യം മനസ്സിലാക്കിത്തന്നെയാണ് പ്രതികരിച്ചത് എന്നായിരുന്നു അവരുടെ മറുപടി. മിസ്കാളിലൂടെ പ്രതികരിച്ചവരെ തിരിച്ച് ബന്ധപ്പെടാന്‍ അവരുടെ ഇ-മെയില്‍ തങ്ങളുടെ കൈയിലില്ല എന്നും 1.1 കോടിയാളുകള്‍ മറുപടി നല്‍കി എന്നും ഈ കത്തിലെഴുതി.
ട്രായ് നല്‍കുന്ന മറുപടി
ഇതേ നാണയത്തില്‍ ശക്തമായ മറുപടിയാണ് അടുത്ത ദിവസംതന്നെ (ജനുവരി 7) ട്രായ് ഫേസ്ബുക്കിന് നല്‍കിയത്. മിസ്ഡ് കാള്‍ കക്ഷികള്‍ക്ക് എസ്.എം.എസ് എങ്കിലും അയച്ചുകൂടേ എന്ന് ആ കത്തില്‍ ചോദിച്ചു. മാത്രമല്ല, 1.1 കോടി എന്ന കണക്ക് തെറ്റാണെന്നും ആകെ 18.9 ലക്ഷം സന്ദേശങ്ങളേ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളൂവെന്നും ട്രായ് എഴുതി. തങ്ങള്‍ ഉപയോക്താക്കളോട് വിനിമയം ചെയ്യാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ (നിങ്ങളുടെ കൈയില്‍ ഇ-മെയില്‍ ഐഡി ഉള്ളവരുടെപോലും) നിങ്ങള്‍ അറിയിച്ചിട്ടില്ല എന്നതാണ് തിരിച്ച് ഒറ്റ മറുപടിപോലും ലഭിക്കാതിരുന്നതില്‍നിന്ന് മനസ്സിലാക്കുന്നതെന്നും ട്രായ് എഴുതിയത് ഫേസ്ബുക്കിന്‍െറ 300 കോടി രൂപ ചെലവഴിച്ചുള്ള പ്രചാരണത്തെ പാടെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു. ഇതിനോട് ഫേസ്ബുക് പ്രതികരിച്ചില്ല. ‘ഇതുകൊണ്ടും അരിശംതീരാത്ത ട്രായ്’ ജനുവരി 12ന് പ്രത്യേകം വാര്‍ത്താക്കുറിപ്പിറക്കി ഇക്കാര്യം മുഴുവന്‍ മാലോകരെ അറിയിക്കുക മാത്രമല്ല, മൊത്തം വിനിമയ രേഖകളും trai.gov.inലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു എന്നത് ഒരു പൊതുസ്ഥാപനത്തിന്‍െറ സുതാര്യതാ പ്രദര്‍ശത്തിന്‍െറ ആഗോള മാതൃകയായി മാറി. പിന്നീട് തങ്ങളുടെ ഉപയോക്താക്കളുടെ ഇ-മെയില്‍ ട്രായ് ബ്ളോക് ചെയ്തു എന്ന ഫേസ്ബുക്കിന്‍െറ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച ട്രായ് ഈ മറുപടിയും ജനുവരി 19ന് പരസ്യപ്പെടുത്തി. സുതാര്യമായ ഒരു പൊതുചര്‍ച്ചാ പ്രക്രിയയെ വളച്ചൊടിച്ച അഭിപ്രായ സര്‍വേയിലൂടെയും കൃത്രിമ ഭൂരിപക്ഷത്തിലൂടെയും ചെറുതാക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല എന്നും പച്ചക്ക് പറഞ്ഞു. വണങ്ങാന്‍ പറഞ്ഞാല്‍ ഇഴയുന്ന സംവിധാനങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കാന്‍ അവര്‍ക്കായി.
അഭിപ്രായ രൂപവത്കരണത്തിന് ഓണ്‍ലൈന്‍ സങ്കേതങ്ങളെ ആശ്രയിക്കേണ്ടത് ഇന്നിന്‍െറ ആവശ്യമാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെക്കാള്‍ അംഗത്വമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു കമ്പനി, ഒരു ഉത്തരവാദിത്തവും ഇല്ലാതെ ഇന്ത്യന്‍ മനുഷ്യമൂലധനമെന്ന ഏറ്റവും വലിയ ഡാറ്റാ കമ്പോളത്തിലും അതുവഴി നമ്മുടെ ഡിജിറ്റല്‍ സമ്പദ്ഘടനയിലും കൈകടത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭരണകൂടങ്ങളെ ജനപിന്തുണ കാണിച്ച് നിശ്ശബ്ദരാക്കാനും നടത്തിയ ശ്രമത്തിന് ‘ട്രായ്’ അതേ നാണയത്തില്‍ നല്‍കിയ തിരിച്ചടി ഇന്ത്യന്‍ രണ്ടാം നെറ്റ് സ്വാതന്ത്ര്യസമരത്തെ വിജയിപ്പിക്കാന്‍ മാത്രമല്ല, ആഗോളതലത്തില്‍ ‘ഇതും സാധ്യമാണ്’ എന്ന ശക്തമായ സന്ദേശംകൂടി നല്‍കാന്‍ പര്യാപ്തമാണ്. പ്രധാനമന്ത്രിയുടെ ആശ്ളേഷവും ഡിജിറ്റല്‍ ഇന്ത്യക്കായി പ്രഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണമാക്കിയും ഇന്ത്യയിലെ പാവങ്ങളുടെ ഡിജിറ്റല്‍ ശേഷി ഉയര്‍ത്താന്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ചും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവുരീതിയെ ഓര്‍മിപ്പിച്ച് രംഗപ്രവേശംചെയ്ത ഫേസ്ബുക്കിന് ഇത് തിരിച്ചടിയാണെങ്കിലും നാളെ മറ്റു പല രൂപഭാവങ്ങളിലും പുതിയ ഫ്രീബേസിക്കുകള്‍ അവതരിപ്പിക്കുന്നതിനെതിരെ രാജ്യം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.