ദേശീയതയും ഭരണകൂട ഭീകരതയും

ദേശീയതയെ ദുരുപയോഗം ചെയ്താണ് ഫാഷിസ്റ്റുകള്‍ ചരിത്രത്തില്‍  രാഷ്ട്രീയാധിപത്യം സ്ഥാപിച്ചത്. ഹിറ്റ്ലറും മുസോളിനിയും പരീക്ഷിച്ച ഈ പദ്ധതി തന്നെയാണ് സംഘ്പരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദേശാഭിമാനം, ദേശസ്നേഹം, ദേശീയത തുടങ്ങിയ പദങ്ങള്‍ക്കുപിറകില്‍ ഒളിഞ്ഞിരിക്കുന്ന വംശവിദ്വേഷവും അപരവത്കരണവും തീവ്രഹിന്ദുത്വവും ഇന്ത്യയിലിന്ന് മറനീക്കി ഹീനമായ രീതികളില്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയും ജെ.എന്‍.യുവിലെ കനയ്യകുമാറിനെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചതും അതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായി നടന്ന ആക്രമണങ്ങളും ഹിന്ദുത്വവാദികളുടെ യഥാര്‍ഥ രാഷ്ട്രീയസ്വഭാവം വെളിപ്പെടുത്തുന്നു. ദലിത് വിഭാഗങ്ങളോടും അംബേദ്കറിസത്തോടുമുള്ള കടുത്ത ശത്രുതയാണ് രോഹിത് വെമുല സംഭവത്തില്‍ പ്രകടമായത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ജാതീയമായ വിവേചനത്തെക്കുറിച്ച് തോറാത് കമീഷന്‍ നടത്തിയ പഠനറിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. 2007ല്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ടനുസരിച്ച് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ സര്‍വേ) 69 ശതമാനം ദലിത് വിദ്യാര്‍ഥികളും അവരുടെ ജാതിപശ്ചാത്തലം നിമിത്തം അധ്യാപകരില്‍നിന്നു വിവേചനം നേരിടുന്നു. മറ്റു വിദ്യാര്‍ഥികള്‍ക്കു ലഭ്യമാകുന്ന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഹോസ്റ്റലില്‍പോലും വിവേചനത്തിനും അവമതിപ്പിനും ഇരകളാകുന്നു. ഇന്ത്യയിലെങ്ങും ദലിത് പിന്നാക്ക വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ജാതിവിവേചനത്തിന്‍െറ പരിച്ഛേദമാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ 18 വിദ്യാര്‍ഥികളാണ് രോഹിത് വെമുലയെപ്പോലെ ആത്മഹത്യ ചെയ്തത്.
ജെ.എന്‍.യു സര്‍വകലാശാല ഇന്ത്യയിലെ മറ്റു സര്‍വകലാശാലകളില്‍ നിന്നു വേറിട്ടുനില്‍ക്കുന്നതുകൊണ്ടാണ് ഹിന്ദുത്വശക്തികള്‍ ഈ സര്‍വകലാശാല പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും. അംബേദ്കറിന്‍െറയും മാര്‍ക്സിന്‍െറയും ആശയങ്ങളും മറ്റു നവീന ചിന്താധാരകളും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ ശക്തമായ സ്വാധീനംചെലുത്തുന്നതാണ് ഹിന്ദുത്വശക്തികളെ പ്രകോപിതരാക്കുന്നത്. ഇന്നിപ്പോള്‍ ജെ.എന്‍.യു എന്ന പേരുമാറ്റി ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്ഗേവാറിന്‍െറ പേര് സര്‍വകലാശാലക്കിടണമെന്നാണ് ഹിന്ദുമഹാസഭ ആവശ്യപ്പെടുന്നത്. ഇതില്‍നിന്നുതന്നെ അവിടെ നടക്കുന്ന ‘ദേശദ്രോഹ’വിവാദത്തിന്‍െറ നിഗൂഢത പുറത്തുവരുന്നു. അഫ്സല്‍ ഗുരു അനുസ്മരണമടക്കമുള്ള സംഭവങ്ങളെ അക്കാദമിക് സംവാദങ്ങളായി കണ്ടാല്‍ മതിയെന്ന, 30 വര്‍ഷം അവിടെ അധ്യാപകനായിരുന്ന ഡോ. കെ.എന്‍. പണിക്കരുടെ അഭിപ്രായം ശ്രദ്ധിക്കേണ്ടതാണ്. ചിന്താപരമായ ബഹുസ്വരതയുടെയും വൈവിധ്യത്തിന്‍െറയും സര്‍ഗാത്മക ഇടങ്ങളാണ് സര്‍വകലാശാലകള്‍. അവിടേക്ക് അനധികൃതമായി കടന്നുവരുന്ന ഭരണകൂടവും നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കുന്ന സംഘ്പരിവാര്‍ ശക്തികളുമാണ് പ്രശ്നങ്ങളെല്ലാം സൃഷ്ടിക്കുന്നത് എന്നിപ്പോള്‍ വ്യക്തമായിരിക്കുന്നു. ലോക പൊതുജനാഭിപ്രായം ഇക്കാര്യത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരായി ഉയര്‍ന്നുവന്നിരിക്കുന്നു.
വിഖ്യാത അമേരിക്കന്‍ ചിന്തകനായ നോം ചോംസ്കി, നൊബേല്‍സമ്മാന ജേതാവ് ഓര്‍ഹാന്‍ പാമുക് തുടങ്ങി നിരവധി പേര്‍ കനയ്യക്ക് അനുകൂലമായി രംഗത്തുവന്നത് നിസ്സാരസംഭവമല്ല. ലോകത്തെ നൂറോളം സര്‍വകലാശാലകള്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നു. പട്യാല കോടതിവളപ്പില്‍ അരങ്ങേറിയ ആക്രമണത്തിന് സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
സംഭവങ്ങള്‍ ഇങ്ങനെയൊക്കെ പരിണമിച്ചിട്ടും ‘രാജ്യദ്രോഹികളായ വിദ്യാര്‍ഥികളെ’ വേട്ടയാടാനാണ് സംഘ്പരിവാര്‍  ശ്രമം. വിദ്യാര്‍ഥികള്‍ക്കെതിരായി അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്ന് അവര്‍ ‘പാകിസ്താന്‍ സിന്ദാബാദ്’ എന്നു വിളിച്ചെന്നാണ്. ഏറ്റവും ബാലിശവും അടിത്തറയില്ലാത്തതുമാണ് ഈ ആരോപണം. ഇത് വിളിച്ചത് സംഘ്പരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി ആണെന്ന് വിഡിയോകളിലൂടെ വ്യക്തമായിട്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് മോദിസര്‍ക്കാര്‍ ചെയ്യുന്നത്. ദേശീയഗാനമായ ടാഗോറിന്‍െറ ‘ജനഗണമന’യില്‍ ഭാരതമായി പ്രകീര്‍ത്തിക്കുന്ന രാജ്യത്തില്‍ പഞ്ചാബും സിന്ധും ബംഗാളും ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ പടിഞ്ഞാറന്‍ പഞ്ചാബും സിന്ധും ഇന്ന് പാകിസ്താനിലാണ് എന്ന് സംഘ്പരിവാര്‍ ‘ദേശസ്നേഹികള്‍’ വിസ്മരിക്കുന്നു. ‘ബംഗാ’ എന്ന് ഗാനത്തില്‍ പരാമര്‍ശിക്കുന്ന ബംഗാളിന്‍െറ കിഴക്കു ഭാഗം ഇന്ന് ബംഗ്ളാദേശ് ആണ്. അങ്ങനെ നിത്യവും പാകിസ്താനും ബംഗ്ളാദേശും ഉള്‍പ്പെട്ട ‘ഭാരതഭാഗ്യവിധാതാവി’ന് ജയഹേ  പാടുന്ന ദേശീയഗാനം നിലനില്‍ക്കുന്ന രാജ്യത്തെ വിദ്യാര്‍ഥികള്‍ എന്നല്ല ആരുംതന്നെ പാകിസ്താന് ജയ് വിളിച്ചാല്‍ അതെങ്ങനെയാണ് രാജ്യദ്രോഹമാകുന്നതെന്ന ചോദ്യത്തിന് സംഘ്പരിവാറിന് മറുപടിയില്ല.
 സോവിയറ്റ് യൂനിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും സോഷ്യലിസ്റ്റ് പാതയില്‍നിന്നു വ്യതിചലിക്കുന്നതുവരെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ ആ രാജ്യങ്ങള്‍ ജയിക്കട്ടെ എന്നു പറഞ്ഞിരുന്നു. അങ്ങനത്തെന്നെയാണ് പറയേണ്ടിയിരുന്നതും. സാര്‍വദേശീയ സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായിരിക്കും ദേശസ്നേഹമെന്ന് ദേശീയഗാനമെഴുതിയ രബീന്ദ്രനാഥ ടാഗോര്‍ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇവിടെ ഭീകരവാദവും തീവ്രവാദവും ആരോപിച്ച് രാഷ്ട്രീയപ്രതിയോഗികളെ വലയിലാക്കാനുള്ള കുത്സിതശ്രമമാണ് നടക്കുന്നത്. ‘ലോകാ സമസ്ത$ സുഖിനോ ഭവന്തു’ എന്നാണ് തങ്ങളുടെ ആപ്തവാക്യമെന്നാവര്‍ത്തിക്കുന്ന അവരുടെ ലോകത്തില്‍ പാകിസ്താനുമാത്രം സ്ഥാനമില്ലാതെ വരുമോ എന്ന ചോദ്യത്തിനും ഉത്തരമില്ല.
 മഹാത്മ ഗാന്ധിയെ കൊലചെയ്ത ഗോദ്സെക്കുവേണ്ടി ക്ഷേത്രം നിര്‍മിക്കുന്നവര്‍, അയാളുടെ ജന്മദിനം ആചരിക്കുന്നവര്‍, അഫ്സല്‍ ഗുരുവിന്‍െറ പേരില്‍ യോഗം നടത്തിയവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നതിനെക്കാള്‍ വിരോധാഭാസം എന്താണുള്ളത്? രാഷ്ട്രപിതാവിനെ വധിച്ചതിനെക്കാള്‍ വലിയ ഭീകരകൃത്യം ഏതുണ്ട്്? ഗോദ്സെയെ അനുസ്മരിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാന്‍ ഇന്ത്യയിലെ കോടതികള്‍ എന്തേ മടിക്കുന്നു?
ഇന്ത്യയില്‍ ജനാധിപത്യ ഭരണഘടന രൂപംകൊള്ളുന്നതിനു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ബ്രിട്ടനില്‍ നിലനിന്ന രാജ്യദ്രോഹക്കുറ്റ നിയമം (124 A - Sedition Act) റദ്ദ് ചെയ്യപ്പെടേണ്ടതാണെന്ന് ഇതിനകം ആവശ്യമുയര്‍ന്നു കഴിഞ്ഞതാണ്. ബ്രിട്ടനിലും അമേരിക്കയിലും ഈ നിയമം ഇന്നു നിലവിലില്ല.  
മഹാത്മ ഗാന്ധി, ബാലഗംഗാധര തിലക് തുടങ്ങിയ ദേശീയനേതാക്കളെ ബ്രിട്ടീഷുകാര്‍ ഈ കിരാത നിയമമനുസരിച്ച് ജയിലിലടച്ചതാണ്. വിചാരണകൂടാതെ ഏതൊരു പൗരനെയും തടവില്‍ വെക്കാമെന്നനുശാസിക്കുന്ന റൗലത്ത് ആക്ട് 1919ലാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത്. ഈ നിയമത്തെ ചെറുത്തുകൊണ്ടാണ് ഇന്ത്യയില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ-നിയമലംഘന പ്രസ്ഥാനം നടന്നത്. ഇതിന്‍െറ തുടര്‍ച്ചയെന്നോണം 1922 ല്‍ ഉത്തര്‍പ്രദേശിലെ ചൗരിചൗരയില്‍ ജനകീയ പ്രക്ഷോഭത്തിനിടെ 22 പൊലീസുകാര്‍ കൊല്ലപ്പെട്ടതോടെ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം നിര്‍ത്തിവെച്ചു. ചൗരിചൗരാസംഭവത്തിന്‍െറ പേരിലാണ് ബ്രിട്ടീഷുകാര്‍ ഗാന്ധിജിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്. ‘പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന നിയമങ്ങളുടെ രാജകുമാരന്‍’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഈ നിയമമാണ് ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അരുന്ധതി റോയ്, ബിനായക് സെന്‍, കാര്‍ട്ടൂണിസ്റ്റ്  അസീം ത്രിവേദി തുടങ്ങി പലരെയും ഈ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വയംനിര്‍ണയാവകാശം എന്ന ജനാധിപത്യപരമായ ആവശ്യം ജമ്മു-കശ്മീരിന്‍െറ കാര്യത്തില്‍ ഉണ്ടാകണമെന്നു പറഞ്ഞതിനാണ് അരുന്ധതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അവരുടെ പ്രസ്താവന രാജ്യദ്രോഹമല്ളെന്നു വ്യക്തമായതിനാല്‍ കേസ് നിലനിന്നില്ല. ഭരണഘടനയോ കോടതിയോ സര്‍ക്കാറോ അല്ല ജനങ്ങളാണ് ജനാധിപത്യവ്യവസ്ഥയില്‍ പരമാധികാരികള്‍ എന്നു മനസ്സിലാക്കാത്തവരാണ് സംഘ്പരിവാര്‍ ശക്തികള്‍. ഭരണഘടനയെയും കോടതിയെയും സര്‍ക്കാറിനെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്കുണ്ട് എന്നതും ഇവിടെ വിസ്മരിക്കപ്പെടുന്നു. 124-എ ആക്ട്  അനുസരിച്ച് സര്‍ക്കാറിനെതിരെ തിരിയുന്നവരാണ് കുറ്റക്കാര്‍ എന്നും തിരിച്ചറിയപ്പെടുന്നില്ല. അതായത്, രാഷ്ട്രത്തിനെതിരെ തിരിയുന്നവര്‍ക്കെതിരായ നിയമമല്ല, ഗവണ്‍മെന്‍റിനെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരായ നിയമമാണിത്. ഗവണ്‍മെന്‍റിനെ രാഷ്ട്രമായി ഒരിക്കലും കണക്കാക്കാനാവില്ല എന്നും ജനങ്ങളുടെ വോട്ട് ലഭിക്കാതിരിക്കുമ്പോള്‍ ഗവണ്‍മെന്‍റ് മാറുമെന്നും എന്നാല്‍ രാഷ്ട്രം നിലനില്‍ക്കുന്നുവെന്നുമുള്ള അടിസ്ഥാനവിഷയവും സംഘ്പരിവാര്‍ ശക്തികള്‍ മറച്ചുവെക്കുന്നു.
1962ല്‍ കേദാര്‍നാഥ് കേസിലെ സുപ്രീംകോടതി വിധി ഇവിടെ പ്രസക്തമാണ്. ഒരു പ്രസംഗമോ ഏതെങ്കിലും പ്രസ്താവനയോ ഈ നിയമമനുസരിച്ച് രാജ്യദ്രോഹമാവില്ല എന്നും പൊതുവായ അരക്ഷിതാവസ്ഥയോ മറ്റോ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ലക്ഷ്യമുണ്ടെങ്കിലേ ഇത്തരം പ്രസംഗങ്ങളും മറ്റും കുറ്റകരമാവുന്നുള്ളൂവെന്നുമാണ് സുപ്രീംകോടതി ഈ വിഷയത്തില്‍ വ്യക്തമാക്കിയത്.
ആസൂത്രിതമായ വംശഹത്യകളും നരഹത്യകളും നടത്തിയ തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നഗ്നമായ ആക്രമണങ്ങള്‍ നടത്തുന്ന ഫാഷിസ്റ്റ് ശക്തികളുടെ അനേകം ആയുധങ്ങളില്‍ ഏറ്റവും മൂര്‍ച്ചയുള്ള ഒന്നായി ദേശസ്നേഹം  മാറിയിരിക്കുന്നു. എന്നാല്‍, രാജ്യത്തിനകത്തും പുറത്തുമുള്ള ജനാധിപത്യവിശ്വാസികള്‍ ഈ ഹാലിളക്കത്തിനെതിരെ രംഗത്തുവരുന്നു എന്നതാണ് ആശ്വാസം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT