പ്രണോയ് റോയിയുടെയും ഭാര്യ രാധികയുടെയും മുഖ്യ ഉടമസ്ഥതയിലുള്ള ന്യൂഡല്‍ഹി ടെലിവിഷനും (എന്‍.ഡി.ടി.വി) സി.പി.എമ്മും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ളെന്ന് ആര്‍ക്കുമറിയാം. പാര്‍ട്ടിയുടെ ദേശീയ നേതാക്കളിലൊരാളായ വൃന്ദ കാരാട്ടിന്‍െറ സഹോദരിയാണ് രാധിക റോയി എന്നതുകൊണ്ടോ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദയും ഭര്‍ത്താവ് പ്രകാശ് കാരാട്ടും, സ്വന്തം ഫ്ളാറ്റുണ്ടെങ്കിലും മിക്കപ്പോഴും ബന്ധുവായ പ്രണോയ് റോയിയുടെ വീട്ടിലാണ് താമസമെന്നതുകൊണ്ടോ മാത്രം എന്‍.ഡി.ടി.വിയുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കേണ്ടതുമില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയനയവും ചാനലിന്‍െറ എഡിറ്റോറിയല്‍ നയവും രണ്ടാണുതാനും. എന്നാല്‍, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ആ ചാനലിന്‍െറയും ആസ്ഥാനങ്ങളില്‍നിന്ന് ഒരേസമയം അരിച്ചത്തെുന്ന സമാനമായ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്, എന്‍.ഡി.ടി.വിയിലുണ്ടായ ഒരു സമീപകാല പ്രതിസന്ധിയുടെ ഭാഗംതന്നെയാണ് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തില്‍ ഉടലെടുത്ത ഇപ്പോഴത്തെ തര്‍ക്കങ്ങളുടെയും അടിസ്ഥാന കാരണമെന്നാണ്. സ്വന്തം കമ്പനിയുടെ ഓഹരിവില്‍പനയെയും വിദേശകമ്പനിയുടെ ഓഹരി വാങ്ങിയതിനെയും സംബന്ധിച്ച രേഖകള്‍ മറച്ചുവെച്ചുവെന്നതിന് പ്രണോയ് റോയിക്കും രാധികാ റോയിക്കുമെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടപടികള്‍ ആരംഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത് ഈയിടെയാണ്. പ്രണോയ് റോയിയുടെ കമ്പനി, ജനറല്‍ അത്ലാന്‍റിക് എന്ന വിദേശ കമ്പനിയുടെ ഓഹരി വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടിന്‍െറ രേഖകളും, ഇന്ത്യ ബുള്‍സ് ഫിനാന്‍ഷ്യല്‍ സര്‍വിസസ് എന്‍.ഡി.ടി.വിയുടെ 6.40 ശതമാനം ഓഹരി വാങ്ങിയതിന്‍െറ രേഖകളും ഏഴുവര്‍ഷമായിട്ടും നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ചില്ളെന്നതിനാണ് സെബിയുടെ ഇപ്പോഴത്തെ നടപടി. എന്‍.ഡി.ടി.വിക്കെതിരെ കൂടുതല്‍ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച അന്വേഷണങ്ങളുടെ മുന്നോടിയാണിതെന്നാണ് വാര്‍ത്തകള്‍. ചികിത്സാര്‍ഥമെന്ന മട്ടില്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ താമസിക്കുന്ന പ്രണോയ് റോയിയുടെ ഭാഷ്യം എന്താണെന്ന് അറിവായിട്ടില്ളെങ്കിലും, ഇന്ത്യയിലെ സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തെ സംബന്ധിച്ച വിവാദങ്ങള്‍ക്ക് ഈ സ്വകാര്യ ചാനല്‍ നേരിടുന്ന നിയമപ്രശ്നങ്ങളുമായി പരോക്ഷബന്ധമെങ്കിലും ഉണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
കോണ്‍ഗ്രസുമായി സി.പി.എം സഖ്യമുണ്ടാക്കുന്നത് തങ്ങള്‍ക്ക് ദോഷകരമാവുമെന്ന് കരുതുന്ന ഭാരതീയ ജനതാപാര്‍ട്ടിയും കേന്ദ്ര ഗവണ്‍മെന്‍റും എന്‍.ഡി.ടി.വിയെ കെണിയിലാക്കി നടത്തുന്ന ബ്ളാക്മെയില്‍ രാഷ്ട്രീയത്തിന്‍െറ ഭാഗമായാണ് ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കെതിരെ കരുക്കള്‍ നീക്കുന്നതെന്ന അവിശ്വസനീയമായ വാര്‍ത്തയുടെ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ബംഗാളില്‍ പാര്‍ട്ടിയുടെ നയം ലംഘിച്ച് കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയെന്ന ആരോപണത്തെ മുന്‍നിര്‍ത്തി പ്രകാശ് കാരാട്ടും അദ്ദേഹത്തിന്‍െറ കൂടെയുള്ള ഭൂരിപക്ഷം പോളിറ്റ് ബ്യൂറോ അംഗങ്ങളും സീതാറാം യെച്ചൂരിക്കെതിരെ ആരംഭിച്ച യുദ്ധം പ്രത്യയശാസ്ത്രസമരമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് സങ്കുചിതവും സംശയാസ്പദവുമായ വ്യക്തിതാല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള വിഭാഗീയതയാണെന്ന് മാധ്യമങ്ങള്‍ മാത്രമല്ല, പാര്‍ട്ടിയുടെ ബന്ധുക്കളായ നിരവധി അന്താരാഷ്ട്ര പ്രശസ്തരായ ബുദ്ധിജീവികളും സംശയിക്കുന്നുണ്ട്. കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്‍െറ പേരില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന ആഭ്യന്തരതര്‍ക്കങ്ങള്‍ സംഘ്പരിവാരത്തിനുവേണ്ടിയുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും അത് തിരുത്തണമെന്നും മുന്നറിയിപ്പുനല്‍കിക്കൊണ്ട് പ്രഖ്യാത ചരിത്രകാരനായ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ഏതാനും ദിവസം മുമ്പാണ് പാര്‍ട്ടിക്ക് കത്തെഴുതിയത്. തന്‍െറ ആശങ്കകള്‍ ദൂരീകരിക്കുന്ന ഒരു മറുപടിക്കായി കാത്തിരിക്കുകയാണ് ഇടതുപക്ഷ ചിന്തകനും മാര്‍ക്സിസ്റ്റ് സഹയാത്രികനുമായ ഈ ചരിത്രകാരന്‍. ഇര്‍ഫാന്‍ ഹബീബിന് പാര്‍ട്ടി നല്‍കുന്ന മറുപടി എന്തായാലും വരുംദിവസങ്ങളില്‍, ആ കത്തിന്‍െറ ഉള്ളടക്കമായിരിക്കും സംഘ്പരിവാരത്തിന്‍െറ വര്‍ഗീയരാഷ്ട്രീയത്തോട് വിയോജിപ്പുള്ള ഇന്ത്യയിലെ ഇടതുപക്ഷ-മതേതര ജനാധിപത്യവാദികള്‍ക്കിടയില്‍ ചര്‍ച്ചയാവുക എന്നുറപ്പാണ്്. ആ ചര്‍ച്ചയെ ഗുണപരമായി സ്വാംശീകരിക്കാനും കാലഹരണപ്പെട്ട മുരടന്‍ വാദങ്ങളില്‍നിന്ന് കാലോചിതമായ ജനാധിപത്യമൂല്യങ്ങളിലേക്ക് ഉണരാനും പാര്‍ട്ടിക്ക് കഴിയുമെന്ന പ്രത്യാശയോടെയാണ് വെറുമൊരു പത്രോപജീവിയായ ഞാനും ഈ കുറിപ്പെഴുതുന്നത്.
കേരളത്തില്‍ മുഖ്യ രാഷ്ട്രീയ എതിരാളി കോണ്‍ഗ്രസാണെന്നതിനാല്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ ഇവിടെ കൂട്ടുചേരേണ്ടതില്ളെന്നത് വാസ്തവമാണ്. എന്നാല്‍, ദേശീയതലത്തില്‍ ബി.ജെ.പി നേടിയെടുത്ത മേല്‍ക്കൈയും സംഘ്പരിവാര സംഘടനകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിംസാത്മകമായ വര്‍ഗീയരാഷ്ട്രീയവും കണക്കിലെടുത്താല്‍, അതിനെ ചെറുക്കാന്‍ കേരള സംസ്ഥാനത്തിലെ ഭരണംമാത്രം മതിയാകില്ളെന്ന ലളിതമായ രാഷ്ട്രീയബോധ്യമാണ് പ്രകാശ് കാരാട്ടിനും കൂട്ടര്‍ക്കുമില്ലാത്തത്. സംഘ്പരിവാരവും കോണ്‍ഗ്രസും ഒരുപോലെയാണെന്ന താത്ത്വികപ്രസ്താവം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെയാണെന്ന് ലോകോക്തിപറയുന്ന അരാഷ്ട്രീയ നാട്യക്കാരുടെ കാപട്യത്തില്‍നിന്ന് വ്യത്യസ്തവുമല്ല. കാരാട്ട് വലിയ മാര്‍ക്സിസ്റ്റ് പണ്ഡിതനൊക്കെയാണെങ്കിലും സങ്കുചിതവീക്ഷണങ്ങളില്‍നിന്ന് ഒട്ടും മുക്തനല്ളെന്നാണ് ചെയ്തികള്‍ തെളിയിക്കുന്നത്. ആംഗല കുറ്റാന്വേഷണ നോവലുകളാണ് താന്‍ നിത്യപാരായണംചെയ്യുന്നതെന്ന് ഒരഭിമുഖത്തില്‍ (ഒൗട്ട്ലുക്ക് വാരികയുടെ മലയാളം ഓണപ്പതിപ്പില്‍) കാരാട്ട് വെളിപ്പെടുത്തിയിരുന്നെങ്കിലും ഒരു ശരാശരി ഡിറ്റക്ടിവ് നോവല്‍ വായനക്കാരന്‍േറതിലും ഭേദപ്പെട്ട യാഥാര്‍ഥ്യബോധം ജനങ്ങള്‍ അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. മാര്‍ക്സിസത്തെ സംബന്ധിച്ച സൈദ്ധാന്തികജ്ഞാനത്തോളം പ്രധാനമാണ് ആ തത്ത്വശാസ്ത്രം പ്രയോഗിക്കപ്പെടുന്ന സമൂഹത്തെ സംബന്ധിച്ച അറിവും. ഡിറ്റക്ടിവ് നോവല്‍ വായനക്കാരനായ കാരാട്ടിന് മാതൃഭാഷയായ മലയാളത്തിലെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ ബംഗാളിലെയും നോവലുകളുമായിപ്പോലും പരിചയമുണ്ടാകാനിടയില്ല. രാജസ്ഥാന്‍കാരനായ ഋഷിരാജ് സിങ്ങുപോലും മലയാളത്തില്‍ തെറ്റില്ലാതെ സംസാരിക്കുമ്പോള്‍ അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്‍െറ നേതാവായ കാരാട്ട് എന്ന മലയാളി സ്വന്തം നാട്ടുകാരോട് ആംഗലത്തില്‍ പ്രത്യയശാസ്ത്രപ്രസംഗം നടത്തുന്നത് അശ്ളീലമായിത്തോന്നാറുള്ള ഒരു ശരാശരി മലയാളിയുടെ വിമര്‍ശമാണിത്.
ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ മതേതര-ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന സംഘ്പരിവാറിന് ബദലായി ഒരു വിശാല ജനാധിപത്യ മുന്നണിയാണ് ആവശ്യമെന്ന കാര്യത്തില്‍ യോജിക്കാത്തവരില്ല. അതിന് നേതൃത്വം നല്‍കാനാവാത്തവിധം ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് പാപ്പരായിക്കഴിഞ്ഞുവെങ്കിലും മതേതര ജനാധിപത്യം എന്ന അവരുടെ പ്രഖ്യാപിത നയത്തെ അംഗീകരിക്കുകതന്നെവേണം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെക്കാള്‍ ദേശീയതലത്തില്‍ സ്വാധീനവും സാന്നിധ്യവുമുള്ള കോണ്‍ഗ്രസിനെക്കൂടി കൂടെനിര്‍ത്തിക്കൊണ്ടുള്ള വിശാലമായ ഒരു ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയെപ്പറ്റി ആലോചിക്കുന്നതിനുപകരം സംഘ്പരിവാരത്തെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണ് വലിയ പ്രത്യയശാസ്ത്ര വിശുദ്ധിയുടെ മറവില്‍ പ്രകാശ് കാരാട്ടും കൂട്ടരും സ്വീകരിക്കുന്നതെന്ന് കാണാന്‍ പ്രയാസമില്ല. ഈ ഗൂഢാലോചന തുറന്നുകാട്ടാന്‍ ഇന്ത്യയിലെ പാര്‍ട്ടിബന്ധുക്കളും ഇടതുപക്ഷ ബുദ്ധിജീവികളും പ്രസ്ഥാനങ്ങളും അധികം വൈകാതെ പരസ്യമായി രംഗത്തുവരുമെന്നുറപ്പാണ്. പാര്‍ട്ടിവിരുദ്ധര്‍ക്കല്ല, പാര്‍ട്ടിയുടെ സംരക്ഷകരും അനുഭാവികളുമായവര്‍ക്കേ അത്തരമൊരു തിരുത്തലിന് നേതൃത്വം നല്‍കാനാവൂ. ഇര്‍ഫാന്‍ ഹബീബിന്‍െറ മാതൃക പിന്തുടര്‍ന്ന് പ്രഭാത് പട്നായിക്കിനെപ്പോലുള്ള മാര്‍ക്സിസ്റ്റ് ചിന്തകരും ഈ അടിയന്തര സാഹചര്യത്തില്‍ ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ വ്യതിചലനങ്ങളെ തിരുത്താന്‍ മുന്നോട്ടുവരാതിരിക്കില്ല. പാര്‍ട്ടി അംഗത്വമില്ളെങ്കിലും പാര്‍ട്ടിയുടെ നിലനില്‍പിനായി പരോക്ഷപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന എന്നെപ്പോലുള്ള ലക്ഷക്കണക്കിന് മതേതര-ജനാധിപത്യവാദികള്‍ അതാണ് ആഗ്രഹിക്കുന്നത്. l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.