??????? ??????

പരിശോധിക്കപ്പെടേണ്ട പ്രഭാഷണങ്ങള്‍

സാകിര്‍ നായിക് ലോക പ്രശസ്ത പണ്ഡിതനാണ്. അറിയപ്പെടുന്ന മതപ്രബോധകനാണ്. ജാതി, മത ഭേദമില്ലാതെ പതിനായിരക്കണക്കിനാളുകള്‍ അദ്ദേഹത്തിന്‍െറ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ട്. കിങ് ഫൈസല്‍ അവാര്‍ഡ് ജേതാവ് കൂടിയാണ് അദ്ദേഹം. സാകിര്‍ നായിക്കിന്‍െറ പ്രബോധനരീതികളോടും പ്രസംഗ ശൈലിയോടും പലര്‍ക്കും വിയോജിപ്പുണ്ട്. ഉണ്ടാവാം. ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും ഏറ്റം ഗുണകരവും യുക്തിഭദ്രവും ദീര്‍ഘവീക്ഷണപരവുമായ നിലപാട് അദ്ദേഹത്തിന്‍േറത് തന്നെയാണോയെന്ന കാര്യത്തിലും അഭിപ്രായഭേദങ്ങളുണ്ടാകാം. എന്നാല്‍, സാകിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ തീവ്രവാദത്തെയോ ഭീകരപ്രവര്‍ത്തനങ്ങളെയോ അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതായി അവയുമായി അടുത്തിടപഴകിയ ആരും അവകാശപ്പെടുകയില്ല. ഐ.എസ്.ഐ.എസ് ഉള്‍പ്പെടെ എല്ലാ ഭീകരസംഘടനകളെയും ശക്തമായെതിര്‍ക്കുന്ന ധാരാളം പ്രഭാഷണങ്ങള്‍ അദ്ദേഹത്തിന്‍േറതായുണ്ടുതാനും.

ധാക്കയിലെ ഭക്ഷണശാലയില്‍ നടന്ന ഭീകരാക്രമണത്തിലെ പ്രതികളിലൊരാള്‍ക്ക് പ്രചോദനമായത് സാകിര്‍ നായിക്കിന്‍െറ പ്രഭാഷണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത് ഒരു ബംഗ്ളാദേശ് പത്രമാണ്. പ്രസ്തുത പത്രം തൊട്ടടുത്ത ദിവസംതന്നെ അത് തിരുത്തുകയുണ്ടായി. എന്നിട്ടും, ആ പത്രവാര്‍ത്ത ഉയര്‍ത്തിക്കാണിച്ചാണ് ഇന്ത്യയില്‍ സാകിര്‍ നായിക്കിനെതിരെ വ്യാപകമായി ദുഷ്പ്രചാരണം നടത്തുന്നതും ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നതും. യഥാര്‍ഥത്തില്‍ ധാക്ക ആക്രമണം സംഘടിപ്പിച്ചത് ഇസ്ലാമിനോട് പ്രതിബദ്ധത പുലര്‍ത്തുന്നവരോ മതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടവരോ അല്ല. മതേതര സാമുദായിക, വംശീയ, ദേശീയവാദികളാണ്. ഇസ്ലാമിക പ്രസ്ഥാനത്തോട് കഠിന വിരോധം പുലര്‍ത്തുകയും ലോക പ്രശസ്തരായ ഒന്നിലേറെ പണ്ഡിതന്മാരെ തൂക്കിലേറ്റുകയും ചെയ്ത ഭരണകക്ഷിയായ അമാവി ലീഗിന്‍െറ നേതാക്കളും അവരുടെ മക്കളുമാണ്.

സാകിര്‍ നായിക്കിനെതിരെ രൂക്ഷമായ വിമര്‍ശങ്ങളുയരുകയും വ്യാജാരോപണങ്ങള്‍ പ്രചരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുസ്ലിം സംഘടനകളും നേതാക്കളും അതിനെതിരെ രംഗത്തുവന്നു. സ്വാഭാവികമായും കേരളത്തിലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും മറ്റ് മതസംഘടനകളും സാകിര്‍ നായിക്കിനെ വേട്ടയാടുന്നത് ശരിയല്ളെന്നും അദ്ദേഹത്തിന്‍െറ പ്രഭാഷണങ്ങള്‍ പരിശോധിച്ച് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതോ ദേശദ്രോഹപരമോ പരമത വിദ്വേഷം വളര്‍ത്തുന്നതോ ഉണ്ടെങ്കില്‍ നടപടിയെടുക്കാവുന്നതേയുള്ളൂവെന്നും അഭിപ്രായപ്പെടുകയും ചെയ്തു. അപ്പോഴേക്കും സംഘ്പരിവാര്‍ ശക്തികള്‍ മുസ്ലിം സംഘടനകള്‍ക്കും നേതാക്കള്‍ക്കുമെതിരെ രംഗത്തുവന്നു. അത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, ചില മതേതര സംഘടനകളും ഉത്തരവാദപ്പെട്ട മാധ്യമങ്ങളും ചാടി വീണ് വിചാരണ നടത്തി വിധി പ്രഖ്യാപനത്തിന് മുതിരുകയുണ്ടായി. കേരളീയ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാധ്യമങ്ങള്‍ ന്യായാധിപസ്ഥാനം ഏറ്റെടുക്കുന്ന ഈ സമീപനമത്രെ. വര്‍ഗീയതയുടെ വളര്‍ച്ചക്കും സാമുദായിക ധ്രുവീകരണത്തിനും വഴിയൊരുക്കുന്നതും ഇതുതന്നെ.

ഏറ്റവും ഒടുവില്‍ സാകിര്‍ നായികിന്‍െറ പ്രഭാഷണങ്ങള്‍ പരിശോധന നടത്തി ഫലം പുറത്തുവന്നിരിക്കുന്നു. കേസെടുക്കാവുന്നതോ നിയമനടപടി സ്വീകരിക്കാവുന്നതോ അപകടകരമായതോ ആയ ഒന്നും അവയിലൊന്നുമില്ളെന്ന് ഉത്തരവാദപ്പെട്ടവര്‍ കണ്ടത്തെിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും വര്‍ഗീയത വളര്‍ത്താനും പരമത വിദ്വേഷം വളര്‍ത്താനും കാരണമാകുമെന്ന് ആരോപിക്കപ്പെട്ട വിവാദ പ്രസംഗങ്ങളും പ്രസ്താവനകളും സൂക്ഷ്മമായ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. ഭരണകൂടം നിഷ്പക്ഷമാണെന്നും നിയമനടപടികള്‍ ഏകപക്ഷീയമല്ളെന്ന് തെളിയിക്കാനും പൗരന്മാര്‍ക്ക് നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടാകാനും ഇത് അനിവാര്യമാണ്. വിവാദമായ ഏതാനും പ്രസ്താവനകളും പ്രസംഗങ്ങളും മാത്രം ഇവിടെ ഉദ്ധരിക്കുന്നു: ‘മുസ്ലിം മുക്ത ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ സമയമായെന്ന് വി.എച്ച്.പി നേതാവ് സാധ്വിപ്രാചി ഉത്തരാഖണ്ഡിലെ റൂര്‍ക്കലയില്‍ സംഘ്പരിവാര്‍ നടത്തിയ സമ്മേളനത്തില്‍ പ്രസ്താവിക്കുകയുണ്ടായി. ഷാറൂഖ് ഖാനും ആമിര്‍ഖാനും പാകിസ്താന്‍ അനുകൂലികളാണെന്നും പ്രാചി ആരോപിച്ചു. ഇന്ത്യയെ മുസ്ലിംകളില്‍നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു’.

‘രാജ്യത്ത് ഭരണഘടന ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാകീ ജെയ് വിളിക്കാത്തവരുടെ തല വെട്ടിയേനെയെന്ന് യോഗ ഗുരു രാംദേവ് ഹരിയാനയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച സദ്ഭാവനാ റാലിയില്‍ സംസാരിക്കവെ പറഞ്ഞു. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത പരിപാടിയിലാണ് രാംദേവ് വിഷം ചീറ്റുന്ന ഈ പ്രസ്താവന നടത്തിയത്. ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ ഇസ്ലാംമതത്തെ പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.പി അനന്തകുമാര്‍ ഹെഗ്ഡെ സിര്‍സിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. ഉത്തര കന്നഡയെ ലോക്സഭയില്‍ അഞ്ചുതവണ പ്രതിനിധാനം ചെയ്ത വ്യക്തിയാണ് ഈ വിദ്വേഷ പ്രസ്താവന നടത്തിയത്.

മുസ്ലിംകള്‍ക്കെതിരെ അന്തിമ യുദ്ധത്തിന് ഒരുങ്ങാന്‍ കേന്ദ്ര മാനവ വിഭവശേഷി മുന്‍ സഹമന്ത്രി രാംശങ്കര്‍ കതേരിയ പറഞ്ഞു. ആഗ്രയില്‍ വധിക്കപ്പെട്ട വി.എച്ച്.പി നേതാവ് അരുണ്‍ മാഥൂറിന്‍െറ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകള്‍ രാക്ഷസന്മാരും രാവണന്‍െറ അനുയായികളുമാണെന്നും കതേരിയ ആരോപിച്ചു. ഹിന്ദുമേഖലകളില്‍ മുസ്ലിംകളെ സ്ഥലം വാങ്ങാന്‍ അനുവദിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയ ഗുജറാത്തിലെ ഭാവ്നഗറില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. നരേന്ദ്ര മോദിയെ പിന്തുണക്കാത്തവര്‍ പാകിസ്ഥാനിലേക്ക് പോകട്ടെയെന്ന് ബി.ജെ.പി നേതാവ് ഗിരിരാജ് സിങ് ഝാര്‍ഖണ്ഡിലെ മോഹന്‍പൂരിലെ റാലിയിലും പ്രസംഗിച്ചു. ‘ഈശ്വരന്‍ ക്ഷേത്രങ്ങളില്‍ മാത്രമാണുള്ളതെന്നും മുസ്ലിം പള്ളികളെ മതപരമായ സ്ഥലമായി കാണാന്‍ കഴിയില്ളെന്നും ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രസ്താവിച്ചു. മുസ്ലിം പള്ളികള്‍ കെട്ടിടങ്ങള്‍ മാത്രമാണെന്നും അവ എപ്പോള്‍ വേണമെങ്കിലും പൊളിച്ചുകളയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മുസ്ലിം പള്ളികളിലുമല്ല, ക്ഷേത്രങ്ങളിലാണ് ദൈവം കുടികൊള്ളുന്നതെന്ന് പറഞ്ഞ സ്വാമി , മുസ്ലിം പള്ളികള്‍ കാലങ്ങളായി ലോകമെമ്പാടും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. അസമില്‍ ഒരു പരിപാടിക്കിടെയാണ് സുബ്രമണ്യന്‍ സ്വാമി ക്രൈസ്തവ- ഇസ്ലാമിക ആരാധനാലയങ്ങളെ അവഹേളിച്ചത്.

ഇന്ത്യ ഒരിക്കലും ഒരു മതനിരപേക്ഷ രാഷ്ട്രമായിരുന്നില്ളെന്നും ഹിന്ദുരാഷ്ട്രമാണിതെന്നും മതനിരപേക്ഷത, സോഷ്യലിസ്റ്റ് എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് എന്നന്നേക്കുമായി നീക്കം ചെയ്യണമെന്നും മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് എം.പി പ്രസ്താവിച്ചു. ഇന്ത്യ ഒരിക്കലും മതനിരപേക്ഷമാകില്ളെന്ന് ഹൈന്ദവ നേതാക്കള്‍ എന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പള്ളികളിലെല്ലാം ഗിരിഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിക്കണമെന്ന് ഗോരഖ്പുര്‍ എം.പി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന വാരാണസി മണ്ഡലത്തില്‍ വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വിരാട് ഹിന്ദു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് യോഗിയുടെ ഈ പ്രഖ്യാപനമുണ്ടായത്. ഘര്‍ വാപസിയുടെ രക്ഷാധികാരിയും ലവ് ജിഹാദ് വ്യാജപ്രചാരണത്തിന്‍െറ പ്രധാന ചുമതലക്കാരനുമായ അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോകുമ്പോള്‍ ഗ്യാന്‍വാപി പള്ളി ഒരു ആക്ഷേപമായി നില്‍ക്കുകയാണെന്നും പ്രസ്താവിച്ചു.

ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വമാണ് രാജ്യത്തിന്‍െറ മുദ്രയെന്നും അത് മറ്റു മതവിശ്വാസങ്ങളെ അംഗീകരിക്കില്ളെന്നും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചു. വി.എച്ച്.പി രുപവത്കരണത്തിന്‍െറ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ സംബന്ധിക്കവെ തന്നെയാണ് സംഘ്പരിവാറിന്‍െറ സമുന്നത നേതാവ് ഈ പ്രസ്താവന നടത്തിയത്. ഇന്ത്യയുടെ സാംസ്കാരിക തനിമ തന്നെ ഹിന്ദുത്വമാണെന്നും ഹിന്ദുക്കള്‍ അതിന്‍െറ പിന്തുടര്‍ച്ചാവകാശികളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോദ്സെയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കാറുള്ള പ്രമുഖ ബി.ജെ.പി നേതാവും ഉന്നാവോയില്‍നിന്നുള്ള എം.പിയുമായ സാക്ഷി മഹാരാജ് മതപരിവര്‍ത്തനവും ഗോവധവും വധശിക്ഷ നല്‍കുന്ന കുറ്റകൃത്യങ്ങളാക്കണമെന്നാവശ്യപ്പെട്ടു. ഹിന്ദുമതത്തെ രക്ഷിക്കാന്‍ എല്ലാ ഹിന്ദു സ്ത്രീകളും നാലു മക്കളെ പ്രസവിക്കണമെന്നും അഭ്യര്‍ഥിച്ചു. നാലു ഭാര്യമാരും നാല്‍പതു മക്കളുമെന്ന സങ്കല്‍പം ഇനി ഇന്ത്യയില്‍ നടക്കില്ളെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.

ഹൈന്ദവ നേതാക്കള്‍ക്ക് സ്വയംരക്ഷക്കായി തോക്കുപയോഗിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക് ആവശ്യപ്പെട്ടു. നിലവില്‍ നേതാക്കള്‍ക്ക് ചില സ്ഥലങ്ങളിലേ പൊലീസ് സംരക്ഷണം ലഭിക്കുന്നുള്ളൂവെന്നതാണ് എല്ലാ നേതാക്കള്‍ക്കും തോക്ക് നല്‍കാന്‍ താന്‍ ആവശ്യപ്പെടാനുള്ള കാരണമെന്ന് മുത്തലിക് വിശദീകരിച്ചു. ‘വിവരദോഷികള്‍ കഞ്ചാവ് കൂട്ട് കഴിച്ചശേഷം തയാറാക്കിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും 47ാം ഖണ്ഡികയനുസരിച്ച് മാംസം, മത്സ്യം, മുട്ട മുതലായവ നിയമവിധേയമാക്കിയ സര്‍ക്കാര്‍ നടപടി ഇംഗ്ളീഷ് ജീവിതരീതിയാണെന്നും അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാക സാമ്രാജ്യത്വത്തിന്‍െറ ദുര്‍ഗന്ധം വമിക്കുന്നതാണെന്നും അഖില ഭാരതീയ സാന്ത് സമിതി പ്രമുഖന്‍ സ്വാമി മുക്താനന്ദ് പതിറ്റാണ്ടുകള്‍ക്കു മുമ്പേ പത്രപ്രസ്താവന നടത്തിയിരുന്നു.  എന്നിട്ടും നടപടികളൊന്നുമുണ്ടായില്ല.

‘ഇന്ത്യയുടെ ഹിന്ദുവിരുദ്ധ ഭരണഘടന തള്ളിക്കളയാന്‍ ആഹ്വാനം ചെയ്ത സ്വാമി മുക്താനന്ദും വാമദേവും തങ്ങളും മറ്റു സ്വാമിമാരും രാജ്യത്തെ നിയമവാഴ്ചക്ക് അതീതരാണെന്ന് അവകാശപ്പെട്ട് പ്രസ്താവനയിറക്കിയത് രണ്ടര പതിറ്റാണ്ട് മുമ്പാണ്.  തങ്ങള്‍ ഭരണഘടന അംഗീകരിക്കുന്നില്ളെന്നും അതിനെ നിരസിക്കുന്നുവെന്നും പ്രഖ്യാപിക്കാനുള്ള ധാര്‍ഷ്ട്യവും അവര്‍ കാണിച്ചു. സാകിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങളൊക്കെയും അരിച്ചുപെറുക്കി സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയ സാഹചര്യത്തില്‍ ഉപര്യുക്തപ്രഭാഷണങ്ങളും പ്രസ്താവനകളും വിശദവും നിഷ്പക്ഷവുമായ പരിശോധനക്ക് വിധേയമാക്കി നിയമനടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. നീതി നടത്തിപ്പിന്‍െറ വളരെ പ്രാഥമികമായ താല്‍പര്യമാണിതെന്ന കാര്യം മറക്കാവതല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.