ഉരുക്കുവനിത

ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ 10ാം നമ്പര്‍ വസതിയില്‍ പുതിയ താമസക്കാരി എത്തിയിരിക്കുകയാണ്. 76ാമത്തെ താമസക്കാരിയുടെ പേര് തെരേസ മെയ്. വയസ്സ് 59. രാജ്യചരിത്രത്തിലെ രണ്ടാമത്തെ വനിതാപ്രധാനമന്ത്രി. ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍െറ 100 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തര സെക്രട്ടറിയായിരുന്ന ആള്‍. രണ്ടു പതിറ്റാണ്ടായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ സജീവമെങ്കിലും അറ്റ്ലാന്‍റിക്കിന്‍െറ മറുകരയില്‍ അധികമാരും ഈ പേരു കേട്ടിട്ടില്ല. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും അഭിപ്രായത്തില്‍ ഉരുക്കുവനിത. ദുര്‍ഘട സാഹചര്യങ്ങളില്‍ ആത്മസംയമനം പാലിക്കുന്നവള്‍. പക്ഷേ, എതിരാളികള്‍ക്ക് തെരേസ പിടിവാശിക്കാരിയാണ്. ‘ബ്ളഡി ഡിഫിക്കല്‍റ്റ് വുമണ്‍’ എന്നു വിശേഷിപ്പിച്ചത് മുന്‍ ചാന്‍സലര്‍ കെന്‍ ക്ളാര്‍ക്ക്.

മുന്നിലുള്ള ദൗത്യങ്ങള്‍ ഏറെ. അതിനിര്‍ണായകമായ ചരിത്രസന്ദര്‍ഭത്തിലാണ് 10ാംനമ്പര്‍ വസതിയിലേക്കു കുടിയേറിയിരിക്കുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള വിട്ടുപോക്ക് പരമാവധി ആഘാതരഹിതമായി പൂര്‍ത്തിയാക്കണം. ബ്രെക്സിറ്റിന്‍െറ പേരില്‍ മാനസികമായി ഭിന്നിച്ചുനില്‍ക്കുന്ന രാജ്യത്തെ ഐക്യത്തോടെ മുന്നോട്ടുനയിക്കണം. പാര്‍ട്ടിക്കുള്ളില്‍നിന്ന് മറനീക്കി പുറത്തുവന്ന ഭിന്നിപ്പ് ഒഴിവാക്കി ഐക്യം പുന$സ്ഥാപിക്കണം. ഹിതപരിശോധനയിലെ തീരുമാനത്തില്‍നിന്ന് ഒരു തിരിച്ചുപോക്കുണ്ടാവില്ളെന്ന് സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. പിന്‍വാതിലിലൂടെ യൂറോപ്യന്‍ യൂനിയനില്‍ തിരിച്ചുകയറുന്ന പ്രശ്നമില്ല. ബ്രെക്സിറ്റിന്‍െറ സത്ത കുടിയേറ്റം കുറച്ചുകൊണ്ടുവരുക എന്നതായിരുന്നല്ളോ. അതിനുവേണ്ടി പരിശ്രമിച്ചാലേ ബ്രിട്ടന്‍െറ മനസ്സ് കീഴടക്കാനാവൂ. ചരിത്രപരമായ തീരുമാനംകൊണ്ട് ഏറ്റ തകര്‍ച്ചയില്‍നിന്ന് രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയെ കരകയറ്റണം.

സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്നു വിഭിന്നമായ തന്ത്രമാണ് തെരേസ പയറ്റുന്നത്. മൗനമാണ് പ്രധാന ആയുധം. പാര്‍ട്ടിനേതൃത്വത്തിനുവേണ്ടിയുള്ള മത്സരത്തില്‍  ആന്‍ഡ്രിയ ലെഡ്സമില്‍നിന്ന് ഒരടി പിന്നോട്ടുമാറി നിശ്ശബ്ദയായി നില്‍ക്കുകയാണ് തെരേസ ചെയ്തത്. എതിരാളിയെ കത്തിക്കയറാന്‍ അനുവദിക്കുകയും ചെയ്തു. പാര്‍ട്ടി മീറ്റിങ്ങുകളിലും ഈ മൗനം വജ്രായുധമായി മാറാറുണ്ട്. മറ്റുള്ളവരെ തൊള്ളതുറക്കാന്‍ വിട്ട് തെരേസ മിണ്ടാതിരിക്കും. എല്ലാം നിശ്ശബ്ദയായി കേട്ടുനിന്നശേഷം തന്‍െറ പ്രതിച്ഛായ ഉയര്‍ത്തും വിധമുള്ള നിലപാടുകള്‍ സ്വീകരിക്കും. ബ്രെക്സിറ്റിന്‍െറ കാര്യത്തിലും അതായിരുന്നു തന്ത്രം. പതിഞ്ഞ ചുവടില്‍ ഒരു കുതിപ്പ്.
തനിക്കുള്ള ജനപിന്തുണയുടെ അടിത്തറ വിപുലമാക്കുന്നതിലും അത് ഭദ്രമാക്കി നിര്‍ത്തുന്നതിലും ദത്തശ്രദ്ധയാണ്. പ്രാദേശിക കണ്‍സര്‍വേറ്റിവ് അസോസിയേഷനുകളെ വളര്‍ത്തിയെടുക്കാന്‍ ഒരുപാടു സായാഹ്നങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. ടോറി രാഷ്ട്രീയത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ‘വിമന്‍ റ്റു വിന്‍’ എന്ന സംഘടനയുടെ രൂപവത്കരണമാണ്. പാര്‍ലമെന്‍റില്‍ കൂടുതല്‍ കണ്‍സര്‍വേറ്റിവ് വനിതകളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രചാരണത്തിനായി രൂപംകൊണ്ട ഈ സംഘടനയുടെ സ്ഥാപകനേതാവാണ്. 1997ല്‍ തെരേസ പാര്‍ലമെന്‍റിലത്തെുമ്പോള്‍ കണ്‍സര്‍വേറ്റിവ് വനിതകളുടെ പ്രാതിനിധ്യം വെറും 13 ആയിരുന്നു. അത് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 68 ആയി.

പൊതുവെ ഒതുങ്ങിയ പ്രകൃതക്കാരിയാണെങ്കിലും പൊതു പ്രതിച്ഛായ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും തിരിച്ചടിയായിട്ടുണ്ട്. അല്‍പസ്വല്‍പം ഫാഷന്‍ഭ്രമം കാണിച്ചതാണ് വിനയായത്. അതോടെ, മാധ്യമങ്ങള്‍ കാമറയും തൂക്കി പിന്നാലെകൂടി. തെരേസയുടെ വേഷധാരണത്തെയും ചെരിപ്പിനെയും കുറിച്ചുള്ള റിപ്പോര്‍ട്ടിന്‍െറ പേരില്‍ മാധ്യമങ്ങളുടെ സ്ത്രീവിരുദ്ധത പരക്കെ വിമര്‍ശിക്കപ്പെട്ടു. വിവാദം ക്ഷണിച്ചുവരുത്താതെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവ് എന്നാണ് തന്‍െറ ഫാഷന്‍ തെരഞ്ഞെടുപ്പുകളെപ്പറ്റി തെരേസ പറഞ്ഞത്. 2002ലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സമ്മേളനത്തില്‍ പുള്ളിപ്പുലിയുടെ ചിത്രം പ്രിന്‍റ് ചെയ്ത പാദരക്ഷകള്‍ ഉപയോഗിച്ചതോടെയാണ് മാധ്യമങ്ങള്‍ കാമറ തെരേസയുടെ കാലുകളിലേക്ക് തിരിച്ചുവെച്ചത്. ‘ചീത്ത പാര്‍ട്ടി’യെന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ വിളിച്ചുകൊണ്ട് പാര്‍ട്ടിയുടെ ആധുനികവത്കരണത്തിന് തുടക്കം കുറിച്ച നേതാവായി ശ്രദ്ധിക്കപ്പെട്ടതും ആ സമ്മേളനത്തില്‍തന്നെ.

സസക്സിലെ ഈസ്റ്റ് ബോണില്‍ ഹ്യൂബര്‍ട്ട് ബ്രേസിയറിന്‍െറയും സൈദി മേരിയുടെയും ഏകമകളായി 1956 ഒക്ടോബര്‍ ഒന്നിന് ജനനം. പുരോഹിതനായ പിതാവാണ് പൊതുസേവനത്തെക്കുറിച്ചുള്ള ബോധം കുട്ടിക്കാലത്തുതന്നെ പകര്‍ന്നുനല്‍കിയത്. അന്താരാഷ്ട്ര റഗ്ബി മാച്ചുകാണാന്‍ സ്കൂളില്‍നിന്നു യാത്രപോവുന്ന സംഘത്തില്‍ പെണ്‍കുട്ടികളെ ചേര്‍ക്കാത്തതില്‍ മകള്‍ പ്രതിഷേധിച്ചപ്പോള്‍ പിതാവ് കൂടെനിന്നു. പക്ഷേ, മകള്‍ തന്‍െറ ഗ്രാമത്തില്‍ ടോറികള്‍ക്കു വേണ്ടി പ്രചാരണം നടത്തുന്നതില്‍ പിതാവിന് താല്‍പര്യമുണ്ടായിരുന്നില്ല. വികാരിയച്ചന്‍െറ രാഷ്ട്രീയ പക്ഷപാതിത്വം വിശ്വാസികള്‍ക്ക് പ്രശ്നമാവുമെന്ന് അദ്ദേഹം ഭയന്നു. 1981ല്‍ കാറപകടത്തിലാണ് പിതാവ് മരിച്ചത്. രോഗിയായിരുന്ന മാതാവ് ഒരു വര്‍ഷത്തിനുശേഷം വിട്ടകന്നു.

തെരേസ ബ്രേസിയര്‍ ഓക്സ്ഫഡിലെ സെന്‍റ് ഹ്യൂസ് കോളജില്‍ പഠിച്ചത് ഭൂമിശാസ്ത്രമാണ്. യൂനിവേഴ്സിറ്റി കണ്‍സര്‍വേറ്റിവ് അസോസിയേഷന്‍െറ ഡിസ്കോവില്‍ 1976ല്‍ കണ്ടുമുട്ടിയ സുമുഖനായ യുവാവ് ഫിലിപ് മെയിയെ ജീവിതത്തിലേക്കു കൂട്ടി. പിന്നീട് പാക് പ്രധാനമന്ത്രിയായ ബേനസീര്‍ ഭുട്ടോ ആണ് ഇരുവരെയും പരസ്പരം പരിചയപ്പെടുത്തിയത്. ഒരു വയസ്സിന് ഇളയതാണ് ഫിലിപ്. കണ്ടുമുട്ടി നാലുകൊല്ലത്തിനുശേഷം ഇരുവരും വിവാഹിതരായി. ലണ്ടന്‍ സിറ്റിയില്‍ മെയ് ആദ്യം ജോലിചെയ്തത് ബാങ്ക് ഓഫ് ഇംഗ്ളണ്ടില്‍. പിന്നീട് അസോസിയേഷന്‍ ഫോര്‍ പേമെന്‍റ് ക്ളിയറിങ് സര്‍വിസസില്‍. അപ്പോള്‍ അമേരിക്കന്‍ ഫണ്ട് മാനേജിങ് സ്ഥാപനമായ കാപിറ്റല്‍ ഗ്രൂപ്പിലായിരുന്നു ഫിലിപ്പിനു പണി. 1997ലാണ് മെയ് പാര്‍ലമെന്‍റ് അംഗമാവുന്നത്.

നാലു പതിറ്റാണ്ടു നീളുന്ന ദാമ്പത്യത്തില്‍ സംതൃപ്തയാണ്. പക്ഷേ, കുട്ടികളില്ലാത്തതില്‍ വേദനയുണ്ട്. പാര്‍ട്ടിനേതൃത്വത്തിനായുള്ള മത്സരത്തില്‍ എതിരാളിയായിരുന്ന ആന്‍ഡ്രിയ ലെഡ്സം ഇക്കാര്യം പറഞ്ഞ് കുത്തിനോവിച്ചിരുന്നു. മക്കളുള്ള അമ്മയായതുകൊണ്ട് തനിക്കാണ് പ്രധാനമന്ത്രിയാവാന്‍ യോഗ്യതയെന്നാണ് ലെഡ്സം പറഞ്ഞത്. മക്കളില്ലാത്തത് തെരേസയുടെ അയോഗ്യതയായി ചിത്രീകരിച്ചതില്‍ പിന്നീട് അവര്‍ക്ക് കുറ്റബോധം തോന്നുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ഇതേ കാര്യം കുത്തിക്കുത്തിച്ചോദിക്കുന്ന മാധ്യമങ്ങളോട്, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതാണ് തന്‍െറ രീതിയെന്നാണ് തെരേസ നല്‍കിയ മറുപടി. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയില്‍ പോവും. ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടില്‍ അംഗമാണ്. പ്രമേഹരോഗിയാണെന്ന് മനസ്സിലായത് 2012ല്‍. ദിവസം നാലുതവണ ഇന്‍സുലിന്‍ കുത്തിവെക്കണം. പക്ഷേ, അതൊന്നും രാജ്യത്തെ നയിക്കുന്നതിന് തടസ്സമാവില്ളെന്ന് തെരേസ ആത്മവിശ്വാസത്തോടെ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.