???????? ?????, ?????????????, ??????????

അംബേദ്കറുടെ മുന്നറിയിപ്പും ദലിത് പീഡനങ്ങളും

ചത്ത ജന്തുക്കളുടെ തോല്‍ ഉരിഞ്ഞ് വിറ്റ് ജീവിതമാര്‍ഗം കണ്ടത്തൊന്‍ വിധിക്കപ്പെട്ട ഗുജറാത്തിലെ ദലിത് യുവാക്കള്‍ സവര്‍ണ ‘ഗോസംരക്ഷകരുടെ’ അടിയേറ്റ് പുളയുമ്പോള്‍പോലും ഓര്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു പേരാണ് ഭീംറാവു റാംജി അംബേദ്കറുടേത്. മായാവതി എന്ന ജീവിച്ചിരിക്കുന്ന ബഹുജന്‍സമാജ് നേതാവിനെക്കുറിച്ചുപോലും അവര്‍ കേട്ടിട്ടുണ്ടാവണമെന്നില്ല. കാനേഷുമാരി കണക്കുകളിലും വോട്ടര്‍പട്ടികയിലും പേരുണ്ടാവാമെങ്കിലും ഇവര്‍ ജീവിക്കുന്നത് സ്വാതന്ത്ര്യത്തിന്‍െറയോ സ്വത്വബോധത്തിന്‍െറയോ വെളിച്ചം കടന്നുചെല്ലാത്ത ഇരുണ്ട ലോകത്താണല്ളോ. നിയമമോ നീതിയോ മനുഷ്യത്വമോ മുഖം കാട്ടാത്ത ഈ ലോകത്തെക്കുറിച്ച് നാടിന്‍െറ മന$സാക്ഷിയെ തൊട്ടുണര്‍ത്താനാണ് അംബേദ്കര്‍ താന്‍ ജീവിച്ച കാലഘട്ടത്തോട് സംവദിച്ചതും ആയുസ്സ് മുഴുവന്‍ പോരാടിയതും. എല്ലാം വിഫലമായല്ളോ എന്ന് ദു$ഖിക്കേണ്ടിവരുന്ന സങ്കടാവസ്ഥ.

ഗുജറാത്തിലെ ഉനയില്‍ അരങ്ങേറിയ ദലിത് പീഡനങ്ങളെക്കുറിച്ച് പാര്‍ലമെന്‍റില്‍ പരാമര്‍ശിക്കവെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വികാരഭരിതനായി പറഞ്ഞു; സ്വാതന്ത്ര്യത്തിന്‍െറ എഴുപത് വര്‍ഷം കഴിഞ്ഞിട്ടും ഇമ്മട്ടിലുള്ള ദുഷ്ച്ചെയ്തികള്‍ നിലനില്‍ക്കുന്നുവെന്നത് നാണക്കേടാണ്. കേള്‍ക്കുമ്പോള്‍ തോന്നും ഇതാദ്യമാണ് ഇങ്ങനെയൊരു ക്രൂരത നമ്മുടെ നാട്ടില്‍ നടമാടിയതെന്ന്. നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ നാലുവര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് ദലിതന്‍െറമേല്‍ ഓരോ 16 മിനിറ്റിലും ഒരതിക്രമം നടക്കുന്നു. ഓരോ ആഴ്ചയും 13 അസ്പൃശ്യര്‍ കൊലചെയ്യപ്പെടുന്നു. ആറ് പേരെയെങ്കിലും തട്ടിക്കൊണ്ടുപോകുന്നുണ്ട്. 2012ല്‍ മാത്രം 1,574 ദലിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ഈ വിഭാഗത്തില്‍പെട്ട 651 പേര്‍ അകാരണമായി കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ പാതകങ്ങള്‍ വര്‍ധിതവീര്യത്തോടെ മുന്നോട്ടുപോയതല്ലാതെ പീഡനങ്ങള്‍ക്കോ ക്രൂരതകള്‍ക്കോ ശമനമുണ്ടായതായി ആരും അവകാശപ്പെടില്ല. വംശവെറിയും ഭീകരവാദവും മതമൗലികവാദവും ലിംഗ അസമത്വവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടും പോലെ ഏതെങ്കിലുമൊരു രാഷ്ട്രാന്തരീയവേദിയില്‍ ഇന്ത്യയിലെ ജാതീയതയോ അത് സൃഷ്ടിക്കുന്ന കാപാലികതയോ ചര്‍ച്ച ചെയ്യപ്പെടാറില്ളെന്നത് നമ്മുടെ രാജ്യത്തിന്‍െറ ഭാഗ്യം! ജാതീയത മതത്തിന്‍െറ അവിഭാജ്യ ഘടകമായതിനാല്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതുപോലും പാതകമായി കാണുന്ന വിനാശകരമായ ഒരു മനോഘടന നമ്മുടെ നേതാക്കളെയും ബുദ്ധിജീവികളെയും മാധ്യമങ്ങളെയും ഭരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

ജാതീയത വാഴുന്ന ദേശം

2002ല്‍ നരേന്ദ്ര മോദിയുടെ ‘സുവര്‍ണ വാഴ്ച’ക്കാലത്ത് ഗുജറാത്തിലെ ദലിതുകള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചെടുത്തത് മുസ്ലിംകളെ കൂട്ടക്കൊല ചെയ്യുന്ന ഹിന്ദുത്വ കാപാലിക സംഘത്തില്‍ അവര്‍ സജീവമായി ഭാഗഭാക്കായതുകൊണ്ടാണ്. അന്ന് ഹിന്ദുത്വബ്രിഗേഡിയര്‍മാരുടെ കുപ്പായമാണ് ബി.ജെ.പി-വി.എച്ച്.പി നേതാക്കള്‍ അവരെ അണിയിച്ചത്. ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും അധികാരത്തിന്‍െറ ഇടനാഴികളില്‍പോലും ദലിതന്‍െറ കാലൊച്ച കേള്‍ക്കാനില്ല.  എന്നല്ല, ഇടക്കിടെ സവര്‍ണ മേലാളവര്‍ഗത്തിന്‍െറ നിഷ്ഠുരതകളുടെ പ്രഹരമേറ്റ് കൂരകളില്‍നിന്ന് കൂട്ടനിലവിളി ഉയരുമ്പോഴാണ് ഇക്കൂട്ടരെക്കുറിച്ച് രാജ്യം ഓര്‍ക്കുന്നത്. പേരിന് ഇവരും ജനാധിപത്യ ഇന്ത്യയിലെ പൗരന്മാരാണ്. പക്ഷേ, മനുഷ്യജീവിതം വിധിക്കപ്പെടാന്‍ നമ്മുടെ വ്യവസ്ഥിതി അനുവദിച്ചില്ല എന്നുമാത്രം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും കണ്ണില്‍പെടാന്‍പോലും യോഗ്യരല്ലാത്തവരുമായ ഇവരുടെ ജീവിതനിയോഗം തീരുമാനിച്ചത്് വേദങ്ങളും ഉപനിഷത്തുകളുമായിരുന്നു. വര്‍ണാശ്രമധര്‍മം അഥവാ ചാതുര്‍വര്‍ണ്യം സഹസ്രാബ്ദങ്ങളോളം ചോദ്യം ചെയ്യപ്പെടാതെ കിടന്നത് ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും അടക്കിവെച്ച മേലാളപദവി തൊട്ടുകളിക്കാന്‍ ആരും ധൈര്യപ്പെടാത്തത് കൊണ്ടാണ്. വര്‍ണവ്യവസ്ഥക്ക് പുറത്ത് ജീവിച്ചുമരിക്കാന്‍ വിധിക്കപ്പെട്ട ദലിതര്‍ അടക്കമുള്ള അധ$സ്ഥിത വിഭാഗത്തെ സംബന്ധിച്ചിടത്തോളം ബ്രാഹ്മണിസം എന്നത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യവിചാരങ്ങളുടെ നിരാസമാണ്.

ജാതിനിര്‍മാജനത്തെക്കുറിച്ച് അംബേദ്കര്‍ ജീവിതത്തിലുടനീളം വാദിച്ചപ്പോള്‍ അതൊരു ഉട്ടോപ്യന്‍ ആശയമാണെന്ന് യാഥാര്‍ഥ്യബോധമുള്ളവരൊക്കെ വിധിയെഴുതി. കാരണം, ജാതിയില്ലാത്ത ഒരു ഹിന്ദുസമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ ഗാന്ധിജിക്കുപോലും സാധ്യമല്ലായിരുന്നു. അംബേദ്കറും ഗാന്ധിജിയും ഭിന്ന സാമൂഹിക കാഴ്ചപ്പാടുകളിലേക്ക് വേര്‍പിരിയുന്നത് ഇവിടെവെച്ചാണ്.  രാജ്യസ്വാതന്ത്ര്യമല്ല, ആദ്യം വേണ്ടത് അസ്പൃശ്യന്‍െറ മോചനമാണെന്ന് ഗാന്ധിജിയെയും നെഹ്റുവിനെയും നോക്കി അട്ടഹസിക്കാന്‍ അംബേദ്കര്‍ ആര്‍ജവം കാണിച്ചത്് രോഗാതുരമായ ഒരു സാമൂഹിക-മത വ്യവസ്ഥയുടെ സര്‍വകോശവും തൊട്ടറഞ്ഞ തിരിച്ചറിവ് ആയുധമാക്കിയായിരുന്നു. പ്രശ്നത്തിന്‍െറ മര്‍മം അംബേദ്കര്‍ തൊട്ടുകാണിക്കുന്നത് കാണുക:‘ റോമക്കാര്‍ക്ക് അടിമകള്‍, സ്പാര്‍ട്ടുകള്‍ക്ക് ഹെലോട്ടുകള്‍, ബ്രിട്ടീഷുകാര്‍ക്ക് വില്ളെനുകള്‍, അമേരിക്കക്കാര്‍ക്ക് നീഗ്രോകള്‍, ജര്‍മന്‍കാര്‍ക്ക് യഹൂദര്‍, അതുപോലെ ഹിന്ദുക്കള്‍ക്ക് അസ്പൃശ്യര്‍. എന്നാല്‍, അസ്പൃശ്യര്‍ നേരിടുന്ന മാതിരി ഒരു ദുര്‍വിധി മറ്റാര്‍ക്കുമുണ്ടായിട്ടില്ല. അടിമത്തവും അടയാളത്തവും അപ്രത്യക്ഷമായി. എന്നാല്‍, അസ്പൃശ്യത ഇന്നും നിലനില്‍ക്കുന്നു. അതു ഹിന്ദുമതം നിലനില്‍ക്കുന്നിടത്തോളം തുടരുകയും ചെയ്യും. ഒരു അസ്പൃശ്യന്‍െറ സ്ഥിതി ഒരു യഹൂദന്‍െറ സ്ഥിതിയെക്കാള്‍ ഏറെ മോശമാണ് (ഡോ. അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍ -വാല്യം 17. പേജ് 3).

ജനാധിപത്യത്തിന്‍െറ മുന്നോട്ടുള്ള പ്രയാണത്തില്‍ ദലിതന്‍െറ ജീവിതദുരിതങ്ങള്‍ക്ക് അറുതി ഉണ്ടാവുമെന്ന് പ്രതീക്ഷ അര്‍പ്പിച്ചവര്‍ക്കാണ് തെറ്റിയത്. ഇവിടെയും അംബേദ്കറുടെ പ്രവചനങ്ങളാണ് പുലര്‍ന്നത്. സാമൂഹിക ജനാധിപത്യം സാക്ഷാത്കരിക്കപ്പെടാതെ, രാഷ്ട്രീയജനായത്തം അസ്പൃശ്യരായ ദലിത് സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു ഗുണവും ചെയ്യാന്‍ പോകുന്നില്ളെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടു. അധ$സ്ഥിതനായ കെ.ആര്‍. നാരായണനെ രാഷ്ട്രപതിഭവനില്‍ പ്രതിഷ്ഠിച്ചതുകൊണ്ടോ മായാവതിയെ നാലുതവണ യു.പി മുഖ്യമന്ത്രിയായി അവരോധിച്ചതുകൊണ്ടോ ദലിത് സമൂഹത്തോടുള്ള ഭൂരിപക്ഷസമുദായത്തിന്‍െറ കാഴ്ചപ്പാടില്‍ മാറ്റം പ്രതീക്ഷിക്കുന്നത് മൂഢത്തമാണെന്ന് കാലം നമ്മെയും പഠിപ്പിച്ചു. എവിടെയാണ് മൗലികമായ തകരാറെന്ന് അംബേദ്കര്‍ വിശദീകരിക്കുന്നുണ്ട്: ’ഹിന്ദുക്കള്‍ക്ക് സഹജവും രൂഢമൂലവുമായ ഒരു യാഥാസ്ഥിതികതയുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുമായി, അതായത് ജനാധിപത്യവുമായി, സഹവര്‍ത്തിത്വം സാധ്യമല്ലാതാക്കുന്ന ഒരു മതവുമുണ്ട്. അസമത്വം ലോകത്തെല്ലായിടത്തുമുണ്ട്. അത്, ഏറിയകൂറും സ്ഥിതിഗതികളും സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍, അതിന് മതത്തിന്‍െറ പിന്തുണ ഉണ്ടായിട്ടില്ല. ഹിന്ദുക്കളുടെ കാര്യം വ്യത്യസ്തമാണ്. ഹിന്ദുസമൂഹത്തില്‍ അസമത്വമുണ്ടെന്ന് മാത്രമല്ല. ഹിന്ദുസമൂഹത്തിന്‍െറ ഒൗദ്യോഗിക സിദ്ധാന്തം തന്നെയാണ് അസമത്വം. ഹിന്ദുക്കള്‍ സമത്വം ആഗ്രഹിക്കുന്നേയില്ല’.

ജനായത്ത ഭരണക്രമത്തിന്‍െറ മായാശക്തികൊണ്ടോ ഭരണഘടനയില്‍ ഭദ്രമായി എഴുതിവെച്ച അനുശാസനകള്‍ കൊണ്ടോ ദലിതരുടെ ജീവിതദുരിതങ്ങള്‍ക്ക് അറുതി ഉണ്ടാവാന്‍ പോകുന്നില്ളെന്ന അംബേദ്കറുടെ സിദ്ധാന്തം തന്നെയാണ് ആ ക്രാന്തദര്‍ശി വിടപറഞ്ഞിട്ട് ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും വിജയിച്ചുനില്‍ക്കുന്നത്.  ‘പാര്‍ലമെന്‍ററി ജനാധിപത്യത്തെ സൂക്ഷിക്കുക, അത് കാഴ്ചയില്‍ തോന്നുന്നതുപോലെ ഏറ്റവും നല്ല ഉല്‍പന്നമല്ല ’ എന്ന് വിളിച്ചുപറയാന്‍ ധൈര്യമുള്ള ഏതെങ്കിലും വ്യക്തി ഇന്ന് ആവശ്യമായിരിക്കുന്നു’ എന്ന് അഭിപ്രായപ്പെടാന്‍ അന്ന് അദ്ദേഹം കാണിച്ച ആര്‍ജവത്തില്‍ അന്തര്‍ലീനമായ ദീര്‍ഘവീക്ഷണം വിലയിരുത്തപ്പെടേണ്ട സന്ദര്‍ഭമാണിത്. ആര് ഭരിച്ചിട്ടും അധ$സ്ഥിതരുടെ അധോഗതിക്ക് മാറ്റമുണ്ടാക്കാന്‍ സാധിക്കുന്നില്ളെന്നത് ദുര്യോഗമാണ്. ദലിത് പീഡനവിഷയത്തില്‍ ഇന്ത്യ ഒറ്റക്കെട്ടാണ്. ഹരിയാനയില്‍നിന്നും യു.പിയില്‍നിന്നും മധ്യപ്രദേശില്‍നിന്നും തമിഴ്നാട്ടില്‍നിന്നും തെലങ്കാനയില്‍നിന്നും സമാനമായ വാര്‍ത്തകളാണ് നമ്മെ തേടിയത്തെുന്നത്. അരുന്ധതി റോയി എടുത്തുകാട്ടിയതുപോലെ ജാതീയമായ ക്രൂരത നടപ്പാക്കാന്‍ ഇന്ത്യയുടെ ഓരോ മേഖലയും  അമേരിക്കയിലെ ജിം ക്രോ ലോക്  (വംശീയവിവേചനം പ്രയോഗിക്കാന്‍ ദക്ഷിണ അമേരിക്കയില്‍ പ്രയോഗത്തിലുള്ള നിയമമാണ് Jim Crow Laws) സമാനമായ അലിഖിത നിയമങ്ങള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. പൊതുസമൂഹത്തിന് ശല്യമാവാത്തവിധം മാറ്റിത്താമസിപ്പിക്കപ്പെട്ട ഈ ജനസമൂഹത്തിന് പൊതുനിരത്ത് ഉപയോഗിക്കാന്‍ അവകാശമില്ലാത്ത എത്രയോ പ്രദേശങ്ങള്‍ ഇന്നുമുണ്ട്. പൊതുകിണറ്റില്‍നിന്ന് വെള്ളമെടുത്താല്‍ കഠിനപീഡനമാവും ശിക്ഷ. ക്ഷേത്രങ്ങളില്‍ പ്രവേശമില്ല. ഉന്നതജാതിക്കാരുടെ മക്കള്‍ പോകുന്ന അങ്കണവാടികളില്‍പോലും അടുത്തുകൂട. ചിലതരം വസ്ത്രങ്ങള്‍ ധരിക്കാന്‍ അവകാശമില്ല. വായില്‍നിന്ന് വരുന്ന മലിനമായ ഉമിനീര്‍ നിലത്ത് വീഴാതിരിക്കാന്‍ കഴുത്തില്‍ കോളാമ്പി കെട്ടിത്തൂക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ദലിത് വിഭാഗങ്ങള്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കാം. ഒരു ജനതയെ മനുഷ്യരായി കാണാന്‍ ഭൂരിപക്ഷം സന്നദ്ധമാവാത്തിടത്തോളം ക്രൂരതകള്‍ക്കും കാപാലികതക്കും പാവന കൈവരുക എളുപ്പമല്ളേ?

സാമൂഹിക–സാമ്പത്തിക ജനാധിപത്യത്തിന്‍െറ അഭാവം

ഒരു ജനതക്ക് സാമ്പത്തിക മേല്‍ഗതി കൈവരിക്കാനുള്ള അവസരങ്ങള്‍ ഇല്ലാത്തിടത്തോളം എത്രതവണ വോട്ട് ചെയ്തിട്ടും എന്തു പ്രയോജനം? അതാണ് അംബേദ്കര്‍ പറഞ്ഞത്; സാമൂഹിക -സാമ്പത്തിക ജനാധിപത്യം ഇല്ലാത്തിടത്ത് രാഷ്ട്രീയ ജനാധിപത്യത്തിന് വിജയിക്കാനാവില്ളെന്ന്. ചത്തപശുവിന്‍െറ തോല്‍ ഉരിഞ്ഞതിന് ഏതാനും ദലിത് യുവാക്കളെ പീഡിപ്പിച്ച സംഭവം വിവാദമായപ്പോള്‍ ഹിന്ദുത്വയുടെ ദലിത് സമീപനത്തെക്കുറിച്ച് പാര്‍ട്ടിയുടെ ദലിത് മോര്‍ച്ച നേതാവ് തുറന്നുപറഞ്ഞ ഒരു സത്യമുണ്ട്: ഞങ്ങളുടെ പാര്‍ട്ടി ആദ്യം നോക്കുന്നത് വണിക് (വാണിജ്യ) വിഭാഗത്തിലാണ്. പിന്നെ, ധനിക് (സമ്പന്നരില്‍), ശേഷം വൈദിക് (പരമ്പരാഗത വൈദിക) വിഭാഗത്തില്‍. എല്ലാറ്റിനുമൊടുവിലാണ് ശ്രമിക് (തൊഴിലാളി വര്‍ഗം) വിഭാഗത്തിലേക്ക് തിരിയുക (ദി ഹിന്ദു, 2016 ജൂലൈ, 21). ദലിതരുടെ നേര്‍ക്ക് അപ്പോഴും തിരിയുന്നില്ല. അവരെ വോട്ടെടുപ്പിന്‍െറ തലേന്നാള്‍വരെ മനുഷ്യരായി കാണാന്‍ ആരും കൂട്ടാക്കില്ല. അസ്പൃശ്യരും അശുദ്ധരും മലിനപ്പെട്ടവരുമാണവര്‍.  അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം കൊണ്ടാടപ്പെടുന്ന വേദികളില്‍ ഇനി നാം കേള്‍ക്കാന്‍പോവുന്നത് ദലിത് സമൂഹത്തിന്‍െറ സാമൂഹികോല്‍ക്കര്‍ഷത്തിന്  മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍പോകുന്ന പദ്ധതികളുടെ ഇമ്പമാര്‍ന്ന വര്‍ണനകളായിരിക്കാം. ഉത്തര്‍പ്രദേശിലും ഗുജറാത്തിലുമൊക്കെ ദലിതരുടെ വോട്ടുകള്‍ നിര്‍ണായകമാണ്. ആര്‍.എസ്.എസ് ദലിതരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നത് അവരെ സാമൂഹികമായി കൈപിടിച്ചുയര്‍ത്താനല്ല.  പ്രത്യുത, രാഷ്ട്രീയമായും വര്‍ഗീയമായും ചൂഷണം ചെയ്യാനാണ്. ജാതീയ ഉച്ചനീചത്വങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഹിന്ദുത്വവാദികള്‍ക്ക് വര്‍ണവ്യവസ്ഥക്ക് പുറത്ത് കഴിയുന്ന ദലിതരുടെ ജീവിതപോരാട്ടത്തെ പിന്തുണക്കാന്‍ സാധിക്കില്ല. അംബേദ്കറും ജോതിബ ഫുലെയും രാമസ്വാമിനായ്ക്കറും അയ്യങ്കാളിയുമെല്ലാം മുന്നോട്ടുവെച്ച ദലിത് വിമോചന പാതയുടെ കാതല്‍ പുതിയൊരു ഹൈന്ദവേതര പ്രത്യയശാസ്ത്രവും വിമോചന പദ്ധതിയുമാണെന്നിരിക്കെ, വിപ്ളവസമാനമായ ഒരു സാമൂഹിക പൊട്ടിത്തെറിയിലൂടെ  രാഷ്ട്രീയ ഋതുപ്പകര്‍ച്ച സാധ്യമാക്കാതെ ദലിതര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദ്-ഡല്‍ഹി സര്‍വകലാശാല കാമ്പസുകളില്‍ മുഴങ്ങിയ,  ഇപ്പോള്‍ ഗുജറാത്തിന്‍െറ തെരുവുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന അലമുറകള്‍ക്ക് രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്‍െറ ബധിരകര്‍ണങ്ങളില്‍ അലയൊലി സൃഷ്ടിക്കാന്‍ സാധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ദലിതരുടെ  ഭാവി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.