കൃഷ്ണ കിരീടം


തൊഡൂര്‍ മാഡബുസി കൃഷ്ണ എന്ന പ്രശ്നം നിങ്ങള്‍ എങ്ങനെയാണ് പരിഹരിക്കുക എന്നാണ് തമിഴ്നാട്ടിലെ ബ്രാഹ്മണ സമൂഹത്തോട് ഒൗട്ട്ലുക് വാര്‍ത്താ  വാരിക ഒരിക്കല്‍ ചോദിച്ചത്. ടി.എം. കൃഷ്ണ എന്ന കര്‍ണാടക സംഗീതജ്ഞന്‍ പാരമ്പര്യവാദികള്‍ക്കും ബ്രാഹ്മണമേധാവികള്‍ക്കും ഒരു ഒഴിയാ തലവേദനയാണ്. തെല്ളൊന്നുമല്ല ഈ നാല്‍പതുകാരന്‍ അവരെ ചൊടിപ്പിച്ചിരിക്കുന്നത്. കര്‍ണാടക സംഗീതത്തെ ബ്രാഹ്മണാധിപത്യത്തില്‍നിന്നു മോചിപ്പിക്കാനുള്ള അക്ഷീണ യത്നങ്ങളില്‍ വ്യാപൃതനാണ് അദ്ദേഹം. കര്‍ണാടക സംഗീതത്തിന് ജാതിയുണ്ട്. അത് താണ ജാതികളെ അയിത്തം കല്‍പിച്ച് അകറ്റിനിര്‍ത്തുന്നു എന്നു കണ്ടപ്പോള്‍ സംഗീതവുമായി കൃഷ്ണ അവരിലേക്ക് പോയി. ചേരികളിലും കടലോരങ്ങളിലുമിരുന്ന് കച്ചേരി നടത്തി. സംഗീതസംസ്കാരത്തില്‍ ദലിതുകള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്താനുള്ള മഹാദൗത്യത്തിന്‍െറ മുന്നണിപ്പോരാളിയെ ഇപ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം തേടിവന്നിരിക്കുന്നു. ഏഷ്യയിലെ നൊബേല്‍ എന്നറിയപ്പെടുന്ന രമണ്‍ മഗ്സസെ പുരസ്കാരം. കലയെ മനുഷ്യനിര്‍മിത ചേരികളില്‍നിന്ന് മോചിപ്പിക്കുന്നതിന്‍െറ പേരിലാണ് ഈ പുരസ്കാരം.

കര്‍ണാടകസംഗീത രംഗത്തെ നിഷേധിയാണ്. പാട്ടിലും പ്രവര്‍ത്തനത്തിലും റെബല്‍. വര്‍ണവും പല്ലവിയും തെറ്റിച്ചു പാടുന്ന ‘സ്റ്റണ്ട്മാന്‍’ എന്നു വിളിക്കുന്നവരുമുണ്ട്. ബ്രാഹ്മണകുലത്തില്‍ ജനിച്ച് കര്‍ണാടക സംഗീതത്തില്‍ നിലനില്‍ക്കുന്ന ബ്രാഹ്മണാധിപത്യത്തിന് എതിരെ പൊരുതാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ജാതിയുടെ മതില്‍ക്കെട്ടുകള്‍ പൊളിച്ചുകൊണ്ടുള്ള സംഗീതത്തിന്‍െറ ജനാധിപത്യവത്കരണമാണ് ലക്ഷ്യം.  ഡിസംബര്‍ സീസണ്‍ ബ്രാഹ്മണര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇനി മദ്രാസ് മ്യൂസിക് അക്കാദമിയില്‍ പാടുകയില്ളെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവന വിപ്ളവകരമായ പ്രഖ്യാപനമായി. ആ സമയത്ത് അദ്ദേഹം ദലിതരായ മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന കടലോര ഗ്രാമങ്ങളില്‍ പോയി കച്ചേരി നടത്തി. ചെന്നൈയിലെ ദലിതുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയില്‍ ക്ളാസിക്കല്‍ സംഗീതോത്സവം സംഘടിപ്പിച്ചു. യാചിച്ചും പാടിയും നൃത്തംചെയ്തും ജീവിക്കുന്ന യെല്ലമ്മ ദേവിയുടെ ഭക്തരായ ജോഗപ്പ എന്ന മൂന്നാം ലിംഗക്കാരുടെ കൂടെ ബംഗളൂരുവില്‍ കച്ചേരി നടത്തി. ‘ഹം ദോനോ’ എന്ന ചിത്രത്തിനു വേണ്ടി സാഹിര്‍ ലുധിയന്‍വി എഴുതിയ ‘അല്ലാ തേരോ നാം’ എന്ന ഗാനം ആലപിച്ചാണ് ടി.എം. കൃഷ്ണ കച്ചേരി അവസാനിപ്പിച്ചത്. വംശീയ സംഘര്‍ഷം തകര്‍ത്തെറിഞ്ഞ ശ്രീലങ്കയിലെ വാവുനിയയിലും കിള്ളിനോച്ചിയിലും ജാഫ്നയിലും 2011ല്‍ സംഗീതക്കച്ചേരികള്‍ നടത്തി. കഴിഞ്ഞ 30 കൊല്ലത്തിനിടയില്‍ ആദ്യമായാണ് ആഭ്യന്തരയുദ്ധം ശിഥിലമാക്കിയ ദ്വീപിലേക്ക് ഒരു കര്‍ണാടക സംഗീതജ്ഞന്‍ കടന്നു ചെല്ലുന്നത്.  വരേണ്യവേദികളില്‍നിന്ന് അയിത്തം കല്‍പിച്ച് അകറ്റിനിര്‍ത്തപ്പെടുന്ന തിരുക്കുത്ത് പാട്ടുകാര്‍ എന്നറിയപ്പെടുന്ന നാടോടിഗായകരുടെയും മരണാനന്തര ചടങ്ങുകളില്‍ പാടുന്ന ദേശിഗായകരുടെയും കൂടെ കച്ചേരികള്‍ നടത്തി.

1976 ജനുവരി 22ന് ജനനം. വാഹന വ്യവസായ രംഗത്തെ ബിസിനസുകാരനായിരുന്നു പിതാവ് ടി.എം രംഗാചാരി. അമ്മ പ്രേമക്ക് കര്‍ണാടക സംഗീതത്തിലും ഇംഗ്ളീഷിലും ബിരുദമുണ്ട്. ഇംഗ്ളണ്ടില്‍ പോയി ഇംഗ്ളീഷ് പഠിപ്പിക്കാനുള്ള കോഴ്സ് പഠിച്ച ഉല്‍പതിഷ്ണുവാണ്. ഗോത്രവര്‍ഗ കുട്ടികള്‍ക്കായുള്ള വിദ്യാവനം ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളുടെ സ്ഥാപകയാണ്. കേരളത്തിന്‍െറ അതിര്‍ത്തിയില്‍ ആനക്കട്ടിക്കടുത്താണ് വിദ്യാവനം. അവിടെയാണ് അവര്‍ താമസിക്കുന്നതും. അമ്മയുടെ അമ്മാവനും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ ടി.ടി. കൃഷ്ണമാചാരിയാണ് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സ്ഥാപകനേതാക്കളില്‍ ഒരാള്‍.
സാധാരണ സംഗീതജ്ഞരില്‍നിന്ന് വ്യത്യസ്തമായി ചിന്തിക്കാനും നിലപാടുകള്‍ സ്വീകരിക്കാനും പ്രേരിപ്പിച്ചത് കുടുംബവും സ്കൂളുമാണ്. അമ്മയും അച്ഛനും വീട്ടില്‍ എപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്ന പ്രകൃതക്കാരായിരുന്നു. രാഷ്ട്രീയം, ധാര്‍മികത, പൗരബോധം, പരിസ്ഥിതി എന്നീ കാര്യങ്ങള്‍ അത്താഴമേശക്കു ചുറ്റുമിരുന്ന് ചര്‍ച്ചചെയ്യുകയും വാഗ്വാദങ്ങളിലേര്‍പ്പെടുകയും വീട്ടിലെ പതിവായിരുന്നു. വീട്ടിനുള്ളിലെ നിലക്കാത്ത തര്‍ക്കവും ചര്‍ച്ചയും ചോദ്യവുമാണ് പില്‍ക്കാലത്ത് കൃഷ്ണയെ രൂപപ്പെടുത്തിയത്.

ചെന്നൈയിലെ ജിദ്ദു കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷന്‍െറ സ്കൂളിലാണ് പഠിച്ചത്. ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളെ മാറ്റിമറിക്കാന്‍ അത് സഹായിച്ചു. സ്കൂളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഏതു വിഷയത്തെപ്പറ്റിയും ചര്‍ച്ചയുണ്ടാവാം. സാമൂഹിക കാര്യങ്ങളില്‍ താല്‍പര്യം ജനിച്ചത് അങ്ങനെയാണ്. ജിദ്ദു കൃഷ്ണമൂര്‍ത്തി വസന്ത് വിഹാറില്‍ താമസിക്കുന്ന കാലത്ത് നാലാംവയസ്സു മുതല്‍ അദ്ദേഹത്തോടൊപ്പം കളിച്ചുനടന്നിട്ടുണ്ട്. മദ്രാസ് വിവേകാനന്ദ കോളജില്‍നിന്ന്  സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയെങ്കിലും സംഗീതമാണ് ജീവിതമാര്‍ഗമായി തെരഞ്ഞെടുത്തത്.

ഭാഗവതുല സീതാരാമശര്‍മയാണ് ആദ്യഗുരു. അമ്മയെ സംഗീതം പഠിപ്പിക്കാന്‍ വരുമായിരുന്ന കലാക്ഷേത്രയിലെ ഗുരുനാഥന്‍. അദ്ദേഹവും അമ്മയും ചേര്‍ന്ന് സ്ഥാപിച്ച സംഗീത വിദ്യാലയത്തില്‍ 18 വര്‍ഷം പഠിച്ചു. അതിനിടയില്‍ ചെങ്കല്‍പേട്ട രംഗനാഥന്‍െറ കീഴില്‍ രാഗം താനം പല്ലവിയില്‍ പരിശീലനം നേടി. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴില്‍ സംഗീതം അഭ്യസിക്കാനുള്ള മഹാഭാഗ്യം വന്നുചേര്‍ന്നത് അവിചാരിതമായാണ്. കൃഷ്ണയുടെ കച്ചേരി കേട്ട ശെമ്മാങ്കുടി അച്ഛനോട് മകനെ  തന്‍െറ കീഴില്‍ പഠിക്കാന്‍ അയക്കാന്‍ പറഞ്ഞു. അങ്ങനെ ആറുവര്‍ഷം ശെമ്മാങ്കുടിക്ക് ശിഷ്യപ്പെട്ടു. ആദ്യ കച്ചേരി 12ാം വയസ്സില്‍. 40 വയസ്സിനുള്ളില്‍ ഇന്ത്യയിലും വിദേശത്തുമായി രണ്ടായിരത്തില്‍പരം കച്ചേരികള്‍ നടത്തിയിട്ടുണ്ട്. സംഗീതം, സംസ്കാരം, സൗന്ദര്യശാസ്ത്രം, ദാര്‍ശനികത എന്നീ വിഷയങ്ങളെക്കുറിച്ച് ഇന്ത്യയിലും വിദേശത്തും നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹാര്‍വഡ് യൂനിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള വിഖ്യാത വിജ്ഞാനകേന്ദ്രങ്ങളില്‍ സ്ഥിരം ക്ഷണിതാവാണ്. ‘ദ ഹിന്ദു’ ദിനപത്രത്തിന്‍െറ സണ്‍ഡേ മാഗസിനിലെ പതിവ് സംഗീത നിരൂപകന്‍. ‘സതേണ്‍ മ്യൂസിക് : എ കര്‍ണാടിക് സ്റ്റോറി’ എന്ന പുസ്തകം ദക്ഷിണേന്ത്യന്‍ സംഗീതത്തെ സംബന്ധിച്ച പല ധാരണകളെയും തിരുത്തിയെഴുതുന്നു.

വര്‍ഷത്തിലൊരിക്കല്‍ മലകയറാന്‍ പോവും. ലഡാക്കിലെ ഏറ്റവും ഉയരംകൂടിയ പര്‍വതം കയറിയിട്ടുണ്ട്. ശബ്ദത്തെ പരിചരിക്കാന്‍ പ്രിയപ്പെട്ടതൊന്നും ഉപേക്ഷിക്കുന്ന ശീലമില്ല. ശീതളപാനീയങ്ങളും ഐസ്ക്രീമും പോലുള്ള തണുത്തതൊന്നും തൊടാതിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയില്ല. വിമര്‍ശകര്‍ തമിഴ്നാട്ടില്‍ ഏറെയുണ്ട്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ വിളിക്കുന്നത് ചാരുകസേര നിരൂപകന്‍, ശരാശരി ഗായകന്‍ എന്നൊക്കെയാണ്. പാരമ്പര്യവാദികളും ബ്രാഹ്മണമേധാവികളും കുറെ നാളായി കച്ചേരികള്‍ക്കു വിളിക്കാറില്ല. 1997 നവംബര്‍ ഏഴിന് സംഗീതജ്ഞയായ സംഗീത ശിവകുമാറിനെ വിവാഹം കഴിച്ചു. രണ്ട് പെണ്‍മക്കള്‍. ആര്യയും അനന്തയും. മൈലാപ്പൂരില്‍ താമസം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.