വെളിച്ചെണ്ണയിലെ വ്യാജന്‍ വരുന്ന വഴി

ഇപ്പോള്‍ വെളിച്ചെണ്ണ കിലോക്ക് മൊത്ത വില 85 രൂപ. ഇതിനുപുറമെ പാക്കിങ് ചാര്‍ജ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, വിതരണക്കാരുടെ കമീഷന്‍, കച്ചവടക്കാരുടെ കമീഷന്‍ ഇതെല്ലാം ചേര്‍ത്താണ് ഉപഭോക്താക്കള്‍ക്ക് കടയില്‍നിന്ന് കിട്ടുന്ന പാക്കറ്റ് വെളിച്ചെണ്ണയുടെ വില നിശ്ചയിക്കുന്നത്. ഇതെല്ലാം കൂട്ടിയാല്‍ ഏറ്റവും ചുരുങ്ങിയത് 120 രൂപയെങ്കിലുമാകും ഒരുലിറ്റര്‍ വെളിച്ചെണ്ണ പാക്ക് ചെയ്ത് വില്‍പനക്ക് എത്തിക്കുമ്പോള്‍ എന്ന് വിവിധ ബ്രാന്‍ഡ് ഉടമകള്‍ പറയുന്നു. പാക്കറ്റില്‍ രേഖപ്പെടുത്തുന്ന വില പലപ്പോഴും ഇതിന്‍െറയും 20 ശതമാനംവരെ കൂടുതലായിരിക്കും. ഈ വിലയില്‍നിന്നാണ് ചില സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഉപഭോക്താക്കള്‍ക്ക് വിലക്കിഴിവ് അനുവദിക്കുന്നതും. ഇത് നേരായരീതിയിലുള്ള വെളിച്ചെണ്ണ വില്‍പനയുടെ രീതി. ഇതേ വെളിച്ചെണ്ണ പലപ്പോഴും നൂറുരൂപയില്‍ താഴെയുള്ള വിലക്കും വിപണിയില്‍ ലഭ്യമാകും. പല കച്ചവടക്കാരും ഈ വെളിച്ചെണ്ണ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യും. ഇതിന്‍െറ പിന്നാമ്പുറം അന്വേഷിക്കുമ്പോഴാണ് വെളിച്ചെണ്ണ വിപണിയിലെ വ്യാജന്‍െറ കഥ ചുരുള്‍ നിവരുക.

‘എഡിബ്ള്‍ ഓയില്‍’ എന്ന് രേഖപ്പെടുത്തിയ ടാങ്കറുകള്‍ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ കടന്ന് നിരന്തരം കേരളത്തിലത്തെുന്നുണ്ട്. ഭക്ഷ്യ എണ്ണ എന്ന പേരിലത്തെുന്ന ഈ എണ്ണ പിന്നീട് എങ്ങനെ രൂപംമാറുന്നു എന്നറിയുന്നിടത്താണ് വ്യാജന്‍െറ തുടക്കം. തമിഴ്നാട്ടിലെ കാങ്കയം എന്ന സ്ഥലത്തുനിന്നാണ് ഈ ടാങ്കറുകള്‍ പുറപ്പെടുന്നതെന്ന് കേരളത്തിലെ വെളിച്ചെണ്ണ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. അവിടെയുള്ള ചില മില്ലുകളിലാണ് വ്യാജ വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുന്നത്. ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാല്‍ ഈ മില്ലുകളില്‍ പരിശോധനയൊന്നും നടക്കാറുമില്ല. വളരെ വിലകുറഞ്ഞ എണ്ണയായ പാംകെര്‍നല്‍ ഓയിലാണ് ഈ മില്ലുകളില്‍ വെളിച്ചെണ്ണയായി രൂപാന്തരം പ്രാപിക്കുന്നത്. ഒരുലിറ്റര്‍ വെളിച്ചെണ്ണ തയാറാക്കുമ്പോള്‍ ഇതില്‍ 85 ശതമാനവും പാം കെര്‍നല്‍ ഓയില്‍ ആയിരിക്കും.

പാം കെര്‍നല്‍ ഓയില്‍ എന്താണെന്ന് അറിഞ്ഞാലേ ഇത് കലര്‍ന്ന വെളിച്ചെണ്ണ വില്‍ക്കുന്നവര്‍ക്കും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നവര്‍ക്കുമുള്ള ലാഭം വ്യക്തമാകൂ. നമ്മുടെ നാട്ടില്‍ വ്യാപകമായി വില്‍ക്കുന്ന പാമോയിലും ഏറെ പരിചിതമല്ലാത്ത പാം കെര്‍നല്‍ ഓയിലും ഉല്‍പാദിപ്പിക്കുന്നത് എണ്ണപ്പനയില്‍നിന്നുതന്നെയാണ്. എണ്ണപ്പനയുടെ ഫലത്തിന്‍െറ കാമ്പില്‍ നിന്നാണ് പാം ഓയില്‍ ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ പാം കെര്‍നല്‍ ഓയില്‍ ഉല്‍പാദിപ്പിക്കുന്നത് അതിന്‍െറ വിത്തില്‍നിന്നാണ്. പാം ഓയിലിന് സ്വര്‍ണവര്‍ണമാണെങ്കില്‍ പാം കെര്‍നല്‍ ഓയിലിന് വെളിച്ചെണ്ണയോട് സാമ്യമുള്ള മങ്ങിയ വെളുത്ത നിറമാണ്. വെളിച്ചെണ്ണ, പാം ഓയില്‍ എന്നിവയെ അപേക്ഷിച്ച് പാം കെര്‍നല്‍ ഓയിലില്‍ കൊഴുപ്പ് വളരെ കൂടുതലുമാണ്. അതുകൊണ്ടുതന്നെ ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങള്‍ ഏറെക്കാലം കേടുകൂടാതെയിരിക്കും. ഈ ‘ഷെല്‍ഫ് ലൈഫ്’ ആണ് ഭക്ഷ്യവസ്തുക്കള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് വില്‍ക്കുന്നവരെ പാം കെര്‍നല്‍ ഓയിലിലേക്ക് ആകര്‍ഷിക്കുന്നത്. അതിനാല്‍തന്നെ ഭക്ഷ്യവസ്തുക്കള്‍ പാക്കറ്റിലാക്കി വില്‍ക്കുന്നവര്‍ക്ക്  മുതല്‍ പ്രമുഖഹോട്ടലുകള്‍ക്കുവരെ പാം കെര്‍നല്‍ കലര്‍ന്ന വെളിച്ചെണ്ണ പ്രിയങ്കരമായി മാറുന്നു.

‘വെളിച്ചെണ്ണയില്‍ നിര്‍മിച്ചത്’ എന്ന് അവകാശപ്പെടുന്നതിനൊപ്പം, ഭക്ഷ്യവസ്തു കൂടുതല്‍കാലം കേടുകൂടാതെ ഇരിക്കുകയും ചെയ്യും. സംസ്കരിക്കാത്ത പാം കെര്‍നല്‍ ഓയിലിന് കിലോക്ക് അമ്പതു രൂപയില്‍താഴെയാണ് മൊത്തവില. ഇങ്ങനെ 85 ശതമാനംവരെ പാം കെര്‍നല്‍ ഓയില്‍ ചേര്‍ത്തശേഷം വെളിച്ചെണ്ണയുടെ ഗന്ധവും രൂചിയും കിട്ടാന്‍ 15 ശതമാനം വെളിച്ചെണ്ണയും ചേര്‍ക്കും. നിറം അല്‍പം കുറവാണെന്ന് തോന്നിയാല്‍ ചിലര്‍ ലാറിക് ആസിഡും ചേര്‍ക്കാറുണ്ട്. ടാങ്കറുകളിലത്തെുന്ന വെളിച്ചെണ്ണ പാലക്കാടും മറ്റു അതിര്‍ത്തി പ്രദേശത്തുമുള്ള ചില ഗോഡൗണുകളില്‍വെച്ച് കാനുകളിലാക്കി മാറ്റുന്നു. പിന്നെ പാക്കിങ് കേന്ദ്രത്തിലേക്ക്. ‘മലയാളിത്തമുള്ള ഏതെങ്കിലും പേരുമിട്ട് ഇത് സംസ്ഥാനത്ത് ഉടനീളമുള്ള കടകളിലത്തെുന്നു. വ്യാജ വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുന്നവര്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കും മാത്രമല്ല, വില്‍ക്കുന്നവര്‍ക്കും വന്‍ ലാഭമാണ്. സാധാരണ വെളിച്ചെണ്ണ ഒരുകിലോ വിറ്റാല്‍ കിട്ടുന്ന ലാഭത്തിന്‍െറ മൂന്നും നാലും മടങ്ങാണ് വ്യാജ വെളിച്ചെണ്ണയില്‍നിന്നുള്ള ലാഭം.

അതുകൊണ്ടുതന്നെ ഇത്തരം വെളിച്ചെണ്ണ വില്‍ക്കുന്നതിന് ഉത്സാഹവും കൂടും. ഇതുകൂടാതെ, വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണയും വിപണിയിലത്തെുന്നുണ്ട്. മില്ലുകളില്‍ കൊപ്രയില്‍നിന്ന് വെളിച്ചെണ്ണ വേര്‍തിരിച്ചെടുത്തശേഷം അവശേഷിക്കുന്ന പിണ്ണാക്കില്‍നിന്നാണ് ഇത്തരത്തില്‍ വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുന്നത്. എങ്ങനെ മില്ലിങ് നടത്തിയാലും കൊപ്രയില്‍നിന്ന് 90 ശതമാനം വെളിച്ചെണ്ണയേ വേര്‍തിരിച്ചെടുക്കാനാവൂ. ഈ പിണ്ണാക്കില്‍നിന്ന് പിന്നീട് ചില രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് അവശേഷിക്കുന്ന വെളിച്ചെണ്ണ പുറത്തെടുക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ ഇങ്ങനെ ലഭിക്കുന്ന വെളിച്ചെണ്ണ വ്യവസായിക ആവശ്യത്തിനാണ് ഉപയോഗിക്കാറ്. എന്നാല്‍, പലപ്പോഴും ഇതും ഭക്ഷ്യ എണ്ണയായി രൂപാന്തരം പ്രാപിച്ച് വിപണിയില്‍ എത്തുന്നുണ്ട്. കൂടാതെ ലൈറ്റ് ലിക്വിഡ് പാരഫിന്‍ (എല്‍.എല്‍.പി) എന്ന രാസവസ്തു ചേര്‍ത്ത വെളിച്ചെണ്ണയും വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്.

വ്യാജന്‍ കാര്‍ന്നുതിന്നും; ആരോഗ്യവും

വെളിച്ചെണ്ണക്ക് മുമ്പ് ചില ദുഷ്പേരുകളുണ്ടായിരുന്നു: അത് കൊളസ്ട്രോള്‍ ഉണ്ടാക്കും, ഹൃദ്രോഗത്തിന് കാരണമാകുമെന്നൊക്കെ. ഇതോടെ കുറെയധികം മലയാളികള്‍ വെളിച്ചെണ്ണ ഉപേക്ഷിച്ച് മറ്റ് സസ്യ എണ്ണകളിലേക്ക് തിരിഞ്ഞു. പിന്നീടുള്ള ഗവേഷണങ്ങള്‍ പക്ഷേ, വെളിച്ചെണ്ണക്ക് എതിരായ ദുഷ്പേരുകള്‍ക്ക് അടിസ്ഥാനമില്ളെന്ന് കണ്ടത്തെി. ഇതെല്ലം ശുദ്ധമായ വെളിച്ചെണ്ണയുടെ കാര്യം. വ്യാജന്‍ ഹൃദ്രോഗവും അര്‍ബുദവും ത്വക്രോഗവുമൊക്കെയുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. പാര്‍ കെര്‍ലിന്‍ കലര്‍ത്തിയ വെളിച്ചെണ്ണയാണ് ഏറ്റവും വലിയ വില്ലന്‍. പാം കെര്‍ലിനില്‍ കൊഴുപ്പിന്‍െറ അളവ് വളരെ കൂടുതലാണ്. ഇത് രക്ത ധമനികളില്‍ ബ്ളോക്കുണ്ടാക്കുന്നതിന് വരെ കാരണമാകും. മാത്രമല്ല, വ്യാജ എണ്ണയില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ അര്‍ബുദത്തിനും കാരണക്കാരായി മാറുന്നു.     

ഓടിച്ചുവിട്ടാലും തിരിച്ചുവരും വ്യാജന്‍

ടി.വി. അനുപമ ഭക്ഷ്യസുരക്ഷാ കമീഷണറായ ഉടന്‍ സംസ്ഥാനത്തെ ചില വെളിച്ചെണ്ണ നിര്‍മാതാക്കള്‍ യോഗംചേര്‍ന്ന് വ്യാജ വെളിച്ചെണ്ണ വിപണി കൈയടക്കിയതിന്‍െറ വിശദാംശങ്ങള്‍ തയാറാക്കി സമര്‍പ്പിച്ചു. വ്യാജന്‍ അരങ്ങുവാഴുന്നത് തിരിച്ചറിഞ്ഞ് അവര്‍ നടപടികളുമാരംഭിച്ചു. വ്യാപകമായി പരിശോധന നടത്തി. പരിശോധനയില്‍ പല പാക്കറ്റ് വെളിച്ചെണ്ണയിലും പാക്കറ്റിന്‍െറ പുറത്തെ പേരില്‍ മാത്രമാണ് വെളിച്ചെണ്ണയുള്ളതെന്ന് കണ്ടത്തെി. അങ്ങനെയാണ് സംസ്ഥാനത്തെ 15 വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ വില്‍പന നിരോധിച്ചത്. ഇതോടെ, വെളിച്ചെണ്ണ വിപണന രംഗം ശുദ്ധമായെന്ന് വിചാരിച്ചിരിക്കുന്നവര്‍ ഭക്ഷ്യസുരക്ഷാ കമീഷണന്‍ 2016 മാര്‍ച്ച് അഞ്ചിന് പുറത്തിറക്കിയ A 1100/2016/CFS ഉത്തരവിന്‍െറ രണ്ടാമത്തെ ഖണ്ഡിക ഒന്ന് വായിച്ചുനോക്കുന്നത് നന്നാകും.

അതില്‍ വ്യക്തമായി പറയുന്നുണ്ട്; ‘വ്യാജനാണെന്ന് കണ്ടത്തെി നിരോധിച്ച  കമ്പനികള്‍ പേരില്‍ ചെറിയ മാറ്റംവരുത്തി  ഉടമസ്ഥതയും പേരും പാക്കിങ് രീതിയും മാറ്റി വീണ്ടും വിപണിയിലത്തെുന്നുണ്ട്’ എന്ന്.  ഇതത്തേുടര്‍ന്ന്, വെളിച്ചെണ്ണയിലെ മായം കണ്ടത്തെുന്നതിന്‍െറ ഭാഗമായി സംസ്ഥാനത്തെ വെളിച്ചെണ്ണ ഉല്‍പാദകരും പാക്ക് ചെയ്യുന്നവരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വെളിച്ചെണ്ണ കേരളത്തിലത്തെിച്ച് വിപണനം നടത്തുന്നവരും തങ്ങളുടെ ബ്രാന്‍ഡുകള്‍ അതത് ഫുഡ്സേഫ്റ്റി അസി. കമീഷണര്‍മാര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലാത്തവ വ്യാജ വെളിച്ചെണ്ണയായി പരിഗണിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പക്ഷേ, മുന്നറിയിപ്പിലല്ല കാര്യമെന്ന് യഥാര്‍ഥ വെളിച്ചെണ്ണ ഉല്‍പാദകരും പറയുന്നു. വെളിച്ചെണ്ണയുടെ കാര്യത്തില്‍ ഇപ്പോഴും അരനൂറ്റാണ്ട് മുമ്പുള്ള ഗുണമേന്മാ മാനദണ്ഡമാണ് നിലനില്‍ക്കുന്നത്. അത് കാലാനുസൃതമായി പുതുക്കുകയാണ് വേണ്ടത്.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.