തോല്‍വിയുടെ പ്രതിയെ തിരയാന്‍ തുടങ്ങിയത്, തെരഞ്ഞെടുപ്പു ഫലം വന്നതുമുതലാണ്. ഇനിയത് അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുവരെ തുടരും. അതുകഴിഞ്ഞാല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു ഫലമുണ്ടല്ളോ, ചര്‍ച്ചചെയ്യാനും പ്രതിക്കായി തിരയാനും. ഇടക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്കു പോകുന്നതുകണ്ടാല്‍ ഇപ്പോള്‍ പ്രതിയെ പിടികൂടും എന്നുതോന്നും. പോയപോലെ മൂവര്‍ സംഘം തിരിച്ചത്തെും. പിന്നെ സംസ്ഥാനതല കോലാഹലങ്ങള്‍ തുടങ്ങുകയായി. പ്രഗല്ഭ ഗ്രൂപ്പു നേതാക്കള്‍, പഴിചാരല്‍ ക്വട്ടേഷന്‍ സംഘത്തെവെച്ചാണ് നിര്‍വഹിക്കുക. സ്വന്തമായൊരു ക്വട്ടേഷന്‍ സംഘമില്ലാത്ത വി.എം. സുധീരന് അത് സ്വയം ചെയ്യേണ്ടിവരുന്നു. തെരഞ്ഞെടുപ്പിനു ശേഷം മൂന്നുവട്ടമായി ഡല്‍ഹി സന്ദര്‍ശനം. മൂന്നുവട്ടവും പാര്‍ട്ടിയുടെ കെട്ടുറപ്പു മുറുക്കി. ഇനിയും മുറുക്കാനുള്ള അയവ് അവശേഷിപ്പിച്ചിട്ടുള്ളതിനാല്‍ ഡല്‍ഹിപ്പോക്കും രാഹുലിനെ കാണലും തുടരും. ഇനി മേഖലാ സമിതികളും മറ്റ് കമീഷനുകളുമായി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുവരെ തോല്‍വിയന്വേഷണം നീളും. പിന്നെ സ്ഥാനാര്‍ഥിനിര്‍ണയമായി, അതിന്‍െറ പാടായി.
ഗാന്ധിജിയാണ് നിസ്സഹകരണ പ്രസ്ഥാനത്തിന്‍െറ അപ്പോസ്തലനെന്നതിനാല്‍ കേരളത്തിലെ തികഞ്ഞ ഗാന്ധിയനായിമാറി, ഉമ്മന്‍ ചാണ്ടി. എന്തിലും ഒരു നിസ്സഹകരണമാണ് കക്ഷിയുടെ ഈയിടെയായുള്ള സമരമുറ. ബാര്‍കോഴക്കേസില്‍ കുടുങ്ങിയവരും പ്രതിച്ഛായ നഷ്ടപ്പെട്ടവരുമായ നാലഞ്ചുപേരെ നിയമസഭ മത്സരരംഗത്തുനിന്ന് മാറ്റി നിര്‍ത്തണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞപ്പോള്‍ ആദ്യ നിസ്സഹകരണ സമരം നടന്നു. ഈ അഞ്ചുപേരില്ളെങ്കില്‍ താനും മത്സരിക്കുന്നില്ളെന്നായിരുന്നു, അടവുനയം. അത് ഏറെക്കുറെ ഫലിച്ചു. ബന്നി ബഹനാനു മാത്രമേ സീറ്റുപോയുള്ളു. മത്സരിച്ച ശിഷ്ടരില്‍ അരുമശിഷ്യന്‍ ബാബുവൊഴികെ എല്ലാരും ജയിച്ചെങ്കിലും പാര്‍ട്ടി അടപടലേ തോറ്റു. ഉടനെ വന്നു അടുത്ത നിസ്സഹകരണം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നില്ളെന്നായി. എങ്കില്‍ മുന്നണി അധ്യക്ഷ പദവി ഏറ്റെടുത്തേ പറ്റൂ എന്നായി എതിര്‍ ഗ്രൂപ്പുകള്‍. അതിനോടും നിസ്സഹകരണമാണ്, സമരമാര്‍ഗം. ലക്ഷ്യം മറ്റൊന്നാണെന്ന് ഉപശാലാ ചര്‍ച്ചകളില്‍ കേള്‍ക്കുന്നത്. സുധീരനെ മാറ്റണമത്രേ. സരിതാകേസ് വരെ അടക്കിയൊതുക്കി വന്നപ്പോള്‍ ബാര്‍കോഴ കുത്തിപ്പൊക്കി. അത് സമ്പൂര്‍ണ ബാര്‍ പൂട്ടലില്‍വരെ എത്തിച്ചു. പരിസ്ഥിതി പറഞ്ഞ് മെത്രാന്‍ കായല്‍ നികത്തലിന് പാരവെച്ചു. തെരഞ്ഞെടുപ്പു ഫണ്ടു സമാഹരണത്തിനു വട്ടം കൂട്ടിയ പദ്ധതികളൊക്കെ പൊളിച്ചു. എങ്ങനെ സഹിക്കും ഈ പി.സി.സി പ്രസിഡന്‍റിനെ? എന്തായാലും നിസ്സഹകരണക്കെണിയില്‍ ഇതുവരെ സുധീരന്‍ വീണിട്ടില്ല.
സുധീരന്‍െറ സ്ഥാനമാറ്റത്തിനായി ഗ്രൂപ്പുകള്‍ എല്ലാം സംഘടിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്‍റിനെ വളഞ്ഞുനിന്നാണ് ആക്രമണം. രാഹുല്‍ ഗാന്ധി നേരിട്ടു നിയമിച്ച ആളാണ് സുധീരന്‍. അതിനാല്‍, നേരിട്ട് അങ്കത്തിന ് ധൈര്യം പോര. പക്ഷേ, കിട്ടുന്ന വേദികളിലൊക്കെ ഒളിയമ്പുതിര്‍ക്കും. ഗ്രൂപ്പു നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്ത് ഒത്തൊരുമയാണ്! മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കരുത്തനാണത്രേ. ഈ കരുത്തനെ നേരിടാന്‍ മറ്റൊരു കരുത്തനെ വേണം, കെ.പി.സി.സി പ്രസിഡന്‍റ് പദവിയില്‍. അതിനായാണ്, ഡല്‍ഹിക്കു പോക്കും, നിസ്സഹകരണ പ്രസ്ഥാനവും. രാഹുല്‍ ഗാന്ധിയോടാണ്, പരാതിമുഴുവന്‍. രാഹുലിനെപ്പോലെ ഇരുത്തം വന്ന ഒരു കരുത്തനെ കിട്ടുംവരെ രാഹുല്‍ തന്നെ കൊണ്ടുവന്ന സുധീരനെ മാറ്റാനാകുമോ? അതിനാല്‍ നിസ്സഹകരണം ഇനിയും തുടരുകയേ നിവൃത്തിയുള്ളു.
കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്ക് ആളൊഴുക്കുണ്ടായിട്ടില്ളെന്ന് പാര്‍ട്ടിവക്താക്കള്‍ പറയുന്നു. പോയത് ബി.ഡി.ജെ.എസിലേക്കാണത്രേ. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു കിട്ടിയത്, 10.4 ശതമാനം വോട്ടായിരുന്നു. ഇക്കുറി അത് 10.7 ശതമാനമേ ആയുള്ളു. ബാക്കി നാലു ശതമാനം കിട്ടിയത് ബി.ഡി.ജെ.എസിനും സി.കെ. ജാനു അടക്കമുള്ള അനുബന്ധ ഘടകങ്ങള്‍ക്കും ആയിരുന്നു. ഈ നാലുശതമാനത്തെ തിരികെ കോണ്‍ഗ്രസില്‍ കയറ്റാന്‍ എന്താണു വഴിയെന്ന ആലോചനയൊന്നും പാര്‍ട്ടിയുടെ ഇതുവരെയുള്ള യോഗങ്ങളില്‍ നടന്നില്ല. പകരം, ഒരു എളുപ്പവഴിയാണ്, ആലോചനയില്‍ ഉരുത്തിരിയുന്നത്. ബി.ഡി.ജെ.എസിനെ ഘടകകക്ഷിയാക്കുക. അതോടെ ഇടതുമുന്നണി വിറകൊള്ളുമെന്നാണ്, മുന്നറിയിപ്പ്. അതിനായി ബാര്‍ നയത്തില്‍ മാറ്റം വരുത്താനും നിര്‍ദേശമുണ്ട്. എല്ലാത്തിനും ഒരു രൂപമുണ്ടാകണമെങ്കില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം.
ബാര്‍ നയം കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് മൊത്തമായി ലഭിക്കുമെന്നായിരുന്നു, കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ പ്രതീക്ഷ. മുസ്ലിംകള്‍ പൂര്‍ണമായും യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തിരുവിതാംകൂര്‍ കൊച്ചി മേഖലകളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്നു കണക്കാക്കാന്‍ അവര്‍ക്കായില്ല. മുസ്ലിം ലീഗ് ഉള്ളതുകൊണ്ട് മുസ്ലിം വോട്ട് മുഴുവന്‍ ലഭിക്കുമെന്ന് അവര്‍ കരുതി. അഴിമതിയെ നുണകള്‍ കൊണ്ടു മൂടുന്ന രീതി ജനം തിരിച്ചറിഞ്ഞത് നേതൃത്വം മനസ്സിലാക്കിയില്ല. ഫാഷിസത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിനാകുമെന്നു കാണിച്ചു കൊടുക്കാന്‍ ബാധ്യസ്ഥരായ നേതാക്കള്‍ അറച്ചു നിന്നു. ന്യൂഡല്‍ഹി കേരളാ ഹൗസിലെ ബീഫ് വിവാദകാലത്തുപോലും ഫലപ്രദമായി ഇടപെടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ യു.ഡി.എഫിനോ കഴിഞ്ഞില്ല. ഇടതുപക്ഷനേതാക്കള്‍ അവസരം മുതലാക്കുകയും ചെയ്തു. കേരളത്തില്‍ ഇടതുപക്ഷത്തിനല്ലാതെ ഫാഷിസഭീഷണിയെ നേരിടാനാകില്ളെന്ന പ്രതീതി തെരഞ്ഞെടുപ്പിനു മുമ്പ് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതാണ് ഇടതുപക്ഷത്തിന്‍െറ വിജയരഹസ്യമെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍, അങ്ങനെയുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ കാര്യമായ പരിഗണന നല്‍കാന്‍ പ്രധാന ഗ്രൂപ്പു നേതാക്കള്‍ തയാറുമല്ല.
ദേശീയ തലത്തില്‍തന്നെ കോണ്‍ഗ്രസിന്‍െറ അധികാരം പരിമിതമാകുകയാണ്. ചെറിയ ചില സംസ്ഥാനങ്ങളിലേ ഭരണമുള്ളു. എന്നാല്‍, 30 സംസ്ഥാനങ്ങളിലും നിയമസഭകളില്‍ പ്രാതിനിധ്യമുള്ള ഏക പാര്‍ട്ടി ഇന്നും കോണ്‍ഗ്രസ് ആണ്. അവര്‍ക്ക് ദേശീയ തലത്തില്‍ ലഭിച്ച വോട്ടു നോക്കിയാല്‍ നിയമസഭകളില്‍ 26 ശതമാനം ഇപ്പോഴുമുണ്ട്. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ ദേശീയ വോട്ടു വിഹിതം ഇപ്പോഴും നിയമസഭാ തലത്തില്‍ 19.5 ശതമാനമേ വരുന്നുള്ളു. കോണ്‍ഗ്രസിന്‍െറ വേരുകള്‍ നഷ്ടമായിട്ടില്ളെന്നത് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ദേശീയതലത്തില്‍ 53.5 ശതമാനം വോട്ട് വിവിധ പ്രാദേശിക പാര്‍ട്ടികളുടെ കൈവശമാണെന്നതും വസ്തുതയാണ്. ഇതില്‍ 20 ശതമാനത്തിലധികം തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നവിധത്തില്‍ മതേതര മുഖച്ഛായയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പക്ഷേ, ഇച്ഛാശക്തിയുള്ള നേതൃത്വം വേണം. കേരളത്തിലും കള്ളം പറയാത്ത, അഴിമതിയെ പൊതുനയമാക്കാത്ത യുവരക്തം തുടിക്കുന്ന നേതൃത്വം ഉണ്ടാകണം. ഓരോ സംസ്ഥാനത്തും അതിനുള്ള അഴിച്ചുപണി നടത്താന്‍ ത്രാണിയുള്ള ദേശീയ നേതൃത്വവും വേണം. ഇതൊക്കെയാണ് ഇന്ത്യയെ ഒന്നിച്ചു കാണണമെന്നാഗ്രഹിക്കുന്ന സാധാരണക്കാരായ മതേതര വിശ്വാസികളുടെ സ്വപ്നം. പക്ഷേ, കടല്‍ക്കിഴവന്മാര്‍ മാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.