എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ എന്നത് സര്‍ക്കാറിന്‍െറ ശ്രദ്ധേയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. അതോടൊപ്പം ഇത്രയും മെഡിക്കല്‍ കോളജുകള്‍ കേരളത്തിന് ആവശ്യമുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സര്‍ക്കാര്‍ കോളജുകളുടെ എണ്ണം അഞ്ചില്‍നിന്ന് പതിനാറാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, ഒമ്പതെണ്ണം പ്രഖ്യാപിച്ചതില്‍ നാലെണ്ണം മാത്രമേ ഏറക്കുറെയെങ്കിലും യാഥാര്‍ഥ്യമാക്കാനായുള്ളൂ. എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 900ത്തില്‍നിന്ന് 1250 ആയി ഉയര്‍ന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 775 ഗവ. മെറിറ്റ് സീറ്റുകള്‍ ഇവക്കു പുറമെയും. സംവരണ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ഇത് നേട്ടമാണെന്നത് മറ്റൊരു വസ്തുത. 2010-11ലെ 112 കോടിയുടെ ബജറ്റ് വിഹിതം 2014-15ല്‍ 665 കോടിയായി.
എന്‍.ആര്‍.എച്ച്.എം ഫണ്ട് മുഴുവനും വിനിയോഗിച്ചു. അയ്യായിരത്തിലധികം തസ്തികകള്‍ സൃഷ്ടിച്ചു. 585 ഇനം മരുന്നുകളുടെ സൗജന്യ വിതരണത്തിനു പുറമേ, സുകൃതം പദ്ധതിയിലൂടെ ആര്‍.സി.സി, മലബാര്‍ കാന്‍സര്‍ സെന്‍റര്‍, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡി. കോളജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിച്ചു. കാരുണ്യ ബെനവലന്‍റ് ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ആര്‍.എസ്.ബി.വൈ, ചിസ് പ്ളസ്, ദേശീയ ആരോഗ്യദൗത്യം എന്നിവക്കുപുറമേ കാരുണ്യ ഫാര്‍മസികളിലൂടെയും കാന്‍സര്‍ രോഗികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സഹായം ലഭ്യമാക്കി.
സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവവും നവജാതശിശുവിന്‍െറ 30 ദിവസംവരെയുള്ള ആരോഗ്യപരിരക്ഷയും സൗജന്യമാക്കിയത്, നവജാതശിശുക്കളിലെ ജനിതകരോഗങ്ങള്‍ കണ്ടുപിടിക്കാന്‍ ന്യൂബോണ്‍ സ്ക്രീനിങ്, കുട്ടികള്‍ക്ക് അര്‍ബുദം, ഹൃദ്രോഗം, വൃക്കരോഗം എന്നിവക്ക് സൗജന്യ ചികിത്സ, 59 ആശുപത്രികളില്‍ നവജാതശിശു ചികിത്സാകേന്ദ്രങ്ങള്‍, സ്കൂളുകളിലും അങ്കണവാടികളിലും അയണ്‍ഫോളിക് ആസിഡ് പ്രതിവാര പോഷണപരിപാടി, ജനറല്‍, ജില്ല, താലൂക്ക് ആശുപത്രികളില്‍ കൗമാര ആരോഗ്യ ക്ളിനിക്കുകള്‍ എന്നിവ പൊതുവെ സ്വാഗതംചെയ്യപ്പെട്ടു.
ജനറല്‍ ആശുപത്രിക്കുള്ള രാജ്യത്തെ ആദ്യ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ എറണാകുളം ജനറല്‍ ആശുപത്രിയും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കുള്ള എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ തൈക്കാട് ആശുപത്രിയും താലൂക്ക് ആശുപത്രിക്കുള്ള അക്രഡിറ്റേഷന്‍ ചേര്‍ത്തല ആശുപത്രിയും നേടി. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഷൊര്‍ണൂരിലെ ഐക്കോസ്, തിരുവനന്തപുരം ആര്‍.സി.സി, പണ്ടപ്പിള്ളി സി.എച്ച്.സി, ആലുവ സര്‍ക്കാര്‍ ബ്ളഡ് ബാങ്ക് എന്നിവയും എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ സ്വന്തമാക്കി. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് എന്‍ട്രി ലെവല്‍ അക്രഡിറ്റേഷനും ഈ കാലയളവില്‍ ലഭിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കത്തെുന്ന മുഴുവന്‍ രോഗികള്‍ക്കും കൂടുതല്‍ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പൂര്‍ണമായി നടപ്പായില്ല. 69 ആന്‍റി കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെ 585 ഇനം മരുന്നുകളാണ് നല്‍കുന്നത്. മരുന്നുവില നിയന്ത്രിക്കാന്‍ 41 കാരുണ്യ ഫാര്‍മസികള്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി ആരംഭിച്ചു. ആയുര്‍വേദം, യോഗ-പ്രകൃതിചികിത്സ, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളെ ഏകോപിപ്പിച്ച് ആയുഷ് വകുപ്പ് രൂപവത്കരണം ശ്രദ്ധേയമായി.
ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയതിന്‍െറ അടിസ്ഥാനത്തില്‍ വിഷലിപ്തവും മായംചേര്‍ത്തതുമായ ഭക്ഷണങ്ങളില്‍നിന്നും ഭക്ഷ്യവസ്തുക്കളില്‍നിന്നും ജനങ്ങളെ മോചിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി പച്ചക്കറി, പഴക്കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ മുതലായവക്ക് ലൈസന്‍സ്/രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്തു.
ചലച്ചിത്ര മേഖല
സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയെ നിയോഗിച്ചത് ഈ സര്‍ക്കാറിന്‍െറ കാലത്താണ്. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ചലച്ചിത്ര അവാര്‍ഡ് തുക കൂട്ടിയതല്ലാതെ മറ്റൊന്നും നടപ്പാക്കാനായിട്ടില്ല. അഞ്ചുവര്‍ഷത്തിനിടയില്‍ സ്വകാര്യ തിയറ്ററുകളോടും മള്‍ട്ടിപ്ളക്സുകളോടും കിടപിടിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ നവീകരിക്കാനായി. അതേസമയം, തിരുവനന്തപുരത്ത് ഫിലിം കോംപ്ളക്സ് ഒരോ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെയും ഉദ്ഘാടന-സമാപന ചടങ്ങിലും ആവര്‍ത്തിക്കപ്പെടുന്ന പ്രഖ്യാപനമായി തുടരുന്നു. ഇത്തവണ മികച്ച രീതിയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കാന്‍ സര്‍ക്കാറിനും സംസ്ഥാന ചലച്ചിത്ര അക്കാദമിക്കുമായി. ഇതിന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറ പ്രശംസ വരെ മന്ത്രി തിരുവഞ്ചൂരിന് കിട്ടി. ഐ.എഫ്.എഫ്.കെയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡെലിഗേറ്റുകള്‍ പങ്കെടുത്ത മേളായിരുന്നു 2015ലേത്.
ഐ.എഫ്.എഫ്.കെ ആരംഭിക്കുന്നതിന് മുമ്പുതന്നെ സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ ഭരണതലത്തിലുണ്ടായ ഭിന്നിപ്പുകള്‍ വിവാദമായിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാം) ജയന്തി നരേന്ദ്രനാഥിന്‍െറ നിയമനവിവാദങ്ങള്‍ മന്ത്രിയെയും അക്കാദമിയെയും തെല്ളൊന്നുമല്ല ഉലച്ചത്. അവരെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ മന്ത്രി ഒപ്പുവെച്ചെങ്കിലും പിന്നീട് അത് മരവിപ്പിക്കേണ്ടിവന്നു. ഇതോടെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി സര്‍ക്കാറിനെതിരെ ഹൈകോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ് മുന്‍ അക്കാദമി ജീവനക്കാരന്‍. 2014ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ 2015 ഡിസംബറിലാണ് വിതരണം ചെയ്യാനായത്.
ഒന്നിനെ മൂന്നാക്കി തദ്ദേശ വകുപ്പ്
തദ്ദേശ ഭരണ വകുപ്പിനെ ഒന്നിന് പകരം മൂന്നായി (ഗ്രാമവികസനം, പഞ്ചായത്ത്, നഗരകാര്യം) വിഭജിച്ച് മൂന്ന് മന്ത്രിമാരെ നല്‍കിയ തുടക്കം വിവാദത്തോടെയായിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കാന്‍ ഗ്രാമവികസന വകുപ്പ് പ്രത്യേകമാക്കണം എന്നായിരുന്നു വിശദീകരണം. കേന്ദ്രാവിഷ്കൃത പദ്ധതി കോണ്‍ഗ്രസിന്‍െറ നിയന്ത്രണത്തിലാക്കാനായിരുന്നുവെന്നും ആക്ഷേപമുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതി, എന്‍.ആര്‍.എല്‍.എമ്മിന്‍െറ സ്വയംതൊഴില്‍ പദ്ധതി തുടങ്ങിയവയിലായിരുന്നു കണ്ണ്. കുടുംബശ്രീക്ക് പകരം കോണ്‍ഗ്രസ് പിന്തുണയുള്ള ജനശ്രീയെ സഹായിക്കാനെന്നും വിമര്‍ശമുണ്ടായി. ആക്ഷേപം മാറ്റാന്‍ മൂന്ന് മന്ത്രിമാരുടെ ഏകോപനത്തിന് മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുണ്ടാക്കി. മൂന്ന് മന്ത്രിമാര്‍ക്കുംകൂടി ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും നിയമിച്ചു. ഒറ്റ വകുപ്പായിരുന്നപ്പോള്‍പോലും ഏകോപനം വേണ്ടത്ര ഇല്ളെന്ന പരാതി നിലനില്‍ക്കെയായിരുന്നു വിഭജനം.
അതേസമയം, പഞ്ചായത്തീരാജ്-വികേന്ദ്രീകരണ പരിപാടികള്‍ വിജയകരമായി നിര്‍വഹിച്ചതിന് ദേശീയ പുരസ്കാരം ലഭിച്ചത് കേരളത്തിനായിരുന്നു. നാലു വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ 75-85 ശതമാനം പദ്ധതിപണം ചെലവഴിക്കുകയും ചെയ്തു. ഇ.എം.എസ് ഭവനനിര്‍മാണ പദ്ധതിയില്‍ 2015 ഏപ്രില്‍ വരെ 9310 വീടുകളുടെ പണി പൂര്‍ത്തിയാക്കി. 54 പഞ്ചായത്തുകളില്‍ മാതൃകാ അറവുശാലകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി. ആറ് പഞ്ചായത്തുകളില്‍ മാതൃകാ ഗ്യാസ് ക്രിമറ്റോറിയം തുടങ്ങാനും തീരുമാനമായി.
ജില്ലാ ആസൂത്രണ സമിതികളുടെ അധികാരം കുറച്ചു. ജനപ്രതിനിധികള്‍ക്ക് പകരം ഉദ്യോഗസ്ഥര്‍ക്കായി മേല്‍നോട്ടം. പഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങള്‍ ഉടന്‍ വെബ്സൈറ്റിലേക്ക് മാറ്റാന്‍ ‘സകര്‍മ’ എന്ന സോഫ്റ്റ്വെയര്‍ ആരംഭിച്ചെങ്കിലും നടപ്പായില്ല. തദ്ദേശ വകുപ്പിന് എന്‍ജിനീയര്‍മാരുടെ പൊതു കേഡര്‍ നിലവില്‍വന്നു. പശ്ചാത്തല മേഖലക്ക് ജില്ലാ പഞ്ചായത്തുകള്‍ 50 ശതമാനവും നഗരസഭകള്‍ 55 ശതമാനവും മറ്റു പഞ്ചായത്തുകള്‍ 45 ശതമാനവും ചെലവഴിക്കണമെന്ന മാര്‍ഗനിര്‍ദേശവും വന്നു. ഇതിനര്‍ഥം ശേഷിക്കുന്ന 30, 40 ശതമാനം കൊണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ സേവന, ഉല്‍പാദന മേഖലയില്‍ വികസന പദ്ധതികള്‍ക്ക് പണം കണ്ടത്തെണമെന്നും.
സഹകരണ ബാങ്കുകളില്‍നിന്ന് വായ്പ എടുക്കേണ്ടന്ന തീരുമാനത്തോടെ ഇ.എം.എസ് ഭവനപദ്ധതി പൂര്‍ണമായും സ്തംഭിച്ചുവെന്നാണ് പരാതി.
ഹഡ്കോയില്‍നിന്ന് 400 കോടി വായ്പ എടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞില്ല. വീടൊന്നിനുള്ള സഹായധനം രണ്ടു ലക്ഷമായി ഉയര്‍ത്തിയതോടെ പ്രശ്നം പരിഹരിച്ചെന്നാണ് സര്‍ക്കാര്‍ വാദം. മാലിന്യപ്രതിസന്ധി പരിഹരിക്കാനുള്ള ശുചിത്വ മിഷനും സബ്സിഡി സമ്പ്രദായവും തകര്‍ന്നെന്നും പരാതിയുണ്ട്.
നേട്ടങ്ങള്‍
നാളെ: ‘ഭൂരഹിത കേരളം’പാഴ്വാക്ക്, ഫലം കാണാതെ ആദിവാസി ക്ഷേമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.