‘ഭൂരഹിത കേരളം’ പാഴ്വാക്ക്

റവന്യൂ വകുപ്പ് എപ്പോഴും വിവാദ കേന്ദ്രമാണ്. എന്നാല്‍, ഇത്തവണ പരിസ്ഥിതി ആഘാതത്തിലായിരുന്നു വകുപ്പിന്‍െറ ശ്രദ്ധ ഏറെയും. വിദേശകമ്പനികള്‍ കൈമാറ്റംചെയ്ത തോട്ടംഭൂമി തിരിച്ചുപിടിക്കാനുള്ള തീരുമാനം പ്രശംസനീയമെന്ന് അംഗീകരിക്കണം. പക്ഷേ, അത് വിജയിക്കാന്‍ ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. സ്വാതന്ത്ര്യം നേടിയതോടെ, വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഉടമസ്ഥത അവസാനിച്ചെങ്കിലും അവരുടെ ബിനാമികള്‍ ഇത് നിലനിര്‍ത്തി. ഇതിനിടെ അവര്‍ നടത്തിയ ഭൂമി കൈമാറ്റങ്ങള്‍ ആരും ശ്രദ്ധിച്ചതുമില്ല. ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിയുടെ കൈയേറ്റത്തെക്കുറിച്ച അന്വേഷണമാണ് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇപ്പോള്‍ 39 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എങ്കിലും ശക്തമായ നടപടിക്ക് സര്‍ക്കാറിന് കഴിയുമോ എന്നതാണ് ഇനി അറിയേണ്ടത്.

ദലിതരുടെയും ആദിവാസികളുടെയും രണ്ടാം ഭൂപരിഷ്കരണമെന്ന ആവശ്യത്തെ മറികടക്കുന്നതിനാണ് ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി പ്രഖ്യാപിച്ചത്. കണ്ടത്തെിയത് 2.43 ലക്ഷം ഭൂരഹിത കുടുംബങ്ങളെ. എന്നാല്‍, വിതരണത്തിനുള്ളത് 561 ഏക്കര്‍ മിച്ചഭൂമിയും. വാസയോഗ്യമല്ലാത്ത ഭൂമിക്കാണ് പലയിടത്തും പട്ടയം നല്‍കിയത്. കണ്ണൂര്‍, കാസര്‍കോട്  ജില്ലകളെ ഭൂരഹിതരില്ലാത്തവയായി പ്രഖ്യാപിച്ചു. കണ്ണൂരില്‍ 11,032ഉം കാസര്‍കോട് 10,271ഉം പേര്‍ക്ക് ഭൂമി അനുവദിച്ചെന്നാണ് കണക്ക്. ഫലത്തില്‍, മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്ത് ഭൂരഹിത കേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനം തട്ടിപ്പായി.
അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിലും താല്‍പര്യം കണ്ടില്ല. ഇടതു സര്‍ക്കാര്‍1999ല്‍ ‘പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കലും നിയമം’ പാസാക്കിയപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടത് 3015 ഏക്കര്‍. 1960 മുതല്‍ 1986 വരെ നടന്ന അഞ്ചേക്കര്‍ വരെയുള്ള ആദിവാസി ഭൂമി കൈമാറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതായിരുന്നു  നിയമം. അഞ്ച് ഏക്കറില്‍ താഴെയുള്ള ഭൂമി കൈയേറ്റക്കാര്‍ക്ക് സ്വന്തമായപ്പോള്‍ ആദിവാസികള്‍ക്ക് പകരം ഭൂമി നല്‍കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. അതുപോലെ കാറ്റാടി കമ്പനി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത ഭൂമിയില്‍ ഒരു സെന്‍റുപോലും തിരിച്ചുപിടിക്കാനായിട്ടില്ല.

 സര്‍ക്കാറിന്‍െറ ക്വാറി, റിയല്‍ എസ്റ്റേറ്റ് താല്‍പര്യം വ്യക്തമാക്കുന്ന ഉത്തരവുകളുമുണ്ടായി. സ്വകാര്യ ആവശ്യത്തിന് പത്തേക്കര്‍ വരെ നെല്‍വയല്‍ നികത്തുന്നത് നിയമവിധേയമാക്കിയുള്ള ഓര്‍ഡിനന്‍സിന് രൂപംനല്‍കാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍, സര്‍ക്കാറിന്‍െറ റിയല്‍ എസ്റ്റേറ്റ് മോഹം തകര്‍ത്തത് പരിസ്ഥിതി വകുപ്പിന്‍െറ എതിര്‍പ്പാണ്. ഇതോടൊപ്പം പശ്ചിമഘട്ടത്തിന്‍െറ പരിസ്ഥിതിക്ക് ആഘാതമായി പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്ക്  അനുമതി നല്‍കാനും തീരുമാനിച്ചു. ഇതോടെ പട്ടയ-വനഭൂമിയിലും ക്വാറി അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങാം. കേരള ഭൂമി സംരക്ഷണ നിയമം- 1957, ഭൂസംരക്ഷണചട്ടം-1958 എന്നിവയുടെ ലംഘനമാണ് ഉത്തരവ്. ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് ഹൈകോടതി റദ്ദാക്കി. അഞ്ച് ഉത്തരവുകളാണ് ഇതോടെ അസാധുവായത്.

പട്ടികജാതി വകുപ്പിന് മെഡിക്കല്‍ കോളജ്
പട്ടികജാതി വകുപ്പ് നടപ്പാക്കിയ പദ്ധതികളില്‍ ശ്രദ്ധേയമായത് പാലക്കാട് പുതിയ മെഡിക്കല്‍ കോളജാണ്. മെഡിക്കല്‍ പ്രവേശത്തിന് അര്‍ഹതനേടുന്ന പട്ടികവിഭാഗം വിദ്യാര്‍ഥികളില്‍ 25 ശതമാനത്തിനുപോലും പ്രവേശം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാറിന്‍െറ ചരിത്രനേട്ടമാണിത്. പട്ടികവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമം തടയാന്‍ സമാശ്വാസ ധനസഹായപദ്ധതിയില്‍ ഇതുവരെ 1789 പേര്‍ക്കായി 4.54 കോടി രൂപ വിതരണം ചെയ്തെന്നാണ് കണക്ക്. എന്നാല്‍, ഇതിന് ഉത്തരവാദികളായ പ്രതികള്‍ ശിക്ഷിക്കപ്പെടാത്ത അവസ്ഥയുണ്ട്. അതിക്രമങ്ങള്‍ തടയാനുള്ള സംസ്ഥാന ജില്ലാ മോണിറ്ററിങ് സംവിധാനം നിഷ്ക്രിയമാണ്.

പൂള്‍ഡ് ഫണ്ടും കോര്‍പസ് ഫണ്ടും ചെലവഴിച്ചുള്ള പദ്ധതികള്‍, സ്വയംപര്യാപ്ത ഗ്രാമം പദ്ധതി, ഗാന്ധിഗ്രാമം പദ്ധതി, വിജ്ഞാന്‍വാടി തുടങ്ങിയ പദ്ധതികളിലെല്ലാം അഴിമതിയുടെ കറപുരണ്ടിട്ടുണ്ടെന്നാണ് ദലിത് സംഘങ്ങള്‍ ആക്ഷേപിക്കുന്നത്. ‘സ്വയംപര്യാപ്ത ഗ്രാമം’ പദ്ധതി 436 ഗ്രാമങ്ങളില്‍ 17 ഇടത്തുമാത്രമാണ് പൂര്‍ത്തീകരിക്കാനായത്. തെരഞ്ഞെടുത്ത 12 പട്ടികജാതി കോളനികളില്‍  ഗാന്ധിഗ്രാമം പദ്ധതി പ്രഖ്യാപിച്ചു. ഇതുവരെ  ചെലവഴിച്ചത് 2.89 കോടി മാത്രം. പട്ടികജാതി പട്ടികവര്‍ഗ സഹകരണ ഫെഡറേഷന് 2012-13ല്‍ ഒരു കോടി നല്‍കി.  2013-14ല്‍ രണ്ടു കോടിയും 2014-15ല്‍ രണ്ടു കോടിയും അനുവദിച്ചു. എന്നാല്‍, ഇവരുടെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് നിയമസഭാ കമ്മിറ്റി തന്നെ റിപ്പോര്‍ട്ട് നല്‍കി.

ആദിവാസി ഫണ്ടുണ്ടായി, പക്ഷേ...
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിലാണ് ചരിത്രത്തിലാദ്യമായി ആദിവാസികളില്‍നിന്നൊരാള്‍ മന്ത്രിയാവുന്നത്. ഇതോടെ, ആദിവാസി ഫണ്ടുകള്‍ ഗുണകരമായി ചെലവഴിക്കുമെന്ന പ്രതീക്ഷ ഉണ്ടായെങ്കിലും  ക്രമേണ അത് നഷ്ടപ്പെടുകയായിരുന്നു. സംസ്ഥാന ജനസംഖ്യയില്‍ ഏതാണ്ട് ഒരു ലക്ഷം കുടുംബങ്ങള്‍ മാത്രമുള്ള ആദിവാസികള്‍ക്കായി സര്‍വമേഖലകളിലും പദ്ധതികള്‍ ആവിഷ്കരിക്കുകയും ഫണ്ട് നീക്കിവെക്കുകയും ചെയ്തു. പദ്ധതികളാല്‍ സമ്പന്നവുമായിരുന്നു അഞ്ചുവര്‍ഷം. എന്നാല്‍, നന്നായി നടപ്പാക്കിയ പദ്ധതികള്‍ ഏതെന്ന ചോദ്യത്തിന് മുന്നില്‍ വകുപ്പ് പതറുകയാണ്. ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവയില്‍ പലതും പാതിവഴിയിലാവുകയോ ആദിവാസികള്‍ക്ക് പ്രയോജനപ്പെടാതിരിക്കുകയോ ചെയ്തു. വിജയകരമായി നടപ്പാക്കിയെന്നു പറയുന്ന പലതും ആദിവാസി ഊരുകളിലത്തെിയിട്ടില്ല.

സംസ്ഥാനത്ത് ആദിവാസി സ്വയംഭരണ പ്രദേശം പ്രഖ്യാപിക്കുന്നതിന് (പെസ നിയമം) കേന്ദ്രത്തിന് കത്തയച്ചു എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല. പ്രാക്തന ഗോത്രവര്‍ഗ പാക്കേജില്‍ 148 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ 8001 ഗുണഭോക്താക്കളാണുള്ളത്. എന്നാല്‍, ഇതിന്‍െറ വിലയിരുത്തല്‍ റിപ്പോര്‍ട്ടുപോലും ഡയറക്ടറേറ്റിലില്ല. ഭൂരിഹത പട്ടികവര്‍ഗക്കാരുടെ പുനരധിവാസ പദ്ധതിയില്‍ 6814 കുടുംബങ്ങള്‍ക്ക് 8971 ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ടെന്ന് പറയുമ്പോഴും പുനരധിവാസം പൂര്‍ത്തിയാക്കിയ ഒരിടംപോലും ചൂണ്ടിക്കാണിക്കാനില്ല. ഏകദേശം 73,500 ആദിവാസികള്‍  വനത്തിനുള്ളിലെ 540 സങ്കേതങ്ങളിലാണ്. ഇവരില്‍  25,649 പേര്‍ക്ക് കൈവശരേഖ നല്‍കി. എന്നാല്‍, വനാവകാശനിയമം നടപ്പാക്കിയതിന്‍െറ  മാതൃക ചൂണ്ടിക്കാട്ടാനുമില്ല. ഭൂരഹിത പട്ടികവര്‍ഗക്കാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഭൂമി 25 സെന്‍റ് മുതല്‍ ഒരേക്കര്‍ വരെ വിലക്കു വാങ്ങി നല്‍കുന്ന പദ്ധതിയില്‍ 524 കുടുംബങ്ങള്‍ക്ക് 184 ഏക്കര്‍ ഭൂമി നല്‍കി. ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വരെയാണ് ധനസഹായമായി നല്‍കിയത്. അട്ടപ്പാടിയില്‍ കുട്ടികളുടെ മരണം നിയന്ത്രിക്കാന്‍ കോടികള്‍ ഒഴുക്കിയിട്ടും ഫലമുണ്ടായില്ല.

നാളെ: വെള്ളം കുടിപ്പിച്ച പെമ്പിളൈ സമരം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT