സിന്ധൂ, നിങ്ങള്‍ ഒറ്റക്കല്ല

പ്രിയപ്പെട്ട സിന്ധു സൂര്യകുമാറിന്,
ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ നമ്മള്‍ ഒരുപാട് അകലെയാണ്; പക്ഷേ, ജോലിയുടെ കാര്യംകൊണ്ട് ഏറെ അടുത്തുമാണ്.  ‘ഇന്‍റര്‍നെറ്റ് ഹിന്ദു’ക്കള്‍ എന്നുവിശേഷിപ്പിക്കാവുന്ന ആളുകളില്‍നിന്ന് കുറച്ചുദിവസമായി സിന്ധുവിനുനേരെ വധഭീഷണികളും അസഭ്യവര്‍ഷങ്ങളും തുടരുന്നതായി അറിഞ്ഞു. ഹിന്ദു എന്നും ഹിന്ദുസ്ഥാന്‍ എന്നുമുള്ള പ്രയോഗങ്ങളാവിര്‍ഭവിച്ചത് ‘സിന്ധു’ എന്ന വാക്കില്‍നിന്നാണ്. ഭീഷണിക്കാര്‍ക്ക് താങ്കളുടെ പേരിന്‍െറയോ ജോലിയുടെയോ മൂല്യം അറിയില്ല. സ്ത്രീയെ ദേവതയായി മാനിക്കുന്നു എന്നവകാശപ്പെടുന്ന അവര്‍ നിങ്ങളൊരു സ്ത്രീയാണെന്ന കാര്യംപോലും വകവെക്കുന്നില്ല.
ഇന്ത്യന്‍ രാഷ്ട്രീയം എപ്പോഴും ഇങ്ങനെയാണ്. കുറെ ഗുണ്ടകളും ശണ്ഠക്കാരുമില്ലാതെ മുന്നോട്ടുപോവില്ല. കാലാകാലങ്ങളില്‍ പലതരം ഗുണ്ടകളെ ഇറക്കും.  ഇപ്പോള്‍ ഐ.ടി സെല്ലാണ് കാര്യനിര്‍വാഹകര്‍. ഏമാന്മാരുടെ ആജ്ഞാനുസരണം ഇഷ്ടമില്ലാത്തവര്‍ക്കു നേരെ അപവാദവും ദുഷ്കീര്‍ത്തിയും പരത്തി ആക്രമണം നടത്തുകയാണ് ഈ സെല്ലിലെ തെമ്മാടികളുടെ ജോലി. ഏറെക്കാലമായി ഞാനുമിതനുഭവിക്കുകയാണ്. അമ്മയെ ഭാരതാംബയായി കാണുന്നയാളാണ് ഞാന്‍; പക്ഷേ, അവരെന്നെ ...മോനേ എന്നാണ് വിളിക്കാറ്. സിന്ധൂ, ഇതു നിങ്ങളുടെ മാത്രം അനുഭവമല്ല. ഇവിടെ ഉത്തരേന്ത്യയില്‍ പല വനിതാ മാധ്യമപ്രവര്‍ത്തകരും നേരിടുന്നുണ്ട് സമാനരീതിയിലെ ആക്രമണം. തെറിവിളികളും ട്വിറ്റര്‍, ഫേസ്ബുക് പേജുകളില്‍ അറപ്പുളവാക്കുന്ന കമന്‍റുകളും. ഇതിനെല്ലാംപിന്നില്‍ ഒരേ വിചാരധാരയില്‍പെട്ട ആളുകളാണ്. ഭരണകൂടത്തിന്‍െറ പിന്തുണയുണ്ട് എന്നത് അവരുടെ നെഗളിപ്പ് കൂട്ടുന്നുമുണ്ട്.
 കേരളത്തില്‍ ഒരുപക്ഷേ സ്ഥിതി അല്‍പംകൂടി മെച്ചമായിരിക്കും. പക്ഷേ, ഉത്തരേന്ത്യയിലും മറ്റുമേഖലകളിലും സ്ത്രീകള്‍ അടുത്തകാലത്തായി പൊതുരംഗത്തേക്ക് നടന്നുകയറുന്നുണ്ട്. സംസ്കാരത്തിന്‍െറ മേല്‍നോട്ടക്കാര്‍ ചമഞ്ഞ് ആ സ്ത്രീകളെ മുഴുവന്‍ വീട്ടിലേക്ക് തിരിച്ചോടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ അഭ്യാസമുറകളെല്ലാം. ഇതുപോലുള്ള തെമ്മാടികളില്‍ ഭരമേല്‍പിക്കുന്ന സമൂഹത്തിന്‍െറ കാര്യം കഷ്ടമെന്നേ പറയേണ്ടൂ.
അതുകൊണ്ട് സിന്ധൂ, ഭയന്ന് പിന്മാറരുത്, ഇവന്മാര്‍ക്ക് ഇത്തരം വഴികള്‍ മാത്രമേ അറിയൂ. വാട്സ്ആപ് വഴി അവര്‍ കേരളം മുഴുവന്‍ നിങ്ങളെപ്പറ്റി അപവാദം പ്രചരിപ്പിക്കും.  ഒട്ടനവധി വനിതാ മാധ്യമപ്രവര്‍ത്തകരോട്  ഇവര്‍ ചെയ്തുപോരുന്നതാണ്. പക്ഷേ, ജനങ്ങളില്‍ വിശ്വാസമര്‍പ്പിക്കൂ, അവര്‍ക്ക് സത്യമെന്തെന്നറിയാം.
ആരെങ്കിലും നിങ്ങളെ ചീത്തവിളിക്കുമ്പോള്‍ അവരുടെ കുടുംബത്തെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ, എന്തെങ്കിലും നിര്‍ബന്ധാവസ്ഥയുടെ പേരിലാവും അവരതുചെയ്യുന്നത്. അല്ലാതെ ആരെങ്കിലും ഒരാളെ തെറിവിളിക്കാനും വധഭീഷണി മുഴക്കാനുമൊക്കെ ഇറങ്ങിപ്പുറപ്പെടുമോ? ഏതെങ്കിലും നേതാവിന്‍െറ, വിചാരധാരയുടെ വലയത്തില്‍ ആകൃഷ്ടരായി അവരുടെ ഐ.ടി സെല്ലില്‍ ചെന്നുപെട്ടതാവും. എന്നിട്ട്   അടിമയെപ്പോലെ ഏമാന്മാരുടെ ആജ്ഞ നിറവേറ്റാനായി കുറെ ഫേക്ക് ഐഡികളുണ്ടാക്കി  നിങ്ങളെ തെറിവിളിക്കുന്ന ആളുകള്‍ക്ക് അക്കാര്യം അവരുടെ ഉറ്റവരുടെ മുന്നില്‍ പറയാന്‍ കഴിയില്ല. അവരുടെ മോഹഭംഗംകൂടി നിങ്ങളൊന്നു മനസ്സിലാക്കണം, സമൂഹത്തില്‍ വലിയ ആളുകളെന്ന് പേരെടുക്കാമെന്നുകരുതി കുറെക്കാലം രാഷ്ട്രീയത്തില്‍ ഇടംനോക്കിയവരാണ് പലരും. ചിലര്‍ക്ക് എന്തെങ്കിലുമൊക്കെ അവസരം കിട്ടിയിട്ടുണ്ടാവും. പക്ഷേ, ബാക്കി ഇവരെല്ലാം ഈ തെറിവിളിയുമായി നടക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.
എന്തായാലും സമൂഹം അറിയുക തന്നെവേണം, ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ക്കുനേരെ തെറിവിളി ഉയര്‍ത്തിയവര്‍ ആരെന്ന്, ആര്‍ക്കുവേണ്ടിയെന്ന്. എത്ര തെറിവിളി കേട്ടാലും നിങ്ങള്‍ പോരാട്ടം തുടരുക, പിന്നെ കേട്ട തെറികളെല്ലാം എണ്ണിയുംവെക്കുക,   ഈ 21ാം നൂറ്റാണ്ടിലും മഹിളാ മാധ്യമപ്രവര്‍ത്തകരെ അസഭ്യവര്‍ഷംകൊണ്ട് നേരിടുന്ന അവരാണ് സംസ്കാരത്തിന്‍െറ പ്രചാരകര്‍ ചമഞ്ഞ് നടക്കുന്നതെന്നും നാട് അറിയുകതന്നെവേണം.
ഒരുനാള്‍ വരും, അന്ന് സമൂഹത്തിന് എല്ലാം തിരിച്ചറിയാനാവും. അന്ന് നമ്മളുണ്ടായെന്നുവരില്ല. ജയ്വിളികള്‍ മുഴക്കി ജനം മടുത്തുപോയിട്ടുണ്ടാവുമന്ന്, പരസ്യങ്ങളുടെ നിറങ്ങളെല്ലാം മങ്ങിപ്പോവുമന്ന്, സൈബര്‍ സെല്ലിലെ തെറിവിളിക്കാരായ ചെറുപ്പക്കാര്‍ക്കും അത് മതിയാകുമന്ന്. ആ ദിവസം അവര്‍ നമ്മെ തെറിവിളിപ്പിച്ച അവരുടെ യജമാനന്മാരുടെ കോളറില്‍ പിടിത്തമിടുകതന്നെ ചെയ്യും.

എന്‍.ഡി ടി.വി സീനിയര്‍ എക്സിക്യൂട്ടിവ് എഡിറ്ററാണ് ലേഖകന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.