ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് രണ്ടാമൂഴമെത്തുന്നത് ആഘോഷിക്കുന്നവരാണ് സംഘ് പരിവാറും നരേന്ദ്ര മോദി സർക്കാറുമെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ആഹ്ലാദത്തിനപ്പുറം ചില ആശങ്കകൾക്കും വഴിയൊരുക്കുമെന്ന് ഇന്ത്യ മുൻകൂട്ടി കാണുന്നുണ്ട്.
‘ഹൗഡി മോഡി’യും ‘നമസ്തേ ട്രംപു’മായി ഒന്നാമൂഴത്തിൽ ഇരുനേതാക്കളും കാണിച്ച അടുപ്പം മുന്നാമൂഴത്തിലും തുടരുമെന്ന് ട്രംപ് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയുടെ നയതന്ത്ര പങ്കാളിയായ ഇന്ത്യ അവസരങ്ങൾക്കൊപ്പം വെല്ലുവിളികളും പ്രതീക്ഷിക്കുന്നതുകൊണ്ടാണ് ട്രംപ് വന്നാലും കമല വന്നാലും അമേരിക്ക ഒറ്റക്ക് നിൽക്കാനാണ് നോക്കുകയെന്ന് വിദേശമന്ത്രി ജയ്ശങ്കർ മുൻകൂർ ജാമ്യമെടുത്തത്.
‘‘ഒന്നാമത് അമേരിക്ക’’എന്ന തന്റെ തത്ത്വത്തിലൂന്നി വിദേശ നയം ഉടച്ചുവാർക്കുമെന്ന് പറഞ്ഞാണ് ട്രംപിന്റെ വരവ്. ട്രംപിന്റെ സാമ്പത്തിക പദ്ധതികൾ ലോകത്ത് വളർന്നുവരുന്ന സമ്പദ് ശക്തികൾക്ക് ഭീഷണിയാകാൻ പോന്നതാണ്. ഡോളർ നിരക്കേറുന്നത് ഡോളറിൽ അടക്കാനുള്ള കടബാധ്യതകളുള്ള മറ്റു രാജ്യങ്ങളെയും ഞെരുക്കും. അമേരിക്കയിലേക്കുള്ള ഇറക്കുമതി തീരുവയും വർധിക്കും. ചൈനീസ് ഉൽപന്നങ്ങൾക്ക് 60 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമ്പോൾ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനവും ഇറക്കുമതി തീരുവയുണ്ടാകുമെന്നാണ് പറയുന്നത്.
ചൈനയും ബ്രസീലും പോലെ ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്നുണ്ടെന്ന് ട്രംപ് വിമർശിച്ചിട്ടുമുണ്ട്. അമേരിക്കൻ താൽപര്യങ്ങൾക്കാണ് തന്റെ മുൻഗണനയെന്ന് വ്യക്തമാക്കി അതിന് വിഘ്നം നിൽക്കുന്ന അന്താരാഷ്ട്ര ഉടമ്പടികളോടുള്ള വിരക്തി ട്രംപ് വ്യക്തമാക്കിയതാണ്. വേണ്ടിവന്നാൽ അത്തരം ഉടമ്പടികളിൽ നിന്ന് പിന്മാറുമെന്നും അല്ലെങ്കിൽ തിരുത്തുമെന്നതും ട്രംപിന്റെ പ്രഖ്യാപിത നയമാണ്. പാരിസ് കാലാവസ്ഥ ഉടമ്പടിയും ഇറാൻ ആണവ കരാറും ഒന്നാമൂഴത്തിലെ ഉദാഹരണങ്ങൾ.
ട്രംപിന്റെ വരവിൽ ഇന്ത്യ ഏറെ ആശങ്കയോടെ കാണുന്നത് മേഖല ഉഭയകക്ഷി വ്യാപാരമാണ്. വിദേശ ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതി തീരുവ ചുമത്തുമെന്നും അവ വാങ്ങുന്നവരുടെ നികുതി ഭാരമേറ്റുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കൻ വിപണിയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യൻ ഐ.ടി, ഔഷധ, വസ്ത്ര നിർമാണ മേഖലകൾക്ക് ഇത് വലിയ തിരിച്ചടിയാകും.
കുടിയേറ്റത്തിലുള്ള ട്രംപിന്റെ കാർക്കശ്യമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന മറ്റൊന്ന് എച്ച് വൺ ബി വിസയിൽ ഇന്ത്യക്കാർ അനുഭവിച്ചതാണ്. കൂടുതൽ തൊഴിൽ വേതന വ്യവസ്ഥകൾ വെച്ചും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും വിദേശ തൊഴിലാളികളെ കുറക്കാനുള്ള നീക്കം ഇന്ത്യൻ ഐ.ടി പ്രഫഷനലുകൾക്കും അവരെ ആശ്രയിക്കുന്ന കമ്പനികൾക്കും തിരിച്ചടിയാകും. ഈ രണ്ട് മേഖലയിലും ട്രംപുമായുള്ള ചർച്ചകൾ പ്രയാസകരമായേക്കുമെന്നും അതേസമയം മറ്റു ചില മേഖലകളിൽ മോദിയുമായുള്ള ബന്ധം അദ്ദേഹം മാനിക്കുമെന്നുമാണ് വിദേശമന്ത്രി ജയ്ശങ്കറിന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.