നിയോകോണുകള്‍ നൃത്തമാടുന്നു!

അമേരിക്കയിലെ ഭരണസ്വാധീനമുള്ള യാഥാസ്ഥിതിക വിശ്വാസികളാണ് നിയോകണ്‍സര്‍വേറ്റിവ്സ്. ഇപ്പോള്‍ അവരറിയപ്പെടുന്നത് നിയോകോണുകള്‍ എന്ന ചുരുക്കപ്പേരിലാണ്. ഡൊണാള്‍ഡ് ട്രംപിന്‍െറ ക്ഷുബ്ധമായ തെരഞ്ഞെടുപ്പ് റാലികളും പ്രസംഗങ്ങളും നിയോകോണുകള്‍ക്ക് ഹരംപകരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ട്രംപിന്‍െറ പ്രസിഡന്‍റ് പദവി-അങ്ങനെ സംഭവിക്കുകയാണെങ്കില്‍-നിയോകോണുകളെ ഏറെ സന്തോഷിപ്പിക്കുമെന്നതില്‍ സംശയമില്ല!
നിയോകോണുകള്‍ ട്രംപിനെ തങ്ങളുടെ സ്ഥാനാര്‍ഥിയായിട്ടൊന്നും പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ ചെയ്താല്‍ ഹിലരിയെ കൈവിടേണ്ടിവരും. അതവരാഗ്രഹിക്കുന്നുമില്ല. ജോര്‍ജ് ബുഷിന്‍െറ രാജ്യരക്ഷാ-വിദേശനയങ്ങളെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്ത അവര്‍തന്നെ ഒബാമയുടെ ടീമിലും നുഴഞ്ഞുകയറിയത് രാഷ്ട്രീയനിരീക്ഷകര്‍ക്ക് അനുഭവവേദ്യമായ കാര്യമാണ്. ആര് പ്രസിഡന്‍റായാലും ഭരണം നിയന്ത്രിക്കുന്നതില്‍ നിയോകോണുകളുടെയും ഇസ്രായേല്‍ ലോബിയുടെയും സമര്‍ഥമായ കരുനീക്കങ്ങള്‍ നിര്‍ണായകമായിരിക്കും!
ഡൊണാള്‍ഡ് ട്രംപിനെ ശ്രദ്ധേയനാക്കുന്നത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള അദ്ദേഹത്തിന്‍െറ തന്ത്രങ്ങളാണ്. ഒരു റിയാലിറ്റിഷോയിലെ തെരുവുനടന്‍െറ ചാരുതയെന്ന വിശേഷണമേ അതര്‍ഹിക്കുന്നുള്ളൂ. കാരണം, രാഷ്ട്രത്തിന്‍െറയോ സമൂഹത്തിന്‍െറയോ ഉദ്ഗ്രഥനം ഉന്നംവെക്കുന്ന വാക്കുകളൊന്നുംതന്നെ അദ്ദേഹം ഉരുവിട്ടിട്ടില്ല! അദ്ദേഹത്തിന്‍െറ ആദ്യത്തെ ഉദ്ഘോഷണം മുസ്ലിം അഭയാര്‍ഥികള്‍ക്കെതിരെയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഉള്‍പ്പെടെ അതിനെ അപലപിക്കുകയുണ്ടായി. പക്ഷേ, അമേരിക്കയിലെ ഫാഷിസ്റ്റ്-വലതുപക്ഷ തീവ്രവാദികളെ അത് സന്തോഷിപ്പിച്ചു. അയലത്തുകിടക്കുന്ന മെക്സികോക്കാര്‍ക്കെതിരെയായിരുന്നു രണ്ടാമത്തെ വെടി. മെക്സികോക്കാര്‍ മയക്കുമരുന്നിനടിമകളും ദുര്‍നടപ്പുകാരുമാണെന്നും അതിനാല്‍ അവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നുമായിരുന്നു പ്രസ്താവന. അതിനദ്ദേഹം ഒരുപായവും മുന്നോട്ടുവെച്ചു. മെക്സികന്‍ അതിര്‍ത്തിയില്‍ ഒരു വന്‍മതില്‍ കെട്ടാനാണദ്ദേഹത്തിന്‍െറ നിര്‍ദേശം. ട്രംപിനോടൊപ്പം ട്രംപിന്‍െറ മൂത്തമകനും ചര്‍ച്ചക്ക് കൊഴുപ്പേകി. മകന്‍െറ അഭിപ്രായത്തില്‍ അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ക്ക് അടിമത്തമാണത്രെ ഉത്തമം. ഇതദ്ദേഹം തന്‍െറ റേഡിയോ ഇന്‍റര്‍വ്യൂവിലൂടെ അമേരിക്കയെ അറിയിക്കുകയുണ്ടായി. ഇങ്ങനെ ട്രംപും ടീമംഗങ്ങളും അപക്വമായ പ്രസ്താവനകളിലൂടെ-വികാര പ്രകടനങ്ങളിലൂടെ-സമ്മതിദായകരെ ഇളക്കിവിടുകയാണ്. ഇതിനാല്‍ അദ്ദേഹം പ്രസിഡന്‍റ് പദവിയിലത്തെുകയൊന്നുമില്ല എന്നല്ല, എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ്!
ലബ്ധപ്രതിഷ്ഠരായ വ്യക്തികളുടെ വിവേകപൂര്‍ണമായ മൊഴികളെക്കാള്‍ അമേരിക്കന്‍ പൊതുമനസ്സിനെ സ്വാധീനിക്കുന്നത് നക്ഷത്രത്തിളക്കമുള്ളവരുടെ വികാരപ്രകടനങ്ങളാണ്. ജോര്‍ജ് ഡബ്ള്യൂ. ബുഷ് ഇതിന്‍െറ ഒന്നാംതരം ഉദാഹരണമായിരുന്നു. അഫ്ഗാനിസ്താന്‍ ആക്രമിച്ചുകീഴടക്കിയതും ഇറാഖില്‍ അധിനിവേശം നടത്തിയതും ദൈവത്തില്‍നിന്ന് നേരിട്ടുണ്ടായ കല്‍പനപ്രകാരമാണെന്ന ബുഷിന്‍െറ പ്രസ്താവന ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഫലസ്തീന്‍ പ്രശ്നപരിഹാരത്തിലൂടെ ഇസ്രായേലിന് സുരക്ഷിതത്വം ഉറപ്പുവരുത്താനും അദ്ദേഹത്തോട് കല്‍പിക്കപ്പെട്ടതായും അദ്ദേഹം പ്രസ്താവനയിറക്കി. എല്ലാ ശാസ്ത്ര-സാങ്കേതിക ജ്ഞാനവും അവകാശപ്പെടുന്ന അമേരിക്കന്‍ സമൂഹം-ജൂതലോബിയും നവയാഥാസ്ഥിതികരും ഇതേറ്റുപാടി. രാജ്യരക്ഷയും വിദേശനയവുമൊക്കെ തീരുമാനിക്കാന്‍ നിയോകോണുകള്‍ മുന്നിട്ടിറങ്ങി. പ്രസിഡന്‍റ് ബുഷിന്‍െറ 2002ലെ സ്റ്റേറ്റ് ഓഫ് ദ യൂനിയന്‍ പ്രസംഗം തയാര്‍ ചെയ്തത് നിയോ കണ്‍സര്‍വേറ്റിവ് അംഗമായ ഡേവിഡ് ഫ്രൂം ആയിരുന്നു. പ്രസംഗത്തില്‍ ഇറാന്‍-ഇറാഖ്-ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങളെ ‘തിന്മയുടെ അച്യുതണ്ട്’ (Axis of Evil) എന്ന് വിശേഷിപ്പിക്കുകയുണ്ടായി. സ്വതന്ത്ര രാഷ്ട്രങ്ങളെ ‘മുന്‍കൂര്‍ ആക്രമിക്കുന്ന’ തന്ത്രവും ബുഷ്് സ്വന്തമാക്കി. എന്നാല്‍, വിവേകശൂന്യമായ ഈ നിലപാടിനൊക്കെയും അമേരിക്കന്‍ വലതുപക്ഷത്തിന്‍െറ പിന്തുണ ലഭിച്ചു.
അമേരിക്കന്‍ജനത പണ്ടും ഇത്തരം പരീക്ഷണങ്ങള്‍ക്ക് നിന്നുകൊടുത്തവരാണ്. ആന്‍ഡ്രൂ ജാക്സണ്‍ വിദേശികളോട് വിരോധവും ഭയവുമുള്ള സീനോ ഫോബിക് എന്ന നിലയില്‍ പേരുകേട്ട ആളായിരുന്നു. വളരെ അക്ഷമനായ ഒരു വികാരജീവി എന്നാണ് അദ്ദേഹത്തിന്‍െറ മുന്‍ഗാമിയായിരുന്ന പ്രസിഡന്‍റ് തോമസ് ജെഫേഴ്സണ്‍ ജാക്സനെ വിശേഷിപ്പിച്ചത്. പ്രസിഡന്‍റ് പദവിക്ക് ഒട്ടും യോജിക്കാത്ത ഒരു എടുത്തുചാട്ടക്കാരനായിരുന്നു അദ്ദേഹം. തന്‍െറ ഭാര്യയെ നിന്ദിച്ചുവെന്നതിന്‍െറ പേരില്‍ 1806ല്‍ ഒരാളെ അദ്ദേഹം കൊലപ്പെടുത്തുകയുണ്ടായി. എന്നിട്ടും, അദ്ദേഹം സെനറ്റംഗവും പിന്നീട് പ്രസിഡന്‍റും ഒക്കെയായി. അതാണ് അമേരിക്കയുടെ ചരിത്രം.
വാഷിങ്ടണിലെ ബ്രൂകിങ് ഇന്‍സ്റ്റിറ്റ്യൂഷന്‍ നിയോകോണുകളുടെ ഭരണസ്വാധീനത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ‘എന്തുകൊണ്ടാണ് നിയോകോണുകള്‍ ഇപ്പോഴും പ്രസക്തമാകുന്നത്?’ (‘Why neo consorvatives still matters?’) എന്ന ശീര്‍ഷകത്തില്‍ അവര്‍ ആ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രന്ഥകാരനായ ജസ്റ്റിന്‍ വെയ്സിന്‍െറ നിഗമനങ്ങള്‍ പ്രസിഡന്‍റ്് ഒബാമയും ഹിലരിയുമൊക്കെ ഒരു വലിയ പരിധിവരെ നിയോകോണുകളുടെ നിയന്ത്രണത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്നു. ‘ബുഷ് ഭരണത്തിന്‍െറ അടിസ്ഥാനതത്ത്വങ്ങളില്‍ ഊന്നിനിന്നുകൊണ്ടുതന്നെ അല്‍പം സൗമ്യഭാവത്തോടെ ഭരണം നടത്തിയ ആള്‍’ എന്നാണ് ഒബാമയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ബുഷ് ഭരണകാലത്ത് ആഭ്യന്തരവകുപ്പില്‍ അസിസ്റ്റന്‍റ് സെക്രട്ടറിയായിരുന്ന പോള്‍ വോള്‍ഫോ വിസ്റ്റ്, ബില്‍ ക്രിസ്റ്റോള്‍, റിച്ചാര്‍ഡ് പേളി തുടങ്ങിയവരുടെയൊക്കെ ആളുകള്‍ ഒബാമയെയും ഹിലരിയെയും നിയന്ത്രിച്ചുകൊണ്ടിരുന്നു. ഇവരൊക്കെ ഇപ്പോഴും വളരെ സജീവമായി രംഗത്തുണ്ട്. ഡൊണാള്‍ഡ് ട്രംപിന്‍െറ കൂടെ നടക്കുന്നവര്‍ ബുഷിന്‍െറ പ്രസംഗങ്ങളെഴുതിയിരുന്ന ഡേവിഡ് ഫ്രൂമും ഇസ്രായേല്‍ ലോബിയിലെ ഫ്രാങ്ക്ഗാഫ്റേയുമൊക്കെയാണ്.
ബാഹ്യമായ വര്‍ണപ്പൊലിമയും അലങ്കാരങ്ങളുമാണ് അമേരിക്കന്‍ സമ്മതിദായകരെ ആകര്‍ഷിക്കുന്നത്. എതിരാളികള്‍ക്കെതിരെയുള്ള ട്രംപിന്‍െറ ക്ഷുബ്ധഗര്‍ജനങ്ങളെക്കുറിച്ച് അദ്ദേഹം ‘പറയേണ്ടവിധം തുറന്നടിച്ചു പറയുന്നു’വെന്നാണ് യുവാക്കള്‍ പ്രതികരിക്കുന്നത്. ഒരിക്കലും അടങ്ങാത്ത ലാഭക്കൊതിയോടെ വളരുന്ന വ്യവസായങ്ങളുടെ അധിപനാണദ്ദേഹം. മനുഷ്യബന്ധങ്ങളെയെല്ലാം അടക്കിവാഴുന്നതും ഭൗതികതാല്‍പര്യങ്ങള്‍ മാത്രമാണ്. മുതലാളിത്ത സങ്കല്‍പങ്ങളുടെ താല്‍പര്യവും അതുതന്നെ. ക്രൂരമായ യുദ്ധമാര്‍ഗങ്ങളിലൂടെ അത്യാപത്തുകളിലേക്ക് കുതിച്ചുചാടാന്‍ ഒരുങ്ങിയിരിക്കുന്ന ഒരു സമൂഹത്തോട് സഹതപിക്കാനേ സാധിക്കുകയുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT