സര്‍വമത സംവരണം!

കഴിഞ്ഞ തിങ്കളാഴ്ച അഹ്മദാബാദില്‍ ഹാര്‍ദിക് പട്ടേലിന്‍െറ പാട്ടീദാര്‍ സമുദായാംഗങ്ങള്‍ നടത്താന്‍ നിശ്ചയിച്ച മാര്‍ച്ച് വേണ്ടെന്നു വെക്കേണ്ടി വന്നു. പങ്കെടുക്കാന്‍ ആരും തന്നെ എത്തിയില്ല. സമരം വേണ്ടെന്നു വെക്കുകയല്ലാതെ നേതാക്കള്‍ക്ക് മാര്‍ഗമുണ്ടായിരുന്നില്ല. പാട്ടീദാര്‍-പട്ടേലുമാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചുവന്നതിനിടയില്‍ സമരനായകനായ 23കാരന്‍ ഹാര്‍ദിക് പട്ടേലും അഞ്ചു പ്രധാന കൂട്ടാളികളും ജയിലിലായിട്ട് 200 ദിവസമാകുന്നതിന് തൊട്ടു മുമ്പാണ് ഇത്തരമൊരു മാര്‍ച്ചിന് പരിപാടിയിട്ടത്. ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം കിട്ടുന്നില്ല. ഈ യുവാക്കള്‍ പുറത്തിറങ്ങിയാല്‍ കലാപം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചാല്‍ ഒരു കോടതിയും ജാമ്യം കൊടുക്കില്ല. സംവരണം കിട്ടാന്‍ അക്രമത്തിനും മടിക്കാതെ തെരുവിലിറങ്ങിയവര്‍ നായകന്‍ അകത്തായതോടെ, അമര്‍ഷം ഉള്ളിലൊതുക്കി മെല്ളെ ഉള്‍വലിഞ്ഞുതുടങ്ങി. അവര്‍ പരസ്പരം പഴിചാരാനും തുടങ്ങി. മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും വരെ വിലക്കി സമരത്തെ നേരിടേണ്ട ഗതികേടില്‍ എത്തിയ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിന് അത് താല്‍ക്കാലികമായെങ്കിലും ആശ്വാസമായിരുന്നു. രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ച് ഹാര്‍ദിക്കിനെയും മറ്റും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് നടന്നുവന്ന സമരങ്ങള്‍ എവിടെയത്തെിയെന്ന കാര്യമാണ് ആദ്യം പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അവസാനമാണ് ഹാര്‍ദിക് പട്ടേല്‍ പൊടുന്നനെ പട്ടേലുമാരുടെ രക്ഷകനായി തെരുവില്‍ അവതരിച്ചത്. പട്ടേല്‍ സമുദായത്തിന് ഒ.ബി.സി സംവരണം ആവശ്യപ്പെട്ട ഹാര്‍ദിക്കിന്‍െറ വാക്കുകളില്‍ ആവേശം കൊള്ളാന്‍ ഒഴുകിയത്തെിയത് ഏഴെട്ടു ലക്ഷം പേരെങ്കിലുമായിരുന്നു. അഹ്മദാബാദിലെ ഈ റാലിക്കിടയില്‍ നടന്ന അക്രമത്തില്‍ പൊലീസുകാരടക്കം ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. നരേന്ദ്ര മോദിയുടെ പാദുകപൂജാഭരണം നടക്കുന്ന ഗുജറാത്തില്‍, അധികാരത്തിലുള്ളവരും ബി.ജെ.പി നേതാക്കളും നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകളെല്ലാം പൊളിഞ്ഞു. അതിനൊടുവില്‍ ഹാര്‍ദിക് പട്ടേല്‍ അറസ്റ്റു ചെയ്യപ്പെട്ടു. അക്രമമുണ്ടാക്കാന്‍ സമരനേതാവ് നിര്‍ദേശിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍, ദേശീയ പതാകയെ അപമാനിച്ചു എന്നിവയെല്ലാം ചേര്‍ന്ന് രാജ്യദ്രോഹക്കുറ്റമായിരുന്നു കേസ്.
ജാമ്യം കിട്ടാതെ ചെറുപ്പക്കാര്‍ ജയിലില്‍ 200 ദിവസമാവുമ്പോഴേക്ക്, സമരം നടത്താന്‍ ആരും തെരുവില്‍ ഇറങ്ങാനില്ലാത്ത അവസ്ഥ വന്നിട്ടും പാട്ടീദാറുകളെ അനുനയിപ്പിക്കുന്ന വിധം സംവരണാവശ്യത്തിന് വഴങ്ങിക്കൊടുക്കാന്‍ ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായുടെ അധ്യക്ഷതയില്‍ സമ്മേളിച്ച ബി.ജെ.പി നേതൃയോഗം തീരുമാനിച്ചത് എന്തുകൊണ്ട്? നേതാവ് ഒടിഞ്ഞു മടങ്ങിയെങ്കിലും, സമരശേഷി നഷ്ടപ്പെട്ടെങ്കിലും ഗുജറാത്തിലെ ജനസംഖ്യയില്‍ 15 ശതമാനം വരുന്ന പാട്ടീദാറുകള്‍ വോട്ടെടുപ്പു കാലത്ത് പകരം വീട്ടുമെന്ന തിരിച്ചറിവുകൊണ്ടുതന്നെ. എത്രയോ വര്‍ഷങ്ങളായി ബി.ജെ.പിയുടെ വോട്ടുബാങ്കായി നില്‍ക്കുന്നവരാണ് പട്ടേല്‍-പാട്ടീദാര്‍ വിഭാഗങ്ങള്‍. സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ പ്രവേശത്തിലും സംവരണം വേണമെന്ന അവരുടെ ആവശ്യത്തിന് സാമൂഹിക പിന്നാക്കാവസ്ഥയുടെ പിന്‍ബലമില്ല. കൃഷിയും ബിസിനസുമൊക്കെയായി ഗുജറാത്തിലെ മധ്യ-ഉപരിവര്‍ഗക്കാര്‍ക്കിടയിലാണ് അവരുടെ സ്ഥാനം. അവരെ മാത്രമല്ല, ഗുജറാത്തിലെ പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിഭാഗങ്ങളില്‍ പെടാത്തവരെ ഒന്നാകെ സംവരണാനുകൂല്യത്തിന്‍െറ പരിധിയിലേക്ക് കൊണ്ടുവന്ന് തങ്ങള്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമമാണ് അടുത്ത ദിവസം വരാനിരിക്കുന്ന സാമ്പത്തിക സംവരണ ഓര്‍ഡിനന്‍സില്‍ തെളിയുന്നത്. മേല്‍ജാതിക്കാരില്‍ ആറു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കാനാണ് തീരുമാനം.
അടുത്ത പൊതുതെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ബി.ജെ.പി തന്ത്രപൂര്‍വം മുന്നോട്ടുവെക്കുന്ന ദേശീയ അജണ്ടയായി സാമ്പത്തിക സംവരണം രൂപാന്തരപ്പെടുകയാണ്. സാമൂഹികമായി ഉയര്‍ന്നു നില്‍ക്കുന്നവരാണെങ്കിലും ഓരോ സംസ്ഥാനത്തും ഈ ചരടില്‍ കോര്‍ത്ത് ഒപ്പം നിര്‍ത്താവുന്ന പ്രബല വിഭാഗങ്ങള്‍ പലതുണ്ട്. അവരുടെ സംവരണാവശ്യങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വഴങ്ങിക്കൊടുക്കുന്നതിന്‍െറ പുതിയ ഉദാഹരണമാണ് ഗുജറാത്തിലേത്. നേരത്തെ രാജസ്ഥാനില്‍ അക്രമാസക്ത പ്രക്ഷോഭം നടത്തിയ ഗുജ്ജാറുകള്‍ക്ക് അഞ്ചു ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 14 ശതമാനവും സംവരണം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഹരിയാനയെ നിയന്ത്രിക്കാന്‍ കെല്‍പുള്ള ജാട്ടുകള്‍ ജനജീവിതം സ്തംഭിപ്പിച്ചപ്പോള്‍, അവിടത്തെ ബി.ജെ.പി സര്‍ക്കാറും സംവരണാവശ്യം അനുവദിച്ചു കൊടുത്തു. കൂടുതല്‍ വിഭാഗങ്ങള്‍ ഇനിയങ്ങോട്ടുള്ള നാളുകളില്‍ സംവരണ സമ്മര്‍ദവുമായി രംഗത്തിറങ്ങിയെന്നും ബി.ജെ.പി അതിനു വഴങ്ങിയെന്നും വരാം.
സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനിക്കുകയോ നിയമസഭ ഇതിനായി ബില്‍ പാസാക്കുകയോ ചെയ്തതുകൊണ്ടു മാത്രം സംവരണാനുകൂല്യം കൂടുതല്‍ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ളെന്ന് പ്രത്യേകം പറയേണ്ടതില്ല. രാജസ്ഥാനും ഹരിയാനക്കും പിന്നാലെ, ഭരണഘടനാ പിന്‍ബലമില്ലാത്ത ഗുജറാത്തിലെ വിവാദ സംവരണ തീരുമാനവും കോടതി കയറുമെന്ന് വ്യക്തം. സംവരണ പരിധി 50 ശതമാനത്തില്‍ താഴെയായിരിക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതാണ് മൂന്നു സംസ്ഥാനങ്ങളിലെയും തീരുമാനം. ഗുജറാത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി സംവരണം 49.5 ശതമാനമാണെങ്കില്‍ 10 ശതമാനം സാമ്പത്തിക സംവരണം കൂടി നടപ്പാക്കിയാല്‍ സുപ്രീംകോടതി നിശ്ചയിച്ച പരിധി മറികടന്ന് 59.5 ശതമാനത്തിലത്തെും. ഭരണഘടനാവിരുദ്ധമാണെന്നിരിക്കെ, ഈ തീരുമാനം അംഗീകരിക്കാന്‍ കോടതിക്ക് കഴിയില്ല. ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍പെടുത്തി കോടതിയുടെ പരിശോധന മറികടക്കാമെന്ന വഴിക്കും ബി.ജെ.പി ചുവടുവെപ്പ് നടത്തിയേക്കാം. ഇതൊക്കെയും വോട്ടര്‍മാരെ മയക്കുന്ന വിദ്യകളാണ്. അടുത്ത കൊല്ലം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമ്പോഴോ, 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പു വരുമ്പോഴോ കേസിന്‍െറ നൂലാമാലകള്‍ തീരില്ല. സ്വന്തം വോട്ടര്‍മാരുടെ ആവശ്യത്തിനൊത്ത് പ്രവര്‍ത്തിച്ചുവെന്നു വരുത്താനും വോട്ടു സ്വാധീനിക്കാനും പക്ഷേ, ഇതൊക്കെ ധാരാളം.
സാമ്പത്തിക മാനദണ്ഡം ഒന്നുമാത്രം നോക്കി പിന്നാക്കാവസ്ഥ നിര്‍ണയിക്കാന്‍ കഴിയില്ളെന്ന് നിരവധി കോടതി വിധികള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. സര്‍വമത സംവരണമെന്ന മാതിരി ഇപ്പോള്‍ വെച്ചുനീട്ടുന്ന സംവരണം നടപ്പാക്കുന്നുവെന്ന് സങ്കല്‍പിച്ചാല്‍ പോലും പാട്ടീദാര്‍ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാവില്ല. അതുതന്നെയാണ് ഗുജറാത്തില്‍ ജാട്ടുകളുടെയും രാജസ്ഥാനിലെ മേല്‍ജാതിക്കാരുടെയുമൊക്കെ കാര്യം. അവരുടെയൊക്കെ സാമ്പത്തിക മുന്നാക്കാവസ്ഥയില്‍ ചില ഇടിവുകള്‍ വന്നിട്ടുണ്ടെങ്കില്‍, അത് സംവരണം കിട്ടാത്തതു കൊണ്ടല്ല; മറ്റു പല കാരണങ്ങളാലാണ്. ഭൂപ്രഭുക്കളും വ്യാപാരികളുമാണ് പട്ടേലുമാരും ജാട്ടുകളുമൊക്കെ. പുതുതലമുറക്ക് കൃഷി പണ്ടത്തെപ്പോലെ വരുമാനം കൊടുക്കുന്നില്ല. പുതിയ അഭിലാഷങ്ങള്‍ക്കൊത്ത് അവര്‍ പുതിയ തൊഴില്‍ മേഖലകളിലേക്ക് ചേക്കേറുകയും ചെയ്യുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസവും വെള്ളക്കോളര്‍ ജോലിയുമാണ് അവര്‍ക്കിഷ്ടം. നഷ്ടബോധം പേറുന്ന അവര്‍ക്കിടയില്‍ ഹാര്‍ദിക് പട്ടേലിനെപ്പോലെ പുതിയ താരോദയങ്ങള്‍ ഉണ്ടാവുകയും പരമ്പരാഗത പാര്‍ട്ടികള്‍ വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നു. അതിനെ മറികടക്കാനുള്ള ശ്രമങ്ങളില്‍, വഴിവിട്ട ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം. ഒരു വെടിക്ക് രണ്ടുപക്ഷിയെന്ന ഉന്നത്തോടെ, അത്തരക്കാരെ ഒരു ചരടില്‍ കോര്‍ത്തെടുക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ തിരിച്ചടിച്ചെന്നും വരാം. രോഹിത് വെമുലമാര്‍ക്ക് മറക്കുട വെക്കുകയും അംബേദ്കറെ പൂജിച്ച് പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുനേടാന്‍ നടത്തുന്ന ശ്രമങ്ങളും ഒരുവശത്ത്. ഹാര്‍ദിക് പട്ടേലുമാരെ തള്ളിമാറ്റി നടത്തുന്ന മുന്നാക്ക സേവ മറുവശത്ത്. രണ്ടും മുന്നോട്ടു കൊണ്ടുപോകുന്ന ഇപ്പോഴത്തെ കാപട്യത്തിന് താല്‍ക്കാലിക ജയമുണ്ടാകാമെങ്കിലും, കാപട്യങ്ങള്‍ക്ക് തകര്‍ന്നുവീഴാതെ തരമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.