എന്താണ് നാം തെരഞ്ഞെടുക്കുന്നത്?

കേരളം ആഘോ ഷിക്കുന്ന പുരോഗമന ഇടതുപക്ഷ സമൂഹവും മനസ്സും ഇന്നെവിടെപ്പോയി? ഡല്‍ഹി നിര്‍ഭയ  സംഭവത്തേക്കാള്‍ അതിഭീകരമായ ഒന്ന് പെരുമ്പാവൂരിലെ പെണ്‍കുട്ടിക്ക് സംഭവിച്ചിരിക്കുന്നു. അന്നുനടന്നത് ആളില്ലാത്ത തെരുവില്‍ അര്‍ധരാത്രിയിലാണ്. അതും സുഹൃത്തിനൊപ്പം പോയ  ഒരു പെണ്‍കുട്ടിയെ ആണ്. രാത്രിയില്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ ഇറങ്ങിനടന്നതുകൊണ്ടാണ് ആക്രമണമുണ്ടായതെന്ന് വാദിച്ചവരുമുണ്ട്, രാത്രി സ്ത്രീകള്‍ക്കവകാശപ്പെട്ടതല്ളേ എന്ന ചോദ്യത്തിന് സദാചാര കമ്മിറ്റിക്കാര്‍ മറുപടി പറഞ്ഞില്ളെങ്കിലും. ഇവിടെ ഈ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് പട്ടാപ്പകലാണ്, ഉച്ചക്ക് രണ്ടിനും അഞ്ചിനും ഇടക്ക്. അതും സ്വന്തം വീട്ടില്‍വെച്ചും.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് പെണ്‍കുട്ടിയുടെ മാറിടത്തിലും കഴുത്തിലും  13 ഇഞ്ച് ആഴമുള്ള രണ്ടു മുറിവുണ്ട്. ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ്  കുത്തിക്കയറ്റിയിരുന്നു. വയര്‍ കത്തികൊണ്ട് കീറി കുടല്‍മാല പുറത്തുചാടിയിരുന്നു. ആണി പറിക്കുന്ന ഇരുമ്പ് കമ്പിയുടെ അടിയേറ്റു മൂക്ക് തെറിച്ചുപോയിരുന്നു. ശരീരത്തില്‍ മൊത്തം പതിനേഴിലധികം മുറിവുകള്‍ ഉണ്ടായിരുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടശേഷം നടത്തിയ ക്രൂരമായ ആക്രമണമാണ് ഇതെന്നാണ് പ്രാഥമികനിഗമനം.

ഇത് ഒറ്റക്ക് ഒരാള്‍ചെയ്ത കൃത്യമാണെന്ന് കരുതാനാവില്ല. ഇക്കാര്യം സംബന്ധിച്ച് പൊലീസിന്‍െറ അന്വേഷണവും നടപടി ക്രമങ്ങളും പലവിധ സംശങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. കുട്ടിയുടെ കുടുംബപ്രശ്നങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം വഴിതിരിച്ചുവിടാനും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തന്നെയുമല്ല കുട്ടിയുടെ മാതാവിന് മാനസികവിഭ്രാന്തി ഉണ്ട് എന്ന രീതിയില്‍ നടത്തുന്ന പ്രചാരണവും ദുരുദ്ദേശ്യപൂര്‍ണമാണ്. അങ്ങനെയെങ്കില്‍ മാതാവ് നല്‍കുന്ന മൊഴിയുടെ വിശ്വാസ്യത തകര്‍ക്കുന്നതിന് ഇത് വഴിവെക്കും. ഇത്തരമൊരു സംഭവമുണ്ടായാല്‍ കൊല്ലപ്പെട്ട  സ്ത്രീക്കും കുടുംബത്തിനുമെതിരെ വ്യാപക ദുഷ്പ്രചാരണങ്ങള്‍ നടത്താന്‍ സംഘടിതശ്രമങ്ങള്‍ നടക്കാറുണ്ട്. ഇവിടെയും അത്തരം ചില സൂചനകള്‍ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. ഇതും കേസിനെ ദുര്‍ബലപ്പെടുത്തും.
എന്തുകൊണ്ട് പൊലീസിന്‍െറ ഭാഗത്തു നിന്ന് ഈ വിഷയത്തില്‍ ഇത്രമാത്രം അനാസ്ഥ ഉണ്ടാകുന്നു എന്നതും ചിന്തിക്കേണ്ടതുണ്ട്.

ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം വന്നാല്‍ മാത്രമേ പൊലീസ് പ്രവര്‍ത്തിക്കൂ എന്നുണ്ടോ? ഇതിനെ ഒരു സാധാരണ കേസ് ആയിപ്പോലും അവര്‍ തുടക്കത്തില്‍ പരിഗണിക്കാതിരുന്നതെന്തുകൊണ്ട്? പതിവുരീതികളനുസരിച്ച് പൊലീസ് ശക്തമായി ഇടപെടണമെങ്കില്‍ മുകളില്‍നിന്നുള്ള സമ്മര്‍ദമോ പൊതുസമൂഹത്തിന്‍െറയും മാധ്യമങ്ങളുടെയും ഇടപെടലുകളോ  ഉണ്ടാകണം. നിര്‍ഭാഗ്യവശാല്‍ ഇതൊന്നും ഇവിടെ ഉണ്ടായില്ല. ചിലപ്പോള്‍  പൊലീസിന്‍െറ കരങ്ങളെ മുകളില്‍നിന്നുള്ള ചില സൂചനകള്‍ തടഞ്ഞിരിക്കാം എന്നുംകരുതാം. ശക്തമായ നടപടികള്‍ ഉണ്ടായാല്‍ മാത്രമേ പട്ടാപ്പകല്‍ നടന്ന ഈ കൊലപാതകത്തിലെ പ്രതികളെ എങ്കിലും കണ്ടത്തൊനാകൂ. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒരു രാഷ്ട്രീയ വിഷയമല്ളെന്ന് പൊലീസിനും നന്നായി മനസ്സിലായിട്ടുണ്ട്. പ്രാദേശികമായി സമ്പത്തിന്‍െറയും മറ്റും സ്വാധീനമുള്ളവരാണ്  പ്രതികളെങ്കില്‍ അന്വേഷണം ഫലപ്രദമാകാന്‍ ഇടയില്ല. ഇത് മറികടക്കണമെങ്കില്‍ മാധ്യമങ്ങള്‍ അടക്കമുള്ള പൊതുമനസ്സ് ഉണര്‍ന്നുവരേണ്ടതുണ്ട്. ഇതുവരെ അതും ഉണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പെന്ന ജനാധിപത്യത്തിലെ ഏറ്റവും മൂര്‍ത്തമായ സംഘര്‍ഷകാലത്ത് എവിടെയെങ്കിലും ജനനമോ  മരണമോ വിവാഹമോ ഉണ്ടെന്നുകേട്ടാല്‍ ഓടിയത്തെി മുഖംകാണിച്ച് ഫോട്ടോ എടുക്കുന്ന ഒരു രീതിയുണ്ട്. എന്നാല്‍ ഇത്രഭീകരമായ ഒരു സംഭവം ഉണ്ടായിട്ടും സ്ഥാനാര്‍ഥികളോ  അവരുടെ നേതാക്കളോ  സംഭവ സ്ഥലത്തത്തൊനോ ഈ വിഷയത്തില്‍ ഇടപെടാനോ തയാറായില്ല എന്നതും ദുരൂഹമാണ്. ഒരു ദലിത് പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ കൊ ല്ലപ്പെട്ടതെന്നതുതന്നെ ആവാം ഇത്തരത്തിലെ അവഗണനക്ക് കാരണം. ഏതുചെറിയ സംഭവവും എതിരാളിയെ കീഴ്പ്പെടുത്തുന്നതിനുള്ള ആയുധമായി ഉപയോഗിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ഇവിടെ തീര്‍ത്തും നിശബ്ദര്‍ ആകുന്നത് എന്തുകൊണ്ട്? ഒരുപക്ഷേ പുറമ്പോക്കില്‍ താമസിക്കുന്ന ഇവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ഇതിന്‍െറ പിന്നാലെപോയി പത്തു വോട്ട് പിടിക്കേണ്ട സമയം നഷ്ടപ്പെടുത്തേണ്ടതില്ളെന്ന് അവര്‍ കരുതിയിരിക്കാം. ദലിത് വിഭാഗത്തിന് നേരിട്ട ഒരുദുരന്തത്തില്‍ അതിരുകവിഞ്ഞ് ഇടപെടുക വഴി മറ്റ് ചില വോട്ട് നഷ്ടപ്പെട്ടേക്കാമെന്ന പ്രായോഗികബുദ്ധി കൊണ്ടും ആകാം.

ദലിത്-സ്ത്രീ വിഭാഗങ്ങളോട് കേരളത്തിലെ മുഖ്യധാര സമൂഹത്തിനും മാധ്യമങ്ങള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും ഇന്നുള്ള സമീപനം ഒട്ടുംതന്നെ പുരോഗമനപരം ആണെന്ന് പറയാന്‍ കഴിയില്ല. ഇതുപറയുമ്പോള്‍ സ്വത്വരാഷ്ട്രീയമെന്ന് ആക്ഷേപിക്കുന്ന വിപ്ളവകാരികളേ  ഇനി എന്ത് പറയാനുണ്ട്?
നീതിക്കൊപ്പം നില്‍ക്കുക എന്നത് ഇന്നത്തെ രാഷ്ട്രീയത്തില്‍ പ്രസക്തമായ ഒരു സമീപനമല്ല.  മറിച്ച്, ഏത് ഞാണിന്മേല്‍ കളിയിലൂടെയും കൂടുതല്‍ വോട്ട് നേടുക മാത്രമായിരിക്കുന്നു ലക്ഷ്യം.

പുറമ്പോക്കില്‍ ഒരു കുടിലില്‍ അമ്മയോടൊപ്പം ജീവിക്കുന്ന ഈ കുട്ടി നിയമപഠനം പൂര്‍ത്തിയാക്കി ഇനി ചില പേപ്പറുകള്‍  കൂടി എഴുതിത്തീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു. സംഭവദിവസം ഉച്ചക്ക് രണ്ടിന് പൊതുടാപ്പില്‍നിന്ന് വെള്ളമെടുത്ത് ഈ കുട്ടി  വീട്ടിലേക്ക് കൊണ്ടുപോകുന്നതായി കണ്ടവരുണ്ട്. ജനനിബിഡമായ ഒരുപ്രദേശത്ത്,  പട്ടാപ്പകല്‍ നടന്ന ഒരുസംഭവം തൊട്ടടുത്തുള്ള ആരും അറിഞ്ഞില്ളെന്ന് പറയുന്നതുതന്നെ ദുരൂഹമാണ്. തങ്ങള്‍ എന്തോ ചില ശബ്ദം കേട്ടെന്ന് സമ്മതിക്കുന്ന ചിലരുണ്ട്. അവരും അക്കാര്യത്തെക്കുറിച്ച് തിരക്കാന്‍ മെനക്കെട്ടില്ല.

രാഷ്ട്രീയ കക്ഷികളേക്കാള്‍ മലയാളി വിശ്വസിക്കുന്നത് മാധ്യമങ്ങളെയാണ്്. ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് ആകെയുള്ള മാധ്യമങ്ങള്‍ ശക്തമായി പ്രതികരിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. സര്‍ക്കാറിലും സമൂഹത്തിലും അത് ഉണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ നടന്നതിനേക്കാള്‍ ക്രൂരസംഭവം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും ഒരു പത്രത്തിന്‍െറയും ഒന്നാം പേജിലോ ഒരു ചാനലിന്‍െറയോ തലക്കെട്ടായോ സായാഹ്ന ചര്‍ച്ചക്ക് വിഷയമായോ ഇത് വരാതിരുന്നത് എന്തുകൊണ്ട്?

വിദ്യാര്‍ഥിസമൂഹത്തില്‍  ഉള്‍പ്പെട്ട ഒരു വ്യക്തിയായിരിന്നിട്ടുകൂടി, ഇത്രശക്തമായ നീതിനിഷേധം നടന്നിട്ടും, അവര്‍ പഠിച്ചിരുന്ന നിയമവിദ്യാലയത്തില്‍ പോലും ഒരുചലനവും ഇത് സൃഷ്ടിച്ചില്ല. ലോകത്തെവിടെയും നടക്കുന്ന അനീതികളോട് തല്‍സമയം  പ്രതികരിക്കുന്നു എന്ന് അഹങ്കരിക്കുന്ന കാമ്പസുകളാണ് കേരളത്തിലേത്്. എന്നാല്‍ ഈ സംഭവത്തോട് പ്രതികരിക്കാനത്തെിയത് ചില ചെറിയ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ മാത്രം. നിര്‍ഭയസംഭവത്തെ തുടര്‍ന്ന് രൂപവത്കരിച്ച വര്‍മാ കമീഷന്‍ റിപ്പോര്‍ട്ടിനെ പറ്റി നാമിവിടെ സംസാരിക്കാറുപോലുംഇല്ല. പല സംസ്ഥാനങ്ങളും സ്ത്രീസുരക്ഷാ പദ്ധതികള്‍ തത്വത്തിലെങ്കിലും അംഗീകരിച്ചിട്ടുണ്ട്്. അതിനായി നീക്കിവെച്ച പണം ശരിയായി ഉപയോഗിച്ചില്ളെങ്കിലും. ഡല്‍ഹി സര്‍ക്കാര്‍ മാത്രമാണ് ആ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഒരു നിയമമെങ്കിലും തയാറാക്കിയത്.

കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമാണോ? പൊലീസില്‍ പരാതി ലഭിച്ച കണക്കനുസരിച്ചുതന്നെ പ്രതിദിനം ശരാശരി അഞ്ച് സ്ത്രീകളെങ്കിലും ആക്രമണത്തിനിരയാക്കപ്പെടുന്നുണ്ട്. അതില്‍  രണ്ടുപേര്‍  പ്രായപൂര്‍ത്തി ആകാത്തവരുമാണ്. ഒരാളെങ്കിലും ദലിത് പിന്നാക്ക വിഭാഗക്കാരിയുമാണ്. അപമാനം ഭയന്ന് പരാതിപ്പെടാതിരിക്കുന്നവര്‍ ഒട്ടേറെയുണ്ടാകുമെന്നുറപ്പാണ്. ഇത്രയൊക്കെ അറിഞ്ഞിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിലെ ബജറ്റില്‍ ഒരുരൂപ പോലും സ്ത്രീ സുരക്ഷക്കായി നീക്കിവെച്ചിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഈ അവഗണനക്കെതിരേ പ്രതിപക്ഷത്തിനും പരാതിയുള്ളതായി പറഞ്ഞു കേട്ടില്ല. ഇതൊന്നും ചര്‍ച്ചയാക്കാതെ എന്ത് വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നത്?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.