പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയില്‍ ജിഷ എന്ന സ്ത്രീ ലൈംഗികാതിക്രമങ്ങള്‍ക്കും ശാരീരികപീഡനങ്ങള്‍ക്കും ഇരയായി കൊല്ലപ്പെട്ടത് കേരളത്തെ നടുക്കിയ വാര്‍ത്തയാണ്. പലവിധത്തിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും ഇക്കാര്യത്തില്‍ കേരളത്തിലുടനീളം നടക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഇത്തരം പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മനുഷ്യത്വത്തിലും ലിംഗനീതിയിലും വിശ്വസിക്കുന്ന ഏതൊരാളിന്‍െറയും ഹൃദയം നടുക്കുന്ന അക്രമത്തിനാണ് ജിഷ ഇരയായത്. കേവലമൊരു ബലാത്സംഗത്തിനപ്പുറം ഒരു മനുഷ്യശരീരത്തോട് ചെയ്യാന്‍ പാടില്ലാത്ത കഠിനമായ അതിക്രമത്തിനാണ് ആ സ്ത്രീശരീരം ഇരയായത്. സ്ത്രീയായി പിറന്ന ഏതൊരാള്‍ക്കും തന്‍െറ ശരീരത്തെക്കുറിച്ച് ഞെട്ടലും വേദനയും അവമതിയും അനുഭവപ്പെടുന്ന ഒരു സാഹചര്യത്തിലാണിന്ന് ഞാന്‍.
ക്രൂരവും അവിനീതവുമായ പുരുഷലൈംഗികതയുടെ വിളയാട്ടത്തിനപ്പുറം എതിര്‍ലിംഗത്തിന്‍െറ ശരീരത്തോട് പ്രകടിപ്പിക്കുന്ന പകയും വെറുപ്പും ഈ പ്രവൃത്തികള്‍ക്കുള്ളിലുണ്ട്. ഇങ്ങനെ ഒരു വാര്‍ത്തയില്‍ കേരളം ഞെട്ടിത്തരിച്ചുനില്‍ക്കുമ്പോള്‍ വ്യാഴാഴ്ചത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അക്രമവാര്‍ത്തകളില്‍ സ്ത്രീശരീരം നിരവധിതവണ ബലാല്‍ക്കാരത്തിന് വിധേയമായതായി വായിച്ചറിയാന്‍ കഴിയുന്നു.
അറുപത്തെട്ടുകാരി, അറുപതുകാരി, ഇരുപത്തിരണ്ടുകാരി, പതിനഞ്ചുകാരി, ഏഴുവയസ്സുകാരി എന്നിങ്ങനെ പീഡന ഇരകളുടെ പ്രായത്തില്‍ നല്ല റെയ്ഞ്ച് പ്രകടമായിരിക്കുന്നു. അറുപത്തെട്ടു വയസ്സുള്ള സ്ത്രീയും ഏഴുവയസ്സുള്ള കുഞ്ഞും പീഡകര്‍ക്ക് കാമശമനത്തിനുള്ള ഇരകള്‍ മാത്രം. മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ എന്നതും ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍ എന്നതും വ്യാഴാഴ്ചത്തത്തെന്നെ വാര്‍ത്തയാണ്. മൂക യുവതിയെ പീഡിപ്പിച്ചതും കാമുകിയെ കാമുകനും സുഹൃത്തും ചേര്‍ന്ന് ബലാല്‍ക്കാരം ചെയ്തതും വ്യാഴാഴ്ചയിലെ വാര്‍ത്തകളില്‍പെടുന്നു. ഭൂമിശാസ്ത്രപരമായ ഭൂപടം തയാറാക്കുന്നതുപോലെ കേരളത്തിലെ ലൈംഗികാതിക്രമ ഭൂപടം തയാറാക്കിയാല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഒരു ജില്ലയും ഒഴിവാക്കപ്പെടില്ല. അഹമഹമികയാ ഓരോ പ്രദേശവും നെഞ്ചുംവിരിച്ച് തലയെടുപ്പോടെ പ്രത്യക്ഷപ്പെടും. സഹസ്രലിംഗങ്ങള്‍കൊണ്ട് നിര്‍മിച്ച ഒരു കേരളീയ ഭൂപടം നിര്‍മിക്കാം എന്നു പറഞ്ഞാല്‍ അതില്‍ തെല്ലും അത്യുക്തി ഇല്ല. ആണ്‍കാമത്തിന്‍െറ നിശിതവും കഠിനവും ആയ പ്രയോഗശാലയായി മാറിയ കേരളത്തെക്കുറിച്ച് ഓര്‍ത്ത് ലജ്ജിക്കാതിരിക്കാന്‍ ആത്മാഭിമാനമുള്ള സ്ത്രീപുരുഷന്മാര്‍ക്ക് കഴിയില്ല.
ജിഷ എക്കാലത്തെയും കേരളത്തിന്‍െറ മന$സാക്ഷിയില്‍ കടത്തിവെച്ച ഇരുമ്പുപാരയാണ്. നമ്മുടെ മനുഷ്യത്വമില്ലായ്മയുടെ, സഹജീവിയെ അന്തസ്സോടെ ജീവിക്കാന്‍ കൂട്ടുനില്‍ക്കാന്‍ സന്നദ്ധമല്ലാത്ത സങ്കുചിത സാമൂഹിക ജീവിതത്തിന്‍െറ, പെണ്ണിന്‍െറ അഭിമാനബോധത്തെ ലിംഗം കൊണ്ടും ആയുധംകൊണ്ടും കീറിമുറിക്കുന്ന അധമമായ ലൈംഗികബോധത്തിന്‍െറ, വികലമായ കാമാഭിനിവേശത്തിന്‍െറ ഒക്കെ ഇരുമ്പുപാര. അത് കടന്നുനില്‍ക്കുന്നത് അവളുടെ ശരീരത്തില്‍ മാത്രമല്ല, നമ്മുടെ ഓരോരുത്തരുടെയും മാനവികബോധ്യങ്ങളിലും കാമാഭിലാഷങ്ങളിലും അസാമൂഹിക ജീവിതങ്ങളിലുമാണ്.
നമ്മുടെ സാമൂഹികമായ ജീവിതയിടങ്ങളില്‍ തൊട്ടുതൊട്ടറിയുന്ന മനുഷ്യത്വത്തിന്‍െറ നീരിടങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ തണ്ണീര്‍ത്തടങ്ങളെയും സൗധങ്ങളും ടൗണ്‍ഷിപ്പുകളുമായി പരിവര്‍ത്തിപ്പിച്ചതിനൊപ്പം സഹജീവികളോടുള്ള കരുണയുടെ നീരുറവകളെയും നമ്മള്‍ വറ്റിച്ചുകളഞ്ഞു. അനാഥയായ ഒരമ്മയും മകളും അടച്ചുറപ്പുള്ള വീടില്ലാതെ കഷ്ടപ്പെടുമ്പോള്‍ നമ്മുടെ ഭവനപദ്ധതികളില്‍ അതിന് മുന്‍ഗണനാപ്രാതിനിധ്യം നല്‍കാന്‍ കഴിയാതിരുന്ന പ്രാദേശികഭരണാധികാരികള്‍ മുതല്‍ ഇത്തരം മനുഷ്യരോട് തൊട്ടുകൂടായ്മയും ബാധിര്യവും പുലര്‍ത്തുന്ന അയല്‍വാസികള്‍, സഹജീവിയുടെ അരക്ഷിതാവസ്ഥയെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കഴിയാതെപോയ സമുദായാംഗങ്ങള്‍, സഹപാഠികള്‍ മുതല്‍ അക്രമി വരെ നീണ്ടുകിടക്കുന്ന അനാസ്ഥയുടെയും കാരുണ്യമില്ലായ്മയുടെയും ശൃംഖലകള്‍ ഉണ്ട്.
ഇതുപോലുള്ള സംഭവം എവിടെയും ആവര്‍ത്തിക്കാവുന്നതാണ്. അത്യാവശ്യക്കാരെ തിരിച്ചറിയാന്‍ സാധിക്കുന്ന പ്രവര്‍ത്തനസജ്ജമായ ഒരു സാമൂഹികജീവിതം കേരളം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.ഞങ്ങളുടെ കോളജിലെ ഞങ്ങളുടെ ക്ളാസിലെ ഒരു പെണ്‍കുട്ടിയെ ഞാനിവിടെ ഓര്‍ക്കുകയാണ്. അമ്മയും ആ പെണ്‍കുട്ടിയും അടച്ചുറപ്പുള്ള വാതിലില്ലാത്ത ഒറ്റമുറി ഷെഡിലാണ് താമസിക്കുന്നതെന്നറിഞ്ഞത് ഒരു ഓപണ്‍ഹൗസ് പ്രോഗ്രാമിലാണ്. ഞങ്ങളുടെ ഡിപ്പാര്‍ട്മെന്‍റിലെ പുന്നൂസ് സാര്‍ മുന്‍കൈയെടുത്ത് ആ പെണ്‍കുട്ടിക്ക് ഒരു വീടുവെച്ചുകൊടുക്കാന്‍ ശ്രമിച്ചു. ഞങ്ങളെല്ലാവരും വിദ്യാര്‍ഥികളും വിദേശസുഹൃത്തുക്കളും ഗ്രാമപഞ്ചായത്ത് മെംബറും ഒക്കെ ചേര്‍ന്നപ്പോള്‍ ആ അമ്മക്കും മകള്‍ക്കും വീടുണ്ടായി.
എന്നുമാത്രമല്ല, അധ്യാപകരും വിദ്യാര്‍ഥികളും ഇടക്കിടെ അവരുടെ വീട്ടില്‍ പോവുകയും ഒക്കെ ചെയ്തതുവഴി അവര്‍ക്ക് ബന്ധുക്കളുണ്ട് എന്ന് അയല്‍ക്കാര്‍ക്കും ഒക്കെ ബോധ്യമായി. ഇത്തരം ബോധ്യങ്ങള്‍ അവരുടെ അരക്ഷിത ജീവിതത്തിനുള്ള ശമനൗഷധമാണ്. ഇതുപോലെ പ്രവര്‍ത്തിച്ച-പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിരവധി പേര്‍ കേരളത്തിലുണ്ട്. നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യജീവിതങ്ങളെക്കുറിച്ച് ജാഗ്രതയും കരുതലും പ്രകടിപ്പിക്കേണ്ടുന്നത് മനുഷ്യര്‍ എന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്തമാണ്.ജിഷക്ക് നീതി കിട്ടാന്‍ പൊരുതുന്നതിനൊപ്പം ജിഷമാര്‍ ഉണ്ടാകാതിരിക്കാനുള്ള സാമൂഹികബാധ്യതകൂടി നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.